ADVERTISEMENT

തമിഴ് സിനിമയിലെ വിഖ്യാത സംവിധായകൻ ഭാരതി രാജ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. മരണവാർത്തയറിഞ്ഞ് തമിഴ് സിനിമയിലെ പ്രമുഖരുൾപ്പെടെ ആയിരക്കണക്കിന് മനുഷ്യർ അദ്ദേഹത്തിന്റെ ചെന്നൈയിലെ വീട്ടിലേക്കെത്തി. അക്കൂട്ടത്തിൽ, സംവിധായകന്‍ ത്യാഗരാജൻ കുമാരരാജ കാറിൽ നിന്നിറങ്ങി വീടിനുള്ളിലേക്ക് കയറിപ്പോകവേ മൊബൈൽ ഫോണ്‍ ക്യാമറയുമായി തിക്കിത്തിരക്കി നിന്നവരെ നോക്കി ഈർഷ്യയോടെ പറഞ്ഞത്, ‘പോങ്കയ്യാ...അസിങ്കമായില്ലൈ ഉങ്കളുക്ക്...’ എന്നാണ്.

ഈ അതിക്രമം കാലങ്ങളായി കണ്ട് മടുത്തതിന്റെ ഫലമായുള്ള പ്രതികരണമാണ് ത്യാഗരാജൻ കുമാരരാജയുടേതെങ്കിൽ, സ്വന്തം പിതാവിന്റെ മൃതദേഹത്തിലേക്ക് വ്യൂസ് കൂട്ടാൻ ക്യാമറ ‘സൂം’ ചെയ്തവരോടുള്ള നിസ്സഹായത നിറഞ്ഞ പ്രതിഷേധമാണ് അതിനും രണ്ട് ദിവസം മുൻപ് സലിം കുമാറിന്റെ മകനും നടനുമായ ചന്തു സലിം കുമാറിൽ നിന്നുണ്ടായത്.

ADVERTISEMENT

രണ്ടിടത്തും ഒരു കൂട്ടരാണ് ‘പ്രതികൾ’, സെലിബ്രിറ്റികൾ എന്ന പട്ടം ചാർത്തിക്കിട്ടിയ മനുഷ്യരുടെ സ്വകാര്യത മാനിക്കാതെ അവരുടെ നേരെ ക്യാമറ തിരിക്കുന്ന ‘ന്യൂജൻ മീഡിയ’! പക്ഷേ, സെലിബ്രിറ്റികളേ... വിശേഷിച്ചും സിനിമക്കാരേ... ഈ ക്യാമറകളെ നിങ്ങളാണ് പ്രോത്സാഹിപ്പിച്ച് ഇവിടെ വരെ എത്തിച്ചത്. സ്വന്തം പബ്ലിസിറ്റിക്കും സിനിമ പ്രൊമോഷനുമൊക്കെയായി നിങ്ങളിൽ പലരും പണം കൊടുത്തും ചേർത്തു നിർത്തിയും വളർത്തിയതാണിവരെ. ഒടുവിൽ അവർ നിങ്ങള്‍ക്കൊരു ബാധ്യതയായിരിക്കുന്നു...മരണവീട്ടില്‍ പോലും ‘മര്യാദയുടെ ഫോക്കസ്’ നഷ്ടപ്പെട്ട്, അശ്ലീല സാന്നിധ്യങ്ങളായി മുടിയഴിച്ചാടുന്നു... താരങ്ങളുടെ നടപ്പിനെയും ഇരിപ്പിനെയുമൊക്കെ ‘പ്രത്യേക ആംഗിളുകളിൽ’ പകർത്തി, ദ്വയാർദ്ധം തുളുമ്പുന്ന ക്യാപ്ഷനുകളോടെ വിൽപ്പനയ്ക്ക് വയ്ക്കുന്ന ‘കുയിലുകളെ’യും ‘കിളികളെ’യുമൊക്കെ നിയമത്തിന്റെ കൂട്ടിലടയ്ക്കുകയെന്നത് ഇനി അത്ര എളുപ്പമല്ലെന്നു കൂടി മനസ്സിലാക്കിക്കോളൂ...മാധ്യമ പ്രവര്‍ത്തകര്‍ മൊത്തം കുറ്റവാളികളായി നില്‍ക്കേണ്ടി വരുന്ന സാഹചര്യവും ഇതിലൂടെ സംജാതമാകുന്നു.

ഇവർ മാത്രമോ, മരണവീടുകളെ ‘സെൽഫി സെന്ററുകള്‍’ആയി പരിഗണിക്കുന്ന മനസാക്ഷി മരവിച്ച ‘ആരാധകരും’ കുറവല്ല. സഹപ്രവർത്തകരുടെ വിയോഗത്തിൽ ഉള്ളുലഞ്ഞ്, അവസനമായി ഒരു നോക്കു കാണാനെത്തുന്ന താരങ്ങളെ പിടിച്ചു വലിച്ച് ‘ഏട്ടാ...ഇക്കാ...ചേച്ചീ...ഒരു സെൽഫി...’ എന്നു ഉളുപ്പില്ലാതെ യാചിക്കുന്നവരുടെ മനോനിലയും എത്രയോ ഭീകരം!

ADVERTISEMENT

ഇതിനൊക്കെ അറുതിയുണ്ടാകണം...ഒക്കെയും മാറണം...ഇല്ലെങ്കിൽ ചന്തുവിനെപ്പോലെ ഉറ്റവരുടെ ജീവനറ്റ ശരീരത്തിനരുകിൽ നിന്ന് ഇനിയും പലർക്കും ‘നിനക്കൊക്കെ എന്താ വേണ്ടത്...’ എന്നു നെഞ്ചുലഞ്ഞ് ചോദിക്കേണ്ടി വരും.

salim-kumar-bharathi-raja-death-time-youtubers

വ്യൂസും പണവും മുഖ്യം

ADVERTISEMENT

പുതുമഴയില്‍ കിളിര്‍ക്കുന്ന തകരച്ചെടികള്‍ പോലെയാണിപ്പോള്‍ സോഷ്യൽ മീഡിയ പേജുകൾ. സാങ്കേതികത ഇത്രമേല്‍ വികസിക്കുകയും ലോകത്താകമാനം വിവിധ മേഖലകളില്‍ അതിന്റെ വമ്പന്‍ കുതിച്ചു ചാട്ടം സംഭവിക്കുകയും ചെയ്തതിനാല്‍ പ്രത്യേകിച്ചും!

‘കാഴ്ചകൾ ഇനി വിരൽതുമ്പിൽ’ എന്ന പരസ്യവാചകവുമായി, സൈബര്‍ സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകളെ വേണ്ടുംവിധം പ്രയോജനപ്പെടുത്തി കൊച്ചു കേരളത്തിന്റെ ഇട്ടാവട്ടത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടേ എത്രയെത്ര സിനിമ പ്രൊമോഷൻ പേജുകൾ ജനിച്ചു.

ഒരു ക്ലിക്കില്‍ ലോകത്തിന്റെ ഏതു കോണിലേയും എന്തും കാണാം... കേള്‍ക്കാം...വായിക്കാം...അറിയാം...അവ ഗുളികപ്പരുവത്തില്‍ ചെത്തിയൊരുക്കി പൊടിപ്പും തൊങ്ങലും ചേര്‍ത്ത കാഴ്ചകളായങ്ങനെ സോഷ്യൽ മീഡിയയിലൂടെയൊഴുകി വരും. മൊബൈല്‍ ഫോണിന്റെ കൊച്ചു തുരുത്തില്‍ ജീവിതത്തിന്റെ ഏറിയ സമയവും തളച്ചിടാന്‍ തുടങ്ങിയവർ ഇത്തരം സാധ്യതകളുടെ പ്രീതി പതിന്‍മടങ്ങാക്കി. സോഷ്യല്‍ മീഡിയയാല്‍ നിയന്ത്രിക്കപ്പെടുന്ന സൈബര്‍ ചുറ്റുവട്ടങ്ങള്‍ കണ്ടന്റുകളുടെ ചന്തയായതോടെ മൊബൈല്‍ ഫോണ്‍ ക്യാമറ പ്രവർത്തിപ്പിക്കുന്ന ആരും മീഡിയയും അവര്‍ പകർത്തുന്ന എന്തും കണ്ടന്റുമായി. അങ്ങനെ ‘കണ്ടന്റുകളായി’ ജീവിതം തകർന്നവരും മരണത്തിലേക്കൊളിച്ചോടിയവുമെത്രയോ...

ലോകത്ത് ഏറ്റവുമധികം ജനപ്രീതിയും പ്രചാരവുമുള്ള കലാരൂപമെന്ന നിലയില്‍ സിനിമയ്ക്കും അതുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന എന്തിനും വിപണി മൂല്യമുണ്ടെന്നുറപ്പായതിനാല്‍ ആ വട്ടത്തിനു ചുറ്റും ഒരു ഓണ്‍ലൈന്‍ മാധ്യമ സംസ്‌ക്കാരം പതിയേപ്പതിയേ രൂപപ്പെട്ടു. അത്തരക്കാരുടെ ഏക ലക്ഷ്യം സിനിമയില്‍ കുന്നു കൂടുന്ന പണത്തിന്റെ ഒരു പങ്കായിരുന്നു. ഒപ്പം സിനിമയെന്ന മായികതയുടെ ഓരം ചേര്‍ന്നു ജീവിക്കുവാനുള്ള കൊതിയും, സിനിമയുമായി ബന്ധപ്പെട്ട ഇക്കിളിയെഴുത്തുകളിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ചുണ്ടാക്കുന്ന വ്യൂസും. അതിനായി അവര്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു ഫിലിം പ്രമോഷന്‍. ചില വ്യാജന്‍മാര്‍ പണം മാത്രം ലക്ഷ്യമാക്കി ഈ ഉത്തരവാദിത്വം അതിന്റെ യാതൊരു ഗൗരവവുമില്ലാതെ ഏറ്റെടുക്കുവാന്‍ തുടങ്ങിയതോടെയാണ് ‘പ്രമൊഷന്‍’ എന്നത് കുരങ്ങന്റെ കൈയില്‍ കിട്ടിയ പൂമാല പോലെയായതും പോകെപ്പോകെ സിനിമാക്കാർ തന്നെ അതിനെതിരെ തിരിഞ്ഞതും. സിനിമയുടെ കച്ചവട – ജനപ്രിയ സാധ്യത മുന്നില്‍ കണ്ട് പത്രപ്രവര്‍ത്തന പരിചയവും വൈദഗ്ദ്യവും ഇല്ലാത്ത ചിലര്‍ ഓണ്‍ലൈന്‍ ചാനലുകൾ ആരംഭിച്ച് സിനിമാ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്നതിന് എത്രയെത്ര ഉദാഹരണങ്ങള്‍.

‘ന്യൂ ജനറേഷന്‍’ ടാഗോടെ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടരാണ് സിനിമയുടെ പ്രചരണത്തിനും പരസ്യ തന്ത്രങ്ങള്‍ക്കുമായി ഓണ്‍ലൈന്‍ മാധ്യമങ്ങളെ ആദ്യമായി ഉപയോഗിച്ചത്. അത്തരത്തില്‍ ചില ചിത്രങ്ങള്‍ക്ക് ലഭിച്ച ശ്രദ്ധ ആ വഴിയില്‍ നടക്കാന്‍ മറ്റുള്ളവരെയും പ്രേരിപ്പിച്ചു. അതോടെ കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി കൂണുകള്‍ പോലെ ഓണ്‍ലൈന്‍ ചാനലുകൾ മുളച്ചുപൊന്തി. അതില്‍ ഒന്നിന്റെയും പിന്നില്‍ പത്രപ്രവര്‍ത്തകരോ, പരിചയ സമ്പന്നരോ അല്ലെന്നോർക്കുക. ഇത്തരക്കാർ ‘വ്യൂസ്’ മാത്രം ലക്ഷ്യമാക്കി പടച്ചുവിടുന്ന ദൃശ്യങ്ങൾ ഗുരുതരമായ പ്രത്യാഘാതമാണ് പോകെപ്പോകെ സിനിമ പ്രവര്‍ത്തകരിലുണ്ടാക്കിയതെന്നും മറക്കാവുന്നതല്ല.

സിനിമ പ്രമോഷന്‍ എന്ന പേരില്‍ പണം പിടുങ്ങലാണ് ഇക്കൂട്ടരുടെ രീതി. ആ വരുമാനത്തിലാണിവരിൽ പലരും പിടിച്ചു നില്‍ക്കുക. ഓരോ പേജിനു പിന്നിലും ഒന്നോ രണ്ടോ ആളുകളുണ്ടാകും. ലക്ഷക്കണക്കിന് ലൈക്കും ഫോളോവേഴ്‌സുമുള്ള പേജുകൾ കാട്ടിയാണ് ഇവരുടെ പണം പിരിക്കല്‍. അത് സിനിമകളുടെ പ്രചരണത്തിന് ഏറ്റവും വലിയ ഒരു സാധ്യതയാണെന്ന തോന്നല്‍ സൃഷ്ടിക്കുവാനും അവര്‍ക്ക് കഴിഞ്ഞു.

ഒരു പുതിയ സിനിമ പ്രഖ്യാപിക്കപ്പെടുമ്പോഴേ അതിന്റെ നിര്‍മ്മാതാക്കളുമായോ അണിയറ പ്രവര്‍ത്തകരുമായോ ചിലപ്പോള്‍ അഭിനേതാക്കളെ തന്നെയോ വിളിച്ചു ചിത്രത്തിന്റെ പ്രമോഷനു പണമാവശ്യപ്പെട്ടു തുടങ്ങും. സമ്മതിക്കാത്തവര്‍ക്ക് നിന്റെ സിനിമ ‘നശിപ്പിച്ചു കളയും’ എന്ന ഭീഷണിയാകും മറുപടി. അതിനും വഴങ്ങിയില്ലങ്കില്‍ ചിത്രത്തിന്റെ റിലീസ് ദിവസം തന്നെ നെഗറ്റീവ് റിവ്യൂ നല്‍കിയും തുടര്‍ച്ചയായി കു:പ്രചരണം നടത്തിയും പ്രേക്ഷകരുടെ താൽപര്യം തല്ലിക്കെടുത്തുന്ന നീചമായ പ്രതികാര നടപടികള്‍ ആരംഭിക്കും. അത്തരത്തില്‍ ‘ഓണ്‍ലൈന്‍ വൈറസ്’ വ്യാപകമായതോടെ സിനിമക്കാരും ഭയന്നു. പാലു കൊടുത്ത കൈക്കു തന്നെ ഇത്തരക്കാര്‍ കൊത്തിത്തുടങ്ങിയപ്പോള്‍ ആദ്യമൊക്കെ ആ മോഹവലയത്തില്‍ വീണ സിനിമാക്കാര്‍ ചതി മനസ്സിലാക്കി പതിയെപ്പതിയെ പിന്‍മാറിത്തുടങ്ങി. അതോടെ കുയിലുകളും കിളികളുമൊക്കെ ചില്ല മാറ്റി.

ഇപ്പോൾ, ഒരു മൊബൈൽ ഫോൺ ക്യാമറയുമായി സിനിമാക്കാരുടെ സാന്നിധ്യമുള്ള ഇടങ്ങളിലൊക്കെ തള്ളിക്കയറി ദൃശ്യങ്ങള്‍ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു വരുമാനം കണ്ടെത്തുകയാണ് ഈ പേജുകളുടെ പ്രധാന പണി. അതിനു മരണവീടെന്നോ കല്യാണവീടെന്നോ വ്യത്യാസമില്ല. വെള്ളം കുടിക്കുന്ന നടന്റെ വിഡിയോയ്ക്ക് ‘സാധാരണക്കാരെ പോലെ വെള്ളം കുടിക്കുന്ന താരത്തെ കണ്ടോ’ എന്ന ക്യാപ്ഷൻ കൊടുത്ത് ഒന്നോ രണ്ടോ മിനിറ്റ് വിഡിയോ നിർമിക്കുന്നതാണ് ഇവരുടെ ‘ഫിലിം ജേണലിസം’. ചില സിനിമാഭിനയ മോഹികൾ തങ്ങള്‍ പോകുന്നയിടങ്ങളിലൊക്കെ ഇത്തരക്കാരെ ഒപ്പം കൂട്ടി, വിഡിയോ പകർത്തി, ‘യുവ നടി ജിമ്മിൽ നിന്നിറങ്ങിപ്പോകുന്നു...’, ‘യുവനടൻ ലുലു മോളിൽ കറങ്ങുന്നു’, ‘യുവതാരം തിയറ്ററിൽ നിന്നു പോപ് കോൺ തിന്നുന്നു’, ‘പുതിയ ഫോൺ വാങ്ങുന്ന താരത്തെ മനസ്സിലായോ’ എന്നൊക്കെയുള്ള ക്യാപ്ഷനുകളോടെ നാലോ അഞ്ചോ പേജുകളിൽ പ്രചരിപ്പിച്ച് ഭാഗ്യത്തിന്റെ വിളി പ്രതീക്ഷിച്ചിരിക്കുന്നതും ഇപ്പോൾ സാധാരണമാണ്. ഇതിനൊക്കെ വലിയ തുകയാണ് ഈ പേജുകളും അവയെ കണ്ട്രോൾ ചെയ്യുന്ന മാഫിയയും ഈടാക്കുന്നത്. ഒരു താരം മരിച്ചാലോ, ഏതെങ്കിലും താരം കല്യാണം കഴിച്ചാലോ ഒക്കെ ഇത്തരക്കാർക്ക് ചാകരയാണ്. എന്തും ഏതും പകർത്തി യാതൊരു നിയന്ത്രണവുമില്ലാതെ സൈബർ ലോകത്ത് പ്രചരിപ്പിച്ച് സായൂജ്യമടയാനുള്ള അവസരങ്ങളാണല്ലോ അവയിലൂടെക്കിട്ടുക. ആ വൃത്തികേടിനു നേരെയാണ് ചന്തു സലിം കുമാർ ഒച്ചയുയർത്തിയത്, ത്യാഗരാജൻ കുമാരരാജ ‘പോങ്കയ്യാ...അസിങ്കമായില്ലൈ ഉങ്കളുക്ക്...’ എന്നമർഷപ്പെട്ടത്...

The Dark Side of Fame: When Privacy Becomes a Commodity:

The article discusses the intrusive behavior of paparazzi and social media influencers who violate celebrity privacy, even at funerals, highlighting incidents involving director Thiagarajan Kumararaja and actor Salim Kumar's son, Chandu. It argues that celebrities themselves have fostered this culture through paid promotions and a relentless pursuit of views and publicity.

ADVERTISEMENT