ചിരഞ്ജീവി പറഞ്ഞു,‘നൃത്തത്തിൽ എന്റെ ഗുരു ജ്യോതിലക്ഷ്മിയാണ്’: ഒരു ഗ്ലാമർ താരത്തിന്റെ ജീവിതം Jyothilakshmi: The Unforgettable Lady Superstar of South Indian Cinema
Mail This Article
പശുപുലേതി രാമറാവു എഴുതിയ ‘മെഗാ ചിരംജീവിതം’ എന്ന പുസ്തകത്തില്‍, തെലുങ്ക് സിനിമയിലെ താരചക്രവർത്തിയായ ചിരഞ്ജീവി ഇങ്ങനെ പറയുന്നു –
‘‘നൃത്തത്തിൽ ഞാൻ ഗുരുവായി പരിഗണിക്കുന്നത് ജ്യോതിലക്ഷ്മിയെയാണ്. കോളജിൽ പഠിക്കുമ്പോൾ, സിനിമകളില്‍ ജേ്യാതിലക്ഷ്മിയുടെ നൃത്ത രംഗങ്ങള്‍ ആവര്‍ത്തിച്ചു കണ്ട ശേഷം വീട്ടിലെത്തി അതു അനുകരിച്ചു പരിശീലിക്കുക പതിവായിരുന്നു. ജ്യോതിലക്ഷ്മിയെ ഗുരുവായി മനസ്സില്‍ കണ്ടു, ഏകലവ്യനേപ്പോലെ ഞാൻ നൃത്തം അഭ്യസിച്ചു’’.
അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യം വരും – അത്രയധികം എന്തു മേൻമയാണ് ജ്യോതിലക്ഷ്മി എന്ന നർത്തകിയ്ക്കുള്ളത് ?
അതിനുള്ള മറുപടി ആയിരത്തി തൊള്ളായിരത്തി എഴുപതികളിലെയും എൺപതുകളിലെയും ചില തെന്നിന്ത്യൻ സിനികളിൽ ജ്യോതി നിറഞ്ഞാടിയ നൃത്തരംഗങ്ങളാണ്! താരമൂല്യമുള്ള വലിയ നായികമാര്‍ കോടികള്‍ പ്രതിഫലം വാങ്ങി ‘ഐറ്റം നമ്പറു’കളുമായി എത്തുന്നതിനു മുമ്പ്, പ്രേക്ഷകരുടെ സിരകളില്‍ വിദ്യുത് ചലനങ്ങളുണ്ടാക്കിയിരുന്ന ഒരു സംഘം നടിമാരിലെ ‘ലേഡി സൂപ്പർസ്റ്റാർ’ ആയിരുന്നു ജ്യോതിലക്ഷ്മി.
‘സെക്‌സ് ബോംബ്’ എന്നും ‘ഗ്ലാമർ താരം’ എന്നുമൊക്കെ വിശേഷിപ്പിക്കപ്പെട്ടിരുന്ന ജ്യോതിലക്ഷ്മി ആ കാലത്തെ വാണിജ്യ സിനിമകളുടെ ഒരു പ്രധാന ആകർഷണമായിരുന്നു. വെറും ‘മേനി നടിപ്പുകാരി’ എന്നതിനപ്പുറം ഏതു നായികയോടും മത്സരിക്കുവാനുള്ള കഴിവും പ്രതിഭയും സൗന്ദര്യവുമുണ്ടായിരുന്നു അവർക്ക്. അതിനു തെളിവാണ് അഞ്ചും പത്തും മിനിട്ടിനുള്ളിൽ ജ്യോതി ആടിത്തിമിർത്ത പല പാട്ടുരംഗങ്ങളും.
1940 നവംബർ 2 നു തമിഴ്നാട്ടിൽ ജനിച്ച ജ്യോതി 1963 ല്‍ ‘വാനമ്പാടി’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. തുടർന്നു തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലും ഹിന്ദിയിലുമായി മുന്നൂറോളം സിനിമകളിൽ അഭിനയിച്ചു. ഏറെയും മേനി പ്രദർശനം ആവശ്യപ്പെടുന്നവയായിരുന്നുവെങ്കിലും നൃത്ത രംഗങ്ങളില്‍ അവർ തീ പോലെ പടർന്നു കയറുന്ന അനുഭവങ്ങൾ സമ്മാനിച്ചു... അക്കാലത്തു ജ്യോതിലക്ഷ്മിക്കു വേണ്ടി പല സിനിമകളിലും അത്തരം പാട്ടുകളും രംഗങ്ങളും തിരുകിക്കയറ്റിയിരുന്നു. പരിശീലനം ലഭിച്ച മികച്ച നര്‍ത്തകിയായിരുന്നു എന്നതും ജ്യോതിക്കു ഗുണമായി.
1970 - 80 കളാണു ജ്യോതിയുടെ കരിയറിലെ സുവർണകാലം. 1968 ല്‍ നാഗേഷും മുത്തുമാരനും മുഖ്യവേഷങ്ങളിലഭിനയിച്ച ‘പൂവും പൊട്ടും’ അവര്‍ നായികയായ പ്രധാന ചിത്രങ്ങളിലൊന്നാണ്.
എം.ടി വാസുദേവന്‍ നായർ തിരക്കഥയെഴുതി 1965 ല്‍ പ്രദര്‍ശനത്തിനെത്തിയ ‘മുറപ്പെണ്ണ്’ ആണ് മലയാളത്തില്‍ ജ്യോതിയുടെ ആദ്യ ചിത്രം. തുടർന്നു ആലിബാബയും നാല്‍പ്പത്തി ഒന്നു കള്ളന്‍മാരും, കൊടുങ്ങല്ലൂരമ്മ, പെണ്ണിന്റെ പ്രതികാരം, കുഞ്ഞാലി മരക്കാർ, നഗരമേ നന്ദി, മനുഷ്യ മൃഗം, തടവറ തുടങ്ങി ശ്രദ്ധേയമായ നിരവധി സിനിമകളുടെ ഭാഗമായി. കരിയറിന്റെ അവസാനകാലത്തും ചില ചിത്രങ്ങളില്‍, പ്രായത്തെ മറന്നു, അതീവ ഗ്ലാമറസായി അവർ അഭിനയിച്ചു.
‘കോഫി വിത്ത് അനു’ പോലെയുള്ള ജനപ്രിയ ടെലിവിഷന്‍ ഷോകളില്‍ ജേ്യാതിലക്ഷ്മി തന്റെ ജീവിതം പറഞ്ഞിട്ടുണ്ട്. തമിഴിലെ പ്രശസ്ത ഛായാഗ്രഹകനായിരുന്ന സായ് പ്രസാദാണ് ജ്യോതിയുടെ ഭര്‍ത്താവ്. ഏക മകള്‍ ജ്യോതി മീന മലയാളത്തിലുൾപ്പടെ വിവിധ ഭാഷകളിൽ അഭിനയിച്ചു. ജ്യോതിലക്ഷ്മിയുടെ സഹോദരി ജയമാലിനിയും ഒരുകാലത്തെ തിരക്കേറിയ ഗ്ലാമർതാരമായിരുന്നു.
2016 ആഗസ്റ്റ് 9 നു 67 വയസ്സില്‍ ബ്ലഡ് കാൻസർ ബാധിതയായാണ് ജ്യോതിയുടെ മരണം. ദീര്‍ഘകാലം ചികിത്സയിലായിരുന്നു.
ചാര്‍മി നായികയായി 2015 ൽ റിലീസായ ‘ജ്യോതിലക്ഷ്മി’ എന്ന തെലുങ്ക് സിനിമ ജേ്യാതിലക്ഷ്മിയുടെ ബയോഫിക്ഷനാണെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. മല്ലഡി വെങ്കട കൃഷ്ണമൂർത്തിയുടെ നോവല്‍ പുരി ജഗന്നാഥ് സിനിമയാക്കുകയായിരുന്നു. എന്നാല്‍ ചിത്രത്തിനു ആരുടെയും ജീവിതവുമായി ബന്ധമില്ലെന്നു ചര്‍മി പിന്നീടു വ്യക്തമാക്കി.