‘മക്കളെ പണമുണ്ടാക്കുന്ന യന്ത്രങ്ങളായി കാണുന്ന ഒരു മനുഷ്യന്റെ ക്രൂരത’: സുധി അന്ന എഴുതുന്നു Michael (2026): A Cinematic Tribute to the King of Pop
Mail This Article
ലോകസിനിമയിലെ മികച്ച സൃഷ്ടികളെ അവതരിപ്പിക്കുന്ന പുതിയ കോളം, പ്രശസ്ത സംവിധായകനും ചിത്രകാരനുമായ സുധി അന്ന എഴുതുന്ന ‘വേൾഡ് മൂവീവ്’ ആരംഭിക്കുന്നു. ഈ ലക്കം ‘ഇതിഹാസത്തിന്റെ ചലച്ചിത്രഭാഷ്യം’ എന്ന പേരിൽ ‘Michael (2026)’ സിനിമയെക്കുറിച്ച് എഴുതിയതു വായിക്കാം –
ഇരുപതാം നൂറ്റാണ്ടിലെ ലോക ജനതയുടെ സംഗീത സംസ്കാരത്തെ മാറ്റിമറിച്ച മൈക്കൽ ജാക്സൺ എന്ന വിശ്വവിസ്മയത്തിന്റെ ജീവിതം ചലച്ചിത്രഭാഷയിലേക്ക് പരിഭാഷപ്പെടുത്തുമ്പോൾ ആ ചലച്ചിത്ര കാവ്യം വെറുമൊരു ജീവചരിത്ര സിനിമ എന്നതിലുപരി സാങ്കേതികമായും ദാർശനികമായും മികച്ച ഒരു ചലച്ചിത്രമായി മാറുകയായിരുന്നു. 2026ൽ പുറത്തിറങ്ങിയ ‘Michael’ എന്ന ചിത്രം അമേരിക്കൻ ചലച്ചിത്ര സംവിധായകനായ അന്റോയിൻ ഫുക്വയുടെ (Antoine Fuqua) സംവിധാനമികവിലും ജോൺ ലോഗന്റെ (John Logan) തിരക്കഥയിലും ‘കിംഗ് ഓഫ് പോപ്പ്’ മൈക്കൽ ജാക്സന്റെ കരിയറിലെ ഏറ്റവും തിളക്കമാർന്ന ഇരുപത്തിരണ്ട് വർഷങ്ങളെ പുനരാവിഷ്കരിക്കുന്നു.
1958ൽ ഇന്ത്യാനയിലെ ഗാരിയിൽ ഒരു സാധാരണ തൊഴിലാളി കുടുംബത്തിലെ കുട്ടികളിൽ നിന്ന് ലോകം ആരാധിക്കുന്ന പോപ്പ് സംഗീതത്തിന്റെ രാജാവായി ആയി മാറിയ മൈക്കലിന്റെ വളർച്ചയുടെ കാലഘട്ടങ്ങളെ അടയാളപ്പെടുത്തിയതാണ് ഈ സിനിമ. എങ്കിലും മൈക്കൽ ജാക്സന്റെ ജീവിതത്തിലെ സങ്കീർണ്ണമായ വിവാദങ്ങളെ സ്പർശിക്കാതെ ഈ ചിത്രം ഒരു സുരക്ഷിത പാത തിരഞ്ഞെടുത്തു എന്നത് മറ്റൊരു വസ്തുതയാണ്. ഒരു ‘ശുദ്ധീകരണ ദൗത്യം’.
ചിത്രത്തിന്റെ ആഖ്യാനം ആരംഭിക്കുന്നത് 1966 കാലഘട്ടം മുതലാണ്. സാങ്കേതികമായി വളരെ സങ്കീർണ്ണമായ ഒരു നിർമ്മാണമായിരുന്നു. മൈക്കൽ ജാക്സൺ എന്ന വ്യക്തിയുടെ ജീവിതത്തിലെ വിവിധ കാലങ്ങളെ (60 - കൾ, 70 - കൾ, 80 - കൾ) കൃത്യമായി വേർതിരിച്ചറിയാൻ വ്യത്യസ്തമായ ദൃശ്യഭാഷയാണ് സംവിധായകൻ രൂപപ്പെടുത്തിയത്. 80 - കളിലെ ചലച്ചിത്രങ്ങളുടെ തനിമ നിലനിർത്താനായി അന്നത്തെ സിനിമകളുടെ ദൃശ്യങ്ങളുടെ പൊതുസ്വഭാവവും നിറവും മികച്ച രീതിയിൽ പുനഃസൃഷ്ടിക്കാൻ ഛായാഗ്രാഹകൻ ഡിയോൺ ബീബേ ശ്രമിച്ചിട്ടുണ്ട്. ചില രംഗങ്ങൾ 16mm - ലും 35mm - ലും ചിത്രീകരിച്ചപ്പോൾ ഭൂരിഭാഗവും ഡിജിറ്റലായാണ് പൂർത്തിയാക്കിയത്. ലോംഗ് ലെൻസുകൾ ഉപയോഗിച്ചുള്ള ചിത്രീകരണ രീതി സ്റ്റേഡിയങ്ങളിലെ കൺസേർട്ട് രംഗങ്ങളിൽ കാഴ്ചക്കാരന് ഒരു തത്സമയ അനുഭവം നൽകുന്നതായി അനുഭവപ്പെട്ടു. മൈക്കൽ ജാക്സന്റെ വേഷം ചെയ്ത ജാഫർ ജാക്സൺ തന്റെ കരിയറിലെ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരെ വിസ്മയിപ്പിച്ചുകളഞ്ഞു. മൈക്കലിന്റെ സഹോദരപുത്രൻ എന്ന നിലയിലുള്ള രൂപസാദൃശ്യം ജാഫറിന് ഗുണമായെങ്കിലും, മൈക്കലിന്റെ നടത്തം, സംസാരം, സ്റ്റേജിലെ ആ നിഗൂഢമായ ഊർജ്ജം എന്നിവ അതേപടി പകർത്താൻ അദ്ദേഹം നടത്തിയ കഠിനാധ്വാനം ശ്രദ്ധേയമാണ്. പല നിമിഷങ്ങളിലും യഥാർത്ഥ മൈക്കൽ ജാക്സണെ സ്ക്രീനിൽ കാണുന്നത് പോലെ തോന്നിക്കുന്നു.
‘Bad സംഗീതത്തിന്റെ നൃത്തച്ചുവടുകൾ മണിക്കൂറുകളോളം പരീശീലിക്കുമ്പോൾ പലപ്പോഴും പാദങ്ങളിൽ നിന്ന് രക്തം വരുമായിരുന്നു’ - ജാഫർ ജാക്സൺ
പിതാവായ ജോസഫ് ജാക്സൺ മക്കളായ ജാക്കി, ടിറ്റോ, ജെർമെയ്ൻ, മർലോൺ, മൈക്കൽ എന്നിവരെ ചേർത്ത് ‘ജാക്സൺ 5’ എന്ന സംഗീത ബാൻഡ് രൂപീകരിക്കുന്നതിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്. കഠിനമായ പരിശീലനങ്ങളും പിതാവിന്റെ ശിക്ഷണവും മൈക്കലിലെ പ്രതിഭയെ വളർത്തിയെടുക്കുന്നതിനൊപ്പം അയാളുടെ ഉള്ളിൽ അച്ഛനായ ജോസഫ് ജാക്സൺ എൽപ്പിച്ച മായാത്ത മുറിവുകൾ കൂടി സമ്മാനിക്കുന്നുണ്ടെന്ന് ചിത്രം വ്യക്തമാക്കുന്നു. കോൾമാൻ ഡൊമിംഗോ (ജോസഫ് ജാക്സൺ) ഒരു വില്ലന്റെ പരിവേഷമുള്ള പിതാവായി ഞെട്ടിക്കുന്ന അഭിനയമാണ് ഈ സിനിമയെ കരുത്തുറ്റതാക്കി മാറ്റിയത്. മക്കളെ ഒരു പണമുണ്ടാക്കുന്ന യന്ത്രങ്ങളായി കാണുന്ന ഒരു മനുഷ്യന്റെ ക്രൂരത അദ്ദേഹം കൃത്യമായി അവതരിപ്പിച്ചു. 1970 - കളിൽ അമേരിക്കയിലെ ഏറ്റവും ജനപ്രിയ ബാൻഡായി ‘ജാക്സൺ 5’ മാറുമ്പോഴും, മൈക്കലിന്റെ ഉള്ളിലെ സോളോ കലാകാരനെ തിരിച്ചറിഞ്ഞത് പ്രശസ്ത റിക്കോർഡ് കമ്പനിയായ ‘മോടൌൺ’ സ്ഥാപകൻ ബെറി ഗോർഡി ആയിരുന്നു. എങ്കിലും, തന്റെ പിതാവിന്റെ കർക്കശമായ നിയന്ത്രണങ്ങളിൽ നിന്ന് മോചിതനാകാൻ മൈക്കൽ ഒരുപാട് ദൂരം സഞ്ചരിക്കേണ്ടി വന്നു. മൈക്കൽ തന്റെ ജീവിതത്തെ ഒരു ‘പീറ്റർ പാൻ’ (പീറ്റർ പാൻ കോംപ്ലക്സ്) കഥയായിട്ടാണ് കണ്ടിരുന്നത്. വളരാൻ ആഗ്രഹിക്കാത്ത, കുട്ടിക്കാലം നഷ്ടപ്പെട്ട ഒരു മനുഷ്യന്റെ ആന്തരിക സംഘർഷങ്ങൾ സിനിമയിലുടനീളം കാണാം. തന്റെ പിതാവിനെ ‘ക്യാപ്റ്റൻ ഹുക്ക്’ ആയും തന്നെ പീറ്റർ പാൻ ആയും സങ്കൽപ്പിക്കുന്ന മൈക്കലിന്റെ ചിന്ത അദ്ദേഹത്തിന്റെ മാനസികാവസ്ഥയെ തുറന്നുകാട്ടുന്നു. അതിഭീകരമായ പ്രശസ്തിക്കിടയിലും അദ്ദേഹം അനുഭവിച്ച ഏകാന്തത സിനിമയിലെ പ്രധാന ദാർശനികവും വൈകാരികമായ തലമാണ്.
‘ഞാൻ എന്റെ സഹോദരങ്ങളോടൊപ്പം തലയിണ യുദ്ധങ്ങളിൽ ഏർപ്പെട്ടിരുന്നെങ്കിലും, ഏകാന്തതയിൽ ഞാൻ കരയുമായിരുന്നു’ - മൈക്കൽ ജാക്സൺ
തന്റെ മക്കളെ സംഗീതത്തിലൂടെ ലോകത്തിന്റെ നെറുകയിലെത്തിക്കാൻ ശ്രമിച്ച ജോസഫ് അവരോട് കാണിച്ച ക്രൂരതയും മൈക്കലിന്റെ ആത്മവിശ്വാസത്തെയും സ്വഭാവത്തെയും ബാധിച്ചുവെന്ന് സിനിമ തുറന്നുകാട്ടുന്നു. ‘നീ നല്ലവനാണ്, നീ ശക്തനാണ്, നീ എക്കാലത്തെയും മികച്ചവനാണ്’ എന്ന് ക്വിൻസി ജോൺസ് മൈക്കലിനോട് പറയുന്നത് പിതാവിന്റെ അടിച്ചമർത്തലുകളിൽ നിന്നുള്ള മൈക്കലിന്റെ മോചനത്തിന്റെ തുടക്കമായാണ് കാണിച്ചിരിക്കുന്നത്.1978 - ൽ ക്വിൻസി ജോൺസിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ ‘Off the Wall’ എന്ന ആൽബത്തിലൂടെയാണ് മൈക്കൽ ഒരു സോളോ കലാകാരനായി തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നത്. തുടർന്ന് ‘Thriller’ എന്ന ആൽബത്തിന്റെ ചരിത്രപരമായ വിജയം, എംടിവിയിലെ വംശീയ അതിർവരമ്പുകൾ ഭേദിച്ച പ്രകടനം,‘Motown 25’ - ലെ ഐതിഹാസികമായ ‘മൂൺവാക്ക്’ എന്നിവയിലൂടെ സിനിമ മൈക്കലിന്റെ സുവർണ്ണകാലം ആഘോഷിക്കുന്നു. 1984 - ലെ പെപ്സി പരസ്യചിത്രീകരണത്തിനിടയിലുണ്ടായ അപകടവും അത് മൈക്കലിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ എങ്ങനെ ബാധിച്ചു എന്നതും ചിത്രത്തിന്റെ രണ്ടാം പകുതിയിലെ നിർണ്ണായക ഘടകമാണ്. 1988 - ലെ ‘Bad’ ടൂറോടെ ചിത്രം അവസാനിക്കുമ്പോൾ, തന്റെ ഭൂതകാലത്തെ ബഹുമാനിച്ചുകൊണ്ട് തന്നെ ഭാവിയിലേക്ക് കുതിക്കുന്ന ഒരു കലാകാരനെയാണ് പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്. മൈക്കൽ ജാക്സൺ എന്ന വ്യക്തിയെ ഒരു സംഗീത വിസ്മയം എന്നതിലുപരി ഒരു മനുഷ്യനായി കാണാനാണ് സംവിധായകൻ അന്റോയിൻ ഫുക്വ ശ്രമിച്ചത്.
‘അദ്ദേഹത്തിന്റെ ജീവിതം തന്നെ ഒരു സിനിമ പോലെയാണ്, എന്നാൽ ഞങ്ങൾ ആസൂപ്പർഹീറോ പരിവേഷം നീക്കി ഉള്ളിലെ വ്യക്തിയെ കണ്ടെത്താനാണ് ഞാൻ ശ്രമിച്ചത്’ – അന്റോയിൻ ഫുക്വ
മൈക്കൽ ജാക്സന്റെ തന്നെ യഥാർത്ഥ സംഗീതശേഖരമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ കരുത്ത്. മൈക്കൽ ജാക്സനും അദ്ദേഹത്തിന്റെ സംഗീതവും ഒരുകാലഘട്ടത്തിന് ശേഷം വീണ്ടും തിരിച്ചുവന്നതുപോലെ. മൈക്കലിന്റെ ഓരോ കാലഘട്ടത്തിലെയും ഐക്കണിക് ലുക്കുകളെ അവിശ്വസനീയമാംവിധം പുനഃസൃഷ്ടിച്ചു. ജാഫർ ജാക്സന്റെയും മൈക്കലിന്റെയും ശബ്ദങ്ങൾ വളരെ തന്മയത്വത്തോടെയാണ് ലയിപ്പിച്ചിരിക്കുന്നത്. ഈ സിനിമയിലെ അവസാന രംഗത്തിലെ തത്സമയ കൺസേർട്ട് അനുഭവം തിയറ്ററുകളിൽ പുതിയൊരു അനുഭൂതി മാത്രമല്ല മഹപ്രതിഭയുടെ സംഗീത സാന്ദ്രമായ ഓർമകളിൽ ആർദ്രമാവുകകൂടി ചെയ്യുന്നു. 1993 - ലെ ലൈംഗികാരോപണങ്ങൾക്കോ പിൽക്കാലത്തുണ്ടായ കോടതി കേസുകൾക്കോ ഈ സിനിമയിൽ സ്ഥാനമില്ല. മൈക്കൽ ജാക്സൺ എന്ന കലാകാരന്റെ സംഗീത ജീവിതം ആഘോഷിക്കുന്ന ഒരു സിനിമ മാത്രമാണ് മൈക്കൽ. സിനിമ അവസാനിക്കുമ്പോൾ എഴുതിക്കാണിക്കുന്ന ‘ഹിസ് സ്റ്റോറി കണ്ടിന്യൂസ്’ (His Story Continues) എന്ന വാചകം ‘അവസാനിക്കാത്ത ചരിത്രം’ എന്നുകൂടി വായിക്കാം.