‘ദയാമരണത്തിനായി യാചിച്ച ആ 90 വയസ്സുകാരി ഒടുവിൽ സ്വയം ജീവനൊടുക്കി’: സുധി അന്ന എഴുതുന്നു Amour: A Deep Dive into Love and Aging
Mail This Article
ലോകസിനിമയിലെ മികച്ച സൃഷ്ടികളെ അവതരിപ്പിക്കുന്ന കോളം, പ്രശസ്ത സംവിധായകനും ചിത്രകാരനുമായ സുധി അന്ന എഴുതുന്ന ‘വേൾഡ് മൂവീവ്’ . ഈ ലക്കം ‘അമോർ (2012)’ സിനിമയെക്കുറിച്ച് എഴുതിയതു വായിക്കാം –
2012 ഇറങ്ങിയ ഫ്രഞ്ച് ചിത്രമാണ് ‘അമോർ’. അമോർ എന്നാൽ സ്നേഹം. ലോക പ്രശസ്തനായ ഓസ്ട്രിയൻ സംവിധായകനായ മൈക്കൽ ഹെനകെ സങ്കടങ്ങളുടെ, നേർത്ത വേദനയുടെ കയ്യൊപ്പ് കാഴ്ചക്കാരന്റെ ഹൃദയത്തിലേക്ക് പതിപ്പിച്ച സിനിമയാണ് ‘അമോർ’. സ്നേഹം എന്ന വാക്കിനെ ഇത്രയേറെ പൂർണ്ണതയിൽ എത്തിച്ച മറ്റൊരു സിനിമയില്ല. വാർധക്യത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യന്റെ സ്നേഹവും ധാർമികതയും പുനരനിർവചിക്കുകയാണ് ഈ ചലനചിത്രം.
ഹെനകെ വ്യക്തിജീവിതത്തിൽ അനുഭവിച്ചറിഞ്ഞ ഒരു ദുരന്തസാഹചര്യത്തിന്റെ തിരക്കഥാരൂപമാണ് ‘അമോർ’ സിനിമയുടെ കാതൽ. ദയാമരണത്തിനായി യാചിക്കുന്ന 90 വയസ്സുള്ള ഹെനകെയുടെ അമ്മായി ഒടുവിൽ ആത്മഹത്യ ചെയ്യുന്നു. സ്നേഹിക്കുന്ന ഒരാളുടെ വേദന കണ്ടുനിൽക്കാൻ കഴിയാതെ നിസ്സഹായനായി പോകുന്ന ഒരു മനുഷ്യന്റെ ആത്മസംഘർഷത്തിന്റെ ദിവസങ്ങളാണ് വർഷങ്ങൾ എടുത്ത് പൂർത്തിയാക്കിയ ഈ സിനിമ.
പിയാനോ അധ്യാപകരായ ആനിയുടേയും (ഇമ്മാനുവേൽ റിവ) ഭർത്താവ് ജോർജസിൻറെയും (ജീൻ ലൂയിസ്) പ്രണയ ജീവിതത്തിന്റെ വാർധക്യകാലത്ത് സംഭവിക്കുന്ന ദുരന്തമാണ് ഈ സിനിമയിലൂടെ ഹെനകെ വരച്ചിടുന്നത്. ഈ ദുരന്തം വിധിയല്ല, തീർപ്പാണ്. പ്രണയത്തിന്റെയും ജീവിതവസാനത്തിന്റെയും തീർപ്പ്! സാമ്പത്തികമായ ആകുലതകൾ ഇല്ലാത്ത ഒരു ജീവിതത്തിൽ പോലും ശാരീരികമായ തകർച്ച എത്രത്തോളം ക്രൂരമാണെന്ന് അദ്ദേഹം കാണിച്ചുതരുന്നു. ഇത് ഒരു സോഷ്യൽ ഡ്രാമയാകുന്നത് ഒഴിവാക്കാൻ അദ്ദേഹം ബോധപൂർവം ശ്രമിച്ചു. ഈ രണ്ട് കഥാപാത്രങ്ങളുടെ മനസ്സിലെ ചിന്തകളുടെ പ്രതിഫലനങ്ങൾ പലപ്പോഴും കാഴ്ചക്കാരനെ നിശ്ബദമായി പിടിച്ചിരുത്തുന്നു. ഒരു വശത്ത് ആത്മസംഘർഷങ്ങളും മറുവശത്ത് ശാരീരികമായ അശക്തിയും അനുഭവിക്കുന്ന ആനിയും അവരെ പരിചരിക്കുന്ന ജോർജസും സിനിമയുടെ ഓരോ നിമിഷത്തിലും കാഴ്ചക്കാരനെ നിശബ്ദമായ ഒരു ധ്യാനത്തിലേക്ക് നയിക്കുന്നു.
‘സിനിമ കാഴ്ചക്കാരനെ അസ്വസ്ഥനാക്കണം’ -
ഹെനകെ
ഈ സിനിമയിൽ കഥയോ അതിവൈകാരിക മുഹൂർത്തങ്ങളോ ഒന്നുമില്ല. എന്നാൽ മനുഷ്യമനസ്സിന്റെ ആഴങ്ങളിൽ തൊടുന്ന ചലനങ്ങളും മൗനങ്ങളും ആണ് ഈ സിനിമയുടെ ഭാഷ. വൈകാരികതകളെ പെരുപ്പിച്ചു കാണിക്കാതെ നിശബ്ദമായി കഥാപാത്രങ്ങളുടെ ഉള്ളിൽ തന്നെ നടക്കുന്ന ആത്മ സംഘർഷങ്ങളെ ചില ചെറിയ ചലനങ്ങൾ കൊണ്ട് പ്രേക്ഷകരോട് സംവദിക്കുന്നു. ഒരു അപ്പാർട്ട്മെന്റിനുള്ളിൽ ഒതുങ്ങിപ്പോകുന്ന വാർധക്യകാല ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ആ ഇടത്തെക്കുറിച്ച് ഹെനകെ പുലർത്തുന്ന സൂക്ഷ്മത സിനിമയുടെ ഓരോ ഫ്രെയിമിലും ദൃശ്യമാണ്. ജനലുകൾ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നത് പോലും അവരുടെ ആന്തരിക ലോകത്തെ സംവാദങ്ങളുടെ ഭാഗമാണ്. ഒരു റേഡിയോ നാടകം പോലെ കഥ പറഞ്ഞു അവസാനിപ്പിക്കാനോ സിനിമ കഴിയുമ്പോൾ കഴിഞ്ഞു എന്ന ബോധ്യത്തോടെ തിയറ്ററിൽ ഉപേക്ഷിക്കാനോ ഈ സിനിമയെ നമുക്ക് പറ്റില്ല. വർഷങ്ങൾ കഴിഞ്ഞാലും ആസിനിമയുടെ കനം നമ്മുടെ ഉള്ളിലുണ്ടാവും. ചിലപ്പോൾ ഈ സിനിമ ജീവിതത്തിന്റെ ഫിലോസഫി ആയി മാറാറുണ്ട്. ഇഷ്ട്ടപ്പെടുന്ന ഒരാളുടെ കഷ്ടതകൾ എങ്ങനെ കൈകകാര്യം ചെയ്യാം എന്ന വിഷയം മരണത്തിൽ പ്രണയത്തിന്റെ സ്വാധീനം ധാർമികമോ മാനുഷികമോ ആയി ഇടപെടുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇത്തരം സാഹചര്യങ്ങൾ മാത്രമാണ് അതിന്റെ ഉത്തരം. അതുപോലെ തന്നെ മാനവികതയോട് ഏറ്റവും അടുത്തു നിൽക്കുന്നു എന്ന് തോന്നുമ്പോഴും ധാർമികതയിലേക്കും അവിടെനിന്നും ആദിമ മനുഷ്യന്റെ യഥാർത്ഥ ജീനിലേക്കും തിരിച്ചുപോവുകയും ചെയ്യുന്നു. പക്ഷെ മറ്റൊരു ചോദ്യം കൂടി ഈ സിനിമ കണ്ടു കഴിയുമ്പോൾ നമ്മളിൽ ചിലരിലെങ്കിലും അവശേഷിക്കും, അത് ചർച്ച ചെയ്യപ്പെടേണ്ട ഒന്ന് തന്നയാണ്. പുരുഷനാണ് ഈ അവസ്ഥ സംഭവിക്കുന്നുവെങ്കിൽ ഈ സ്ത്രീ കഥാപാത്രം അങ്ങനെ ഒരു ദയാവധം പുരുഷന് കൊടുക്കുമോ എന്നത്. പുരുഷൻ ഒരിക്കലെങ്കിലും നിസ്സഹായനായി നിന്നു പോകാം, എന്നാൽ സ്ത്രീ അതിനേയും അതിജീവിക്കും എന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ ഈ സിനിമയുടെ പശ്ചാത്തലവും ഒരു പ്രധാനകഥാപാത്രവുമാണ്, അവർ താമസിക്കുന്ന ആ വീട് . വീട്ടിലെ മുറികൾ, ഇടനാഴികൾ, ആ വീട്ടിൽ നിരത്തിയിരിക്കുന്ന ഉപകരണങ്ങൾ... നമുക്ക് പരിചിതമായ ഒരു ഇടമായി മാറുകയാണ്. അ വീടിന്റെ ജനലുകളും വാതിലുകളും നമ്മൾ എത്രയോ തവണ അടയ്ക്കുകയും തുറക്കുയും ചെയ്തിട്ടുണ്ടാകാം. ജോർജി ജോർജിസിനെ പോലെ നമുക്കും നിശ്ചയമുണ്ട് ആ വീട്ടിലെ ഓരോന്നും എവിടയാണെന്ന്. വല്ലപ്പോഴും കടന്നു വരുന്ന മകളുടെയും ജോലിക്കാരിയുടേയുമല്ലാതെ മറ്റൊരു സാന്നിധ്യം അവിടെയില്ല. നേർത്ത പിയാന്നോ സംഗീതം അവരുടെ ജീവിതത്തിന്റെ താളമായി അതിൽ ലയിച്ചു കിടക്കുന്നുണ്ട്. തീർത്തും മറവിയിലേക്ക് പോയ ആനിയുടെ കൈകൾ ചേർത്ത് പിടിച്ച് പഴയതൊക്കെ ഓർമ്മിപ്പിക്കാൻ ശ്രമിക്കുന്ന ജോർജിയസിന്റെ നിസ്സാഹയത കുറച്ച് നിമിഷങ്ങൾ ഉണ്ട്. നമുക്ക് പോലും ആ സാഹചര്യത്തിൽ നിന്നു വിട്ടുപോകാൻ ആകുമെന്നു തോന്നുന്നില്ല. ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുന്ന ആനിയുടെ മുഖത്ത് ജോർജിയസ് അടിക്കുന്ന ഒരു രംഗമുണ്ട് അതിനു ശേഷം ആ രംഗം പൂർത്തിയാക്കുന്നത് ചില പെയിന്റിങ് കൊണ്ടാണ്. ഡാനിഷ് ചിത്രകാരനായ വിൽഹം ഹാമർ ഷോയുടെ ചിത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ ചിത്രങ്ങളെ പോലെ തന്നെ വാം ടോണിലുള്ള ദൃശ്യങ്ങൾ പലപ്പോഴും അവർ കടന്നു പോകുന്ന വെളിച്ചം കുറഞ്ഞ ജീവിതത്തെ അഡ്രസ് ചെയ്യാൻ കൂടുതൽ സഹായിക്കുന്നുണ്ട്.
ഛായാഗ്രഹണം നിർവ്വഹിച്ച ഫ്രഞ്ച് ക്യാമറമാൻ ഡാരിയസ് ഖോണ്ട് ജി നിഴലും വെളിച്ചവും സമന്വയിപ്പിച്ച് ദൃശ്യഭാഷ ഒരുക്കുന്നതിൽ പൂർണ്ണമായും വിജയിച്ചിരുന്നു. ഹാമർ ഷോയുടെ ചിത്രങ്ങളിൽ കാണുന്നതുപോലെ മങ്ങിയ വെളിച്ചവും വാം ടോണുകളും (Warm tones) ജീവിതത്തിന്റെ അസ്തമയത്തെ കുറിക്കാൻ സഹായിക്കുന്നു. നിഴലും വെളിച്ചവും തമ്മിലുള്ള കളിയിലൂടെ കഥാപാത്രങ്ങളുടെ ഏകാന്തതയും ഒറ്റപ്പെടലും ഖോണ്ട്ജി മനോഹരമായി പകർത്തിയിട്ടുണ്ട്.
അഭിനയം 14 വർഷമായി നിർത്തിയിരുന്ന ജീൻ ലൂയിസ് ട്രിന്റിഗ്നന്‍റ് എന്ന ഫ്രഞ്ചു നടനെ ‘അമോറി’ലൂടെ തിരിച്ചു കൊണ്ടുവരികയായിരുന്നു ഹെനകെ. തിരക്കഥ പൂർത്തിയായപ്പോൾ ഹെനകെ അത് ആദ്യമായി വായിക്കാൻ കൊടുത്തതും ജീൻ ലൂയിസിന് ആയിരുന്നു. മികച്ച നടനായി കാൻസ് ഓസ്കർ ബർലിൻ തുടങ്ങിയ നിരവധി ഫെസ്റ്റുവലുകളിൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. നിസാരമായ ഒരു അഭിനയ ജീവിതമായിരുന്നില്ല അദ്ദേഹത്തിന്റേത്. ഹെനകെ 2017 ൽ ‘ഹാപ്പി എൻഡ്’ എന്ന സിനിമ ചെയ്യുമ്പോഴും അദ്ദേഹം കൂടെ പ്രവർത്തിച്ചു.
ഇമ്മാനുവേൽ റിവയുടെ അഭിനയം അതിഭീകരമായ ഒരു അനുഭവമാണ്. പക്ഷാഘാതം വന്ന ആനിയുടെ ശാരീരിക അവസ്ഥകളും മാനസിക തകർച്ചയും അവർ അവതരിപ്പിച്ചത് അസാമാന്യമായ കയ്യടക്കത്തോടെയാണ്. 2012ലെ മികച്ച നടിക്കുള്ള പാം ഡി ഓർ റിവ നേടിയിട്ടുണ്ട്.
1982 ലെ ‘സെവൻത് കോണ്ടിനെന്റൽ’ ആയിരുന്നു ഹെനകെയുടെ ആദ്യ ചിത്രം ചെറുപ്പത്തിൽ തന്നെ ഒരു ഒരു വിമത സ്വഭാവമായിരുന്നു ഹെനകെ യുടേത്. പിന്നീട് സിനിമയിലും ആ സ്വഭാവത്തിന്റെ പകർപ്പ് കാണാം. അദ്ദേഹത്തിന്റെ ഓരോ സിനിമകൾ ഇറങ്ങുമ്പോഴും ‘മാസ്റ്റർ പീസ്’ എന്നാണ് സിനിമാനിരൂപകർ പോലും പറഞ്ഞിരുന്നത്. ഇപ്പോൾ വിയന്ന അക്കാദമിയിൽ ചലച്ചിത്ര സംവിധാനം പഠിപ്പിക്കുന്ന ഹെനകേയുടെ പ്രധാനപ്പെട്ട മറ്റ് ചിത്രങ്ങളാണ് ‘പിയാനൊ ടീച്ചർ’(2001), ‘ദി വൈറ്റ് റിബ്ബൺ’ (2009), ‘കാഷെ’ (2005), ‘ഹാപ്പി ഏൻഡ്’ (2017). ഹെനകെയുടെ ഒരു സിനിമയും കാഴ്ചക്കാരന് വിനോദത്തെ വാഗ്ദാനം ചെയ്യുന്നില്ല.
ഒരു ധ്യാനത്തിൽ എന്ന പോലെ തന്നെ ഈ സിനിമയിലേക്ക് പ്രവേശിക്കണം. പശ്ചാത്തല സംഗീതം പോലും ധ്യാനാത്മകമാണ്.