ലോകസിനിമയിലെ മികച്ച സൃഷ്ടികളെ അവതരിപ്പിക്കുന്ന കോളം, പ്രശസ്ത സംവിധായകനും ചിത്രകാരനുമായ സുധി അന്ന എഴുതുന്ന ‘വേൾഡ് മൂവീവ്’. ഈ ലക്കം ‘എ പ്രൈവറ്റ് ലൈഫ് (2025)’ സിനിമയെക്കുറിച്ച് എഴുതിയതു വായിക്കാം –
ഒരു വ്യക്തിയെ മുഴുവനായി അറിയുക എന്നത് എത്രമാത്രം അസാധ്യമാണ്. ഫിലോസഫിക്കലായ ഈ വിഷയമാണ് ഫ്രഞ്ച് ചലച്ചിത്ര സംവിധായിക റെബേക്ക സ്ലോട്ടോവ്സ്കി സംവിധാനം ചെയ്ത് 2025-ൽ പുറത്തിറങ്ങിയ ചിത്രമായ ‘എ പ്രൈവറ്റ് ലൈഫ്’ മുന്നോട്ട് വയ്ക്കുന്നത്. ലോകപ്രശസ്ത സംവിധായകനായ ഹിച്ച്കോക്കിന്റെ സിനിമകളുടെ സസ്പെൻസ് ഓർമ്മിപ്പിക്കും വിധം പാരീസിലെ ഒരു അമേരിക്കൻ മനഃശാസ്ത്രജ്ഞയുടെ സ്വകാര്യവും പ്രൊഫഷണലുമായ ജീവിതത്തിലെ പ്രതിസന്ധികളെയും വിഭ്രാത്മകചിന്തകളേയും താളാത്മകമായി സമന്വയിപ്പിച്ച ഈ സിനിമ ഓരോ കാഴ്ചയിലും പ്രേക്ഷകനെ അത്ഭുതപ്പെടുത്തുന്നു. മനഃശാസ്ത്രപരമായ മിസ്റ്ററി, ബ്ലാക്ക് കോമഡി, പ്രണയം, നൊസ്റ്റാൾജിയ എന്നിവയുടെ മനോഹരമായ ഒരു സങ്കലനമാണ് ‘എ പ്രൈവറ്റ് ലൈഫ്’ എന്നു അടയാളപ്പെടുത്താതിരിക്കാനാവില്ല.
സംവിധായിക റെബേക്ക സ്ലോട്ടോവ്സ്കി യൂറോപ്പിലെ ജൂത സ്വത്വത്തെയും നിലവിലെ സാമൂഹികാന്തരീക്ഷത്തെയും സിനിമയുടെ രാഷ്ട്രീയമായി വളരെ വിദഗ്ദ്ധമായി അടയാളപ്പെടുത്തുന്നുണ്ട്. യൂറോപ്പിൽ വീണ്ടും തലപൊക്കുന്ന ജൂതവിരുദ്ധതയുടെ സൂചനയായി ചിത്രത്തിൽ പലയിടത്തും സ്വസ്തിക ചിഹ്നങ്ങൾ പ്രത്യക്ഷപ്പെടുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
പാരീസിൽ സ്ഥിരതാമസമാക്കിയ ജൂത-അമേരിക്കൻ സൈക്കോ അനലിസ്റ്റായ ഡോ. ലിലിയൻ സ്റ്റൈനർ തന്റെ ഔദ്യോഗിക ജീവിതത്തിൽ വളരെ കർക്കശക്കാരിയും ചിട്ടയുള്ളവളുമാണ്. രോഗികളുമായുള്ള സെഷനുകൾ റെക്കോർഡ് ചെയ്യാൻ കാലഹരണപ്പെട്ട സോണി മിനിഡിസ്ക് റെക്കോർഡർ ഉപയോഗിക്കുന്നത് അവരുടെ ഒരു സവിശേഷതയാണ്. എന്നാൽ അപ്രതീക്ഷിതമായി ലിലിയന്റെ പരിചരണത്തിലിരുന്ന രോഗിയായ പൗള കോഹൻ - സോളാൽ മരണപ്പെടുന്നു. ഇതൊരു ആത്മഹത്യയാണെന്നാണ് പോലീസും മറ്റുള്ളവരും കരുതുന്നത്. പൗളയുടെ മകൾ വാലേരി ശവസംസ്കാരചടങ്ങിൽ പങ്കെടുക്കാൻ ലിലിയനെ ക്ഷണിക്കുന്നു. എന്നാൽ പൗളയുടെ ഭർത്താവ് സൈമൺ, ലിലിയൻ എഴുതി നൽകിയ മരുന്നുകൾ അമിതമായി കഴിച്ചാണ് പൗള മരിച്ചതെന്ന് ആരോപിച്ച് ലിലിയനെ അവിടെ നിന്നും പുറത്താക്കുന്നു. ഈ സംഭവങ്ങൾ ലിലിയനെ കടുത്ത ഭയത്തിലേക്കും മാനസിക സമ്മർദ്ദത്തിലും എത്തിക്കുന്നു. പൗളയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അത് കൊലപാതകമാണെന്നും ലിലിയൻ സംശയിക്കുന്നു. ഈ അന്വേഷണ വഴികളിലൂടെ തനിക്കേറ്റവും അടുത്ത രോഗിയെ താൻ യഥാർത്ഥത്തിൽ മനസ്സിലാക്കിയിരുന്നില്ലെന്ന വലിയ തിരിച്ചറിവിലേക്ക് ലിലിയൻ എത്തിച്ചേരുന്നു. ഒടുവിൽ, തങ്ങളുടെ വ്യക്തിപരമായ അസ്വസ്ഥതകളിൽ നിന്നും മുൻവിധികൾ നിറഞ്ഞ മാനസികചിന്തകളിൽ നിന്നും ലിലിയൻ മോചിക്കപ്പെടുന്നു.
ഹോളിവുഡ് ഇതിഹാസം ജോഡി ഫോസ്റ്ററുടെ അസാധാരണ തിരിച്ചുവരവായിരുന്നു ലിലിയൻ എന്ന കഥാപാത്രം. രണ്ട് തവണ ഓസ്കാർ ജേതാവായ ജോഡി ഫോസ്റ്റർ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ചതും സങ്കീർണ്ണവുമായ ഒരു കഥാപാത്രത്തെയാണ് ഇതിൽ അവതരിപ്പിച്ചത്. ലിലിയന്റെ മുൻഭർത്താവ് ഗബ്രിയേലായി എത്തിയ ഡാനിയൽ ഔട്ടീലിന്റെ പ്രകടനം വളരെ സ്വാഭാവികവും ഊഷ്മളവുമായിരുന്നു. ലിലിയനും ഗബ്രിയേലും തമ്മിലുള്ള തർക്കങ്ങളും സ്നേഹപ്രകടനങ്ങളും ചിത്രത്തിന് വലിയൊരു പ്രണയാന്തരീക്ഷം നല്കുന്നുണ്ട്.
ലിലിയന്റെ ഉപബോധമനസ്സിനെ വെളിപ്പെടുത്തുന്ന ഹിപ്നോട്ടിക് സ്വപ്നരംഗം സിനിമയുടെ ദാർശനികവും വൈകാരികവുമായ വശങ്ങളെ കൂടുതൽ ദൃഢമാക്കുന്നു. നാസി അധിനിവേശ കാലത്തെ പാരീസിൽ താനും മരണപ്പെട്ട പൗളയും കാമുകിമാരായിരുന്നുവെന്നും, സൈമൺ നയിക്കുന്ന ഒരു സംഗീത ബാൻഡ് പിന്നീട് തങ്ങളെ കൊല്ലാനുള്ള നാസി ഫയറിംഗ് സ്ക്വാഡായി മാറുന്നുവെന്നും സ്വന്തം മകൻ ജൂലിയൻ ഒരു നാസി ഓഫീസറുടെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുവെന്നും ലിലിയൻ കാണുന്നു. ഈ സ്വപ്നം ജൂതരുടെ തലമുറകളായി പടരുന്ന ഭയത്തിന്റെയും ചരിത്രപരമായ ആഘാതങ്ങളുടെയും നേർകാഴ്ചകളായി സിനിമയുടെ രാഷ്ട്രീയവും വ്യക്തമാക്കുന്നു.
ആൻ ബെറെസ്റ്റ്, ഗെയ്‌ൽ മേസ് എന്നിവരുമായി ചേർന്ന് സംവിധായിക തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. 2024 സെപ്റ്റംബർ 30 മുതൽ നവംബർ 22 വരെ പാരീസിലും നോർമണ്ടിയിലുമായി ചിത്രീകരിച്ച ഈ ചിത്രം 2025 മേയ് 20-ന് കാൻ ഫിലിം ഫെസ്റ്റിവലിലെ ‘ഔട്ട് ഓഫ് കോംപറ്റീഷൻ’ വിഭാഗത്തിലാണ് ആദ്യമായി പ്രദർശിപ്പിച്ചത്. അവിടെ പത്ത് മിനിറ്റിലധികം നീണ്ടുനിന്ന കയ്യടിയോടെയാണ് ചിത്രം സ്വീകരിക്കപ്പെട്ടത്.
പ്രോക്സിമ, പ്ലാനിറ്റേറിയം തുടങ്ങിയ വിഖ്യാത സിനിമകളുടെ ക്യാമറ ചലിപ്പിച്ച ജോർജ്ജ് ലെചാപ്തോയിസ് ആണ് ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫി ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ക്യാമറാ ചലനങ്ങൾ ലിലിയന്റെ പാരീസിലെ ഫ്ലാറ്റിനുള്ളിൽ തികഞ്ഞ ശാന്തതയോടെയും മനോഹരമായും പ്രവർത്തിച്ചു. 1980-കളിലെ ഫ്രഞ്ച് ത്രില്ലറുകളെ ഓർമ്മിപ്പിക്കുന്ന തിളക്കമാർന്നതും എന്നാൽ വിഷാദം നിറഞ്ഞതുമായ ദൃശ്യാവിഷ്കാരമാണ് ലണ്ടനും പാരീസും പശ്ചാത്തലമാക്കിയുള്ള രംഗങ്ങളിൽ അദ്ദേഹം ഒരുക്കിയിട്ടുള്ളത്. നോർമണ്ടിയിലെ കനത്ത മഴയത്തുള്ള രാത്രി ദൃശ്യങ്ങളും, സ്വപ്നങ്ങളിലെ നീല കലർന്ന ലൈറ്റിംഗും ലിലിയന്റെ മനസികവ്യാപാരങ്ങളെ പ്രേക്ഷകനിൽ എത്തിക്കാൻ ദൃശ്യങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ചലച്ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരു കഥാപാത്രം പോലെ പ്രാധാന്യമുള്ളതാണ്. പ്രശസ്ത സംഗീതസംവിധായകൻ റോബിൻ കൂട്ടെർട്ട് ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഗൗരവമേറിയ പല രംഗങ്ങളുടെയും പ്രാധാന്യം കുറയ്ക്കാതെ സിനിമയുടെ ഹൃദയമിടിപ്പുകൾ പോലെ കൊണ്ടുവരാൻ റോബിന്റെ സംഗീതത്തിന് കഴിയുന്നുണ്ട്. തിരക്കഥയും ക്യാമറയും സംഗീതവും ജൂഡി ഫോസ്റ്റർക്ക് ഒപ്പം മൽസരിച്ച് അഭിനയിക്കുന്ന അപൂർവ്വം സിനിമകളിൽ ഒന്നാണിത്.
‘എ പ്രൈവറ്റ് ലൈഫ്’ കേവലം ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രം മാത്രമല്ല. അത് ശാസ്ത്രീയ സിദ്ധാന്തങ്ങൾക്കും അപ്പുറം മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളെയും യഥാർത്ഥ ബന്ധങ്ങളുടെ ആഴത്തെയും അടയാളപ്പെടുത്തുന്ന സമകാലിക ഫ്രഞ്ച് സിനിമയിലെ ഏറ്റവും തിളക്കമാർന്ന അധ്യായങ്ങളിലൊന്നാണ്...