ജനപ്രീതിയിലും കച്ചവടസാധ്യതകളിലും മുന്നിൽ നിന്ന ഒന്നാം നിരയോടു ചേർന്ന്, രണ്ടാമതെന്നോ മൂന്നാമതെന്നോ താഴ്ത്തിപ്പറയാനാകാത്ത ഒരു സമാന്തരധാര കൊമേഴ്സ്യൽ തമിഴ് സിനിമയിൽ എക്കാലവും സജീവമായിരുന്നു. അങ്ങനെയൊരു ലെയറിന്റെ വസന്തകാലത്തെയാണ് കെ.ഭാഗ്യരാജ് എന്ന ചലച്ചിത്ര പ്രതിഭ പ്രതിനിധീകരിക്കുന്നത്. എം ജി ആറും ശിവാജി ഗണേശനും ജെനിമി ഗണേശനും കമൽഹാസനും രജനികാന്തും മോഹനും വിജയകാന്തുമൊക്കെ നിറഞ്ഞു നിൽക്കവേയാണ് കോളിവുഡിൽ തന്റെതായ പ്രേക്ഷകരെയും ആരാധകരെയും സൃഷ്ടിച്ച് അദ്ദേഹം വിലസിയത്.
അതിനാടകീയതയിലും അമാനുഷികനായകത്വത്തിലും മുഴുകിയ തമിഴ് സിനിമയെ മനുഷ്യബന്ധങ്ങളിലെ വൈകാരിക വിനിമയങ്ങളിലേക്കും ഗ്രാമീണജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളിലേക്കും ഇറക്കി നിർത്തിയ വിഖ്യാത സംവിധായകൻ ഭാരതീരാജയുടെ ശിഷ്യനാണ് ഭാഗ്യരാജ്. പക്ഷേ, ഗുരുവിന്റെ സിനിമാസങ്കൽപ്പങ്ങളിലെ ‘റിയലിസം’ മാത്രമേ ഭാഗ്യരാജ് സ്വീകരിച്ചുള്ളൂ. അതിനെ കൊമേഴ്സ്യൽ സിനിമയുടെ അഭിവാജ്യഘടകങ്ങളുമായി ലയിപ്പിച്ച് മധ്യവർഗ നാഗരിക – ഗ്രാമീണ മനുഷ്യരുടെ കഥപറയാനാണ് ഭാഗ്യരാജ് ശ്രമിച്ചത്. തിരക്കഥയെഴുത്തിൽ തനിക്കുള്ള കൈത്തഴക്കം അതിലദ്ദേഹത്തെ ഏറെ സഹായിച്ചു.
തുടർച്ചയായി 10 സൂപ്പർ ഹിറ്റുകൾ
തമാശയും പാട്ടും ആക്ഷനും ഫാമിലി ഡ്രാമയും ഇമോഷൻസും കോമഡിയുമൊക്കെയുള്ള കച്ചവട സിനിമകളൊരുക്കുമ്പോഴും അതിനുള്ളിലൂടെ സമൂഹത്തിലേക്കൊരു കണ്ണാടി തിരിച്ചു പിടിക്കാൻ അദ്ദേഹം എപ്പോഴും ശ്രമിച്ചു. മാച്ചോ - ഹീറോയിക് വേഷങ്ങളിൽ നിന്നു വ്യത്യസ്തമായ, പ്രേക്ഷകര്‍ക്ക് തങ്ങളുടെ ചുറ്റുപാടുകളിൽ നിന്നു കണ്ടെടുക്കാവുന്ന തരം ‘എവരിഡേ ഹീറോസ്’ ആയിരുന്നു ഭാഗ്യരാജിന്റെ നായകന്മാര്‍.
ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളുടെ ഒടുവിൽ തുടങ്ങി ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളുടെ അവസാനം വരെയുള്ള രണ്ടു പതിറ്റാണ്ടാണ് സിനിമയിൽ ഭാഗ്യരാജിന്റെ സജീവകാലം. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, ഗാനരചയിതാവ്, സംഗീതസംവിധായകൻ, ഗായകൻ, നിർമാതാവ്, എഡിറ്റർ എന്നിങ്ങനെ സിനിമയുടെ സകലമേഖലകളിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചു. 25 സിനിമകൾ സംവിധാനം ചെയ്ത ഭാഗ്യരാജ് എഴുപത്തിയഞ്ചിലേറെ സിനിമകളിൽ അഭിനയിച്ചു. ഒട്ടേറെ തിരക്കഥകളെഴുതി. തുടർച്ചയായി 10 സൂപ്പർ ഹിറ്റുകൾ ഒരുക്കിയ സംവിധായകനെന്ന റെക്കോഡിനും ഉടമയാണ്. തെലുഗു, ഹിന്ദി സിനിമകളും സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം ടെലിവിഷൻ പരമ്പരകളും ഒരുക്കി. ഒന്നുമില്ലായ്മയില്‍ നിന്നു തമിഴകത്തിന്റെ ‘തിരക്കഥൈ മന്നനിലേക്കുള്ള’ ആ യാത്ര സിനിമയിൽ ഭാഗ്യം തേടിയിറങ്ങുന്ന ആര്‍ക്കും പ്രചോദനമാണ്.
ഒരു എം ജി ആർ രസികൻ
ഈ റോഡിലെ ഗോപിച്ചെട്ടിപാളയത്തിനു സമീപം വെള്ളക്കോവിലിലാണ് കൃഷ്ണസ്വാമി ഭാഗ്യരാജ് എന്ന കെ.ഭാഗ്യരാജ് ജനിച്ചത്. കൃഷ്ണസ്വാമിയും അമരാവതിയമ്മയുമാണ് മാതാപിതാക്കൾ. കുട്ടിക്കാലത്തേ സിനിമ ഭാഗ്യരാജിന്റെ മനസ്സില്‍ കയറിയതാണ്. എം.ജി.ആറിന്റെ കടുത്ത ആരാധകനായിരുന്നു. നാടകത്തിലാണ് തുടക്കം. പിന്നീട് സിനിമയെന്ന മോഹവുമായി ചെന്നൈയിലേക്കു വന്നു. ഏറെ അലച്ചിലുകൾക്കൊടുവിൽ ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ഭാരതിരാജയുടെ സംവിധാന സഹായിയായി. ‘16 വയതിനിലേ’ എന്ന സിനിമയിൽ തുടക്കം. ഒപ്പം ഒരു ചെറിയ വേഷവും കിട്ടി. ഭാരതിരാജയുടെ തന്നെ ‘കിഴക്ക് പൂക്കും റെയിലി’ലൂടെ തിരക്കഥാ - സംഗീത സംവിധാന സഹായിയായി. ‘സിഗപ്പു റോജാക്കളുടെ’ സംഭാഷണരചയിതാവുമായി. അതാണ് വഴിത്തിരിവ്.
1979 - ൽ തിയറ്ററുകളിലെത്തിയ ‘സുവരില്ലാത സിത്തിരങ്കൾ’ ആണ് സംവിധായകനായ ആദ്യ സിനിമ. തുടർന്ന് മൗനഗീതങ്ങൾ, അന്ത ഏഴ് നാട്കൾ, ഡാർലിങ് ഡാർലിങ്, മുന്താണൈ മുടിച്ച്, ചിന്ന വീട്, എങ്ക ചിന്ന രാസ, സുന്ദര കാണ്ഡം, രാസുകുട്ടി തുടങ്ങി ഒട്ടേറെ ഹിറ്റുകളൊരുക്കി. പലതിലും ഭാഗ്യരാജാണ് നായകനായതും. 1983-ൽ ‘മുന്താണൈ മുടിച്ച്’ എന്ന ചിത്രത്തിലൂടെ ഉർവശിയെ അഭിനയരംഗത്തെത്തിച്ച ഭാഗ്യരാജ് ഈ സിനിമയിലൂടെ മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്‌കാരവും നേടി. മകൻ ശന്തനു നായകനായ ‘സിദ്ദു പ്ലസ് ടു’ ആണ് അവസാനം സംവിധാനം ചെയ്ത സിനിമ. ‘മിസ്റ്റർ മരുമകൻ’ എന്ന മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ‘കുബേര’ ആണ് അവസാനം അഭിനയിച്ച സിനിമ. ഒട്ടേറെ നോവലുകളും രചിച്ചിട്ടുള്ള ഭാഗ്യരാജ് ‘ഭാഗ്യ’ എന്ന വാരികയുടെ പത്രാധിപരുമായിരുന്നു.
സിനിമയെ വെല്ലുന്ന പ്രണയം
ജീവിതത്തില്‍ സിനിമയെ വെല്ലുന്ന പ്രണയകഥയിലെ നായകൻ കൂടിയാണ് ഭാഗ്യരാജ്. ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ തമിഴ് സിനിമയിൽ സജീവമായിരുന്ന നടി പ്രവീണയാണ് അദ്ദേഹത്തിന്റെ ആദ്യ ഭാര്യ. മലയാളിയായ പ്രവീണയും ഭാഗ്യരാജും പ്രണയിച്ച് വിവാഹിതരായവരാണ്. പക്ഷേ, രണ്ട് വര്‍ഷം മാത്രമായിരുന്നു ആ മനോഹരദാമ്പത്യത്തിന്റെ ആയുസ്സ്. അപ്പോഴേക്കും മരണം പ്രവീണയെ കവര്‍ന്നെടുത്തു. താന്‍ ജീവിതത്തില്‍ നേടിയ വിജയങ്ങളെല്ലാം ഭാഗ്യരാജ് സമര്‍പ്പിക്കുന്നത് പ്രവീണയ്ക്കാണ്.
ഭാരതിരാജയുടെ ‘പുതിയ വാര്‍പ്പുക്കള്‍’ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. അക്കാലത്ത് സഹസംവിധായകൻ മാത്രമായിരുന്ന ഭാഗ്യരാജ് സിനിമയില്‍ ഒരിടം കണ്ടെത്താനുള്ള കഠിനപരിശ്രമത്തിലായിരുന്നു. തിരക്കേറിയ താരമായിരുന്നു പ്രവീണ. കെ.ബാലചന്ദറിന്റെ ‘മന്മഥലീല’ എന്ന ചിത്രത്തിലൂടെ തുടങ്ങിയ അവർ പിന്നീട് തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം സജീവമായി. രജനികാന്ത് ചിത്രം ‘ബില്ല’യിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.
‘പുതിയ വാര്‍പ്പുക്കളി’ലെ നായികയായ പ്രവീണയെ തമിഴ് പഠിപ്പിക്കുകയെന്നത് സംവിധാനസഹായിയായ ഭാഗ്യരാജിന്റെ ചുമതലയായിരുന്നു. ആ അടുപ്പം സൗഹൃദത്തിലേക്കും പതിയെ പ്രണയത്തിലേക്കും വളർന്നു. ഇടക്കാലത്ത് പ്രണയവും സിനിമയും ഉപേക്ഷിച്ച് സ്വന്തം ഗ്രാമത്തിലേക്കു തിരികെപ്പോയ ഭാഗ്യരാജ് വൈകാതെ മടങ്ങിയെത്തി. അങ്ങനെ അവര്‍ വീണ്ടും ഒരുമിച്ചു. സിനിമയിൽ ഭാഗ്യരാജിനെ ഏറെ സഹായിച്ചിരുന്നു പ്രവീണ. 1981– ല്‍ ഭാഗ്യരാജും പ്രവീണയും വിവാഹിതരായി. മുൻനിര നായികയായി തിളങ്ങവേ, വിവാഹത്തോടെ പ്രവീണ സിനിമ വിട്ടു. അപ്പോഴേക്കും ഭാഗ്യരാജ് സിനിമ രംഗത്ത് ശ്രദ്ധേയനായിക്കഴിഞ്ഞിരുന്നു.
വിവാഹം കഴിഞ്ഞ് 2 വര്‍ഷം പിന്നിടവേ, 1983– ല്‍, മഞ്ഞപ്പിത്തം ബാധിച്ച് പ്രവീണ മരണപ്പെട്ടു. വെറും 25 വയസ്സായിരുന്നു അപ്പോൾ അവരുടെ പ്രായം. പ്രിയപ്പെട്ടവളുടെ വേർപാട് ഭാഗ്യരാജിനെ തകർത്തു. കടുത്ത വിഷാദത്തിലേക്കു പതിച്ച അദ്ദേഹത്തെ ജീവിതത്തിലേക്കു തിരികെയെത്തിക്കാൻ സുഹൃത്തുക്കളും കുടുംബവും സിനിമാലോകവും മുന്നിട്ടിറങ്ങി.
ഇനി മറ്റൊരു ദാമ്പത്യജീവിതമില്ലെന്നു തീരുമാനിച്ച ഭാഗ്യരാജിനെ അതിൽ നിന്നു പിന്തിരിപ്പിച്ചത് ഇതിഹാസ താരങ്ങളായ എന്‍ ടി ആറും എം ജി ആറുമാണ്.
തന്റെ നായികമാര്‍ക്കെല്ലാം പ്രവീണയുടെ ഛായയുണ്ടെന്നും തന്റെ സിനിമകള്‍ക്കു പിന്നിലെ നിര്‍ണായക സ്വാധീനമാണ് പ്രവീണയെന്നും ഭാഗ്യരാജ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഭാഗ്യരാജിന്റെ ഏറെ പ്രശംസ നേടിയ ‘മൗനഗീതങ്ങള്‍’ എന്ന സിനിമയ്ക്ക് പിന്നിലും പ്രവീണയുടെ സ്വാധീനം ശക്തമാണ്.
വേദനയിൽ കൂട്ടായവൾ
സിനിമയിൽ അവസരം ചോദിച്ചാണ് പൂർണിമ ജയറാം ഭാഗ്യരാജിനെ പരിചയപ്പെട്ടത്. പിന്നീട് ‘ഡാർലിംഗ് ഡാർലിംഗ് ഡാർലിംഗ്’ എന്ന സിനിമയിൽ ഭാഗ്യരാജ് പൂർണിമയെ നായികയാക്കി. ഈ ബന്ധം ഒരു നല്ല സൗഹൃദത്തിനു വഴിമാറി. പ്രവീണയുമായും പൂർണിമയ്ക്ക് സൗഹൃദമുണ്ടായിരുന്നു. പ്രവീണയുടെ വിയോഗം ഭാഗ്യരാജിൽ ഏൽപ്പിച്ച വേദനയെത്രയെന്ന് നേരിട്ടറിയാമായിരുന്നയാളാണ് പൂർണിമ. മാനസികമായി തകർന്ന ഭാഗ്യരാജിന് പൂർണിമ പൂർണ പിന്തുണ നൽകി. അങ്ങനെയാണ് അദ്ദേഹത്തിന് പൂർണിമയോട് ഇഷ്ടം തോന്നിയത്. വൈകാതെ തന്റെ ആഗ്രഹം ഭാഗ്യരാജ് പൂര്‍ണിമയേയും മാതാപിതാക്കളേയും അറിയിച്ചു. അവര്‍ സമ്മതിച്ചതോടെ 1984 ഫെബ്രുവരി ഏഴിന് പൂർണിമയും ഭാഗ്യരാജും വിവാഹിതരായി. 40 വർഷത്തെ വിവാഹജീവിതത്തിൽ മാതൃകാദമ്പതികളായിരുന്നു ഇരുവരും. നടി ശരണ്യയും നടൻ ശന്തനുവുമാണ് ഇവരുടെ മക്കൾ. വിവാഹം കഴിഞ്ഞ്, മക്കൾ രണ്ടുപേരും വളർന്നു വലുതാവുന്നതു വരെ പൂർണിമ അഭിനയത്തിൽ നിന്നു പൂർണമായി വിട്ടുനിന്നു. ഭാഗ്യരാജ് സിനിമയിൽ ഉയരങ്ങൾ കീഴടക്കി.
അമ്പതിന്റെ നിറവിൽ വിട!
എം ജി ആറുമായുള്ള ചങ്ങാത്തമാണ് ഭാഗ്യരാജിന്റെ ജീവിതത്തിലെ മറ്റൊരു അധ്യായം. എം ജി ആറിന്റെ പേരിൽ സ്വന്തം പാർട്ടിയുണ്ടാക്കി ഭാഗ്യരാജ് രാഷ്ട്രീയത്തിൽ ഇറങ്ങിയെങ്കിലും വിജയിച്ചില്ല.
സിനിമ ജീവിതത്തിന്റെ 50 വർഷം ആഘോഷിച്ച് ഏറെ വൈകാതെ ഭാഗ്യരാജ് മരണത്തിന്റെ വാതിലിനപ്പുറത്തേക്കു മറഞ്ഞിരിക്കുന്നു. 73 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സിനിമാ ലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ അദ്ദേഹത്തിന്റെ വിയോഗം. ഗുരുവായ ഭാരതീരാജ മരണപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ ഭാഗ്യരാജും മടങ്ങുന്നു എന്നത് മറ്റൊരു നോവ്.