ADVERTISEMENT

ലോകസിനിമയിലെ മികച്ച സൃഷ്ടികളെ അവതരിപ്പിക്കുന്ന കോളം, പ്രശസ്ത സംവിധായകനും ചിത്രകാരനുമായ സുധി അന്ന എഴുതുന്ന ‘വേൾഡ് മൂവീവ്’. ഈ ലക്കം ‘ഇൻ ദ ഹാൻഡ് ഓഫ് ഡാന്റെ (2025)’ സിനിമയെക്കുറിച്ച് എഴുതിയതു വായിക്കാം –

‘‘നമ്മുടെ ജീവിതയാത്രയുടെ പാതിവഴിയിൽ, നേരായ വഴി നഷ്ടപ്പെട്ട എന്നെ ഒരു ഇരുണ്ട വനത്തിൽ ഞാൻ തന്നെ കണ്ടെത്തി’’ - ഡാന്റെ അലിഘിയേരി

ADVERTISEMENT

മധ്യകാല യൂറോപ്പിന്റെ ആത്മീയവും രാഷ്ട്രീയവുമായ സംഘർഷങ്ങളെ സാഹിത്യത്തിലൂടെ അനശ്വരമാക്കിയ ഡാന്റെ അലിഘിയേരിയുടെയും (Dante Alighieri), അദ്ദേഹത്തിന്റെ ആത്മീയപ്രണയത്തിന്റെ ജൈവരൂപമായ ബിയാട്രിസ് പോർട്ടിനാരിയുടെ മരണമേൽപ്പിച്ച വിരഹത്തിന്റെ സൃഷ്ട്ടിയായ ‘ഡിവൈൻ കോമഡി’യുടെയും (The Divine Comedy) പശ്ചാത്തലത്തിൽ ജൂലിയൻ ഷ്നാബെൽ (Julian Schnabel) സംവിധാനം ചെയ്ത ‘ഇൻ ദ ഹാൻഡ് ഓഫ് ഡാന്റെ’ (In the Hand of Dante) എന്ന ചലച്ചിത്രം കലയും ചരിത്രവും ദർശനവും ഒത്തുചേരുന്ന പുതിയ കാലത്തിലെ ഏറ്റവും മികച്ച ചലച്ചിത്ര പരീക്ഷണമാണ്.

ഇറ്റാലിയൻ സാഹിത്യത്തിന്റെ പിതാവായി അറിയപ്പെടുന്ന ഡാന്റെ അലിഘിയേരിയുടെ നാടകീയമായ ജീവിതവും വിരഹവും രാഷ്ട്രീയവും ഷ്നാബെലിന്റെ ഈ ചലച്ചിത്രത്തിന്റെ ഭാഗമാകുമ്പോൾ നിക്ക് തോഷസ് (Nick Tosches) എന്ന എഴുത്തുകാരൻ 2002 - ൽ രചിച്ച ഇതേ പേരിലുള്ള മെറ്റാഫിക്ഷൻ കൂടി ഈ സിനിമയുടെ മറ്റൊരു ഭാഗമാവുകയാണ്.

ADVERTISEMENT

700 വർഷങ്ങളുടെ വ്യത്യാസമുള്ള രണ്ടുകാലഘട്ടങ്ങളെ കോർത്തിണക്കി സാഹിത്യവും സിനിമയും എഴുത്തുകാരന്റെ ജീവിതവും തമ്മിലുള്ള സങ്കീർണ്ണ സങ്കലനമായി സിനിമ മാറുന്നു. എഴുത്തുകാരനായ നിക്ക് തോഷസ് തന്നെ ഒരു പ്രധാന കഥാപാത്രമായി വരുന്ന ഈ സിനിമ രണ്ട് സമാന്തര കഥാതന്തുക്കളിലൂടെയാണ് സഞ്ചരിക്കുന്നത്. പതിനാലാം നൂറ്റാണ്ടിൽ തന്റെ മാസ്റ്റർപീസ് രചിക്കാൻ കഷ്ടപ്പെടുന്ന ഡാന്റെയുടെ കഥയും, മറ്റൊന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഡാന്റെയുടെ ഒറിജിനൽ മാനുസ്ക്രിപ്റ്റ് കണ്ടെത്തുകയും അത് ഒരു വലിയ അധോലോക ഇടപാടിലേക്ക് മാറുകയും ചെയ്യുന്ന നിക്ക് തോഷസിന്റെ കഥയും.

വത്തിക്കാൻ ലൈബ്രറിയിലെ ഒരു രഹസ്യ അറയിൽ നിന്ന് കണ്ടെടുത്ത ഡാന്റെ സ്വന്തം കൈപ്പടയിൽ എഴുതിയ ‘ഡിവൈൻ കോമഡി’യുടെ മാനുസ്ക്രിപ്റ്റ് പുറത്തെത്തുന്നതോടെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കഥ ആരംഭിക്കുന്നത്. ന്യൂയോർക്കിലെ ഒരു മാഫിയ തലവൻ ഈ മാനുസ്ക്രിപ്റ്റിന്റെ ആധികാരികത പരിശോധിക്കാൻ തോഷസിനെ ഏൽപ്പിക്കുന്നു. തുടർന്നുണ്ടാകുന്ന ഹിംസയുടെയും ആർത്തിയുടെയും ആത്മീയ അന്വേഷണത്തിന്റെയും സങ്കീർണ്ണമായ സംഘർഷമാണ് സിനിമയുടെ വർത്തമാനകാല പശ്ചാത്തലം. ഒരു നിയോ - നോയിർ ക്രൈം ഡ്രാമയുടെ സ്വഭാവമുള്ള ഈ ഭാഗങ്ങളെ സിനിമയിൽ കറുപ്പും വെളുപ്പും ഉപയോഗിച്ചാണ് പകർത്തിയിരിക്കുന്നത്.

ADVERTISEMENT

പതിനാലാം നൂറ്റാണ്ടിലെ ആഖ്യാനത്തിലേക്ക് കടക്കുമ്പോൾ ഫ്ലോറൻസിൽ നിന്ന് രാഷ്ട്രീയമായി പുറത്താക്കപ്പെട്ട ഡാന്റെ പരാജയത്തിന്റെയും പലായനത്തിന്റെയും വേദനകൾക്കിടയിൽ തന്റെ നഷ്ട്ടപ്രണയത്തിന്റെ അടയാളപ്പെടുത്തലായ കവിത പൂർത്തിയാക്കാൻ ശ്രമിക്കുന്നു. ബിയാട്രീസിനോടുള്ള ആത്മീയ പ്രണയത്തിന്റെ ഈ ആഖ്യാനത്തെ ഷ്നാബെൽ ചിത്രീകരിച്ചിരിക്കുന്നത് നിറങ്ങളിലാണ്. ഡാന്റെയുടെ കാലത്ത് ഇറ്റാലിയൻ കടൽത്തീരങ്ങളും പർവ്വതങ്ങളും വനങ്ങളും അതിമനോഹരമായ വർണങ്ങൾ കൊണ്ട് കലയുടെയും സാഹിത്യത്തിന്റെയും ലോകത്തെ കൂടുതൽ ഊർജ്ജസ്വലമാക്കി. റോമൻ വാസ്യാനോവ് (Roman Vasyanov) ആണ് സിനിമയുടെ ഛായാഗ്രാഹകൻ. പ്രകാശവും നിഴലും ഉപയോഗിച്ച് ഓരോ രംഗത്തെയും ഒരു പെയിന്റിംഗ് പോലെ അദ്ദേഹം മാറ്റുന്നു.

സംവിധായകനായ ഷ്നാബെൽ ഒരു ചിത്രകാരൻ കൂടിയായതുകൊണ്ട് അദ്ദേഹത്തിന്റെ സിനിമകളെല്ലാം ബൃഹത്തായ ഒരു ക്യാൻവാസ് പോലെ വേറിട്ടുനില്ക്കുന്നതാണ്. ‘നിത്യമായ വർത്തമാനകാലം’ എന്ന പുതിയൊരു സിദ്ധാന്തമാണ് ഈ അദ്ദേഹം ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. സമയം എന്നത് രേഖീയമായ ഒന്നല്ല എല്ലാകാലങ്ങളും ഒരേ സമയം നിലനിൽക്കുന്നു. അതിനാൽ 700 വർഷം മുൻപ് ജീവിച്ചിരുന്ന ഒരാൾ ആധുനിക കാലത്ത് വീണ്ടും മറ്റൊരു സ്ഥലത്ത് മറ്റൊരു രൂപത്തിൽ ജനിക്കുകയും ജീവിക്കുകയും ചെയ്യുന്നു. ഇവിടെ അദ്ദേഹം ഡാന്റെയുടെ ജീവിതത്തിന്റെ തുടർച്ചയെ നിക്ക് ടോഷസിലൂടെ അടയാളപ്പെടുത്തുന്നു. കവി തന്റെ ജീവിതത്തിൽ ഏറ്റവും പ്രിയപ്പട്ടവളായ ബിയാട്രീസിനെ കവിതയ്ക്കു വേണ്ടി മാറ്റിനിർത്തിയത്തിൽ പിന്നീട് വിഷമിച്ചിരുന്നു. എന്നാൽ നൂറ്റാണ്ടുകൾക്ക് ശേഷം നിക്ക് ടോഷസ് ഈ ഭൂമുഖത്ത് തിരികെ വരുമ്പോൾ ആ തെറ്റ് തിരുത്താനുള്ള അവസരമുണ്ടാകുന്നു. എങ്കിലും ജീവിതം കവിതയായി മാറുക എന്നതാണ് സിനിമയുടെ ദാർശനിക അടിത്തറ. ഡാന്റെയുടെ ദർശനങ്ങളെ ആധുനിക ലോകവുമായി ഇത്രയധികം ആഴത്തിൽ ബന്ധിപ്പിച്ച മറ്റൊരു ചലച്ചിത്രം സമീപകാലത്ത് ഉണ്ടായിട്ടില്ല.

സമകാലിക ഹോളിവുഡ് സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ ഓസ്കാർ ഐസക്കിന്റെ കരിയറിലെ തന്നെ ഏറ്റവും സങ്കീർണ്ണവും വെല്ലുവിളി നിറഞ്ഞതുമായ സിനിമയാണിത്. രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇരട്ട വേഷത്തിലാണ് ഓസ്കാർ ഐസക് സ്ക്രീനിലെത്തുന്നത്. ലക്ഷ്യം നേടാനായി ഏതറ്റം വരെയും പോകുന്ന, നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയിലുള്ള നിക്ക് ടോഷസിന്റെ വന്യമായ ഊർജ്ജത്തെ വളരെ സ്വാഭാവികമായി അഭിനയിച്ചു ഫലിപ്പിക്കുമ്പോൾ തന്നെ ശബ്ദവിന്യാസത്തിലും ശരീരഭാഷയിലും വരുത്തിയ മാറ്റങ്ങളിലൂടെ ശാന്തതയും വിഷാദവും ഉള്ളിൽ ചുമക്കുന്ന ദാന്തെ എന്ന ചരിത്രപുരുഷന്റെ ആത്മീയവും മാനസികവുമായ സംഘർഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഈ സിനിമയിലെ മറ്റൊരു രസകരമായ കാര്യം ഇതിഹാസ സംവിധായകനായ മാർട്ടിൻ സ്കോർസെസെയുടെ സാന്നിധ്യമാണ്. അദ്ദേഹം ഏശയ്യാ എന്ന ജ്ഞാനിയായ ഒരു യഹൂദ വൃദ്ധനായി വേഷമിടുന്നു. ഡാന്റെയ്ക്ക് തന്റെ കാവ്യം പൂർത്തിയാക്കാൻ ആവശ്യമായ ആത്മീയ ഉപദേശങ്ങൾ നൽകുന്നത് ഇദ്ദേഹമാണ്.

കലയുടെ കൈകളിൽ സ്വയം അർപ്പിച്ച ഒരു കവിയുടെയും, ആ കവിയെ വീണ്ടും കണ്ടെത്താൻ ശ്രമിക്കുന്ന ഒരു എഴുത്തുകാരന്റെയും ഈ യാത്ര മനുഷ്യവംശത്തിന്റെ തന്നെ അന്വേഷണങ്ങളുടെ പ്രതിഫലനമാണ്. ‘ഇൻ ദ ഹാൻഡ് ഓഫ് ഡാന്റെ’ എന്ന ചലച്ചിത്രം ഡാന്റെ അലിഘിയേരി എന്ന മഹാകവിക്കുള്ള ആദരം മാത്രമല്ല, മറിച്ച് കലയുടെ അനശ്വരമായ ശക്തിയെക്കുറിച്ചുള്ള ഒരു പ്രഖ്യാപനം കൂടിയാണ്...

Julian Schnabel's 'In the Hand of Dante': A Cinematic Exploration of Art and Time:

In the Hand of Dante is a groundbreaking cinematic experiment by Julian Schnabel, blending art, history, and philosophy by drawing parallels between Dante Alighieri's 'Divine Comedy' and the life of author Nick Tosches. The film masterfully weaves together two distinct timelines – Dante's struggle to complete his masterpiece in the 14th century and Tosches' 21st-century entanglement with a potentially authentic manuscript, exploring themes of love, loss, art, and the cyclical nature of existence.

ADVERTISEMENT