ADVERTISEMENT

സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററിന്റെ ഓര്‍മ്മദിനത്തില്‍ കുറിപ്പുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. ഒരുപാട് സിനിമകളില്‍ ജോണ്‍സനൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും ധാരാളം തമാശകള്‍ പറയുന്ന ആളായിരുന്നു അദ്ദേഹമെന്നും സിദ്ധു കുറിച്ചു.
സിദ്ധു പനയ്ക്കലിന്റെ കുറിപ്പ്:
ഇന്ന് പ്രശസ്ത സംഗീത സംവിധായകൻ ജോൺസേട്ടന്റെ പതിനഞ്ചാം ഓർമ്മദിനമാണ്...
തൃശ്ശൂരിന്റെ ശബ്ദം, സംഗീതരംഗത്ത് തൃശ്ശൂരിന്റെ ശബ്ദമായിരുന്നു ജോൺസൺ മാസ്റ്റർ എന്ന് വിളിക്കുന്ന സിനിമാക്കാരുടെ ജോൺസേട്ടൻ. തൃശ്ശൂർ നെല്ലിക്കുന്ന് പള്ളിയിലെ ഗായക സംഘത്തിൽ സ്ത്രീ ശബ്ദത്തിൽ ഗാനമാലപിക്കുന്നതിൽ തുടങ്ങി, വോയിസ് ഓഫ് ട്രിച്ചുർ എന്ന ഗാനമേള സംഘം. വോയിസ് ഓഫ് ട്രിച്ചുർരിലെ പ്രധാനിയായിരുന്നു ജോൺസേട്ടൻ. ഗായകൻ പി ജയചന്ദ്രൻ സാറുമായുള്ള പരിചയം ദേവരാജൻ മാസ്റ്ററുടെ സഹായിയാവനുള്ള വഴി തുറന്നു.
ഭരതൻ സാർ, സത്യേട്ടൻ (സത്യൻ അന്തിക്കാട്), പത്മരാജൻസാർ ഇവരുടെ കൂടുതൽ ചിത്രങ്ങൾക്കും സംഗീതം നൽകിയിട്ടുള്ളത് ജോൺസേട്ടനാണ്. ജോൺസേട്ടന് ആദ്യമായി നാഷണൽ അവാർഡ് കിട്ടിയ പൊന്തൻമാട ഞാൻ വർക്ക് ചെയ്ത സിനിമയാണ്. അദ്ദേഹത്തിന് സ്റ്റേറ്റ് അവാർഡ് കിട്ടിയ രണ്ടു സിനിമകളും ഞാൻ വർക്ക് ചെയ്തിട്ടുണ്ട് സദയം, സല്ലാപം.
അഞ്ചു സ്റ്റേറ്റ് അവാർഡുകൾ നേടിയിട്ടുണ്ട് അദ്ദേഹം. 94 ലും 95 ലും തുടർച്ചയായി രണ്ടു നാഷണൽ അവാർഡുകൾ അദ്ദേഹത്തി നായിരുന്നു സംഗീതസംവിധാനത്തിനും, പശ്ചാത്തല സംഗീത സംവിധാനത്തിനും. ഒരുപാട് സിനിമകളിൽ ജോൺസൺ ചേട്ടനോടൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് മാതൃഭൂമി ചലച്ചിത്ര പുരസ്കാരം ലഭിച്ച ഫോട്ടോഗ്രാഫർ എന്ന സിനിമയും ഞാൻ വർക്ക് ചെയ്തതാണ്.
ഒരിക്കൽ വലിയൊരു അപകടത്തിൽ പെടുകയുണ്ടായി ജോൺസേട്ടൻ. രാത്രി ട്രെയിനിൽ യാത്ര ചെയ്തുകൊണ്ടിരുന്ന അദ്ദേഹം ടോയ്ലറ്റ് ആണെന്ന് കരുതി ട്രെയിനിന്റെ ഡോർ തുറന്നു പുറത്തിറങ്ങുകയായിരുന്നു. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് താഴെ വീണപ്പോൾ ദൈവത്തിന്റെ കൈകൾ അദ്ദേഹത്തെ താങ്ങാൻ ഉണ്ടായിരുന്നു. ബോധരഹിതനായി ട്രാക്കിന് അരികിൽ കിടന്ന അദ്ദേഹത്തെ ആളുകൾ ഹോസ്പിറ്റലിൽ എത്തിച്ചു.
അപകടത്തെ തുടർന്ന് ഒരു ചെറിയ ബ്രേക്കിന് ശേഷം അദ്ദേഹം വീണ്ടും സജീവമായ സിനിമയാണ് ഫോട്ടോഗ്രാഫർ. ആ പടത്തിലെ ‘എന്തേ കണ്ണനു കറുപ്പ് നിറം’ അദ്ദേഹത്തിന്റെ മറ്റു ഗാനങ്ങളെ പോലെ ഇന്നും ജനങ്ങളുടെ ചുണ്ടിൽ തത്തിക്കളിക്കുന്ന ഗാനമാണ്.
മദ്രാസിൽ ഞങ്ങളെല്ലാവരും സ്ഥിരതാമസക്കാരായിരുന്ന കാലത്ത് ഒരുപാട് തവണ പോയിട്ടുണ്ട് ജോൺസേട്ടന്റെ വീട്ടിൽ. ചേച്ചിയും രണ്ടു മക്കളും, വലിയൊരു സുവർണ്ണ കാലഘട്ടത്തിനുശേഷം ദുരിതങ്ങൾ മാത്രം കാണാനുള്ള യോഗമായിരുന്നു ചേച്ചിക്ക്. എ ആർ റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ച ഒരു ഗാനവും പാടിയിട്ടുണ്ട് അദ്ദേഹം. കൈരളി ചാനലിലെ ഗന്ധർവ്വ സംഗീതം എന്ന പ്രോഗ്രാമിന്റെ വിധികർത്താവായി തിരുവനന്തപുരത്ത് താമസിക്കുന്ന സമയത്താണ് ഞാൻ അദ്ദേഹത്തെ അവസാനമായി കണ്ടത്.
ഞാൻ കിഴക്കേകോട്ട വരെ വന്ന് ഒരു ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ട്രാഫിക്കിൽ ഒരു ഹോട്ടലിനു മുന്നിൽ ഓട്ടോറിക്ഷ നിന്നു. അപ്പോൾ ഒരു വിളി സിദ്ധു, നോക്കിയപ്പോൾ ജോൺസേട്ടൻ. ഞാൻ അവിടെ ഇറങ്ങി. അദ്ദേഹത്തിന്റെ റൂമിൽ പോയി കുറെ നേരം സംസാരിച്ചു.
രസികനായിരുന്നു ജോൺസേട്ടൻ. ധാരാളം തമാശകൾ പറയുന്ന ആൾ. ചിരി സഹിക്കാതെ ആകുമ്പോൾ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് ചില പ്രത്യേക ശരീരഭാഷയോടെ ചിരിച്ചു കൊണ്ടിരിക്കും.
പശ്ചാത്തല സംഗീതത്തിലെ രാജാവ് കൂടിയായിരുന്നു ജോൺസേട്ടൻ. മറ്റുപല പ്രശസ്ത സംഗീത സംവിധായകരും ഗാനങ്ങൾ കമ്പോസ് ചെയ്യുന്ന ചിത്രത്തിൽ ജോൺസേട്ടനായിരുന്നു പശ്ചാത്തല സംഗീതം. ഭരതൻ സാറിന്റെ ആരവം എന്ന ചിത്രത്തിലാണ് ജോൺസേട്ടൻ ആദ്യമായി പശ്ചാത്തല സംഗീതം ചെയ്തത് എന്നാണ് അറിവ്. കൂടെ ഔസേപ്പച്ചൻ ചേട്ടനും ഉണ്ടായിരുന്നു. ആന്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്ത ഇണയെ തേടി എന്ന സിനിമയിലാണ് ആദ്യമായി സംഗീതസംവിധാനം നിർവഹിച്ചത്. ശ്രുതി മധുരമായ ഒരു പിടി ഗാനങ്ങൾ മലയാളത്തിനു സമ്മാനിച്ച ജോൺസേട്ടന്റെ വേർപാട് സംഗീതലോകത്തിന് തീരാനഷ്ടമാണ്.
കണ്ണീർ പൂവിന്റെ കവിളിൽ തലോടി, ഈണം മുഴങ്ങും പഴം പാട്ടിൽ മുങ്ങി, മറുവാക്കു കേൾക്കാൻ കാത്തുനിൽക്കാതെ ജോൺസേട്ടനെന്തേ മടങ്ങി...

മലയാള സിനിമാ സംഗീത ലോകത്തെ നിത്യഹരിത ഈണങ്ങളുടെ തമ്പുരാനാണ് ജോണ്‍സണ്‍ മാസ്റ്റര്‍. 2011 ഓഗസ്റ്റ് 18നാണ് അദ്ദേഹം വിടപറഞ്ഞത്.

ADVERTISEMENT
ADVERTISEMENT
Remembering Johnson Master: A Look Back at His Musical Legacy:

Johnson Master, the legendary music director of Malayalam cinema, is remembered on his 15th death anniversary by production controller Sidhu Panaykkal. Panaykkal, who worked with Johnson Master on numerous films, including his first National Award-winning 'Pothanmada' and two State Award-winning films 'Sadhayam' and 'Sallapam', shared fond memories of the composer. He recalled Johnson Master's vibrant personality, his humor, and his exceptional talent in both composing melodies and creating background scores. Panaykkal also narrated a near-fatal accident Johnson Master survived and his brief period of recovery before returning to active filmmaking. The tribute highlights Johnson Master's significant contributions to Malayalam film music, earning him the title 'emperor of evergreen tunes', and the profound loss his passing represented to the industry.

ADVERTISEMENT
ADVERTISEMENT