ADVERTISEMENT

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഫലം വന്നു. ഇന്ത്യൻ രാഷ്ട്രീയത്തെയാകെ ഞെട്ടിച്ച്, സകല ഊഹാപോഹങ്ങളെയും കാറ്റിൽ പറത്തി നടന്‍ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം അഥവാ ടി വി കെ വൻ വിജയം നേടി. നൂറിലധികം സീറ്റുകളോടെയാണ് ‘ടീം ദളപതി’ തമിഴകത്തിന്റെ ഭരണചക്രം ഏറ്റെടുക്കാനൊരുങ്ങുന്നത്.

എം.ജി.ആർ എന്ന അതികായനു ശേഷം മറ്റൊരു നടനും ജനപ്രീതിയുടെ പേരില്‍ ഇങ്ങനെയൊരു ‘പൊളിറ്റിക്കല്‍ സക്സസ്’ ഇന്നോളം ദ്രാവിഡ മണ്ണിൽ നേടാനായിട്ടില്ല. കമൽഹാസനും രജനീകാന്തും വിജയകാന്തും ശരത്കുമാറും കാർത്തിക്കും മൺസൂൺ അലിഖാനും സീമാനും കരുണാസുമുൾപ്പടെ തിരൈയിലെ താരപദവി അരസിയലിൽ പയറ്റാൻ ശ്രമിച്ചവരാണ്. ഇതിൽ വിജയകാന്തിനല്ലാതെ മറ്റാർക്കും കാര്യമായൊന്നും നേടാനായില്ല. പ്രതിപക്ഷ നേതാവിന്റെ പദവി വരെയെത്തിയ ക്യാപ്റ്റന്‍ വിജയകാന്തിനും എത്തിപ്പിടിക്കാനാകാത്ത നേട്ടത്തോടെ ക്യാപ്റ്റന്റെ ആരാധകനായ ദളപതി വിജയ് തന്റെ കന്നിയങ്കം കെങ്കേമമാക്കി.

ADVERTISEMENT

വിജയ് എന്ന ബ്രാൻഡ്

വിജയ് എന്ന പേരിന്റെ വലുപ്പവും അതില്‍ ആരാധകർക്കുള്ള വിശ്വാസവുമാണ് വോട്ടായി മാറിയതും തമിഴ്നാടിന്റെ രാഷ്ട്രീയ അൽഗൊരിതം പുതുക്കിപ്പണിഞ്ഞതുമെന്നതിൽ തർക്കമില്ല.

ADVERTISEMENT

വിജയ് എന്ന വിലയേറിയ ബ്രാൻഡിനു മുന്നിൽ സാക്ഷാൽ മുത്തുവേൽ കരുണാനിധി സ്‌റ്റാലിൻ വരെ വിറച്ചു വീണു, ദ്രാവിഡ രാഷ്ട്രീയത്തിലെ പതാകാവാഹകരായ ഡി എം കെയും എ ഡി എം കെയും തറപറ്റി. ഇനി വിജയ് എന്ന മുഖ്യമന്ത്രിയുടെ ഊഴമാണ്. അതാകട്ടേ, പ്രതിസന്ധികൾ ഏറെ നിറഞ്ഞതുമാകും.

കേവലം രണ്ടു വയസ്സേയുള്ളൂ ടി വി കെയ്ക്ക്. ശൈശവം കടന്നിട്ടില്ലാത്ത ഒരു പാർട്ടി. അങ്ങനെയൊരു സംഘടനയാണ് വിജയ് എന്ന അതികായന്റെ വ്യക്തിപ്രഭാവത്താലും ജനപ്രീതിയാലും തമിഴ്നാടിന്റെ ഭരണം പിടിച്ചത്. എന്നാൽ ഇതിന്റെ തുടക്കം ഇപ്പോഴൊന്നുമല്ല. ലക്ഷങ്ങൾ അണിനിരക്കുന്ന തന്റെ രസികർ സംഘത്തെയും അതിന്റെ പ്രവർത്തനങ്ങളെയും ഒരു രാഷ്ട്രീയ സംഘടനയ്ക്കുതകുന്ന പരുവത്തിലേക്ക് ആരവങ്ങളൊന്നുമില്ലാതെ വിജയ് പാകപ്പെടുത്തിയെടുക്കുകയായിരുന്നു. കൃത്യം സമയത്ത് അതിനെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ഗോദയിലെ സെന്യമാക്കി ഉപയോഗിച്ചുവെന്നേയുള്ളൂ. അതിനായി കണക്കില്ലാത്ത പണം ചിലവഴിക്കുന്നതിനൊപ്പം കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് ഒരു മാസ്റ്റർ ടീമിനെയും വിജയ് നിയോഗിച്ചു. ഒരു കോർപ്പറേറ്റ് സ്ഥാപനത്തിന്റെ ചട്ടക്കൂടിനുള്ളിലെന്ന പോലെ പ്രവർത്തിച്ച അവരാണ് വിജയ്‌യെ മുന്നിൽ നിർത്തി ടി വി കെയുടെ ഗെയിം പ്ലാൻ ഫിക്സ് ചെയ്തത്. അതാകട്ടെ വന്‍ വിജയവുമായി.

ADVERTISEMENT

എല്ലാ വിഭാഗം ജനങ്ങളെയും ആകർഷിച്ച്, പ്രത്യേകിച്ച് യുവാക്കളെ തന്നിലേക്കടുപ്പിച്ച്, പുതിയൊരു ഇലക്ഷൻ സ്ട്രാറ്റജി പയറ്റുകയായിരുന്നു വിജയ്. സ്വന്തം ഡ്രൈവറുടെ മകൻ മുതൽ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള സാധാരണക്കാരും വിദ്യാസമ്പന്നരും ഉൾപ്പെടുന്ന ഒരു സ്ഥാനാർത്ഥിപ്പട്ടികയാണ് വിജയ് തീരുമാനിച്ചത്. ഒരു സിനിമയ്ക്ക് 270 കോടി രൂപ പ്രതിഫലം വാങ്ങുന്ന വിജയ് അതെല്ലാം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്കു വന്നത് പണമുണ്ടാക്കാനല്ല, ജനങ്ങളെ സേവിക്കാനാണെന്ന നരേഷൻ കൃത്യമായി എല്ലായിടങ്ങളിലേക്കും എത്തിക്കാനും ടി വി കെയ്ക്കായി. വിജയ് ബുദ്ധിമുട്ടുണ്ടാക്കും എന്നായപ്പോൾ അദ്ദേഹത്തെ വീഴ്ത്താൻ എതിരാളികൾ പ്രയോഗിച്ച ആരോപണങ്ങളും ആയുധങ്ങളുമൊക്കെ അവർക്കു തന്നെ തിരിച്ചടിയായെന്നതാണ് ഇലക്ഷൻ ഫലം തെളിയിക്കുന്നത്. ‘ജനനായകൻ’ സിനിമയുടെ റിലീസ് തടഞ്ഞതും വിജയ്‌യുടെ കുടുംബപ്രശ്നങ്ങൾ പൊതുമധ്യത്തിലേക്കു വലിച്ചിഴച്ചതും തൃഷയുമായി പ്രണയത്തിലെന്ന കഥ പ്രചരിപ്പിച്ചതും ടി വി കെ യോഗത്തിനിടെ 100 പേരുടെ മരണത്തിനിടയാക്കിയ ദുരന്തവും ‘ഉർവശി ശാപം ഉപകാരം’ എന്ന പോലെ വിജയ്ക്ക് ഗുണകരമായി ഭവിച്ചു. ഭരണകൂട ആക്രമണത്തിന്റെ ഇര എന്ന ഇമേജും വിജയ്ക്കുണ്ടായി. അതോടെ ഡി എം കെയുടെയും എ ഡി എംകെയുടെയും കോട്ടകൾ തകർന്നു. എങ്ങും വിജയ് തരംഗം ആഞ്ഞു വീശി.

വലിയ പ്രതിസന്ധി

രാഷ്ട്രീയപ്രവേശനത്തിനിടെ വിജയ് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി വിവാഹമോചനവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ്. താരം എന്ന നിലയിലുള്ള വിജയ്‌യുടെ വളർച്ചയ്ക്കും സ്വീകാര്യതയ്ക്കും ആരാധക പിന്തുണയ്ക്കും അദ്ദേഹത്തിന്റെ ജെന്റിൽമാൻ ഇമേജ് വളരെയധികം സഹായിച്ചിട്ടുണ്ട്. സംഗീതയുമായുള്ള ദാമ്പത്യത്തിലെ പൊരുത്തവും മക്കളോടുള്ള ഇഷ്ടവും വിജയ്ക്ക് കുടുംബ പ്രേക്ഷകർക്കിടയിലും ‘നല്ല പയ്യൻ’ ഇമേജാണ് സൃഷ്ടിച്ചത്. ഗോസിപ്പുകളിൽ നിന്നു വിട്ടു നിന്നതും അമ്മയോടുള്ള കുട്ടിത്തം മാറാത്ത അടുപ്പവും പെങ്ങളെ ഓർത്തുള്ള സങ്കടവും അച്ഛനെ ഗുരുവായി പരിഗണിക്കുന്നതുമൊക്കെച്ചേർന്ന നല്ല വീട്ട് പയ്യൻ ഇമേജ് സ്റ്റാർ ബ്രാൻഡിങ്ങിൽ വിജയ്ക്ക് ഗുണം ചെയ്തു. രാഷ്ട്രീയത്തിലേക്കുള്ള ചുവട് മാറ്റത്തിലും ഇതൊക്കെ വിജയ്ക്ക് അനുകൂലമാകുമെന്നു പ്രവചിക്കപ്പെട്ട സാഹചര്യത്തിലാണ് സകലതിന്റെയും മേല്‍ ഇടിത്തീ പോലെ സംഗീതയുടെ വിവാഹ മോചന ഹർജി പതിച്ചത്. ചെങ്കൽപേട്ട് കുടുംബ കോടതിയിലാണ് സംഗീത വിവാഹമോചന ഹർജി നൽകിയത്. വിജയ് മറ്റൊരു നടിയുമായി വിവാഹേതര ബന്ധത്തിലാണെന്ന് 2021 ഏപ്രിലിൽ താൻ കണ്ടെത്തിയെന്നും അതു കടുത്ത വൈകാരിക പ്രശ്നവും മാനസിക സംഘർഷവും ഉണ്ടാക്കിയെന്നുമാണ് ഹർജിയിൽ പറയുന്നത്. ചതിച്ചുവെന്ന തോന്നലിൽ വിവാഹജീവിതത്തിലുള്ള വിശ്വാസം നശിച്ചുവെന്നും ഹർജിയിലുണ്ട്. തുടക്കത്തിൽ വിവാഹേതര ബന്ധം അവസാനിപ്പിക്കുമെന്ന് വിജയ് തനിക്ക് ഉറപ്പു നൽകിയിരുന്നു. എന്നാൽ അതു പാലിക്കപ്പെട്ടില്ലെന്നും ദീർഘകാലം മാനസിക പീഡനത്തിന് ഇരയായെന്നും സംഗീത പറയുന്നു.സംഗീതയുടെ ഹർജിയിലുള്ള വിവരങ്ങൾ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ, വിജയ്ക്ക് ബന്ധമുള്ള നടി തൃഷ കൃഷ്ണനാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായി. ഇതോടെ ഒരു കൂട്ടം ആളുകൾ തൃഷയ്ക്കെതിരെ കടുത്ത സൈബർ ആക്രമണവും തുടങ്ങി. വിജയ്‌യും സംഗീതയും പിരിഞ്ഞാണ് താമസമെന്നും സംഗീത മകളെയും കൂട്ടി ലണ്ടനിലേക്കു പോയെന്നും മകനെ വിജയ് വീട്ടിൽ നിന്നു പുറത്താക്കിയെന്നും വിജയ് ഇപ്പോൾ തൃഷയ്ക്കൊപ്പമാണ് താമസമെന്നും ഇരുവരും ഒന്നിച്ചു യാത്രകളുണ്ടാകാറുണ്ടെന്നുമൊക്കെ ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തോളമായി. പക്ഷേ, ഇതൊന്നും ഇലക്ഷനില്‍ ഏശിയില്ല.

vijaycopy

വെല്ലുവിളികൾ

കോൺഗ്രസ്സ് പിന്തുണയോടെ വിജയ് ഭരണമുറപ്പിച്ചു. മുഖ്യമന്ത്രിയാകും. പക്ഷേ, ഭരണത്തിൽ പരിചയസമ്പത്തില്ലാത്ത ഒരു പുതിയ ടീമിനെ വച്ച് ഈ സംവിധാനം വിജയ് എങ്ങനെ മുന്നോട്ടു കൊണ്ടു പോകുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്. ഡി എം കെയുടെയും എ ഡി എംകെയുടെയും കളരിയിൽ അടവുപഠിച്ചിറങ്ങിയ ചില മുതിർന്ന നേതാക്കൾ ടി വി കെ കോട്ടയിലുണ്ടെങ്കിലും കാര്യങ്ങൾ എളുപ്പമാകില്ല. ഇടനിലക്കാരായി കടന്നുകൂടി കുഴപ്പങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളവരെ വിജയ് എങ്ങനെ നേരിടുമെന്നതും പ്രധാനമാണ്. സ്വാഭാവികമായും ഡി എം കെയും എ ഡി എംകെയും അടങ്ങിയിരിക്കില്ല. ചെറിയ അബദ്ധങ്ങൾ പോലും വലിയ പ്രതിഷേധങ്ങൾക്കു വഴിയൊരുക്കും.

ഇവരിൽ ആരെങ്കിലുമൊരു കൂട്ടർ ഭരിക്കുകയും മറ്റേവര്‍ പ്രതിപക്ഷത്തിരിക്കുന്നതുമാണല്ലോ കഴിഞ്ഞ കുറച്ചു കാലമായി തമിഴകത്തെ രീതി. അതല്ലാതെ, മൂന്നാമതൊരാൾ ഭരിച്ച്, ഇവരെ രണ്ടിനെയും പ്രതിപക്ഷമെന്ന നിലയിൽ കൈകാര്യം ചെയ്യുന്നത് ആദ്യമാണ്. അതൊട്ടും എളുപ്പമാകില്ല.

സകല അടവുകളും പയറ്റിത്തെളിഞ്ഞ സ്റ്റാലിനും ശശികലയും പളനിച്ചാമിയും പനീര്‍ശെല്‍വവും ബി.ജെ.പിയുമെല്ലാം എതിര്‍പക്ഷത്തുണ്ട്. രാഷ്ട്രീയം സിനിമ പോലെയല്ലെന്നതും മറക്കരുത്. ചുരുക്കത്തിൽ വിജയ്‌യെ കാത്തിരിക്കുന്നത് വൻ ടാസ്കുകളാണ്!

Vijay's Political Debut: A Resounding Victory:

Actor Vijay's Tamilaga Vettri Kazhagam (TVK) has achieved a significant victory in the Tamil Nadu Assembly elections, securing over a hundred seats and poised to form the government. This unprecedented political success, attributed to Vijay's immense popularity and a well-executed strategy, marks a new era in Tamil Nadu politics, challenging the dominance of established Dravidian parties.

ADVERTISEMENT