സാധാരണക്കാർ ആഘോഷിച്ച പാട്ടുകൾ, മനസ്സ് നിറച്ച എസ്.പി. വെങ്കിടേഷ് കാലം... SP Venkatesh: A Musical Maestro's Journey
Mail This Article
സിനിമയിലെ സംഗീതം എപ്പോഴും കാലത്തിന്റെ വേഗത്തിനൊപ്പം സഞ്ചരിക്കുന്നു. കാലം മാറുമ്പോൾ പാട്ടുകളും മാറുന്നു. അതാതു കാലത്തിനു യോജിക്കുന്ന, അപ്പോഴത്തെ തലമുറയെ ആകർഷിക്കുന്ന പുതിയ ട്രെൻഡുകൾ സിനിമാസംഗീതത്തെ ഭരിക്കുമ്പോൾ, അക്കാലം വരെ തിളങ്ങി നിന്ന ചിലർ പിന്തള്ളപ്പെട്ടേക്കാം. അങ്ങനെയൊരു പിൻവാങ്ങലായിരുന്നു എസ്.പി. വെങ്കിടേഷിന്റേതും. ഒരു കാലത്ത് മലയാള സിനിമയുടെ അഭിവാജ്യഘടകമായിരുന്ന, കാലാതീതമായ പാട്ടുകൾ സൃഷ്ടിച്ച ഒരാൾ. ചിങ്കാരക്കിന്നാരം..., തളിർവെറ്റിലയുണ്ടോ..., കിലുകിൽ പമ്പരം...,നീയുറങ്ങിയോ നിലാവേ..., രാമായണക്കാറ്റേ..., ശാന്തമീ രാത്രിയിൽ..., ബാഗി ജീൻസും...., പരുമലച്ചെരുവിലെ..., മോഹിക്കും നീൾമിഴിയോടെ..., മച്ചാനേ വാ..., പാൽനിലാവിനും... എന്നിങ്ങനെ മലയാളികളുടെ പ്ലേ ലിസ്റ്റിനെ റെട്രോ റിപ്പീറ്റുകളെത്രയോ... എങ്കിലും പ്രശസ്തിയുടെയും വിജയത്തിന്റെയും പരമാവധിയിൽ നിൽക്കേ, പതിയെപ്പതിയെ അദ്ദേഹത്തെ കാണാതായി. ശേഷം വല്ലപ്പോഴും വന്നു പോകുന്ന സാന്നിധ്യം...ഒടുവിലൊടുവിൽ പൂർണ നിശബ്ദത!
‘‘ധ്രുവത്തിന്റെ സംഗീതം എസ്.പി. വെങ്കിടേഷിന്റേതാണ്. അക്കാലത്ത് ജോഷി സാറിന്റെ സ്ഥിരം സംഗീത സംവിധായകനായിരുന്നു അദ്ദേഹം. ആ സിനിമയിലെ പാട്ടുകളോരോന്നും ഇപ്പോഴും ആളുകൾ വീണ്ടും വീണ്ടും കേൾക്കുന്നു. മാത്രമല്ല, എസ്.പി. വെങ്കിടേഷ് സംഗീതം പകർന്ന 90 ശതമാനം പാട്ടുകൾക്കും ഈ റിപ്പീറ്റ് വാല്യൂവുണ്ടെന്നതാണ് അദ്ദേഹത്തിന്റെ വിജയം.
സരസനായിരുന്നു. നെറ്റിയിലൊരു വലിയ കുറി വരച്ച്, എപ്പോഴും ചിരിയോടെ മാത്രം കണ്ടിട്ടുള്ള ഒരാൾ. താൻ വലിയ സംഭവമാണെന്ന ഭാവമേയില്ല. സാധാരണക്കാർക്ക് പാടിനടക്കാവുന്ന പാട്ടുകളാണ് എസ്.പി. വെങ്കിടേഷ് കൂടുതലും ഒരുക്കിയത്. സിനിമയും സിറ്റുവേഷനും ആവശ്യപ്പെടുന്നതെന്തോ, അത്തരം പാട്ടുകള്‍ തയാറാക്കുന്നതിലായിരുന്നു അദ്ദേഹത്തിനു താൽപര്യം. ഊട്ടിപ്പട്ടണവും, സുന്ദരിമാരെ കെട്ടിപ്പൂട്ടിയ ഭൂതത്താനെയും, ബാഗി ജീൻസും ഷൂസുമണിഞ്ഞുമൊക്കെ ഒരുക്കിയ അതേ ആൾ കനകനിലാവേ തുയിലുണരൂവും മുത്തുമണിത്തൂവൽ തരാമുമൊക്കെ സൃഷ്ടിക്കുന്നതിലെ വൈവിധ്യമുണ്ടല്ലോ, അതാണ് എസ്.പി. വെങ്കിടേഷിന്റെ വിജയം. പാട്ടുകളുടെ കാര്യത്തിലും ബാക്ക് ഗ്രൗണ്ട് സ്കോറിങ്ങിലും, കച്ചവട സിനിമയുടെ ടെമ്പോയും സ്പീഡും നിലനിർത്തിക്കൊണ്ടുള്ള സംഗീത ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്’’.– തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ.സാജൻ പറയുന്നു.
1971– ല്‍, സംഗീത സംവിധായകന്‍ വിജയഭാസ്‌കറിനൊപ്പം ഗിറ്റാറിസ്റ്റായാണ് സിനിമയില്‍ എസ്.പി. വെങ്കിടേഷിന്റെ തുടക്കം. 1975ല്‍, കന്നഡ സിനിമകളില്‍ സഹസംഗീതസംവിധായകനായി. 1981– ല്‍, ‘പ്രേമയുദ്ധ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ സ്വതന്ത്രസംഗീതസംവിധായകനായി. പക്ഷേ, സംഗീതസംവിധായകന്‍ എന്ന നിലയിൽ എസ്.പി. വെങ്കിടേഷിന്റെ രാശി തെളിഞ്ഞത് മലയാളത്തിലാണ്. രാഘവന്‍ മാസ്റ്റര്‍ ഉൾപ്പെടെയുള്ള സംഗീതജ്ഞർക്കൊപ്പം സഹായിയായാണ് തുടക്കം. ‘ടി.പി. ബാലഗോപാലന്‍ എം.എ’യില്‍ എ.ടി.ഉമ്മറിന്റെ സഹായിയായി, പശ്ചാത്തല സംഗീതമൊരുക്കി. 1985– ൽ, ‘ജനകീയകോടതി’ എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ സ്വതന്ത്രസംഗീതസംവിധായകനായത്. 1986 – ൽ, ‘രാജാവിന്റെ മകന്‍’ ലെ സംഗീതമാണ് അദ്ദേഹത്തെ താരമാക്കിയത്. ‘വിണ്ണിലെ ഗന്ധർവ്വവീണകൾ പാടുന്ന സംഗീതമേ...’ എന്ന പാട്ട് തരംഗമായി. ഷിബു ചക്രവർത്തിയുടേതായിരുന്നു വരികൾ. ഉണ്ണിമേനോൻ ആലപിച്ച ഈ ഗാനം ഇന്നും മലയാളത്തിലെ മികച്ച പാട്ടുകളുടെ പട്ടികയിലാണുള്ളത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും എസ്. പി. വെങ്കടേഷിന്റേതാണ്. വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കൻമാർ, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, തുടർക്കഥ തുടങ്ങി തമ്പി കണ്ണന്താനം - എസ്.പി. വെങ്കടേഷ് കൂട്ടുകെട്ട് തുടർന്നും പല സിനിമകളിലും ഒന്നിച്ചു.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകള്‍ മലയാള സിനിമയിലെ എസ്.പി. വെങ്കിടേഷ് കാലമായിരുന്നു. കിലുക്കം, മിന്നാരം, ജോണി വാക്കർ. കൗരവര്‍, സ്ഫടികം, ധ്രുവം, കിഴക്കൻ പത്രോസ്, ഹിറ്റ്ലര്‍, ദേവാസുരം,രാജാവിന്റെ മകന്‍, വിളംബരം, വഴിയോരക്കാഴ്ചകള്‍, ദൗത്യം, ഭൂമിയിലെ രാജാക്കന്‍മാര്‍, വ്യൂഹം, കുട്ടേട്ടന്‍, നാടോടി, കാഴ്ചയ്ക്കപ്പുറം, എന്നോടിഷ്ടം കൂടാമോ, ധ്രുവം, വാല്‍സല്യം, പൈതൃകം, സൈന്യം, സോപാനം, മിന്നാരം, മാന്നാര്‍ മത്തായി സ്പീക്കിങ്, മാന്ത്രികം, സ്ഫടികം തുടങ്ങി 150 – ല്‍ അധികം സിനിമകള്‍ക്ക് അദ്ദേഹം ഈണമൊരുക്കി. 1993 – ൽ, പൈതൃകം, ജനം എന്നീ സിനിമകള്‍ക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിയിട്ടുണ്ട്.
ഒടുവിൽ മനോഹരമായ ഒരുപിടി പാട്ടുകൾ ബാക്കിയാക്കി അദ്ദേഹം മരണത്തിന്റെ വാതിൽ കടന്നു മറയുന്നു...വിട!