‘വേർപിരിഞ്ഞ വിവാഹവും തകർന്ന പ്രണയബന്ധങ്ങളുമൊന്നും അവരുടെ ശബ്ദത്തിനോ ഗാനലോകത്തിനോ പോറലേൽപ്പിക്കാനായില്ല’: കുറിപ്പ് Asha Bhosle: A Legend's Final Bow
Mail This Article
ഇന്ത്യൻ സംഗീതലോകത്ത് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ഗായികയാണ് ആശാ ഭോസ്‌ലേ. ആലാപന സൗകുമാര്യം കൊണ്ടും വശ്യസുന്ദരമായ ആലാപന ചാരുത കൊണ്ടും ഇന്ത്യൻ സിനിമാ ലോകത്തെ കീഴടക്കിയ ഗായിക. പോപ്പും, ഗസലും, ഭജനകളും, ക്ലാസിക്കൽ സംഗീതവും, നാടൻ പാട്ടുകളും, ഖവാലിയുമെല്ലാം അനായാസം കൈകാര്യം ചെയ്യുന്ന ആശാജി ലോകത്തിൽ ഏറ്റവും അധികം ഗാനങ്ങൾ പാടി റിക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ള ഗായികയാണ്.
കഴിഞ്ഞ ദിവസമാണ് ആശാ ഭോസ്‌ലേ അന്തരിച്ചത്. 92 വയസ്സായിരുന്നു. ഇപ്പോഴിതാ, ആശാ ഭോസ്‌ലേയെ അനുസ്മരിച്ച് പ്രശസ്ത ഗായകന്‍ ജി.വേണുഗോപാൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
‘ആശ ഭോൺസ്ലേ ഗാന വീചികളായ് അനന്തതയിൽ വിലയം പ്രാപിച്ചിരിക്കുന്നു.
സ്വന്തം ജീവിതത്തിലെന്ന പോലെ ഗാനങ്ങളിലും യാഥാസ്ഥിതികത്വത്തിൽ നിന്ന് ബഹുദൂരം മാറി സഞ്ചരിച്ച വ്യത്യസ്ത ശബ്ദവും ഗായികയും!
അതിനേർത്ത, ഉച്ചസ്ഥായിയിലുളള വീഞ്ഞു ചഷകങ്ങളെ ഛിന്നഭിന്നമാക്കുന്ന തരംഗവീചികളുള്ള ‘കന്യാ ശബ്ദ’ ങ്ങൾക്കിടയിൽ, (wine glass shattering voices of the 60's virgin lover) കട്ടിയുള്ള ശബ്ദവും ഭാവസാന്ദ്രത തിങ്ങിനിറഞ്ഞ ആലാപനശൈലിയുമായി വന്ന ആശ, ഏതാണ്ട് രണ്ട് ദശകങ്ങളോളം ക്ലബ് ഡാൻസ് ഗായികയായി ബി, സി, സിനിമകളിൽ പാടേണ്ടി വന്നു. വേർപിരിഞ്ഞ വിവാഹവും, തകർന്ന പ്രണയബന്ധങ്ങളുമൊന്നും അവരുടെ ശബ്ദത്തിനോ ഗാനലോകത്തിനോ പോറലേൽപ്പിക്കാനായില്ല. ആർ. ഡി. ബർമനിലേക്ക് എത്തിച്ചേർന്നതോടെ, ആശയുടെ ശബ്ദം ആയിരം ചിറകുവിരിച്ച് സംഗീത വിഹായസ്സിൽ ഉയർന്ന് പറക്കാൻ തുടങ്ങി.
ഏതാണ്ട് പന്ത്രണ്ടായിരത്തോളം ഗാനങ്ങളും ഭാരതത്തിലെ ഓരോ സംഗീതപ്രേമിയുടേയും കണ്ഠത്തിൽ ഒരു ഗദ്ഗദവും ബാക്കിയാക്കി, ഈ മഹാ ഗായിക ഏപ്രിൽ 12, 2026, ഭൂമിയിൽ നിന്നു് അപ്സര കിന്നര ഗന്ധർവ്വ ലോകത്തേക്ക് കൂടുകൂട്ടുന്നു. VG’.– എന്നാണ് ജി.വേണുഗോപാൽ ഫെയ്സ്ബുക്കിൽ കുറിച്ചത്.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആശ. ഗായിക ലത മങ്കേഷ്ക്കറുടെ സഹോദരിയാണ്. ഗ്രാമി പുരസ്കാരത്തിനു നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ഗായികയാണ്. 2000ൽ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരവും 2008ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 20 ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകൾ പാടിയിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടം നേടി. മക്കൾ: വർഷ (പരേത), ഹേമന്ത് (പരേതൻ), ആനന്ദ്.
മറാഠി നാടകവേദിയിലെ പ്രശസ്ത നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമാതിയുടേയും മകളായി ഇൻഡോറിലാണ് ആശ ജനിച്ചത്. ലത മങ്കേഷ്‌കർ, ഹൃദ്യനാഥ് മങ്കേഷ്‌കർ, ഉഷാ മങ്കേഷ്‌കർ, മീനാ മങ്കേഷ്‌കർ എന്നിവരാണ് സഹോദരങ്ങൾ.