തമിഴ് സിനിമയിൽ ആദ്യമായി പാടിയതിന്റെ ഓർമ പങ്കുവച്ച് ഗായിക സുജാത മോഹൻ. ഇളയരാജയുടെ സംഗീതത്തില്‍ ‘കവിക്കുയിൽ’ എന്ന ചിത്രത്തിലെ ‘കാതൽ ഓവിയം കണ്ടേൻ’ എന്ന ഗാനം ആലപിക്കുമ്പോൾ പതിമൂന്നാം വയസ്സായിരുന്നു സുജാതയ്ക്ക്. ‘ഗായത്രി’ എന്ന സിനിമയുടെ ഓഡിയോ കാസറ്റിന്റെ കവർ പങ്കുവച്ചാണ് സുജാതയുടെ കുറിപ്പ്.
‘ഇളയരാജയുടെ മാന്ത്രിക സംഗീതത്തിൽ നിന്നുള്ള ‘കാതൽ ഓവിയം കണ്ടേൻ’ എന്ന ഗാനത്തിലൂടെ തമിഴ് സിനിമാ സംഗീത ലോകത്തേക്കുള്ള എന്റെ യാത്ര ആരംഭിച്ചതിൽ ഞാൻ അനുഗ്രഹീതയും എന്നെന്നും നന്ദിയുള്ളവളുമാണ്. 13 വയസ്സുള്ള ഒരു പെൺകുട്ടിയിൽ രാജാ സർ വിശ്വാസമർപ്പിച്ച്, അവൾക്ക് ഇത്രയും മനോഹരമായ ഒരു അർദ്ധ-ശാസ്‌ത്രീയ മെലഡി സമ്മാനിച്ചു എന്നത് ഇപ്പോഴും എന്റെ ഹൃദയത്തിൽ അത്ഭുതവും കൃതജ്ഞതയും നിറയ്ക്കുന്നു.
ആദ്യ ഗാനത്തിന് ശേഷം തമിഴിൽ നിരവധി ഗാനങ്ങൾ പാടാൻ എനിക്ക് അവസരം ലഭിച്ചു. ‘ഗായത്രി’ എന്ന സിനിമയിൽ നിന്നുള്ള ‘കാലൈ പനിയിൽ’, ‘ജോണി’യിൽ നിന്നുള്ള ‘ഒരു ഇനിയ മനത്’, മറ്റു കാലാതീതമായ നിരവധി ഗാനങ്ങൾ എന്നിവയെല്ലാം എന്റെ കരിയറിലെ നാഴികക്കല്ലുകൾ മാത്രമല്ല, എന്റെ ജീവിതത്തിലെ വിലമതിക്കാനാവാത്ത ഓർമ്മകളുമായി മാറി. രാജാ സർ, നിങ്ങൾ നൽകിയ സംഗീതത്തിന് നന്ദി, ലക്ഷക്കണക്കിന് ഹൃദയങ്ങളിൽ എന്നെന്നും നിലനിൽക്കുന്ന മെലഡികൾ സൃഷ്ടിച്ചതിന് നന്ദി’ എന്നാണ് സുജാത കുറിച്ചത്.