മരിക്കുമ്പോൾ 47 വയസ്സായിരുന്നു ദീപന്റെ പ്രായം. തന്റെ സംവിധാനത്തിലൊരുങ്ങിയ അവസാനത്തെ സിനിമ ‘സത്യ’യുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കവേയാണ് രോഗം മൂർച്ഛിച്ച് അദ്ദേഹം ആശുപത്രിയിലായതും വൈകാതെ മരണപ്പെട്ടതും.
20 വർഷത്തെ ചലച്ചിത്രജീവിതത്തിൽ, സഹസംവിധായകനായും മുഖ്യസംവിധാനസഹായിയായും 7 സിനിമകളുടെ സംവിധായകനായുമൊക്കെ തന്റെ ഇടം അടയാളപ്പെടുത്തിയാണ് ദീപൻ മറഞ്ഞത്. ജീവിച്ചിരുന്നെങ്കിൽ അതിലേറെ നേട്ടങ്ങൾക്ക് സാധ്യതയുണ്ടായിരുന്ന പ്രതിഭയായിരുന്നു. പക്ഷേ, വിധി അതിനനുവധിച്ചില്ല: കാലവും...
വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന ദീപൻ 2017 മാർച്ച് 13നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്.
എ.കെ.സാജന്റെ തിരക്കഥയിൽ ജയറാമിനെ നായകനാക്കി ഒരുക്കിയ ‘സത്യ’യുടെ ഷൂട്ടിങ് കാലത്തേ ദീപൻ ആരോഗ്യസംബന്ധമായ ബുദ്ധിമുട്ടുകളിലായിരുന്നു. പലപ്പോഴും ആശുപത്രിയിലായി. എങ്കിലും സിനിമയോടുള്ള അടങ്ങാത്ത ഭ്രമത്താൽ സകല പ്രതിസന്ധികളേയും അദ്ദേഹം മറികടന്നു. ചിത്രീകരണം പൂർത്തിയായി, ഡബ്ബിങ് പുരോഗമിക്കവേ രോഗം കലശലായതോടെയാണ് ദീപൻ ആശുപത്രിയിലായത്. പിന്നീടൊരിക്കലും അദ്ദേഹം സിനിമയുടെ ലോകത്തേക്ക് തിരികെ എത്തിയില്ല. മരണത്തിന്റെ ‘കട്ട്’ ഇല്ലാത്ത ‘ആക്ഷൻ’ പറച്ചിൽ ആ ജീവിതത്തെയും കവർന്നു. ‘സത്യ’ പൂർത്തിയാക്കാതെ, ആ സിനിമ തിയറ്ററില്‍ കാണാതെയുള്ള ദീപന്റെ മടക്കം പ്രിയപ്പെട്ടവർക്കെല്ലാം വലിയ വേദനയായി. ദീപന്റെ അസാന്നിധ്യത്തില്‍ സംവിധാന സഹായി ബിനുരാജും എ.കെ.സാജനും ചേർന്നാണ് ‘സത്യ’ പൂർത്തിയാക്കിയതും റിലീസിനൊരുക്കിയതും.
മലയാള സിനിമയിലെ പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ആയിരുന്ന ആനന്ദവല്ലിയുടെ മകനാണ് ദീപൻ. സിനിമയോടു ബന്ധപ്പെട്ട ജീവിതമായതിനാൽ ചെറുപ്പം മുതലേ സംവിധായകനാകണമെന്ന മോഹം ദീപന്റെ മനസ്സിൽ കെടാതെ എരിഞ്ഞിരുന്നു. അങ്ങനെയാണ് ഷാജി കൈലാസിന്റെ സംവിധാന സഹായിയായി സിനിമയിലേക്കെത്തിയത്. ആറാം തമ്പുരാൻ, എഫ് ഐ ആർ, വല്യേട്ടൻ, നരസിംഹം, ചിന്താമണി കൊലക്കേസ് തുടങ്ങിയ സിനിമകളിലൊക്കെ ഷാജി കൈലാസിനൊപ്പം പ്രവർത്തിച്ച പരിചയം ദീപനിലെ സംവിധായകന്റെ പാഠശാലകളായി. പിന്നീട് സ്വതന്ത്ര സംവിധായകനായപ്പോഴും ‘ഷാജി കൈലാസ് സ്കൂൾ ഓഫ് ഫിലിം മേക്കിങ്ങ്’ ആണ് ദീപൻ പിന്തുടർന്നത്. ഫ്രെയിമുകളിലും അവതരണത്തിലുമൊക്കെ ആ ടച്ച് നിലനിർത്തിയാണ് തന്റെ പ്രധാന സിനിമകളൊക്കെ ദീപൻ ഒരുക്കിയതും.
ആക്ഷന്‍ സിനിമകളോട് പ്രത്യേക ഇഷ്ടവും താൽപര്യവുമുണ്ടായിരുന്നു ദീപന്. സ്റ്റണ്ടുകളും തീപ്പൊരി ഡയലോഗുകളും വലിയ ആൾക്കൂട്ടത്തെ ഉൾപ്പെടുത്തിയുള്ള ഫ്രേയിമുകളുമൊക്കെയായി, വേഗത്തിൽ നീങ്ങുന്ന സിനിമകളായിരുന്നു ദീപന്റെ മനസ്സിൽ. അല്ലാത്ത ചില സിനിമകളുമൊരുക്കിയെങ്കിലും ദീപന്റെ യാത്ര ആക്ഷൻ സിനിമകളുടെ ആവേശത്തിനൊപ്പമായിരുന്നു.
2003ല്‍ സായികുമാറിനെ പ്രധാനകഥാപാത്രമാക്കി ‘ദ് കിങ് മേക്കർ ലീഡർ’ എന്ന പൊളിറ്റിക്കൽ ത്രില്ലറാണ് ദീപൻ ആദ്യം സംവിധാനം ചെയ്തത്. പക്ഷേ, ആ സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. നീണ്ട 6 വർഷത്തിനു ശേഷമാണ് അടുത്ത സിനിമ ഒരുക്കാൻ ദീപന് അവസരം ലഭിച്ചത് –‘പുതിയ മുഖം’! ആ സിനിമയാകട്ടേ, ദീപന്റെ നല്ല രണ്ടാം വരവായി. പൃഥ്വിരാജിനെ താരപദവിയിലേക്കുയർത്തിയ ‘പുതിയ മുഖം’ ദീപന്റെയും മാർക്കറ്റ് വാല്യൂ ഉയർത്തി. ആക്ഷനും റൊമാൻസും ഇമോഷൻസും ഫാമിലി ഡ്രാമയുമൊക്കെ സമാസമം ചേർന്ന ‘പുതിയ മുഖം’ വൻ വിജയമാണ് നേടിയത്. എന്നാല്‍, ഹീറോ, സിം, ഡി കമ്പനിയിലെ ഗാങ്‌സ് ഓഫ് വടക്കുംനാഥന്‍, ദി ഡോൾഫിൻസ്, സത്യ എന്നിങ്ങനെ പിന്നീടുള്ള ഒരു സിനിമയിലും പുതിയ മുഖം നേടിയ വിജയം ആവർത്തിക്കാൻ ദീപനായില്ല.
‘പുതിയ മുഖ’ത്തിനു ശേഷം മൂന്നു വർഷത്തോളം കാത്തിരുന്നാണ് ദീപന്‍ അടുത്ത സിനിമ ഒരുക്കിയത്. വീണ്ടും പൃഥ്വിരാജുമായി ഒന്നിച്ച ‘ഹീറോ’ പക്ഷേ, പ്രതീക്ഷിച്ച വിജയമായില്ല. പൃഥ്വിയുടെ സിക്സ് പാക്ക് ലുക്കും ആക്ഷൻ രംഗങ്ങളിലെ പ്രകടനവുമൊക്കെ അക്കാലത്ത് വലിയ ചർച്ചയായിരുന്നു. തമിഴ്, തെലുങ്ക് മാസ് മസാല സിനിമകളുടെ ഫോർമാറ്റിനെ ഓർമിപ്പിക്കുന്ന ‘ഹീറോ’യുടെ മേക്കിങ് മലയാളികൾക്ക് തീരെ ദഹിച്ചില്ലെന്നതും പ്രതികൂലമായി.
അതോടെയാണ് തന്റെ ആക്ഷൻ പാക്കേജുകൾ വിട്ട്, ഒരു ട്രാക്ക് ചെയ്ഞ്ച് എന്ന നിലയിൽ സിം, ദി ഡോൾഫിൻസ് എന്നീ സിനിമകൾ ദീപൻ ഒരുക്കിയത്. രണ്ടും വിജയമായില്ല. ഇതിൽ ‘ദി ഡോൾഫിൻസ്’ ടെലിവിഷന്‍ സംപ്രേക്ഷണത്തിനു ശേഷം പ്രേക്ഷകരുടെ ശ്രദ്ധയിലേക്കു കൂടുതലായി എത്തിയ സിനിമയാണ്. കൽപ്പന അവതരിപ്പിച്ച വാവച്ചി എന്ന കഥാപാത്രത്തിനും സുരേഷ് ഗോപിയുടെ ചില ഡയലോഗുകൾക്കും ക്ലൈമാക്സിലെ ഇമോഷനൽ സീനിനുമൊക്കെ പ്രത്യേക ഫാന്‍ ബേസ് ഉണ്ട്. കാലം തെറ്റിയുള്ള റിലീസും മാർക്കറ്റിങ്ങിലെ പാളിച്ചകളുമാണ് ‘ദി ഡോൾഫിൻസ്’ തിയറ്ററിൽ വീഴാനുള്ള പല കാരണങ്ങളിലൊന്ന്.
വൈകാതെ ആക്ഷൻ മൂഡിലേക്ക് ദീപൻ തിരികെയെത്തി. അങ്ങനെ ‘സത്യ’ സംഭവിച്ചു. പക്ഷേ എല്ലാം അവിടെ അവസാനിക്കുകയായിരുന്നു...
ചെന്നൈയിലെ സിനിമ ലോകവുമായി അടുത്ത ബന്ധമുണ്ടായിരുന്നു ദീപന്. അതിലൊരാളായിരുന്നു തമിഴകത്തെ മെഗാതാരം വിജയ്‌യുടെ മാനേജർ. ‘പുതിയ മുഖ’ത്തിനു ശേഷം വിജയ്‌യെ നായകനാക്കി സിനിമ ഒരുക്കാനുള്ള ആഗ്രഹത്തോടെ, മാനേജർ വഴി ഒരു കഥ പറയാന്‍ ദീപൻ ശ്രമിച്ചിരുന്നതായി അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ പറഞ്ഞറിയാം. പക്ഷേ, അതൊക്കെയും ആഗ്രഹം മാത്രമാക്കി അവശേഷിപ്പിച്ച് ദീപൻ പോയി...നിത്യമായ മടക്കം....
ദീപന്റെ ഓർമകളുമായി അദ്ദേഹത്തിന്റെ ഭാര്യ ദീപയും മക്കളായ മാധവനും മഹാദേവനും പയ്യന്നൂരിലെ വീട്ടിലുണ്ട്...