ADVERTISEMENT

കേരള സംസ്ഥാന സർക്കാരിന്റെ പ്രൊഫഷനൽ നാടക സംഗീത അവാർഡ് നേടിയ ഗായകൻ കല്ലറ ഗോപനെ അഭിനന്ദിച്ച് കുറിപ്പുമായി ഗായകൻ ജി.വേണുഗോപാൽ. ഒൻപത് തവണ നാടക ഗായകനുള്ള അവാർഡ് നേടിയ ഗോപന് ഇക്കുറി സംഗീത സംവിധായകനുള്ള അവാർഡാണ് ലഭിച്ചത്.

‘ഗോപന്(കല്ലറ ഗോപൻ)പത്താമത് കേരള സംസ്ഥാന സർക്കാരിന്റെ പ്രൊഫഷണൽ നാടക സംഗീത അവാർഡ്. ഒൻപത് പ്രാവശ്യം നാടക ഗായകനുള്ള അവാർഡും, ഇത്തവണ സംഗീത സംവിധായകനുള്ള അവാർഡും. അത്ര എളുപ്പമൊന്നും ഈ റിക്കാർഡ് മറ്റൊരാൾക്ക് തിരുത്താനാകുമെന്ന് കരുതുന്നില്ല. ഓർമ്മകളെ അനുഗമിച്ച് ഞാൻ ഒന്ന് പിൻതിരിഞ്ഞ് നടന്നു.

ADVERTISEMENT

രണ്ടായിരമാണ്ടിന്റെ ആദ്യ പകുതിയിലെപ്പൊഴോ ആണ് ‘ഹൃദയവൃന്ദാവനിയിൽ’ റെക്കാർഡ് ചെയ്യുന്നത്. കഥാവശേഷൻ എന്ന സിനിമയുടെ സംഗീത ആൽബത്തോടൊപ്പം ചേർക്കാനുള്ള ഫില്ലർ സോങ് ആണ്. തിരുവനന്തപുരത്ത് എസ്.എസ്. ഡിജിറ്റലിലാണ് റിക്കാർഡിങ്. കൺസോളിൽ എന്റെ പാട്ട് കേട്ട് മതിമയങ്ങി നിൽക്കുമ്പോൾ ഗാനസൃഷ്ടാക്കൾ ചെവിയിൽ മന്ത്രിച്ചു. ‘ഇത് കല്ലറ ഗോപൻ ആദ്യം പാടിയതാ’ മനസ്സൊന്ന് പിടഞ്ഞു. ഓർത്തെടുക്കാൻ ഒട്ടും പ്രയാസമുണ്ടായിരുന്നില്ല ഗോപനെ. എൺപതുകളുടെ ആദ്യം ഓൾഡ് ഈസ് ഗോൾഡ് എന്ന സംഗീത പരിപാടികളിൽ കെ.പി. ഉദയഭാനു അഭിമാനത്തോടെ, രംഗത്ത് നാളെയുടെ വാഗ്ദാനങ്ങൾ എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയിരുന്നതായിരുന്നു ഞങ്ങൾ രണ്ട് പേരെയും . സമപ്രായക്കാരായ രണ്ട് പാട്ടുകാർ. സ്വഭാവങ്ങൾക്കും സാമ്യതയുണ്ടായിരുന്നു രണ്ട് പേർക്കും. തിരുവനന്തപുരത്തെ സജീവമായ സിനിമാ ശക്തി ദുർഗ്ഗങ്ങൾക്കും, ബെൽററുകൾക്കും, കോക്കസുകൾക്കും പിടികൊടുക്കാതെ മാറി നടക്കുകയായിരുന്നു ഞങ്ങൾ രണ്ടും. സംഗീതകോളേജിൽ നിന്ന് പഠിച്ചിറങ്ങിയ ഗോപന് എന്നെക്കാൾ സംഗീത വിദ്വത്തവും, സാധനയുമുണ്ടായിരുന്നു. പക്ഷേ സിനിമയിൽ ആവശ്യത്തിലധികം എനിക്ക് കിട്ടിയ ഭാഗ്യദേവതയുടെ കടാക്ഷം ഗോപന് കുറവായിരുന്നു.

ഞാനീ ഗാനം പാടിയില്ലെങ്കിൽ വേറെയേതെങ്കിലുമൊരു ഗായകൻ അത് പാടും എന്നെനിക്കറിയാമായിരുന്നു. അതാണ് സിനിമയുടെ അലിഖിത നിയമം. അതിനാരെയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ‘ഹൃദയ വൃന്ദാവനിയിൽ’ പാടി കഴിഞ്ഞ് വെളിയിലിറങ്ങി ഞാൻ ഗോപനെ വിളിച്ച് ഇതൊരു അപരാധമാണെങ്കിൽ പൊറുക്കണം എന്നപേക്ഷിച്ചു. ഉത്തരം ഒരു ചിരിയായിരുന്നു. ‘അണ്ണാ ഇതിലൊക്കെയെന്തോന്ന് കുറ്റവും ശിക്ഷയും ? ഈ പാട്ട് പാടിയതിന്റെ പ്രതിഫലം അവരെനിക്കന്തസ്സായി തന്നു. പിന്നീടത് നിങ്ങൾ പാടി. നിങ്ങളും പ്രതിഫലം വാങ്ങിക്കാണും. അങ്ങനെ കണ്ടാൽ മതി ഇതൊക്കെ’. അതിശയത്തോടെ, ആരാധനയോടെ ഞാൻ നിശ്ശബ്ദനായ് മൂകനായ് കേട്ട് നിന്നു!

ADVERTISEMENT

അതാണ് ഗോപൻ. ഇത്തരം വ്യക്തിത്വങ്ങളെ സംഗീതത്തിന്റെ ഇടനാഴികളിലെങ്ങും കണ്ടുമുട്ടുക അസാധ്യം. ഇന്നും എന്നും എന്റെ പ്രിയപ്പെട്ട കൂട്ടുകാരനാണ് ഗോപൻ. ഞങ്ങൾ അധികം അങ്ങോട്ടുമിങ്ങോട്ടും ഫോണിൽ സംസാരിക്കാറില്ല. പക്ഷേ കാണുമ്പോൾ രണ്ടാൾക്കും മറയില്ലാണ്ട് ഒരുപാട് സംസാരിക്കാനുണ്ടാകും. ഗോപന്റെ മകൾ നാരായണി പുതിയ തലമുറയിലെ വളരെ ശ്രദ്ധേയയായ ഗായികയാണ്. ഹിന്ദുസ്ഥാനി , ഹിപ് ഹോപ്പ്, വെസ്‌റ്റേൺ, ശുദ്ധ മലയാളം മെലഡികൾ, ഇതെല്ലാം അവൾക്ക് ഭംഗിയായി വഴങ്ങും. ഞങ്ങൾ രണ്ട് തലമുറകൾ ചേർന്ന്, ഞാനും മകനും, ഗോപനും നാരായണിയും, രണ്ട് സംഗീത പരിപാടികൾ ചെയ്തിട്ടുണ്ട്. ഗോപനും, ഷർമ്മിളയും, നാരായണിയും, മഹാദേവനും, സംതൃപ്തരായ്, സന്തോഷത്തോടെ, തിരുവനന്തപുരത്ത് വട്ടിയൂർക്കാവിൽ വസിക്കുന്നു.

അണ്ണാ, പോരട്ടെ, ഇനിയും ഇനിയും അവാർഡുകളും പാട്ടുകളും. VG’ എന്നാണ് ഗോപനൊപ്പമുള്ള ചിത്രം പങ്കുവച്ച് വേണുഗോപാൽ കുറിച്ചത്.

ADVERTISEMENT
G. Venugopal Congratulates Kallara Gopan on Prestigious Award:

Singer G. Venugopal congratulates Kallara Gopan for winning the Kerala State Professional Drama Music Award. Gopan, who has won the award for best drama singer nine times, received the music director award this year, marking a significant achievement.

ADVERTISEMENT