‘ഒരിക്കലും അദ്ദേഹം ജോലിക്കിടയിൽ ദേഷ്യമോ, അസ്വസ്ഥതയോ പ്രകടിപ്പിച്ചു കണ്ടിട്ടില്ല’: ജി. വേണുഗോപാലിന്റെ കുറിപ്പ് Remembering SP Venkatesh: A Tribute by G Venugopal
Mail This Article
അന്തരിച്ച സംഗീതസംവിധായകൻ എസ്.പി. വെങ്കിടേഷിനെ അനുസ്മരിച്ച് ഗായകൻ ജി. വേണുഗോപാൽ. സാങ്കേതികതയുടെ അതിപ്രസരമില്ലാത്ത ആ നാളുകളിൽ കുറച്ച് സമയത്തിനുള്ളിൽ ചെറിയ ബജറ്റിൽ പരമാവധി ഭംഗിയായി വെങ്കടേഷ് തന്റെ ജോലി നിർവ്വഹിച്ചിരുന്നുവെന്ന് വേണുഗോപാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ജി. വേണുഗോപാലിന്റെ കുറിപ്പ് –
എസ്.പി. വെങ്കടേഷ് നിര്യാതനായിരിക്കുന്നു. തീരെ വിശ്വസിക്കാനാകുന്നില്ല. സിനിമയിലും സംഗീതത്തിലും ഗംഭീരമായ സാങ്കേതിക മുന്നേറ്റങ്ങൾക്ക് മുന്നേ കടന്നുവന്ന സംഗീതജ്ഞൻ ആയിരുന്നു എസ്.പി. വെങ്കടേഷ്. സിനിമയിൽ കീബോർഡ് പ്രോഗ്രാമിങ്ങ് ആരംഭിച്ചിട്ടില്ല അക്കാലത്ത്. സിനിമയുടെ പശ്ചാത്തല സംഗീതം ചെയ്യുക എന്നത് അത്ര എളുപ്പമല്ലാതിരുന്ന ഒരു കാലം. ലീനിയർ എഡിറ്റിങ് ആയിരുന്നു നിലവിലുണ്ടായിരുന്നത്. അത് കൊണ്ടുതന്നെ ഗാനങ്ങൾക്ക് മനോഹരമായ ഈണം നൽകിയിരുന്ന പല സംഗീത സംവിധായകരും, ട്യൂൺ ഇടുക എന്ന ചടങ്ങോടെ രംഗം വിടുകയായിരുന്നു പതിവ്!
സിനിമയുടെ റീലുകൾ കണ്ട് ഉള്ളിലെ സംഗീത/താള ബോധത്താൽ സംഗീതം തയ്യാറാക്കുക എന്നത് സംഗീത സംവിധായകരെ സംബന്ധിച്ചിടത്തോളവും അന്ന് ഒരു വലിയ വെല്ലുവിളിയായിരുന്നു. തൊണ്ണൂറുകൾക്ക് മുൻപ് തന്നെ ശ്രീ വെങ്കടേഷ് തന്റെ സ്വതസിദ്ധമായ സംഗീതാവബോധത്താൽ, പാട്ടുകൾക്ക് ഈണം നൽകുന്നതിലും സിനിമയുടെ പിന്നണി സംഗീതം ഒരുക്കുന്നതിലും പ്രകടിപ്പിച്ചിരുന്ന വേഗതയും വൈദഗ്ദ്ധ്യവും അദ്ദേഹത്തെ മലയാള സിനിമാ രംഗത്തെ അതിപ്രശസ്തനായ ഒരു സംഗീത സംവിധായകനാക്കി മാറ്റിയിരുന്നു. ഗാനങ്ങളുടെ ഈണവും പിന്നണിയും ഒരേ പോലെ ഭംഗിയായും വേഗതയോടെയും ചെയ്യുന്നതിൽ അങ്ങനെ ജോൺസനോടൊപ്പം എസ്.പി. വെങ്കടേഷിന്റെ നാമവും ഫിലിം മേക്കേർസിന് പരിചിതമായിത്തീർന്നിരുന്നു. സംവിധായകർക്കും നിർമാതാക്കൾക്കും ഒഴിച്ചു കൂടാൻ വയ്യാത്തൊരു കമേഴ്സ്യൽ നാമധേയമായി വെങ്കടേഷ് അതിവേഗം വളർന്നു. സാങ്കേതികതയുടെ അതിപ്രസരമില്ലാത്ത ആ നാളുകളിൽ കുറച്ച് സമയത്തിനുള്ളിൽ ചെറിയ ബജറ്റിൽ പരമാവധി ഭംഗിയായി വെങ്കടേഷ് തന്റെ ജോലി നിർവ്വഹിച്ചിരുന്നു.
അക്കാലത്തെ മുൻനിര സിനിമാ സംവിധായകരായ ജോഷി, പ്രിയദർശൻ, തമ്പി കണ്ണന്താനം, ഡെന്നിസ് ജോസഫ്, ജയരാജ്, രാജസേനൻ, ഇവർക്കൊക്കെ വളരെ വേണ്ടപ്പെട്ട സംഗീത സംവിധായകനായിരുന്നു എസ്.പി. വെങ്കടേഷ്. ഒരേ സമയം നാലും അഞ്ചും ചിത്രങ്ങൾക്ക് സംഗീതവും പിന്നണിയുമടക്കം A to Z ജോലികൾ ചെയ്യുന്ന വെങ്കടേഷിനെ ഞാൻ ആദരപൂർവ്വം നോക്കി നിന്നിട്ടുണ്ട്. ഒരിക്കലും അദ്ദേഹം ജോലിക്കിടയിൽ ദേഷ്യമോ, അസ്വസ്ഥതയോ പ്രകടിപ്പിച്ചു കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ തമിഴ് കലർന്ന മലയാള സംഭാഷണവും മലയാളം വായിച്ച് മനസ്സിലാക്കാനുള്ള പ്രയാസവും സംഗീതം നൽകുന്നതിന് അദ്ദേഹത്തിന് പ്രതിബന്ധമായി നിന്നതായി യാതൊരു തെളിവുമില്ല.
1987ൽ ഡിസംബറിലായിരുന്നു എന്നാണ് എന്റെ ഓർമ്മ, ഞാൻ ആദ്യമായി ശ്രീ വെങ്കടേഷിന് വേണ്ടി പാടുന്നത്. ‘വിളംബരം’ എന്ന ബാലചന്ദ്രമേനോൻ ചിത്രമായിരുന്നു അത്. തുടർന്ന് ധാരാളം വെങ്കടേഷ് ഗാനങ്ങൾ ഞാൻ പാടുകയുണ്ടായി. ‘ശുദ്ധമദ്ദളം’, ‘ധ്രുവം’, ‘കമ്പോളം’, ‘സൈന്യം’ തുടങ്ങി അക്കാലത്തെ മുഖ്യധാരയിലെ പല ചിത്രങ്ങൾക്കും ഞാൻ വെങ്കടേഷിന്റെ സംഗീതത്തിൽ പാടിയിയിട്ടുണ്ട്.
തൊണ്ണൂറ് കാലഘട്ടത്തിൽ മലയാള സിനിമാ ഗാനങ്ങളുടെയും സിനിമാ പിന്നണി സംഗീതത്തിന്റെയും ഭാവുകത്വത്തിന് മാറ്റ് കൂട്ടിയ വെങ്കടേഷിന്റെ നിര്യാണം നമ്മുടെ പോപ്പുലർ സംഗീതത്തിന്റെ ഒരു വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ രണ്ട് പുത്രന്മാരും അദ്ദേഹത്തോടൊപ്പം സിനിമാ സംഗീത മേഖലയിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്. അവരോടൊപ്പം, ആ കുടുംബത്തിന്റെ ദു:ഖത്തിൽ ഞാനും പങ്ക് ചേരുന്നു.