Wednesday 22 November 2023 04:01 PM IST

‘കാട് കുളിരണ്, കൂട് കുളിരണ്...’: പി. സുശീലയുടെ ശബ്ദത്തിൽ കേരളം കോരിത്തരിച്ച പാട്ട്: വത്സല ടീച്ചറുടെ ‘നെല്ലി’ലെ പാട്ടുകഥ

V R Jyothish

Chief Sub Editor

p-valsala-story ‘നെല്ലി’ന്റെ ചിത്രീകരണത്തിനിടെ വയനാട്ടിലെ തിരുനെല്ലിയിൽ രാമു കാര്യാട്ട്, ബാലു മഹേന്ദ്ര, സലിൽ ചൗധരി എന്നിവർക്കൊപ്പം വയലാർ രാമവർമ. സമീപം ശരത്ചന്ദ്രവർമ. വയലാറിന്റെ മരണത്തിന് അൽപകാലം മുൻപുള്ള ചിത്രം.

നല്ല സാഹിത്യകൃതികൾ സിനിമയാവുന്ന പ്രവണത മലയാളത്തിലുണ്ടായിരുന്നു. അങ്ങനെ പിറന്ന ക്ലാസിക് സിനിമകൾ ധാരാളമുണ്ട്. അതിലൊന്നാണ് ചെമ്മീൻ. രാമു കാര്യാട്ടിന്റെ സംവിധാനം. വയലാറിന്റെ പാട്ടെഴുത്തും സലിൽ ചൗധരിയുടെ സംഗീതവും. അതിന്റെ തുടർച്ചയായിരുന്നു പി. വത്സലയുടെ െനല്ല് എന്ന നോവലിന്റെ സിനിമാവിഷ്കാരം.

നെല്ല് നോവൽ സിനിമയാക്കാൻ വത്സല ടീച്ചർക്ക് ആദ്യം താത്പര്യമുണ്ടായിരുന്നില്ല. രാമു കാര്യാട്ടിന്റെ നിർബന്ധം കൊണ്ടാണ് സമ്മതിച്ചത്. ‘ടീച്ചറേ... ഞാൻ കടലിന്റെ ഒരു കഥ പറഞ്ഞു. ഇനി എനിക്ക് കാടിന്റെ ഒരുകഥ പറയണം.’ ഇതായിരുന്നു കാര്യാട്ടിന്റെ വാക്കുകൾ.

‘നെല്ല്’ ആരുടെ കഥയായിരുന്നോ ആ സമൂഹത്തിലെ നല്ലൊരു ശതമാനം പേർക്കും നോവൽ വായിക്കാൻ കഴിഞ്ഞിരുന്നില്ല. നിരക്ഷരത തന്നെയായിരുന്നു കാരണം. അങ്ങനെയുള്ളവർക്ക് സിനിമ കാണാമല്ലോ എന്നായിരുന്നു വത്സല ടീച്ചറുടെ ചിന്ത.

‘ചെമ്മീൻ’ എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്കുശേഷമാണ് രാമുകാര്യാട്ട് നെല്ല് സംവിധാനം ചെയ്യുന്നത്. വയലാർ, സലിൽ ചൗധരി, ബാലു മഹേന്ദ്ര, കെ.ജി. ജോർജ്ജ് പ്രമുഖരുെട നീണ്ട നിര. കെ. ജി. ജോർജ്ജ് അന്ന് അസിസ്റ്റന്റ് ഡയറക്ടർ. ബാലുമഹേന്ദ്ര ക്യാമറ ചലിപ്പിച്ചു തുടങ്ങിയതേയുള്ളു. തിരുനെല്ലിയിലും പരിസരങ്ങളിലുമായിരുന്നു ഷൂട്ടിങ്. അന്ന് അവിടെയെങ്ങും താമസസൗകര്യം ഇല്ലാത്തതുകൊണ്ട് സുത്താൻബത്തേരിയിലാണ് ഷൂട്ടിങ് സംഘം തങ്ങിയിരുന്നത്. അവിടെ നിന്ന് തിരുനെല്ലിയിലേക്കുള്ള സാഹസികയാത്ര. പലപ്പോഴും കാട്ടാനകൾ വഴി തടഞ്ഞിരുന്നു.

സിനിമയിൽ ആദ്യാവസാനം വയലാറിന്റെ സാന്നിധ്യമുണ്ടായിരുന്നു. ലൊക്കേഷനിലെത്തിയാണ് വയലാറും സലിൽ ചൗധരിയും ഗാനങ്ങൾക്കുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയത്. അതിനു സാക്ഷിയായിരുന്നു കവി വയലാർ ശരത്ചന്ദ്രവർമ്മ.

‘എനിക്കന്ന് പത്തോ പന്ത്രണ്ടോ വയസ്സ്. അച്ഛൻ എന്നെക്കൂടി വയനാട്ടിലേക്കു കൊണ്ടുപോയി. അവിടെ എന്തൊക്കെ നടക്കുന്നു എന്നോ ആരൊക്കെയാണ് ഉള്ളതെന്നോ അറിയില്ല. സലിൽ ചൗധരിയെ അറിയാം. അദ്ദേഹം ഡൺഹില്ലിന്റെ സ്വർണ്ണവളയമുള്ള സിഗററ്റാണു വലിക്കുന്നത്. അവിടെ വച്ചാണു ഞാൻ ആദ്യമായി ചവിട്ടു ഹാർമോണിയം കാണുന്നത്. ആദ്യമായി മരമണി കാണുന്നതും അവിടെ വച്ചാണ്. മേയാൻ വിട്ട പശുക്കൾ എവിടെയാണെന്ന് അറിയുന്നത് അവയുെട കഴുത്തിൽ ഞാത്തിയിട്ട ഈ മരമണിയുടെ ശബ്ദം കേട്ടാണ്.

നാഷണൽ പാനസോണിക്കിന്റെ ഒരു ടേപ്പ് റിക്കോർഡറും സലിൽ ചൗധരിയുടെ കൈയിലുണ്ട്. അച്ഛനും അദ്ദേഹവും ഈ ടേപ്പ് റിക്കോർഡറുമായി കാട്ടിലേക്കു പോകും. എന്നെയും കൂട്ടും. കാട്ടിലെ പക്ഷികളുടെയും മൃഗങ്ങളുടെയും കാറ്റിന്റെയുമൊക്കെ ശബ്ദം റിക്കോർഡ് ചെയ്യുകയാണ് എന്റെ ജോലി. പോകുന്ന വഴിക്ക് ചിലപ്പോൾ രണ്ട് അധ്യാപകരെ കാണും. വത്സലടീച്ചറും ഭർത്താവുമാണ് എന്നൊക്കെ പിന്നീടാണ് മനസ്സിലാവുന്നത്.’ നെല്ലി’ന്റെ കാലത്തെക്കുറിച്ച് വയലാർ ശരത്ചന്ദ്രവർമ്മയുടെ വാക്കുകൾ.

രാമുകാര്യാട്ട്, എസ്. എൽ. പുരം സദാനന്ദൻ, കെ.ജി. ജോർജ്ജ് ഇവരായിരുന്നു നെല്ലിന്റെ തിരക്കഥാകൃത്തുക്കൾ.

നെല്ലിലെ പാട്ടുകൾ എക്കാലത്തെയും സൂപ്പർ ഹിറ്റുകളാണ്.

നീലപ്പൊൻമാേന...എന്റെ നീലപ്പൊൻമാനേ

വെള്ളിവെയിലു നെയ്ത പുടവ വേണോ

പുളിയിലക്കര പുടവ വേണോ എന്ന യേശുദാസ് –മാധുരി ഗാനം ഇന്നും മുഴങ്ങികേൾക്കാം.

പി. സുശീലയുടെ മധുരശബ്ദത്തിൽ കേരളം കോരിത്തരിച്ച പാട്ടായിരുന്നു

‘കാട് കുളിരണ്...... കൂട് കുളിരണ്.....

മാറിലൊരുപിടി ചൂടുണ്ടോ.....

കല്യാണപ്രായത്തിൽ പെണ്ണുങ്ങൾ ചൂടുന്ന

കന്മദപ്പൂ.... കണ്ണമ്പൂവുണ്ടോ...

കൂടെ വന്നേ പോ ആൺകിളീ....ചൂടു തന്നേ പോ...

വിരലിലെണ്ണാവുന്ന മലയാളം പാട്ടുകളേ ലതാമങ്കേഷ്കർ പാടിയിട്ടുള്ളു. അതിലെ സൂപ്പർ ഹിറ്റാണ്

കളദീ..കൺകദളീ...ചെങ്കദളീ പൂവേണോ.....

കവിളിൽ പൂമദമുള്ളൊരു പെൺപൂവേണോ പൂക്കാരാ... എന്ന പാട്ട്. പി. ജയചന്ദ്രനും മന്നാഡെയും ചേർന്നുപാടിയ

ഏഹേ... കൈയോടു കൈ മെയ്യോടു മെയ്

ഏ....ഏ....ചെമ്പാ..... െചമ്പാ.... കുറുമ കൊമ്പാ.... എന്ന ഗാനം ആദിവാസി ഉത്സവങ്ങളുടെ താളം ഉൾക്കൊണ്ട് ചിട്ടപ്പെടുത്തിയതാണ്.

‘വയലാറും സലിൽ ചൗധരിയുമൊക്കെ കഠിനമായി അധ്വാനിച്ചാണ് ‘നെല്ലി’ലെ പാട്ടുകൾ ചിട്ടപ്പെടുത്തിയത്. ആ ഗുണം പാട്ടുകൾക്കുണ്ട്..’ ഒരിക്കൽ ഒരു അഭിമുഖത്തിൽ വത്സലടീച്ചർ പറഞ്ഞു.