ADVERTISEMENT

മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ ‘റിയലസ്റ്റിക് ഗ്യാങ്സ്റ്റർ സിനിമ’യെന്ന് എ.കെ.സാജൻ സംവിധാനം ചെയ്ത ‘സ്‌റ്റോപ്പ് വയലൻസി’നെ വിശേഷിപ്പിക്കാമെങ്കിലും ഒരു ‘ഡ്രമാറ്റിക് ഇന്നർ ലെയർ’ അതിന്റെ ‌അവതരണത്തിലുണ്ട്. സംഭാഷണങ്ങളിലും ചില കഥാപാത്രങ്ങളുടെ നിർമിതിയിലുമൊക്കെ അതു പ്രകടമായിരുന്നു. എങ്കിലും മലയാളത്തിലെ പതിവു കച്ചവട സിനിമകളുടെ സ്വഭാവങ്ങളെ നിരാകരിച്ച്, വളയമില്ലാതെ ചാടാനുള്ള സംവിധായകന്റെ ശ്രമം അഭനന്ദനീയമാണെന്നതിൽ തർക്കമില്ല. ആ ‘യുണീക്നസ്സ്’ ആണ് വർഷങ്ങളിത്ര കഴിഞ്ഞിട്ടും ‘സ്‌റ്റോപ്പ് വയലൻസി’ന്റെ പ്രസക്തിയും സാധ്യതയും!

കൊച്ചിയുടെ പശ്ചാത്തലത്തില്‍, ഗുണ്ടകളെ കേന്ദ്രകഥാപാത്രങ്ങളാക്കി, അവരുടെ ജീവിതവും, അവർ ഇടപെടുന്ന ഇടങ്ങളും ചിത്രീകരിച്ച സിനിമയാണ് ‘സ്‌റ്റോപ്പ് വയലൻസ്’. മാറിയ കൊച്ചിയും വന്‍നഗരമായുള്ള അതിന്റെ വളര്‍ച്ചയിൽ മാഫിയകള്‍ സൃഷ്ടിക്കുന്ന സ്വാധീനവുമൊക്കെച്ചേര്‍ന്ന ആഖ്യാനം. കൊച്ചിയുടെ പരമ്പരാഗത സംസാരഭാഷയും അതില്‍ നിന്നു പരുവപ്പെട്ട ഉപഭാഷയും മലയാള സിനിമ ആദ്യമായി കേട്ടതും ‘സ്‌റ്റോപ്പ് വയലന്‍സി’ലാണ്. ഹിന്ദിയിൽ രാംഗോപാല്‍ വര്‍മ്മ ഒരുക്കിയ ‘സത്യ’യാണ് ‘സ്‌റ്റോപ്പ് വയലന്‍സി’ന്റെ പൂർവമാതൃക. ഇരുണ്ടതും അസ്വസ്ഥത പരത്തുന്നതുമായ നഗരജീവിതത്തിന്റെ അധോലോകങ്ങളിലേക്കാണ് ഈ സിനിമ പ്രേക്ഷകരെ ക്ഷണിച്ചത്.

ADVERTISEMENT

പൃഥ്വിരാജ് എന്ന ‘ആംഗ്രി യങ്മാൻ’

2002 ഒക്ടോബർ 25 – നാണ് ‘സ്‌റ്റോപ്പ് വയലന്‍സ്’ റിലീസായത്. നായകനായ പൃഥ്വിരാജ് സുകുമാരന്റേതായി തിയറ്ററുകളിലെത്തിയ രണ്ടാമത്തെ സിനിമ. രഞ്ജിത്തിന്റെ സംവിധാനത്തിലൊരുങ്ങിയ ‘നന്ദന’മാണ് പൃഥ്വിരാജ് ആദ്യം അഭിനയിച്ച സിനിമയെങ്കിലും പിന്നീട് കമിറ്റ് ചെയ്ത ‘നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി’യാണ് ആദ്യ റിലീസ്. പിന്നാലെ ‘സ്‌റ്റോപ്പ് വയലന്‍സും’ എത്തി. അതോടെ ‘നന്ദനം’ മൂന്നാമതായി. ‘സ്‌റ്റോപ്പ് വയലന്‍സി’ലെ പൃഥ്വിരാജിന്റെ സാത്താൻ എന്ന കഥാപാത്രം പിന്നീടുള്ള അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ‘ആംഗ്രി യങ്മാൻ’ ഇമേജിനെ കുറച്ചൊന്നുമല്ല സഹായിച്ചത്. പുതിയൊരു നടൻ എന്ന നിലയിൽ, തീരെയും പാളിപ്പോകാതെ സാത്താനെ അവതരിപ്പിച്ചുവെന്നത് കരിയറിന്റെ തുടക്കത്തിൽ‍‍ പൃഥ്വിരാജിനു വലിയ നേട്ടമായി.

ADVERTISEMENT

സാത്താന്റെ ജീവിതം

പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ എ.കെ. ലോഹിതദാസ് തന്റെ പുതിയ സിനിമയുടെ കഥയെഴുതുന്നതുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തുന്നതും അതിനായി ഒരു പത്രപ്രവര്‍ത്തകന്റെ സഹായത്താല്‍ കൊച്ചിയിലെ ഗുണ്ടകളെക്കുറിച്ച് അന്വേഷിക്കുന്നതുമാണ് സിനിമയുടെ തുടക്കം. സാത്താന്‍ എന്ന നായകനും, അയാള്‍ക്ക് ചുറ്റുമുള്ള സമാന ജീവിതസാഹചര്യങ്ങളുള്ള കുറച്ചു മനുഷ്യരും, അവരെ സംരക്ഷിക്കുന്ന അധികാരകേന്ദ്രങ്ങളും, ഇതൊക്കെച്ചേര്‍ന്ന് സാധാരണ മനുഷ്യരിലും അവരുടെ ചുറ്റുപാടുകളിലുമുണ്ടാക്കുന്ന പ്രതിഫലനങ്ങളുമാണ് സിനിമയുടെ പ്രമേയം.

ADVERTISEMENT

‘സാത്താന്‍’!

കാശിനു വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്തവന്‍. പാന്‍പരാഗിനൊപ്പം ബ്ലേഡ് കൂട്ടിച്ചവച്ച് എതിരാളികളുടെ മുഖത്ത് തുപ്പുന്ന, വിലാസമില്ലാത്ത വെറും ഗുണ്ട! ‘ഗുണ്ടാ സാർ’ എന്നറിയപ്പെടുന്ന സ്റ്റീഫന്റെ ഏറ്റവും അപകടകരമായ ആയുധം. ആന്റി ഗുണ്ടാ സ്‌ക്വാഡിന്റെ തലവന്‍ കൂടിയായ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സ്റ്റീഫന്റെ, ആസിഡും സാത്താനുമടങ്ങുന്ന ഗുണ്ടാ സംഘം കൊച്ചിയുടെ അധോലോകപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു. ഭയം വിതറി അവര്‍ നഗരത്തെ കൈപ്പിടിയിലൊതുക്കി.

ചെയ്തു കൂട്ടിയ പലവിധ പാപങ്ങള്‍ക്കിടേ, ലഹരി പകർന്ന അബോധത്തില്‍, സാത്താന്‍ കന്യാസ്ത്രീയായ ആന്‍ജലീനയെ ബലാത്സംഗം ചെയ്യുന്നു. ഗര്‍ഭിണിയായ അവള്‍ മഠത്തില്‍ നിന്നു പുറത്താക്കപ്പെട്ടു. പോകെപ്പോകെ സാത്താനില്‍ അവളോടുള്ള അനുകമ്പ നിറഞ്ഞു. അതു സ്റ്റീഫനിഷ്ടമായില്ല. അയാള്‍ അവനെ പിന്‍തിരിപ്പിക്കുവാന്‍ ശ്രമിച്ചു. വിജയിച്ചില്ല. പള്ളിയില്‍ വച്ചു ആന്‍ജലീനയെ കണ്ടു തിരികെ വരും വഴി സ്റ്റീഫന്‍ സാത്താനെ അറസ്റ്റ് ചെയ്തു. കൊല്ലാന്‍ പദ്ധതിയിട്ടു. നീണ്ട സംഘട്ടനത്തിനൊടുവില്‍ റെയില്‍വേ ട്രാക്കില്‍ വച്ച് സാത്താന്‍ കൊല്ലപ്പെട്ടു. സ്റ്റീഫന്റെ കാല്‍ നഷ്ടമായി. വിലാസമില്ലാത്ത അനാഥ ശവമായി സാത്താന്‍... പത്രത്തിലൂടെ ആന്‍ജലീന സാത്താന്റെ മരണവാര്‍ത്തയറിഞ്ഞു. അവളുടെ മനസ്സില്‍ ആദ്യമായി അവനോടുള്ള പ്രണയം നുരഞ്ഞു...

‘സ്‌റ്റോപ്പ് വയലന്‍സ്’ ന്റെ കഥ ഇങ്ങനെ സംഗ്രഹിക്കാം.

ചന്ദ്ര ലക്ഷ്മണായിരുന്നു ആന്‍ജലീന. അമ്പിളി പഞ്ഞിക്കാരനായി ബീനയും അഭിനയിച്ചു. വിജയരാഘവന്‍ മാത്രമായിരുന്നു സിനിമയിലെ ഏക മുന്‍നിര നടന്‍. ഒപ്പം സാദിഖും മധുപാലും താരാ കല്യാണും. എ.കെ. സാജന്റെ സഹോദരന്‍ എ.കെ. സന്തോഷാണ് ‘സ്‌റ്റോപ്പ് വയലന്‍സി’ന്റെ തിരക്കഥയൊരുക്കിയത്.

stop-vilonce-3

വിലാസമില്ലാത്തവർ

ലൈംഗികത്തൊഴിലാളികളും ഇടനിലക്കാരും ഗുണ്ടകളും ചേരുന്ന ഇരുണ്ട ലോകമാണ് ‘സ്‌റ്റോപ്പ് വയലന്‍സി’ന്റെ അടിത്തറ. നായകനെ പ്രതിനായകനാക്കുന്ന ഈ സിനിമ നന്‍മയുടെ സങ്കീര്‍ത്തനം ചൊല്ലിയല്ല അവസാനിക്കുന്നതും!

സാത്താന്‍ എന്നും ആസിഡ് എന്നും വിളിക്കപ്പെടുന്ന ഗുണ്ടകള്‍ക്കൊന്നും വ്യക്തമായ പേരോ വിലാസമോ ഇല്ല എന്നത് സിനിമ പരുവപ്പെടുത്തുന്ന തരം നഗരജീവിതത്തിന്റെ നിഗൂഢതകളെയും രഹസ്യസ്വഭാവത്തേയും തെളിയിക്കുന്നു. ഇത്തരത്തില്‍ അടയാളപ്പെടുത്തലുകളില്ലാതെ ഒടുങ്ങിപ്പോകുന്ന ഈ അധോലോകമനുഷ്യരെ നിയന്ത്രിക്കുന്നതും ഉപയോഗിക്കുന്നതും പൊലീസുകാരും അവരുടെ അനുചരവിഭാഗവുമാണ്. അതിൽ തന്നെ രാഷ്ട്രീയ പ്രവര്‍ത്തകരും, കച്ചവടക്കാരും, സമൂഹം മാന്യമെന്നു കരുതുന്ന പദവികളിലുള്ളവരുമൊക്കെയുണ്ട്. സ്റ്റീഫനെ, ഗുണ്ടകളും അസൻമാർഗികളുമടങ്ങുന്ന അയാളുടെ അനുചരസംഘം ‘ഗുണ്ടാ സാര്‍’ എന്നു വിളിക്കുന്നതില്‍ ഈ അവിശുദ്ധത അതിന്റെ പരിധികള്‍ ഭേദിക്കുന്നതായി കാണാം. ഒരു കന്യാസ്ത്രീയെ ശാരീരികമായി ഉപയോഗിക്കുകയും അതിന്റെ കുറ്റബോധത്താല്‍ മാനസാന്തരത്തിനായി ശ്രമിക്കുകയും ചെയ്യുന്ന നായകനെന്ന അധമജീവിയെ ഇതേ ‘നീതിരൂപം’ കൊലപ്പെടുത്തുന്നതിലൂടെ ഒരിക്കലും മാറാത്ത ചില സാമൂഹികനിലകളെയും സംവിധായകന്‍ വരച്ചിടുന്നു.

ക്യാമറയും കഥാപാത്രം

ഇപ്പോഴത്തെ പ്രശസ്ത സംവിധായകനായ ജിബു ജേക്കബായിരുന്നു ‘സ്‌റ്റോപ്പ് വയലന്‍സി’നു വേണ്ടി ക്യാമറ ചലിപ്പിച്ചത്. സ്വതന്ത്ര ഛായാഗ്രാഹകന്‍ എന്ന നിലയില്‍ ജിബുവിന്റെ ആദ്യ സിനിമ. പരിമിതികളേറെയുള്ളപ്പോഴും അതൊന്നും സിനിമയുടെ ദൃശ്യാനുഭവത്തെ ബാധിക്കാതെ മുന്നോട്ടു നീക്കാൻ ജിബുവിനായി. അതിനാൽ ക്യാമറയും പലപ്പോഴും ഒരു കഥാപാത്രമെന്ന മട്ടിൽ പ്രേക്ഷകരോടു സംവദിക്കുന്നു.

ജോൺസൺ ഒരുക്കിയ പശ്ചാത്തലസംഗീതവും എടുത്തു പറയേണ്ടതാണ്. സിനിമയുടെ ഭാവം മനസ്സിലാക്കി, പതിവു രീതികളെ നിരാകരിച്ചുള്ള അദ്ദേഹത്തിന്റെ ഇടപെടൽ സിനിമയ്ക്ക് ഗുണമായി. റീ റെക്കോഡിങ്ങിനിടെ സിനിമയിലെ ചില വയലൻസ് സീനുകൾ കണ്ട് കടുത്ത ഈശ്വരവിശ്വാസിയായ ജോൺസൺ മാഷ് ഭയത്തോടെ കുരിശു വരച്ചിരുന്നുവെന്ന് സംവിധായകൻ പറഞ്ഞിട്ടുണ്ട്. ഭൂമിനാഥനായിരുന്നു എഡ‍ിറ്റർ.

stop-vilonce-2

കൊച്ചിയിലെ റെയിൽവേ ട്രാക്കുകളാണ് സിനിമയിലെ മറ്റൊരു മനുഷ്യേതര കഥാപാത്രമായി നിറയുന്നത്. സാത്താന്റേതുൾപ്പെടെയുള്ള പല മരണങ്ങളും അനന്തതയിലേക്കു നീളുന്ന ഈ പാളങ്ങളിലാണ് സംഭവിക്കുന്നത്, ഒരു ഉപമ പോലെ...അവസാനമില്ലാത്തതെന്ന മുന്നറിയിപ്പു പോലെ... ലോഹിതദാസിന്റെ നരേഷനും ഗംഭീരം!

പരീക്ഷണം

ധ്രുവും, ബട്ടർഫ്ലൈസ്, കാശ്മീരം, ജനാധിപത്യം, ക്രൈം ഫയൽ തുടങ്ങി വൻവിജയങ്ങളായ സിനിമകൾക്ക് തിരക്കഥയൊരുക്കിയ എ.കെ.സാജൻ തന്റെ ആദ്യ സംവിധാനസംരംഭത്തിനായി ഇത്തരമൊരു പ്രമേയം തിരഞ്ഞെടുത്തു എന്നത് പ്രധാനമാണ്. വിജയിക്കുമോ ഇല്ലയോ എന്നുറപ്പില്ലാത്ത പരീക്ഷണം. പാളിപ്പോകാന്‍ സാധ്യത കൂടുതലുള്ള ആഖ്യാനം. പക്ഷേ, ‘സ്‌റ്റോപ്പ് വയലന്‍സ്’ തിയറ്ററിൽ അർഹിക്കുന്ന സ്വീകാര്യത നേടി. ആ പാത പിന്തുടർന്ന് മറ്റു ചില സിനിമകൾ കൂടി അക്കാലത്ത് മലയാളത്തിലുണ്ടായെങ്കിലും അതിലൊന്നു പോലും പ്രക്ഷകരെ സ്വാധീനിച്ചില്ല.

പ്രവചനം പോലെ

‘വാളെടുത്തവൻ വാളാൽ’ എന്ന വിധിയാണ് ‘സ്‌റ്റോപ്പ് വയലന്‍സ്’ മുന്നോട്ടുവയ്ക്കുന്നത്. മാത്രമല്ല, മോഡലിങ് വ്യവസായത്തിന്റെ മറവിലെ ലഹരിക്കച്ചവടവും ഗുണ്ടാ ബന്ധങ്ങളും കള്ളപ്പണത്തിന്റെ വ്യാപനവും അതിന്റെ ഇടനിലക്കാർ‌ തമ്മിലുള്ള കൊലവിളികളുമുൾപ്പടെ, പിന്നീടുള്ള കാലത്തുണ്ടായ പല വാർത്തകളിലെയും സംഭവവികാസങ്ങൾ ഒരു പ്രവചനം പോലെ ‘സ്‌റ്റോപ്പ് വയലൻസി’ല്‍ ഉൾപ്പെട്ടിട്ടുണ്ട്. ഒരു കന്യാസ്ത്രീ ലൈംഗികാതിക്രമത്തിനു ഇരയാകുന്നതും വ്യവസ്ഥയെ വെല്ലുവിളിച്ച് തന്റെ കുഞ്ഞിനെ വളർത്താനുള്ള അവരുടെ തീരുമാനവുമൊക്കെ പിന്നീടും കച്ചവട സിനിമ എടുത്തുപയോഗിക്കാൻ ഭയന്ന സംഗതിയാണെന്നുമോർക്കുക.

കാരിക്കാമുറി ഷൺമുഖനും കൊച്ചിയിലെ പൊലീസും’ അടുത്ത ഭാഗത്തിൽ വായിക്കാം....

Stop Violence: Malayalam's First Realistic Gangster Film:

Stop Violence is a landmark Malayalam film, lauded as the first realistic gangster movie in Malayalam cinema. Directed by A.K. Sajan, it delves into the dark underbelly of Kochi, focusing on gangsters and their lives, offering a unique perspective that eschews typical commercial cinema tropes.

ADVERTISEMENT