‘വിഷു എന്നോർക്കുമ്പോൾ ഇപ്പോഴും ആദ്യമെത്തുന്ന ഗാനം ഇതാണ്, എന്റെ ഇഷ്ടഗാനം’: കൈലാസ് മോനോൻ Kailas Menon's Favorite Vishu Song: A Nostalgic Journey
Mail This Article
‘വിഷുവിന് ആ പാട്ട് മാത്രം’: കൈലാസ് മേനോൻ, സംഗീത സംവിധായകൻ
എല്ലാവരെയും പോലെ കുട്ടിക്കാലത്തെ വിഷുവിനാണ് ഇന്നും മനസ്സിൽ നിറം കൂടുതൽ. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കയ്യിൽ നിന്നു കൈനീട്ടം വാങ്ങി ബന്ധുക്കളോടൊപ്പം ഒത്തുചേർന്ന വിഷുക്കാലം. ഓണക്കളികൾ മാത്രമല്ല, ഞങ്ങൾക്കു വിഷുക്കളികളും ഉണ്ടായിരുന്നു. ഇടയ്ക്കു കുട്ടി ബ്രേക്ക് എടുത്ത് പാട്ടുകളും.
‘വിഷുവല്ലേ, ഒരു പാട്ട് പാടൂ...’ എന്നാരെങ്കിലും സ്നേഹത്തോടെ പറയുമ്പോൾ ചുണ്ടിൽ ആദ്യം ഒഴുകിയെത്തുന്ന കണ്ണന്റെ പാട്ട്, ‘കണി കാണും നേരം കമലനേത്രന്റെ... നിറമേറും മഞ്ഞത്തുകിൽ ചാർത്തി...’ ആണ്. വിഷു എന്നോർക്കുമ്പോൾ തന്നെ എല്ലാ മലയാളിയേയും പോലെ എന്റെ മനസ്സിലും ഇപ്പോഴും ആദ്യമെത്തുന്ന ഗാനം ഇതാണ്, എന്റെ ഇഷ്ടഗാനം.
അതിമനോഹരമായ ഈ പാട്ട് കണ്ണടച്ച് എത്ര കേട്ടിരുന്നാലും മതിയാകില്ല. ഭക്തി നിറയുന്ന പാട്ടുകൾക്കു വരികൾ വളരെ പ്രധാനമാണ്. അതിനൊപ്പം ചേരുന്ന വാദ്യോപകരണങ്ങളും വേണം. അപ്പോഴേ കേൾക്കുന്നയാളുടെ മനസ്സിലും ഭക്തിയും ഊർജവും ഒരുപോലെ നിറയൂ. അ ങ്ങനെയുള്ള എല്ലാ ഗുണങ്ങളും തികഞ്ഞ പാട്ടുകളിലൊന്നാണിത്.
കൃഷ്ണനെ കുറിച്ചുള്ള ഏതു പാട്ടും വിഷുവിനോടു ചേർത്തു വയ്ക്കാമെന്നു തോന്നാറുണ്ട്. ചിരി തൂകി കളിയാടി വാ വാ കണ്ണാ..., അച്യുതം കേശവം രാമനാരായണം... ഓരോ പാട്ടിലും കണ്ണന്റെ ഭാവങ്ങൾ പലതാണെങ്കിലും കേൾക്കുമ്പോൾ ഉള്ളിലൊരു വിഷുക്കാലം കണിക്കൊന്ന പോലെ പൂത്തുലയും. ഭക്തിയും വിശ്വാസവും സ്നേഹവും നിറയുന്ന അനുഭവമാണു കൃഷ്ണനെ പ്രതിപാദിക്കുന്ന ഓരോ പാട്ടും. വിഷുവും അങ്ങനെയാണ്. വിശ്വാസങ്ങളും ആചാരങ്ങളും ഒത്തുചേരലും ഒക്കെയുള്ള ദിനം.
അതു മാത്രമല്ല ഈ പാട്ടുകളോടു മലയാളിക്ക് ഇത്ര പ്രിയം വരാൻ കാരണം. കണ്ണനോട് എപ്പോഴും എല്ലാവർക്കും ഒരു വാത്സല്യമുണ്ട്. ‘അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ...’ എന്ന പാട്ടു പ്രണയത്തെ കുറിച്ചാണെങ്കിലും കേൾക്കുമ്പോൾ കണ്ണന്റെ കുസൃതിയും അറിയാതെ കൺമുന്നിൽ ഓടിക്കളിക്കും. വിഷുപ്പാട്ടുകളുടെ സുഖവും ഈ നൈർമല്യമാണ്.
