ADVERTISEMENT

മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ ‘റിയലസ്റ്റിക് ഗ്യാങ്സ്റ്റർ സിനിമ’യെന്ന് എ.കെ.സാജൻ സംവിധാനം ചെയ്ത ‘സ്‌റ്റോപ്പ് വയലൻസ്’. കൊച്ചിയുടെ പശ്ചാത്തലത്തില്‍, ഗുണ്ടകളെ കേന്ദ്രകഥാപാത്രങ്ങളാക്കി, അവരുടെ ജീവിതവും, അവർ ഇടപെടുന്ന ഇടങ്ങളും ചിത്രീകരിച്ച സിനിമയാണ് ‘സ്‌റ്റോപ്പ് വയലൻസ്’. മാറിയ കൊച്ചിയും വന്‍നഗരമായുള്ള അതിന്റെ വളര്‍ച്ചയിൽ മാഫിയകള്‍ സൃഷ്ടിക്കുന്ന സ്വാധീനവുമൊക്കെച്ചേര്‍ന്ന ആഖ്യാനം. ‘സ്‌റ്റോപ്പ് വയലന്‍സ്’ തിയറ്ററിൽ അർഹിക്കുന്ന സ്വീകാര്യത നേടി. ആ പാത പിന്തുടർന്ന് മറ്റു ചില സിനിമകൾ കൂടി അക്കാലത്ത് മലയാളത്തിലുണ്ടായി. അതിൽ പലതും ‘സ്‌റ്റോപ്പ് വയലന്‍സ്’ ഉപയോഗിച്ച അതേ അച്ചിൽ വാർത്തവയാണ്. ‘ആന്റി ഹീറോ’ എന്ന സങ്കൽപ്പത്തെ ഉപയോഗിച്ച്, കൊച്ചിയിലെ ‘ഗുണ്ടകളുടെ കരളലിയിക്കുന്ന കഥനകഥ’കളവതരിപ്പിച്ചവയായിരുന്നു അവയിൽ കൂടുതലും. ‘സ്‌റ്റോപ്പ് വയലന്‍സ്’ – ൽ സാജൻ നിർമിച്ച ടെംപ്ലേറ്റ് കാര്യമായ വ്യത്യാസങ്ങളൊന്നുമില്ലാതെ പിന്നാലെ വന്നവരെല്ലാം ആവശ്യാനുസരണം എടുത്തുപയോഗിക്കുകയായിരുന്നു.

സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ ഗുണ്ടയാകുന്ന നായകൻ, അയാൾ ഉൾപ്പെടുന്ന ഗ്യാങ്ങ്, ശത്രുപക്ഷം, പൊലീസ്, മുതലാളിത്ത താൽപര്യക്കാർ, നായികയും പരിവാരങ്ങളും, നായകന്റെ കുടുംബം, കൂട്ടുകാർ തുടങ്ങിയ ചേരുവകളും അരമണിക്കൂർ ഇടവിട്ട് ഓരോ സ്റ്റണ്ടും ചേർത്താൽ ഒരു ‘ഗുണ്ടാതിരക്കഥ’ ത‌യ്യാർ! എന്ന നിലയിലായിരുന്നു കാര്യങ്ങൾ.

ADVERTISEMENT

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇക്കൂട്ടത്തിൽ ശ്രദ്ധേയമായ ചില സിനിമകളുമുണ്ടായി. അതിലൊന്നാണ് ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത ‘ഇവര്‍’.

അതിനാടകീയതയാണ് ‘ഇവർ’ നേരിടുന്ന പ്രധാന കുഴപ്പം. നല്ല ആശയത്തിന്റെ പിൻബലമുണ്ടായിട്ടും അവതരണത്തിലും തിരക്കഥയിലും പാളി. പാമ്പ് ജോസും മിന്നലും നയിക്കുന്ന രണ്ട് ഗുണ്ടാ സംഘങ്ങളും ഇതില്‍ പാമ്പിന്റെ സംഘത്തിൽ കടന്നു കയറി ഗുണ്ടകള്‍ക്കെതിരെ പോരാടുന്ന പൊലീസ് ഉദ്യോഗസ്ഥനായ നായകനും. അതിനപ്പുറം ദിശയില്ലാതെ ഒഴുകുന്ന കടലാസ് വഞ്ചിയാകുന്നു ‘ഇവര്‍’. ജയറാമെന്ന താരത്തോടോ അദ്ദേഹത്തിന്റെ വിപണി മൂല്യത്തോടോ, മറിച്ചെങ്കില്‍, സിനിമയുടെ കലാപരമായ മൗലികതയോടോ നീതി പുലര്‍ത്തുവാനായില്ല. അസ്വഭാവികതയുടെ അരങ്ങായ, എന്തിനോ വേണ്ടി കൊല്ലുന്നവരുടെയും ചാകുന്നവരുടെയും കഥ. ഗുണ്ടകളെന്നാല്‍ മദ്യപിക്കാനും കൊല്ലാനും തല്ലാനും അട്ടഹസിക്കാനും മാത്രം പരുവപ്പെടുത്തിയ യന്ത്രങ്ങളാണെന്ന ബോധം ഈ സിനിമയുടെ തിരക്കഥയേയും ആഖ്യാനത്തേയും വിഴുങ്ങി. വർഷങ്ങൾക്കു ശേഷം തെലുങ്കിൽ മഹേഷ് ബാബുവും തമിഴിൽ വിജയ്‌യും ഹിന്ദിയിൽ സൽമാൻ ഖാനും നായകൻമാരായി ഇൻഡസ്ട്രി ഹിറ്റുകളായ ‘പോക്കിരി’യുടെ ആശയം ‘ഇവർ’ അവതരിപ്പിച്ചതിനോടു സാമ്യമുള്ളതാണ്.

ADVERTISEMENT

വിനോദ് വിജയന്‍ സംവിധാനം ചെയ്ത ‘ക്വട്ടേഷന്‍’ അതിനാടകീയതയുടെ മറ്റൊരു ‘ഗുണ്ടാബാധ’യാണ്. പ്രസാദ് യാദവ് സംവിധാനം ചെയ്ത ‘സ്‌കെച്ച്’, വിനു ജോസഫ് സംവിധാനം ചെയ്ത ‘നവംബർ റെയ്ൻ’ എന്നിങ്ങനെ ലോ ബജറ്റ് ‘കൊച്ചി എന്നാൽ ഗുണ്ട’ സിനിമകൾ അക്കാലത്ത് ധാരാളമുണ്ടായി. പിന്നീട് ക്യാരക്ടർ റോളുകളിൽ തിളങ്ങിയ അരുൺ ആയിരുന്നു ഇതിൽ പലതിലെയും നായകൻ.‘സ്‌കെച്ച്’ സൈജു കുറുപ്പ് നായകനായ സിനിമയാണ്. ‘ക്വട്ടേഷന്‍’ സിനിമയിലെ ‘ഓണപ്പാട്ടിൽ താളം തുള്ളും തുമ്പപ്പൂവേ...’ എന്ന ഗാനം പിന്നീടു വലിയ ശ്രദ്ധ നേടി. ബ്രജേഷ് രാമചന്ദ്രന്റെ വരികൾക്ക് സംഗീതം നൽകിയത് സബീഷ് ജോർജാണ്. ഗാനം ആലപിച്ചത് കല്യാണി നായർ.

കൊച്ചിയിലെ അധോലോക ഗുണ്ടാ ജീവിതം വലിയ ചില കൊമേഴ്സ്യൽ സിനിമകളിലും പിന്നീട് ദൃശ്യവൽക്കരിച്ചിട്ടുണ്ട്. ‘ഛോട്ടാ മുംബൈ’, ‘ബിഗ് ബി’ എന്നിവ ഉദാഹരണം. ഹാസ്യത്തിനും കുടുംബ ബന്ധങ്ങള്‍ക്കും പ്രധാന്യം നല്‍കി ഒരുക്കിയ ‘ഛോട്ടാ മുംബൈ’യിൽ ഗുണ്ടകളും അവരുടെ ജീവിതവും സിനിമയുടെ പ്രതിനായക ബിംബങ്ങളെന്ന പതിവു ചേരുവയല്ലാതെ മറ്റൊന്നുമല്ല. കലാഭവന്‍ മണി അവതരിപ്പിച്ച നടേശന്‍ ഒരു പരിധിവരെ ‘സ്‌റ്റോപ്പ് വയലന്‍’സില്‍ വിജയരാഘവൻ അവതരിപ്പിച്ച ‘ഗുണ്ടാ സാറിന്റെ’ മറ്റൊരു പതിപ്പാണ്.

ADVERTISEMENT

ബി.ഉണ്ണികൃഷ്ണന്റെ ആദ്യ സംവിധാനസംരംഭമായ ‘സ്മാർട്ട് സിറ്റി’ രാഷ്ട്രീയ – കച്ചവട മാഫിയയില്‍ നിന്നു കൊച്ചിയെ രക്ഷിക്കുന്ന ഗുണ്ടാസംഘത്തിന്റെ കഥയാണ്. കണ്ടുപഴകിയ കാഴ്ചകളും കേട്ടു‌തഴമ്പിച്ച സംഭാഷണങ്ങളും വീരനായക പ്രകടനങ്ങളുമല്ലാതെ മറ്റൊന്നും ഈ സിനിമയിലില്ല. അമല്‍ നീരദിന്റെ ആദ്യ സംവിധാനസംരംഭമായ ‘ബിഗ് ബി’ ഗുണ്ടാ സംഘങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങളുടെയും പ്രതികാരത്തിന്റെയും കഥ പറയുന്നു. വളര്‍ത്തമ്മയെ കൊന്നതിന്റെ പ്രതികാരത്തിനായി ബിലാല്‍, എഡ്ഡി, മുരുകന്‍, ബിജോ എന്നിവര്‍ ഒത്തു ചേരുന്നതിന്റെ കഥ. എന്നാല്‍ ഈ സിനിമയുടെ അവതരണം നവീനമായൊരനുഭവമായിരുന്നു. മനോഹരമായ ആഖ്യാനം പുതിയ ദൃശ്യഭംഗിയിലേക്കു മലയാളിയെ എത്തിച്ചു. ഇതിലും അധികാരം എങ്ങനെ അലോലോക ബന്ധങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു എന്നതിന്റെ ഉദാഹരണള്‍ കാണാം. മേയറും ഗുണ്ടാ നേതാവും തമ്മിലുള്ള അവിശുദ്ധ ബന്ധത്തില്‍ പ്രതിനായകപക്ഷം നിലയുറപ്പിക്കുന്നു.

രാജീവ് രവിയുടെ ‘കമ്മട്ടിപ്പാട’വും ‘ഞാന്‍ സ്റ്റീവ് ലോപ്പസും’ ഗുണ്ടകളുടെ വ്യക്തി – കുടുംബ ജീവിതത്തിലേക്കും സത്വ ബോധത്തിലേക്കും കാമറ തിരിച്ചു. തിരുവനന്തപുരം നഗരത്തിലെ അധികമൊന്നും പറഞ്ഞു പഴകാത്ത ഗുണ്ടാവാഴ്ചയാണ് ഞാന്‍ സ്റ്റീവ് ലോപ്പസില്‍ സംവിധായകന്‍ പകര്‍ത്തിയത്. യാഥാര്‍ത്ഥ്യ ബോധമുള്ള അവതരണവും അതില്‍ തന്നെ പ്രണയത്തിന്റെയും യുവത്വത്തിന്റെ നരേറ്റീവുകളും ചിത്രത്തെ വേറിട്ടു നിര്‍ത്തുന്നു. ആർക്കോ വേണ്ടി ആരാലോ കൊല്ലപ്പെടുന്ന നായകന്‍ ഇത്തരത്തില്‍ ഇല്ലാതെയാകുന്ന പല തരം ജീവിതങ്ങളെ പ്രതിനീധീകരിക്കുന്നു. ‘കമ്മട്ടിപ്പാട’ത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഗുണ്ടകളെങ്കിലും സിനിമ അവതരിപ്പിക്കപ്പെട്ടത് ഒരു പൊളിറ്റിക്കൽ വ്യൂ പോയിന്റിലാണ്.

മലയാളത്തിലെ ‘ഗുണ്ടാ നായകൻമാരുടെ’ ചരിത്രം ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല. പല ഭാവത്തിൽ പല രൂപത്തിൽ ഇപ്പോഴും സിനിമകളിൽ അവരെ കാണാം, പഴയതിന്റെയത്ര ‘തീവ്രത’യിലല്ലെന്നു മാത്രം!

ADVERTISEMENT