‘എന്റെ ജീവിതത്തിന് ഒരൊറ്റ ലക്ഷ്യമേയുളളൂ, അമ്മയുടെ ആ പുഞ്ചിരി എപ്പോഴും കാത്തുസൂക്ഷിക്കുക എന്നത്’: അഭിരാമി സുരേഷ് Abhirami Suresh's Emotional Birthday Tribute to Her Mother
Mail This Article
അമ്മയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഗായിക അഭിരാമി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് കുറിപ്പ് ശ്രദ്ധേയമാണ്.
‘നമ്മുടെ ജീവിതത്തിലെ ഏറ്റവും മനോഹരിയും ശക്തയുമായ സ്ത്രീക്ക് ജന്മദിനാശംസകള്‍. അമ്മേ എന്റെ ജീവിതത്തിന് ഒരൊറ്റ ലക്ഷ്യമേയുളളൂ, അമ്മയുടെ ആ പുഞ്ചിരി എപ്പോഴും കാത്തുസൂക്ഷിക്കുക എന്നത്. ജീവിതം അമ്മയോട് അത്ര ദയയുളളതായിരുന്നില്ല. അത് അമ്മയെ പരീക്ഷിച്ചു, തളര്‍ത്തി, ഒരിക്കലും അര്‍ഹിക്കാത്ത രീതിയില്‍ മുറിവേല്‍പ്പിച്ചു. എന്നിട്ടും ഓരോ സങ്കടങ്ങളിലും പ്രതിസന്ധികളിലും അമ്മയുടെ മനസ്സിന്റെ തിളക്കം മാത്രം ഒട്ടും കുറഞ്ഞില്ല.
കോപത്തോടെയല്ല, മറിച്ച് നിറഞ്ഞ അന്തസ്സോടെ എങ്ങനെയാണ് ചാരത്തിൽ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കേണ്ടതെന്ന് അമ്മ ഞങ്ങളെ പഠിപ്പിച്ചു. ഈ ലോകം നമുക്ക് കഠിനമാകാൻ എല്ലാ കാരണങ്ങളും തരുമ്പോൾ പോലും, കാരുണ്യം എന്നത് ഒരു ബലഹീനതയല്ലെന്ന് അമ്മ ഞങ്ങൾക്ക് മനസ്സിലാക്കിത്തന്നു.
ജീവിതം അമ്മയിൽ നിന്ന് ഒട്ടനവധി കാര്യങ്ങൾ തട്ടിയെടുത്തപ്പോഴും, ആഴത്തിൽ സ്നേഹിക്കാനും ശാന്തമായി ക്ഷമിക്കാനും ഞങ്ങൾക്ക് വേണ്ടി ശക്തമായി നിലകൊള്ളാനുമാണ് അമ്മ തിരഞ്ഞെടുത്തത്. അമ്മയെപ്പോലൊരു അമ്മയെ ലഭിക്കാൻ ഞങ്ങൾ എന്ത് പുണ്യമാണ് ചെയ്തതെന്ന് എനിക്കറിയില്ല. കാരണം എന്നെ സംബന്ധിച്ചിടത്തോളം, അമ്മ മനുഷ്യരൂപത്തിൽ വന്ന ഒരു അത്ഭുതം തന്നെയാണ്.ഇനിയെത്ര ജന്മമുണ്ടെന്നായാലും, അമ്മയുടെ ഉണ്ണിമോളായി ജനിക്കാൻ ഉള്ള ഭാഗ്യം ഉണ്ടാവണെ, എന്ന പ്രാർത്ഥയോടെ’.– അഭിരാമി കുറിച്ചതിങ്ങനെ.
ഗായിക എന്ന നിലയിൽ മാത്രമല്ല, നടിയായും മോഡലായും ബിസിനസ്സ് വുമണായും അഭിരാമി തിളങ്ങിയിട്ടുണ്ട്.