ലോകസിനിമയിലെ മികച്ച സൃഷ്ടികളെ അവതരിപ്പിക്കുന്ന കോളം, പ്രശസ്ത സംവിധായകനും ചിത്രകാരനുമായ സുധി അന്ന എഴുതുന്ന ‘വേൾഡ് മൂവീവ്’ . ഈ ലക്കം ‘ഡെഡ് മാൻസ് വയർ (2025)’ സിനിമയെക്കുറിച്ച് എഴുതിയതു വായിക്കാം –
യാതൊരു ആമുഖവുമില്ലാതെയാണ് സിനിമ ആരംഭിക്കുന്നത്. ആദ്യ പത്തുമിനിറ്റിനുള്ളിൽ തന്നെ സിനിമ തന്റെ ഇരയായ പ്രേക്ഷകനെ പിടികൂടുന്നു. ഈ വേഗത മരണത്തെ മുഖാമുഖം കാണുന്ന ഒരാളുടെ ഭയവും നിസ്സഹായാവസ്ഥയും ചേർന്ന 63 മണിക്കൂറാണ്.
2025-ൽ പുറത്തിറങ്ങിയ ഗസ് വാൻ സാന്റിന്റെ ‘ഡെഡ് മാൻസ് വയർ’ (Dead Man's Wire) എന്ന ചലച്ചിത്രം സമകാലിക അമേരിക്കൻ സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ ഒരു രാഷ്ട്രീയ ഡോക്യുമെന്റേഷനാണ്.
1977-ൽ ഇൻഡ്യാനപൊളിസിൽ നടന്ന ഒരു യഥാർത്ഥ ബന്ദിനാടകത്തെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട ഈ ചിത്രം ഒരു ക്രൈം ത്രില്ലർ മാത്രമായിരുന്നില്ല, മുതലാളിത്തത്തിന്റെ ക്രൂരതയെയും മാധ്യമങ്ങളുടെ വിപണന താൽപ്പര്യങ്ങളെയും വിഷയമാക്കുന്ന ഒരു രാഷ്ട്രീയ ചിത്രമാണ്. ബിൽ സ്കാർസ്ഗാർഡ്, ഡാക്രെ മോണ്ട്ഗോമറി, അൽ പാച്ചിനോ തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന ഈ ചിത്രം ഗസ് വാൻ സാന്‍റ് എന്ന സംവിധായകന്റെ ഒരു നിശബ്ദതയ്ക്ക് ശേഷമുള്ള സുപ്രധാന തിരിച്ചുവരവായി അടയാളപ്പെടുത്തുന്നു.
1977 ഫെബ്രുവരി 8-ന് ഇൻഡ്യാനപൊളിസിൽ നടന്ന ടോണി കിരിറ്റ്സിസ് എന്ന പ്രോപ്പർട്ടി ഡെവലപ്പറുടെ പ്രതിഷേധവും ബന്ദിനാടകവുമാണ് സിനിമയുടെ സഞ്ചാരവഴികൾ. താൻ വികസിപ്പിച്ചെടുത്ത ഒരു ഭൂമി ഇടപാടിൽ മെറിഡിയൻ മോർട്ട്ഗേജ് കമ്പനി തന്നെ വഞ്ചിച്ചുവെന്ന് കിരിറ്റ്സിസ് വിശ്വസിച്ചിരുന്നു. ഇതിന് പ്രതികാരമായി കമ്പനി ഉടമ എം.എൽ. ഹാളിനെ കാണാൻ എത്തിയ ടോണി, അദ്ദേഹം സ്ഥലത്തില്ലാത്തതിനാൽ മകനായ റിച്ചാർഡ് ഹാളിനെ തോക്കിൻ മുനയിൽ നിർത്തുകയായിരുന്നു. ഈ സംഭവം 63 മണിക്കൂർ നീണ്ടുനിൽക്കുകയും ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ ഇത് തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു. ഈ ചരിത്ര സംഭവത്തെ ആസ്പദമാക്കി ഓസ്റ്റിൻ കൊളോഡ്നി തയ്യാറാക്കിയ തിരക്കഥ, അലൻ ബെറി, മാർക്ക് ഇനോക്സ് എന്നിവരുടെ 2018 - ലെ ‘ഡെഡ് മാൻസ് ലൈൻ’ എന്ന ഡോക്യുമെന്ററിയുടെ സഹായത്തോടെയാണ് പൂർത്തിയാക്കിയത്. ഗസ് വാൻ സാന്‍റ് ഈ ചരിത്രത്തെ ഒരു ‘മോറാലിറ്റി പ്ലേ’ ആയി മാറ്റുന്നു. കേവലം ഒരു കുറ്റകൃത്യമായി കാണുന്നതിന് പകരം, വ്യവസ്ഥിതിയുടെ കെണിയിൽ അകപ്പെട്ട ഒരു മനുഷ്യന്റെ നിലവിളിയായി ചിത്രം ഇതിനെ അവതരിപ്പിക്കുന്നു.
‘ഡെഡ് മാൻസ് വയർ’ എന്ന സിനിമയുടെ ആത്മാവ് ബിൽ സ്കാർസ്ഗാർഡ് എന്ന നടന്റെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായ ടോണി കിരിറ്റ്സിസ് എന്ന കഥാപാത്രമാണ്. ബിൽ സ്കാർസ്ഗാർഡ് ആ കഥാപാത്രത്തിലേക്ക് അവിശ്വസനീയമായ ഊർജ്ജമാണ് നിറയ്ക്കുന്നത്. ടോണി കിരിറ്റ്സിസ് ഒരു ക്രിമിനൽ ബുദ്ധിയുള്ള മനുഷ്യനല്ല, മറിച്ച് താൻ നീതിക്ക് വേണ്ടി പോരാടുന്ന ഒരു നായകനാണെന്ന് വിശ്വസിക്കുന്ന, മാനസികമായി തകർന്ന ഒരാളാണ്. സ്കാർസ്ഗാർഡ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ സാധാരണക്കാരന്റെ രോഷവും അയാളുടെ കണ്ണുകളിലെ ഭ്രാന്തമായ തിളക്കവും സ്വരത്തിലെ വിറയലും പ്രേക്ഷകർക്ക് വ്യക്തമായി അനുഭവപ്പെടുന്നു. അയാൾ തന്റെ ‘അമേരിക്കൻ സ്വപ്നം’ തകർക്കപ്പെട്ടതിന്റെ ദേഷ്യത്തിൽ ഒരു മില്യണയറുടെ മകനെ ബന്ദിയാക്കുന്നതിലൂടെ നീതി നടപ്പാക്കുന്ന യോദ്ധാവായി മാറുന്നു.
‘‘കടക്കെണിയിൽ പെടുത്തുന്നത് മുതലാളിമാരുടെ സ്ഥിരം തന്ത്രമാണ്. ഞാൻ ഒരു സാധാരണ മനുഷ്യനാണ്, എന്നാൽ നിങ്ങൾ എന്നെ ഒരു രാക്ഷസനാക്കുന്നു’’ - ടോണി കിരിറ്റ്സിസ്
സ്കാർസ്ഗാർഡ് തന്റെ പതിവ് അഭിനയ രീതികളിൽ നിന്ന് മാറി, ഒരു സാധാരണ മനുഷ്യന്റെ വേദനയെയും ദേഷ്യത്തെയും വൈകാരികതയെയും ലയിപ്പിച്ചുകൊണ്ടാണ് ടോണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അയാളുടെ ഓരോ വാക്കിലും നിലവിലുള്ള സാമ്പത്തിക വ്യവസ്ഥിതിയോടുള്ള പുച്ഛം പ്രകടമാണ്. ടോണി കിരിറ്റ്സിസ് എന്ന കഥാപാത്രം ഒരു ‘വർഗ്ഗ സമരത്തിന്റെ’ പോരാളിയായി സ്വയം മാറുകയാണ്. വലിയ കോർപ്പറേറ്റുകൾ സാധാരണക്കാരെ എങ്ങനെ ചതിക്കുന്നുവെന്നും അവരുടെ സ്വപ്നങ്ങൾ എങ്ങനെ തകർക്കുന്നുവെന്നും ടോണി വിളിച്ചുപറയുന്നു. സിനിമയുടെ പ്രധാന ഭാഗം ടോണിയുടെ അപ്പാർട്ട്മെന്റിനുള്ളിലാണ് നടക്കുന്നത്. ടോണി തന്റെ ജീവിതകഥ പറയുന്നതും, താൻ എങ്ങനെയാണ് വഞ്ചിക്കപ്പെട്ടതെന്ന് വിശദീകരിക്കുന്നതും റിച്ചാർഡിൽ സഹതാപം ഉളവാക്കുന്നു. എന്നാൽ പുറത്ത് വേട്ടക്കാരെപ്പോലെ നടക്കുന്ന മാധ്യമങ്ങൾ ഈ വ്യക്തിപരമായ ബന്ധത്തെ ഒരു വിനോദമായി മാറ്റുന്നു. സിനിമ മാധ്യമങ്ങളുടെ അധാർമ്മികതയെ കടുത്ത രീതിയിൽ വിമർശിക്കുന്നുണ്ട്. ഒരു മനുഷ്യന്റെ ജീവിതം അപകടത്തിലായിരിക്കുമ്പോൾ റേറ്റിംഗിന് വേണ്ടി മാത്രം മത്സരിക്കുന്ന ചാനലുകളെ സിനിമ കാണിച്ചുതരുന്നു.
റിച്ചാർഡ് ഹാൾ എന്ന ബന്ദിയായി അഭിനയിക്കുന്ന ഡാക്രെ മോണ്ട്ഗോമറി അസാമാന്യമായ സംയമനത്തോടെയാണ് ഈ സിനിമയെ സമീപിച്ചിരിക്കുന്നത്. മില്ല്യണയർ ആയ തന്റെ പിതാവിന്റെ ലാഭക്കൊതിയുടെ ഇരയായി മാറിയ മകൻ എന്ന നിലയിൽ, റിച്ചാർഡിന് ടോണിയോട് തോന്നുന്ന ഒരു തരം ‘റിവേഴ്സ് സ്റ്റോക്ക്‌ഹോം സിൻഡ്രോം’ വളരെ സാവധാനത്തിലും സൂക്ഷ്മമായും ആണ് ഡാക്രേയുടെ അഭിനയത്തിൽ തെളിഞ്ഞുവരുന്നത്. മരണം തൊട്ടടുത്ത് നിൽക്കുമ്പോഴും ശാന്തനായിരിക്കാൻ ശ്രമിക്കുന്ന റിച്ചാർഡിന്റെ പ്രകടനം സ്കാർസ്ഗാർഡിന്റെ പ്രകടനത്തിന് മികച്ച ഒരു പ്രതിയോഗിയായിരുന്നു. എം.എൽ.ഹാൾ എന്ന അഹങ്കാരിയായ പിതാവായി അൽ പാച്ചിനോ പ്രത്യക്ഷപ്പെടുമ്പോൾ മുതലാളിത്തത്തിന്റെ ഏറ്റവും ക്രൂരമായ മുഖമായി അയാൾ മാറുന്നു. തന്റെ മകൻ തോക്കിൻ മുനയിൽ നിൽക്കുമ്പോഴും സ്വന്തം ലാഭത്തെക്കുറിച്ചും ബിസിനസ് മര്യാദകളെക്കുറിച്ചും മാത്രം വാചാലനാകുന്ന ഹാളിനെ കാഴ്ചക്കാരന് വെറുക്കാൻ തോന്നും വിധമാണ് അൽ പാച്ചിനോ അവതരിപ്പിച്ചത്. ‘ഡോഗ് ഡേ ആഫ്റ്റർനൂൺ’ എന്ന പഴയകാല സിനിമയിലെ വേഷത്തെ ഓർമ്മിപ്പിക്കുന്ന വിധത്തിലുള്ള അൽ പാച്ചിനോയുടെ സാന്നിധ്യം ഈ സിനിമയ്ക്ക് 70 കളുടെ ഒരു വിന്റേജ് ലുക്ക് നൽകുന്നു എന്നത് പ്രേക്ഷകന് പലപ്പോഴും തോന്നും. അർനോഡ് പോട്ടിയർ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 1970-കളിലെ വിന്റേജ് ന്യൂസ് റീൽ ലുക്ക് നൽകാനായി അദ്ദേഹം പഴയകാലത്തെ പരിഷ്കരിച്ച ബ്രോഡ്കാസ്റ്റ് ക്യാമറകളാണ് ഉപയോഗിച്ചിരുന്നത്. ഇത് ബോധപൂർവ്വമല്ലെങ്കിലും സിനിമയ്ക്ക് ഒരു ഡോക്യുമെന്ററി ശൈലി നൽകുന്നു. ഡാനി എൽഫ്മാൻ ഒരുക്കിയ സംഗീതം സിനിമയുടെ പിരിമുറുക്കം വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ടോണിയുടെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന ചെറിയ ശബ്ദങ്ങൾ പോലും സിനിമയുടെ തീവ്രത വർദ്ധിപ്പിക്കുന്നു
‘ഡെഡ് മാൻസ് വയർ’ നമ്മുടെ കാലഘട്ടത്തിലെ സാമ്പത്തിക അസമത്വങ്ങളുടെ നേർക്കാഴ്ചയാണ്... സിനിമയുടെ സാങ്കേതിക പൂർണ്ണതയും രാഷ്ട്രീയ ഗൗരവവും ഈ ദശാബ്ദത്തിലെ മികച്ച ചിത്രങ്ങളിലൊന്നായി ഇതിനെ മാറ്റുന്നു. വരാനിരിക്കുന്ന വർഷങ്ങളിൽ ഈ ചിത്രം കൂടുതൽ ചർച്ച ചെയ്യപ്പെട്ട്, ‘കൾട്ട് ക്ലാസ്സിക്’ ആയി മാറുമെന്ന കാര്യത്തിൽ സംശയമില്ല.