യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്..
ആടിനൊപ്പം പാടാം ‘മേരേ സുൽത്താൻ’
‘ഷൂട്ട് കുറച്ചു ദിവസത്തിനുള്ളിൽ തുടങ്ങും. പെട്ടെന്നു വന്നൊരു പാട്ടു പാടിത്തരാമോ’ എന്നു ചോദിച്ചാണ് ഷാനിക്ക (ഷാൻ റഹ്മാൻ) വിളിച്ചത്. ആട് 3 സിനിമയ്ക്കു വേണ്ടിയാണെന്നും ഹൈ വോൾട്ടേജിൽ പാടേണ്ട ഡാൻസ് നമ്പറാണെന്നും മനസ്സിലായെങ്കിലും സ്ക്രീനില്‍ ആരാണു ചുവടുവയ്ക്കുക എന്നൊന്നും അറിയില്ലായിരുന്നു. വേദികയുടെ ഡാൻസിനൊപ്പം എന്റെ ശബ്ദം കേട്ടപ്പോൾ ത്രില്ലടിച്ചുപോയി. സിനിമയിലെ ആദ്യ ഗാനം പാടി 15 വർഷമാകുമ്പോഴാണ് ഈ സുൽത്താൻ മൊമന്റ്.
ഒട്ടും നിനച്ചിരിക്കാതെ ഭാഗ്യം പോലെ വന്നതായിരുന്നു ആദ്യ അവസരം. ഞാൻ എൻജിനീയറിങ്ങിനു ചേർന്ന സമയം. അച്ഛൻ ഡോ. രാജീവിനു ഞങ്ങളുടെ നാടായ ആലപ്പുഴയിൽ ക്ലിനിക് ഉണ്ട്. അവിടെയെത്തിയ സംവിധായകൻ ഫാസിലിനോട് അച്ഛൻ എന്നെക്കുറിച്ചു പറഞ്ഞു. അങ്ങനെ ലിവിങ് ടുഗെദർ എന്ന സിനിമയിൽ എം. ജയചന്ദ്രന്റെ സംഗീതത്തിൽ ഒരു പാട്ടു പാടാൻ ചാൻസ് തന്നു. പിന്നീടു പാടിയത് എട്ടുവർഷങ്ങൾക്കു ശേഷം ചെന്നൈ പഴനി മാഴ്സ് എന്ന തമിഴ് ചിത്രത്തിലാണ്.
ബോധം കെട്ടുവീണതു നന്നായി
സംഗീതം പഠിച്ചിട്ടില്ലെങ്കിലും അമ്മ സുധ നന്നായി പാടും. എന്നെ ചില പാട്ടുകൾ പഠിപ്പിച്ചിട്ടുമുണ്ട്. നാലാം ക്ലാസ് മുതൽ ഞാൻ സംഗീതം അഭ്യസിച്ചു തുടങ്ങി. ഉപരിപഠന കാലത്തു ചെറിയ ഇടവേള വന്നെങ്കിലും ജോലിയിൽ പ്രവേശിച്ചതോടെ പാട്ടുപഠനം പൊടിതട്ടിയെടുത്തു. ചെന്നൈയിലെ ഐടി ജോലിക്കിടയിലാണു ചാനൽ റിയാലിറ്റി ഷോയിൽ പങ്കെടുത്തത്. ഫിനാലെ വരെ എത്താനായി.
കോർപറേറ്റ് ജോലിയിലെ സമ്മർദം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഒരിക്കൽ ഓഫിസിൽ ബോധം കെട്ടുവീണതോടെ ‘ഇനി വയ്യ’ എന്നുറപ്പിച്ചു. ‘പാഷനായി പാട്ടുണ്ടല്ലോ, പ്രഫഷനായി കൂടി അതെടുത്തു കൂടേ’ എന്നു ഭർത്താവ് രോഹിത് ചോദിച്ചതോടെ ആ വഴിക്കായി ശ്രമങ്ങൾ. മിക്ക സംഗീതസംവിധായകർക്കും പാട്ടുകൾ പാടി ഡെമോ അയയ്ക്കുമായിരുന്നു. പിന്നെ, ചെറിയ വർക്കുകൾ കിട്ടിത്തുടങ്ങി. കോവിഡ് കാലത്താണു നാട്ടിലേക്കു വന്നത്. ഇപ്പോൾ തൃപ്പൂണിത്തുറയിലാണ് താമസം.
അവസരങ്ങളുടെ ലോകം വിശാലമാക്കിയതിൽ കവർ സോങ്ങുകള്‍ക്കു വലിയ പങ്കുണ്ട്. അതിന്റെ ക്രെഡിറ്റ് സുഹൃത്ത് വിഷ്ണുവിനാണ്. കവർ സോങ്സിന്റെ പ്രൊഡക്‌ഷൻ കൈകാര്യം ചെയ്യുന്നതും വ്യത്യസ്തമായി പാട്ടുകൾ പരീക്ഷിക്കാൻ ധൈര്യം തരുന്നതും വിഷ്ണുവാണ്.
കിളിയേ... തത്തക്കിളിയേ...
മുൻപു ദിബു നൈനാൻ തോമസിന്റെ നദി എന്ന തമിഴ് സിനിമയില്‍ പാടിയിരുന്നു. ആ പരിചയമാണ് കരിയറിലെ ബിഗ് ബ്രേക് തന്നത്. ‘എആർഎമ്മി’ലെ അങ്ങു വാനക്കോണില്..., കിളിയേ... തത്തക്കിളിയേ... എന്നീ പാട്ടുകളുടെ ട്രാക് പാടാനാണ് എന്നെ വിളിച്ചത്. പിന്നീടൊരു ദിവസം വിളിച്ച് കിളിയേ... ഫൈനൽ പാടിയാലോ എന്നു ചോദിക്കുകയായിരുന്നു. അഞ്ചു ഭാഷയിലും ഫീമെയ്‍ൽ പോർഷൻ പാടിയതു ഞാനാണ്.
കിളിയേയിലെ മായം കാട്ടി മയക്കിടല്ലേ, ‘ലോകഃ’യിലെ വേൾഡ് ഓഫ് ലോകഃയുടെ തുടക്കം... പാടിയ വരികൾ റീലുകളിൽ ട്രെൻഡിങ്ങാകുന്നതു വലിയ സന്തോഷമാണ്. എന്റെ മകൾ ആറു വയസ്സുകാരി സർഗ കൂട്ടുകാരുടെ മുന്നിൽ അമ്മ പാടിയതാണെന്നു പറഞ്ഞു താരമാകുന്നത് ഇവയൊന്നുമല്ല, ദുപ്പാട്ടാവാലിയിലെ കണ്ണിടഞ്ഞുവോ... ആണ്. ലൈവ് ഷോകളിൽ ഈ പാട്ടുകൾക്കു കിട്ടുന്ന കയ്യടിയുടെ കിക്ക് വേറെ തന്നെയാണ്.
പേമാരിയുടെ സന്തോഷം തുടരും
ചെന്താമര പൂവിൻ... പാട്ടിന്റെ കവർ വേർഷൻ ചെയ്തത് സംഗീത സംവിധായകൻ ജേക്സ് ബിജോയ്‌യുടെ മാനേജർ ഡോൺ വിൻസന്റ് കണ്ടാണു ‘തുടരു’മിലെ പേമാരിക്കായി നിർദേശിച്ചത്.
മെലഡികളിലൂടെ കേട്ട എന്റെ ശബ്ദം പേമാരിയിൽ വന്നപ്പോൾ പലർക്കും അദ്ഭുതമായിരുന്നു. അവരോടു ഞാൻ പറഞ്ഞത് ‘ജേക്സ് ബിജോയ് മാജിക്’ എന്നാണ്. കാടിന്റെ മെറ്റഫർ പോലെ തുടരും സിനിമയിലുടനീളം എന്റെ ശബ്ദമുണ്ട്. മുണ്ടുമടക്കികുത്തി ലാലേട്ടൻ നടന്നു വരുമ്പോൾ ബാക്ഗ്രൗണ്ടിൽ എന്റെ ശബ്ദം, അതൊരു രോമാഞ്ചമാണ്.
സിനിമ റിലീസായപ്പോൾ പ്രകാശ് വർമ സാർ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ പവർഫുൾ ബേസ് വോയ്സിൽ അഭിനന്ദനം കേട്ടപ്പോൾ സന്തോഷവും അഭിമാനവും ഒരുപോലെ തോന്നി.