സ്റ്റേജിൽ പാട്ടിന്റെ ഇലക്ട്രിക് വേവ്സ് തീർക്കുന്ന മൂന്നു പാട്ടുകാരികൾ ഒരുമിച്ചാലോ...
ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചു മുൻപെങ്ങുമില്ലാത്ത വിധം സംഗീതം ഒഴുകിപ്പരക്കുന്ന കാലം. അപ്പോഴാണു പാട്ടുപാടിയും പാട്ടുണ്ടാക്കിയും സ്റ്റേജ് ഷോകളിലൂടെ ആയിരങ്ങളെ ആനന്ദിപ്പിച്ചു പാറിനടക്കുന്ന മൂന്നു ഗായികമാരെ ഒരുമിച്ചു കിട്ടുന്നത്. അഞ്ജു ജോസഫ്, ഇന്ദുലേഖ വാരിയർ, കാവ്യ അജിത്.
റാപ്, പോപ്, ഹിപ്ഹോപ് പോരെങ്കിൽ കർണാട്ടിക്കും ഗസലും കയ്യിലുണ്ട്. പോരേ പൂരം?
പാട്ടു മാത്രമല്ല, ചിരിയും വിസ്മയങ്ങളും സന്ദേഹങ്ങളും സംശയങ്ങളുമെല്ലാം പറഞ്ഞും പാട്ടിന്റെ ഈ വസന്ത കാലത്തു പാടാനും പാട്ടുണ്ടാക്കാനും കഴിയുന്നത് എത്ര ഭാഗ്യമാണല്ലേ എന്നു പരസ്പരം തോളിൽ കയ്യിട്ടും മൂന്ന് ഒാറ പ്ലസ് പ്ലസ് പെൺമണികൾ.
സംഗീതമാണെന്റെ ലാംഗ്വേജ് എന്ന് തിരിച്ചറിഞ്ഞ ഒരു നിമിഷമുണ്ടാകില്ലേ മൂന്നുപേരുടെയും ജീവിതത്തിൽ?
അഞ്ജു: പാട്ടുസാറും വീട്ടുകാരും കൂടിയാണ് എന്റെ സംഗീതം തിരിച്ചറിഞ്ഞത്. ചേട്ടനെ പഠിപ്പിക്കാൻ വീട്ടിൽ പാട്ടുസാറ് വരുമായിരുന്നു. ചേട്ടൻ അന്നു തബലയും പാട്ടുമൊക്കെ പഠിക്കുന്നുണ്ട്. എനിക്കു നാലോ അഞ്ചോ വയസ്സുണ്ടാകും. ലിവിങ് റൂമിലെ മുളയുടെ ഊഞ്ഞാലിലിരുന്നിങ്ങനെ ആടിയാടി ചേട്ടനെ പഠിപ്പിക്കുന്നതു കേൾക്കും. പതിയെ പതിയെ അതൊക്കെ ഞാൻ ഏറ്റുപാടാൻ തുടങ്ങി.
പിന്നെ നാട്ടിലും പള്ളിയിലുമെല്ലാം ഗാനമേളകളിൽ ഒരു പാട്ടെങ്കിലും പാടാതിരിക്കില്ല എന്നായി. ഡിഗ്രി പഠിക്കുന്ന സമയത്താണ് റിയാലിറ്റി ഷോയിൽ പങ്കെടുത്തത്. പാടി പെർഫോം ചെയ്യുമ്പോൾ കിട്ടുന്നൊരു ഹൈ ഉണ്ടല്ലോ, അതു ശ രിക്കങ്ങു മനസ്സിലായത് ആ സമയത്താണ്. ഒരിടത്തിരുന്നൊരു ജോലി അതെനിക്കു ജീവിതത്തിൽ പറ്റില്ല എന്ന തിരിച്ചറിവും ആ സമയത്താണു കിട്ടിയത്.
ഇന്ദുലേഖ: എന്റേത് ഒരു ഫണ്ണി കഥയാണ്. കുട്ടിക്കു താളബോധമുണ്ട് എന്ന് പേരന്റ്സ് മനസ്സിലാക്കിയത് തേങ്ങ ചുരണ്ടിയപ്പോഴാണ്. അതിനു ട്ര, ട്ര ട്ര... എന്നൊരു താളമുണ്ടല്ലോ. രണ്ടു വയസ്സൊക്കെ ഉള്ളപ്പോ നിറയെ മണികളുള്ള പാദസരമിട്ടു ഞാൻ ആ താളത്തിനൊത്തു ചിൽ ചിൽ എന്നു തുള്ളുമായിരുന്നത്രേ. അതു കണ്ട് ഇവള് വലുതാകുമ്പോ കലാകാരിയാകും എന്നു വീട്ടിലുള്ളവർക്കു തോന്നിയതാകും എന്നിലെ പാട്ടുകാരി പിറന്ന നിമിഷം.
കാവ്യ: സംഗീത കുടുംബമാണു ഞങ്ങളുടേത്. അമ്മമ്മ കമല സുബ്രഹ്മണ്യം കർണാട്ടിക് സംഗീതം പഠിപ്പിക്കുന്നുണ്ടായിരുന്നു. വീട്ടിൽ സദാ ഒഴുകിനടക്കുന്ന പാട്ടിൽ ഞാനെങ്ങനെ വീഴാതിരിക്കും? വലുതാകും തോറും മ്യൂസിക് എന്നത് ഹോബിയിൽ നിന്ന് സീരിയസ് പ്രഫഷൻ എന്നതിലേക്കു വളർന്നുവെന്നുമാത്രം.
മലയാളികൾ കണ്ടുശീലിച്ചിട്ടുള്ള ലൈവ് ഷോ നമ്മുടെ റിമി ടോമിയുടേതാണ്. നിങ്ങൾ മൂവരും ലൈവ് ഷോ ചെയ്യുമ്പോൾ റിമിയുടെ എനർജി, ഒരു ചാലഞ്ച് ആയി തോന്നിയോ?
അഞ്ജു: പെർഫോമർ എന്ന രീതിയിലും എന്റർടെയ്നർ എന്ന രീതിയിലും റിമിച്ചേച്ചിയിൽ നിന്നു കണ്ടുപഠിക്കാൻ കുറെ കാര്യങ്ങളുണ്ട്. ഏതു ക്രൗഡിൽ കൊണ്ടിട്ടാലും ചേച്ചി അത് ഡീൽ ചെയ്യും. സ്റ്റേജിൽ നിൽക്കുമ്പോ ഏറ്റവും കൂടുതൽ വേണ്ടത് പ്രസൻസ് ഓഫ് മൈൻഡ് അല്ലേ? പെർഫോം ചെയ്യുമ്പോൾ മുന്നിൽ വന്നു നിന്ന് നെഗറ്റീവ് കമന്റ് ഒക്കെ പറയുന്ന ആൾക്കാരുണ്ടാവും. ആദ്യമൊക്കെ എന്നെ അതു സങ്കടപ്പെടുത്തിയിരുന്നു. പക്ഷേ, ഇപ്പൊ റിമിച്ചേച്ചിയെ ധ്യാനിച്ചു തിരിച്ചു കോമഡി അടിക്കും. റിമിച്ചേച്ചി എനിക്കു ചാലഞ്ച് അല്ല, പാഠപുസ്തകമാണ്.
ഇന്ദുലേഖ: എന്റർടെയ്ൻമെന്റ് പെർഫോമൻസിൽ എനിക്കെന്റെ അച്ഛൻ ജയരാജ് വാരിയർ ആണ് റോൾ മോഡൽ. സ്ക്രിപ്റ്റ് ഇല്ലാതെയാണ് അച്ഛൻ സ്റ്റേജിൽ പെർഫോം ചെയ്യുക. ഇടയ്ക്ക് ആരെങ്കിലും എന്തെങ്കിലും കമന്റ് ചെയ്താലോ അല്ലെങ്കിൽ ഓർഗനൈസേഴ്സിന്റെ ഭാഗത്ത് എന്തെങ്കിലും പാളിച്ച പറ്റിയാലോ അതൊക്കെ അച്ഛൻ സ്റ്റേജിൽ പറഞ്ഞു കളയും. എങ്ങനെയാണ് ഇത്ര ധൈര്യം കിട്ടണേന്നു ചോദിച്ചാൽ ഒരു ഡയലോഗ് ഉണ്ട്, ‘സ്റ്റേജിൽ കയറി കഴിഞ്ഞാൽ നമ്മൾ തന്നെയാണു രാജാവ് അല്ലെങ്കിൽ രാജ്ഞി എന്നങ്ങു വിശ്വസിക്കണം.’
കാവ്യ: ആദ്യമൊക്കെ ഞാനും സ്റ്റേജിൽ കോമഡി പറയാൻ നോക്കിയിരുന്നെങ്കിലും അങ്ങു സെറ്റ് ആകുന്നുണ്ടായിരുന്നില്ല. പിന്നെ മനസ്സിലായി നമ്മുടെ സ്പേസിൽ തന്നെ നിന്നു ചെയ്യുന്നതാണ് നല്ലത്. ഞാൻ ആരാണ്, എന്റെ സംഗീതം എന്താണ് എന്നുള്ള അന്വേഷണമായി പിന്നെ. ഒാരോ ആളുകളും യൂണീക് അല്ലേ? പാട്ടിന്റെ സിലക്ഷൻ, അവതരണ രീതി, പാടുന്ന ശൈലി എല്ലാം യുണീക് അല്ലെങ്കിൽ ഒറിജിനൽ ആകുമ്പോഴാണു ഭംഗി കൂടുക.
ഇന്ദുലേഖ: ലൈവ് ബാൻഡ് മാത്രമല്ല കേട്ടോ, ഞാനിടയ്ക്ക് ഗാനമേളയും കുട്ടികളുടെ സെഷൻസും എല്ലാം ചെയ്യും. ചിലപ്പോൾ ഗസൽ പാടും. ഏറ്റവും ടെൻഷൻ തോന്നുന്നതു മുതിർന്ന മ്യൂസിക് ഡയറക്ടേഴ്സ്, സിങ്ങേഴ്സ് ഇവർക്കു ട്രിബ്യൂട്ട് നൽകുന്ന ഗാനസന്ധ്യകളിലാണ്. ആ പാട്ടുകൾ നമ്മൾ പാടുമ്പോൾ കേൾവിക്കാർ പെർഫെക്‌ഷനാണ് പ്രതീക്ഷിക്കുക. കൈകാൽ ഒക്കെ വിറച്ചാണ് അപ്പോൾ സ്റ്റേജിൽ നിൽക്കുക.
റിയാലിറ്റി ഷോയിൽ വന്നശേഷം ഒരുപാട് അവസരങ്ങൾ കിട്ടിയ ആളാണ് അഞ്ജു. പക്ഷേ, റിയാലിറ്റി ഷോയിൽ വരു ന്ന ഭൂരിഭാഗം കുട്ടികളും പിന്നെ എവിടെ പോകുന്നു?
അഞ്ജു: പല കുട്ടികളും പിന്നീടു സംഗീതം ഉപേക്ഷിച്ചു പോകുന്നത് ഈ ഫീൽഡിന്റെ അൺസെർട്ടനിറ്റി കൊണ്ടാണ്. റിയാലിറ്റി ഷോ കഴിഞ്ഞു കുറേക്കാലം ഞാൻ ഗാനമേളകൾ ചെയ്തുകൊണ്ടേ ഇരുന്നു. ഒരു പോയിന്റ് എത്തിയപ്പോ മടുപ്പു തോന്നി. അങ്ങനെയാണ് അഞ്ജു ജോസഫ് ലൈവ് എന്ന സ്വന്തം ബാൻഡ് തുടങ്ങിയത്.
പാട്ടിൽ നിന്നു കിട്ടുന്ന ‘ഹൈ’ പോലെ തന്നെ ദേർ ഇസ് ഓൾവേസ് എ ലോ പിരീഡ്. വിചാരിച്ച പോയിന്റിൽ എത്താൻ പറ്റുന്നില്ല എന്നൊക്കെ പലപ്പോഴും നിരാശ തോന്നിയെങ്കിലും ഞാൻ അധ്വാനിച്ചുകൊണ്ടേയിരുന്നു. ഭാഗ്യമെന്നേ പറയാനാകൂ, 2024 ലെ ഫോർട്ട് കൊച്ചി കാർണിവലിനു ശേഷം ബാൻഡിന് നിലത്തു നിൽക്കേണ്ടി വന്നിട്ടില്ല.
റിയാലിറ്റി ഷോ കഴിഞ്ഞിറങ്ങുന്ന ഉടനെ എ.ആർ. റഹ്മാൻ പാടാൻ വിളിക്കും, പിന്നെ തിരിഞ്ഞു നോക്കില്ല എന്നൊക്കെ ഒരു കാലത്ത് വിശ്വസിച്ചിരുന്നു. പക്ഷേ, ആരും തിരിഞ്ഞു നോക്കിയില്ല എന്നതാണു സത്യം. ഇന്നിപ്പോൾ റിയാലിറ്റി ഷോ വിജയിക്കുന്നവർക്കു സിനിമകളിൽ പാടാൻ അവസരം അവർ തന്നെ കൊടുക്കുന്നു.
കാവ്യ: മനസ്സിരുത്തി പഠിച്ച പാട്ടു നന്നായി പാടുക എന്ന ഉത്തരവാദിത്തമേ റിയാലിറ്റി ഷോയിൽ ഉള്ളൂ. മാർക്കറ്റിങ്, പ്രമോഷൻ, സോഷ്യൽ മീഡിയ ഒക്കെ ചാനൽ ടീം നോക്കും. പക്ഷേ, അവിടെനിന്ന് ഇറങ്ങിയാൽ നമ്മൾ ചെയ്യേണ്ട പല കാര്യങ്ങളിൽ ഒന്നു മാത്രമായി മാറുകയാണ് സിങ്ങിങ്. ക്വാളിറ്റി ഉള്ള സംഗീതം ക്രിയേറ്റ് ചെയ്യുക, മാർക്കറ്റിങ്ങിലൂടെ ആളുകളിൽ എത്തിക്കുക, അവരുടെ പ്രതീക്ഷയ്ക്കൊപ്പം ഉയരുക ഇതൊക്കെ പ്രഷർ ആയി തോന്നാം.
ഇന്ദുലേഖ: എന്‍ജിനീയറിങ്ങും എംബിഎയും കഴിഞ്ഞ് കോർപ്പറേറ്റ് ജോലി ചെയ്യാം. ഇടയിലൂടെ പാട്ടും കൊണ്ടുപോകാം എന്നായിരുന്നു എന്റെ പ്ലാൻ. അച്ഛനും അമ്മയും നിറയെ വർത്തമാനം പറയുന്നവരാണെങ്കിലും ഞാനൊരു ഇൻട്രോവെർട്ട് ആണ്, സ്റ്റേജ് ഫിയറുമുണ്ട്. ഫുൾടൈം പാട്ടൊന്നും സാധിക്കില്ലെന്നാണു കരുതിയിരുന്നത്.
കോർപറേറ്റ് രംഗത്തു ജോലി ചെയ്തെങ്കിലും ആദ്യ രണ്ടിടത്തും നിന്നു ഞാൻ തന്നെ ഇറങ്ങി. മൂന്നാമത്തെ സ്ഥലത്തുനിന്ന് എന്നെ പുറത്താക്കി. ഇനിയൊരു കോർപറേറ്റ് ജോലിക്കു ശ്രമിക്കണ്ട, എന്റെ വഴി അതല്ല എന്നു മനസ്സിലായി. അഞ്ജുവിന്റെയും കാവ്യയുടെയും ഒപ്പം ഇവിടെ വന്നിരിക്കാനാകുമെന്ന് അടുത്തകാലം വരെ സ്വപ്നം കാണാൻ പോലും ധൈര്യമില്ലായിരുന്നു. ഡെസ്റ്റിനി എന്നു പറയുന്നത് ഇങ്ങനെയൊക്കെ ആയിരിക്കും.
മകനു വേണ്ടി കഥകളും പാട്ടുകളും ചൊല്ലിയാണല്ലോ ഇന്ദു ലേഖ സോഷ്യൽ മീഡിയ താരമായത്. ഇപ്പോൾ തിരക്കിൽ ഫാമിലിക്കൊപ്പം സമയം എങ്ങനെ കണ്ടെത്തും?
ഇന്ദുലേഖ: എന്റെ പാർട്ണർ ആനന്ദ് അച്യുതൻകുട്ടി വിശാഖപട്ടണത്താണു ജോലിചെയ്യുന്നത്. വീട്ടിൽ മോൻ സാരംഗിന്റെ കാര്യങ്ങളെല്ലാം നോക്കുന്നത് എന്റെ അച്ഛനും അമ്മയും ആണ്. ഷോ കഴിഞ്ഞു വീട്ടിലെത്തിയാൽ ഞാൻ ഫുൾ മേക്കപ്പ് മാറ്റണം. ലിപ്സ്റ്റിക്, പൊട്ട് ഒക്കെ മാറ്റിയാൽ പിന്നെ ഞാൻ അവന്റെയാണ്. പൊന്നും തിങ്കൾപോറ്റും മാനേ... പാടിയാൽ ഉടനുറങ്ങും.
ഉള്ള സമയം കുടുംബത്തിനൊപ്പം ചെലവഴിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും പുതിയൊരു പാട്ടു പഠിക്കേണ്ടി വരിക, അല്ലെങ്കിൽ മറ്റെന്തെങ്കിലും ടെൻഷൻ വരിക അങ്ങനെയൊക്കെ വരുമ്പോ കിളി പോയി ഒരു സൈഡിൽ ഇരിക്കും.
അച്ഛനുമായി ചേർന്ന് സോഷ്യൽ മീഡിയ കണ്ടന്റ് ഉണ്ടാക്കണം എന്നൊക്കെ ആഗ്രഹമുണ്ട്, ശ്രമിച്ചിട്ടുമുണ്ട്. പക്ഷേ, അപ്പോൾ അച്ഛൻ അച്ഛനാകുകയും ഞങ്ങൾ തമ്മിൽ വലിയ അടിയായി മാറുകയും ചെയ്യും.
അഞ്ജു: ഷോയ്ക്ക് പോയിട്ടു മടുത്താണു വരുന്നതെങ്കിൽ ഞാനൊന്നും പറയേണ്ട ആവശ്യമില്ല. എന്റെ നീഡ്സും എന്റെ ബൗണ്ടറീസും കൃത്യമായി അറിയുന്ന ആളാണ് പാട്ണർ ആദിത്യ പരമേശ്വരൻ.
ഒരുപാടു സംസാരിക്കുമെങ്കിലും എനിക്ക് സൈലൻസ് അതുപോലെ തന്നെ പ്രധാനമാണ്. ഒറ്റയ്ക്കു നടക്കാൻ പോകാനും ഒറ്റയ്ക്ക് വർക്കൗട്ട് ചെയ്യുന്നതുമാണ് ഇഷ്ടം. പക്ഷേ, ഉറക്കം വന്നാൽ അടുത്തുവേണം. രണ്ടുപേർക്കും അങ്ങനെയാണ്. ആദിത്യ എപ്പോഴും എന്റെ കൂടെ ട്രാവൽ ചെയ്യുകയാണെങ്കിൽ ലൈഫ് കുറച്ചുകൂടി എളുപ്പമായിരിക്കും എന്നു ചിന്തിക്കാറുണ്ട്. പക്ഷേ, പുള്ളിക്കാരന്റെ ജോലി പ്രധാനമാണല്ലോ.
കാവ്യ: ശരിയാണ്, പാട്ടുകാർ ഫ്രീലാൻസിങ് പ്രഫഷനൽസ് ആണ്. സിക് ലീവ് പോലും കിട്ടില്ല. പാട്ണർ വിദ്യാസാഗറിന്റെയും കുടുംബത്തിന്റെയും പിന്നെ, എന്റെ ഫാമിലിയുടെയുമെല്ലാം ബിഗ് സപ്പോർട്ട് ആണ് എന്റെ ബലം. പിന്നെ, ചെന്നൈയിൽ ഞാൻ താമസിക്കുന്ന അപാർട്മെന്റിൽ ആണ് മ്യൂസിക് സ്റ്റുഡിയോയും. പകൽ സമയം അ വിടെ പോയിരുന്നു ജോലി ചെയ്യും. ഇടയ്ക്കു വന്നു മകൾ ലക്ഷ്യയുെട കാര്യങ്ങൾ നോക്കും. ജോലി കളഞ്ഞു കുടുംബമോ കുടുംബം കളഞ്ഞു ജോലിയോ വേണ്ടെനിക്ക്. രണ്ടും നന്നായി ബാലൻസ് ചെയ്തു മുന്നോട്ടു പോകാനാണ് ഇഷ്ടം.
മലയാള സംഗീതം ലോകം ചുറ്റുകയാണ്, സിനിമാ ഗാനങ്ങളിൽ ഇംഗ്ലിഷും ഗോത്രവർഗ ഭാഷയുമെല്ലാം ഇടകലരുന്നു, ഭജന എന്ന ഫോർമാറ്റിലേക്കു മുതിർന്ന ഗായകർ പോലും എത്തുന്നു....
കാവ്യ: പുതിയ തലമുറ ബോറിങ്, അൺറിലേറ്റബിൾ എ ന്നൊക്കെ കരുതുന്ന കർണാട്ടിക് സംഗീതം ആണ് എന്റെ ബേസ്. കാലത്തിന്റെ മാറ്റങ്ങൾ ചേർത്ത് ഫ്യൂഷൻ ആക്കിയപ്പോൾ സ്വീകാര്യത കൂടി. അതുപോലെ ഭജനയും പുതിയ ജനറേഷൻ ഏറ്റെടുത്തു പുതുജന്മം കൊടുത്തു. സംഗീതം എന്നത് യൂണിവേഴ്സൽ ലാംഗ്വേജ് ആണ്. ഭാഷ, ജോണർ, സ്റ്റൈൽ, ഇൻസ്ട്രമെന്റ്സ്... ഇതൊന്നുമല്ല, നമ്മളുണ്ടാക്കുന്ന സംഗീതം ഇമോഷനലി ഹൃദയങ്ങളെ ചെന്നു തൊടുന്നുണ്ടോ എന്നു നോക്കിയാൽ മതി.
അഞ്ജു: പണ്ടത്തെപ്പോെല സിനിമയിൽ ഹിറ്റ് കിട്ടിയാലേ ഗായിക ആകൂ എന്നൊന്നും ഇന്നില്ല. ആളുകൾക്ക് ഇഷ്ടപ്പെടും വിധം പാട്ട് ക്രിയേറ്റ് ചെയ്യാൻ കഴിഞ്ഞാൽ മ്യുസിഷൻ എന്ന അംഗീകാരം കിട്ടുന്നു. ഏതു ഭാഷയിലെയും ഹിറ്റ് പാട്ടുകൾ ഏറ്റെടുക്കാൻ മലയാളിക്ക് ഒരിക്കലും മടിയുണ്ടായിട്ടില്ല. മുക്കാല മുക്കാബിലാ ഇല്ലാതെ ഒരുകാലത്തുനമുക്കു ഗാനമേള ഉണ്ടായിരുന്നോ?
സ്വരം നന്നായിരിക്കുമ്പോൾ പാട്ടു നിറുത്തുമോ നിങ്ങൾ?
ഇന്ദുലേഖ: ഞാൻ തുടങ്ങിയിട്ടേയുള്ളൂ, നിറുത്തുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നേയില്ല.
അഞ്ജു: 10 – 15 കൊല്ലം കൂടെ റണ്ണിങ് ടൈം നമുക്കു കിട്ടുമായിരിക്കും. അതു കഴിഞ്ഞാലും പാട്ടിന്റെ പിന്നാമ്പുറങ്ങളിൽ തന്നെ ഉണ്ടാകും. വേറെന്തെങ്കിലും ജോലി ചെയ്യാൻ അറിയേണ്ടേ?
കാവ്യ: സ്വരം നല്ലതല്ലാത്തപ്പോഴും ഞാൻ പാട്ടുണ്ടാക്കും. അത് എന്റെ ക്രിയേറ്റീവ് സാറ്റിസ്ഫാക്‌ഷനു വേണ്ടിയാണ്. ആളുകൾ നമ്മുടെ പാട്ടുകൾ ഇഷ്ടപ്പെടുന്നത് ബോണസ് എന്നു കരുതിയാൽ മതി.