ADVERTISEMENT

ലോകസിനിമയിലെ മികച്ച സൃഷ്ടികളെ അവതരിപ്പിക്കുന്ന കോളം, പ്രശസ്ത സംവിധായകനും ചിത്രകാരനുമായ സുധി അന്ന എഴുതുന്ന ‘വേൾഡ് മൂവീവ്’. ഈ ലക്കം ‘സിറാത്ത് (2025)’ സിനിമയെക്കുറിച്ച് എഴുതിയതു വായിക്കാം –

‘നരകത്തിന് മുകളിലൂടെ സ്വർഗത്തിലേക്ക് പോകുന്ന നൂൽപ്പലത്തിലൂടെയുള്ള ഒരു മനുഷ്യന്റെ ധാർമികയാത്രയാണ് സിറാത്ത്’

ADVERTISEMENT

ചില സിനിമകൾ തിയേറ്റർ വിട്ട് ഇറങ്ങിയാലും അവസാനിക്കുന്നതേയില്ല. അതിനുശേഷമാവും പ്രേക്ഷകന്റെയുള്ളിൽ യഥാർഥത്തിൽ ആ സിനിമ പ്രവർത്തിച്ചുതുടങ്ങുന്നത്.

സൂഫിസത്തിലെ മഹത്തായ ദർശനമാണ് ‘മരണത്തിന് മുൻപെ മരിക്കുക’ എന്നത്. മനുഷ്യന്റെ അസ്തിത്വവാദവും രാഷ്ട്രീയവുമായ സാഹചര്യങ്ങളെ ഈ ആശയത്തോട് ചേർത്തുവച്ചു വായിക്കാൻ സമകാലിക ലോകസിനിമയിൽ ‘സിറാത്ത്’ അല്ലാതെ മറ്റൊരു ചലച്ചിത്ര ഭാഷ്യമില്ല. ഫ്രഞ്ച് - സ്പാനിഷ് ചലച്ചിത്രകാരനായ ഒലിവർ ലാക്സ് സംവിധാനം ചെയ്ത് 2025 - ൽ പുറത്തിറങ്ങിയ ഈ ചലച്ചിത്രം മരുഭൂമിയുടെ പശ്ചാത്തലത്തിൽ മനുഷ്യന്റെ ആത്മീയവും അസ്തിത്വപരവുമായ അന്വേഷണങ്ങളെ റേവ് എന്ന സംഗീത സംസ്കാരവുമായി കൂട്ടിയിണക്കുന്ന സമകാലിക ലോകസിനിമയിലെ ഏറ്റവും വിപ്ലവകരവും തീക്ഷ്ണവുമായ ഒരു ദൃശ്യാനുഭവമാണ്. കാൻസ്, ഓസ്ക്കർ, മറ്റനേകം ചലച്ചിത്രമേളകളിൽ മികച്ച സിനിമയ്ക്കും സംഗീതത്തിനും ശബ്ദലേഖനത്തിനും നിരവധി പുരസ്കാരങ്ങൾ സിറാത്തിനെ തേടിയെത്തിയിട്ടുണ്ട്. സംഗീതത്തിന്റെ ശബ്ദവിന്യാസങ്ങളെ ഹൃദയത്തുടിപ്പുപോലെ പ്രേക്ഷകരിൽ എത്തിച്ച ഈ ചിത്രത്തിന്റെ തിരക്കഥാരചന നിർവ്വഹിച്ചിരിക്കുന്നത് സംവിധായകനായ ഒലിവർ ലാക്സെയും സാന്തിയാഗോ ഫിലോളും ചേർന്നാണ്.

ADVERTISEMENT

സിനിമയുടെ ആദ്യ നിമിഷങ്ങൾ തന്നെ ഒരു മുന്നറിയിപ്പുപോലെയാണ്. വിശാലമായ മരുഭൂമി, പൊടിക്കാറ്റ്, ദൂരെ നിന്ന് കേൾക്കുന്ന അലറിക്കരയുന്ന ഇലക്ട്രോണിക് സംഗീതത്തിന്റെ പശ്ചാത്തലത്തിൽ, മരുഭൂമിയിലെ മലനിരകളിൽ നടക്കുന്ന ഭ്രാന്തമായ ഒരു ‘റേവ് പാർട്ടി’യുടെ ദൃശ്യങ്ങളോടെയാണ് സിനിമ ആരംഭിക്കുന്നത്. പശ്ചാത്തലത്തിൽ മറിയുന്ന നിയോൺ വെളിച്ചങ്ങൾക്കും പുകപടലങ്ങൾക്കും ഇടയിൽ, ഉറക്കമില്ലാത്ത രാത്രികളിൽ നൃത്തം ചെയ്യുന്ന ചെറുപ്പക്കാരുടെ ആൾക്കൂട്ടത്തിനിടയിലൂടെ സ്പാനിഷ്കാരനായ ലൂയിസ് എന്ന മധ്യവയസ്കനായ പിതാവും അദ്ദേഹത്തിന്റെ കൗമാരക്കാരനായ മകൻ എസ്റ്റബനും തങ്ങളുടെ വളർത്തുനായ പിപ്പയുമൊത്ത് തെക്കൻ മൊറോക്കോയിലെ മരുഭൂമിയിലെത്തുന്നതോടെയാണ് ചിത്രത്തിന്റെ കഥ മറ്റൊരു ദിശയിലൂടെ മാറി സഞ്ചരിക്കുന്നത്. അഞ്ച് മാസം മുമ്പ് ഒരു റേവ് പാർട്ടിക്കിടെ കാണാതായ മകൾ മാരിനയെ അന്വേഷിച്ചാണ് അവർ അവിടെയെത്തുന്നത്. എന്നാൽ, ആഗോളതലത്തിൽ മൂന്നാം ലോകമഹായുദ്ധം ആരംഭിച്ചെന്ന വാർത്തകളെത്തുടർന്ന് സൈന്യം ഇടപെടുകയും റേവ് പാർട്ടി നിർബന്ധിതമായി അവസാനിപ്പിക്കാൻ ഉത്തരവിടുകയും ചെയ്യുന്നു. ഈ പ്രതിസന്ധിക്കിടയിൽ, അതിർത്തിക്കപ്പുറത്ത് നടക്കുന്ന മറ്റൊരു വലിയ പാർട്ടിയിലേക്ക് പോകുന്ന അഞ്ച് റേവർമാരെ (ജേഡ്, ടോണിൻ, ജോഷ്, സ്റ്റെഫ്, ബിഗ്വി) ലൂയിസ് പരിചയപ്പെടുന്നു. മകൾ അവിടെയുണ്ടാകുമെന്ന പ്രതീക്ഷയിൽ ലൂയിസും എസ്റ്റബനും തങ്ങളുടെ ചെറിയ വാനിൽ ഇവരെ പിന്തുടരുന്നു. മൌറീട്ടെനിയൻ അതിർത്തിക്കടുത്തുള്ള മരുഭൂമിയുടെ ആഴങ്ങളിൽ എത്തിച്ചേരുന്ന ആ യാത്രാ സംഘം ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ നേരിടുന്ന പ്രതിസന്ധികളാണ് കാഴ്ചക്കാരനെ വൈകാരികതയുടെ നൂൽപ്പലത്തിലൂടെ നടത്തിക്കുന്നത്.

സെർജി ലോപ്പസ് എന്ന സ്പാനിഷ് താരം തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ലൂയിസ് എന്ന കഥാപാത്രത്തിലൂടെ കാഴ്ചവച്ചിരിക്കുന്നത്. ലൂയിസിന്റെ കനത്ത നിശബ്ദതയും മാനസിക സംഘർഷങ്ങളും സംഭാഷണങ്ങൾ ഇല്ലാതെ തന്നെ ആ കഥാപാത്രത്തെ കൂടുതൽ കരുത്തുറ്റതാക്കി. ലൂയിസിന്റെ മകൻ എസ്റ്റബനായി അഭിനയിച്ച ബ്രൂണോ നൂനെസ് അവന്റെ അപ്രതീക്ഷിത മരണത്തിലൂടെ പ്രേക്ഷകരിൽ വൈകാരികമായ ഒരു ശൂന്യതയിൽ എത്തിച്ചു. ഈ രണ്ടുകഥാപാത്രങ്ങളും അഭിനയം ഒരു ധ്യാനമാണെന്ന് സിനിമയിലുടനീളം തെളിയിക്കുകയായിരുന്നു. ചിത്രത്തിന്റെ സാങ്കേതികമിഴിവിന് പ്രധാനമായും കാരണം 16 എം.എം ഫിലിമിൽ ദൃശ്യങ്ങൾ പകർത്തിയതാണ്. ഡിജിറ്റൽ ക്യാമറകളുടെ അനന്തസാധ്യതകൾ മൂന്നിലുള്ളപ്പോഴും അനലോഗ് ഫിലിം ഉപയോഗിച്ചതിലൂടെ മരുഭൂമിയുടെ കഠിനമായ വെയിലിനെയും മനൽത്തരികളെയും അതേ തീഷ്ണതയിൽ പകർത്താൻ ഫിലിമിന് കഴിയുമെന്നാണ് മൌറോ ഹെർസെ എന്ന ഛായാഗ്രഹൻ തെളിയിക്കുന്നത്.

ADVERTISEMENT

അവസാനമില്ലാത്ത മണൽപ്പരപ്പുകൾ, പൊടിപടലങ്ങൾ നിറഞ്ഞ റോഡ്, കനത്ത പാറക്കെട്ടുകൾ, കത്തുന്ന വെയിൽ...വിചിത്രമായ ഈ പശ്ചാത്തലം ഒരുക്കാൻ സംവിധായകന് ഒരുപാട് അലയേണ്ടിവന്നു. മൊറോക്കൻ അറ്റ്ലസ് പർവ്വതനിരകൾക്ക് സമാനമായ മറ്റൊരു ഭൂപ്രദേശം സിനിമയ്ക്കുവേണ്ടി കണ്ടെത്തിയപ്പോൾ അവിടുത്തെ വിസ്മയിപ്പിക്കുന്ന ഭൂപ്രകൃതി സംവിധായകൻ ലാക്സെയെ തിരക്കഥയിൽപ്പോലും ചില മാറ്റങ്ങൾ വരുത്താൻ പ്രേരിപ്പിക്കുകയും ചെയ്തതായി ഒരു അഭിമുഖത്തിൽ അദ്ദേഹം സംസാരിച്ചു. ചിത്രീകരണത്തിനിടയിൽ ഉണ്ടായ ശക്തമായ മണൽക്കാറ്റിൽ ക്യാമറ ലെൻസുകളും ഉപകരണങ്ങളും തകർന്നതിനെ തുടർന്ന് പിന്നീട് നിരവധി തവണ റീഷൂട്ടുകൾ നടത്തേണ്ടി വന്നിരുന്നു. മൗറോ ഹെർസെയുടെ ഛായാഗ്രഹണം കഥാപാത്രങ്ങളെക്കാൾ ഭൂപ്രകൃതിക്ക് പ്രാധാന്യം നൽകുന്ന അബ്സ്ട്രാക്ട് ശൈലിയാണ് സിനിമയിൽ പിന്തുടരുന്നത്. ക്യാമറയും കഥാപാത്രങ്ങളും തമ്മിലുള്ള അകലം ഓരോ ഫ്രയിമിലും കഥാപാത്രങ്ങൾക്ക് ആവശ്യമായ വൈകാരികമായ ഒറ്റപ്പെടലിനെ പ്രതിഫലിപ്പിക്കാനുള്ള ഒരു പുതിയ സമ്പ്രദായം അദ്ദേഹം രൂപപ്പെടുത്തി.

ഈ സിനിമയിൽ സംഗീതം പശ്ചാത്തലമല്ല പ്രാർത്ഥനയാണ്. ഓരോ മുഴക്കംപോലും വാക്കുകളേക്കാൾ ശക്തമായി പ്രേക്ഷകരുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. സംഗീതം അത്രമേൽ ആഴത്തിലാണ് സിനിമയെ സ്പർശിച്ചിരിക്കുന്നത്. ഫ്രഞ്ച് ഇലക്ട്രോണിക് സംഗീതജ്ഞനായ ഡേവിഡ് ലെറ്റെലിയർ ഒരുക്കിയ പശ്ചാത്തലസംഗീതം ചിത്രത്തിന് കാനിൽ മികച്ച സൗണ്ട് ട്രാക്ക് പുരസ്കാരം നേടിക്കൊടുത്തു. ചിത്രത്തിന്റെ അവസാന രംഗങ്ങളിൽ കേൾക്കുന്ന ആവർത്തിച്ചുള്ള അർപെജിയോസ് എന്ന സംഗീതത്തിലെ ടെക്നിക്ക് ലായ കാസനോവാസിന്റെ അസാധാരണമായ ശബ്ദലേഖനത്തിന്റെ വിപ്ലവകരമായ മാറ്റമാണ്.

പരിചിതരായ അഭിനേതാക്കൾക്കൊപ്പം യഥാർത്ഥ ജീവിതത്തിലെ റേവർമാരെ ഉൾപ്പെടുത്തിയത് ഈ ചിത്രത്തിന്റെ സ്വഭാവത്തിന് കൂടുതൽ വൈകാരികപരമായ അടുപ്പം പ്രേക്ഷകനുമായി ഉണ്ടാക്കാൻ സാധിച്ചു. ഇതിൽ ഒരൊറ്റ കാലുള്ള തെരുവ് കലാകാരനായ ടോണിൻ ജാൻവിയർ തന്റെ കൃത്രിമക്കാൽ ഉപയോഗിച്ച് ബോറിസ് വിയാന്റെ ‘ലെ ഡെസേർട്ടർ’ എന്ന ഗാനം ആലപിക്കുന്ന രംഗം സിനിമയിലെ മനോഹരവും വൈകാരികവുമായ നിമിഷങ്ങളാണ്.

‘സിറാത്ത്’ ഒരു പ്രദേശികപരമായ രാഷ്ട്രീയ സിനിമമാത്രമല്ല, മറിച്ച് ലോകമാകമാനമുള്ള മാനവീകതയുടെ അതിജീവനത്തിന്റെ ദൃശ്യവിഷ്കാരമാണ്. നാഗരികതയുടെ നാശത്തെ സൂചിപ്പിക്കുന്ന ലോകമഹായുദ്ധങ്ങളുടെ വാർത്തകൾ പശ്ചാത്തലത്തിൽ പടരുമ്പോൾ സംഗീതം കൊണ്ട് ബദൽ കുടുംബമായി മാറുന്ന റേവർ മാരുടെ സംഘം അതിർത്തി കടന്നുള്ള അഭയാർഥികളുടെ അതിജീവിത ‌ദുരന്തത്തെ അസ്തിത്വപരമായ വിധിപോലെ വരച്ചിടുന്നു.

Sirath: A Desert Odyssey of Morality and Spirituality:

Sirath (2025) is a profound cinematic exploration of a man's moral journey through the challenging terrains of the desert, intertwining Sufi philosophy with existential and political themes. This French-Spanish film masterfully uses rave music and stark desert visuals to depict a desperate search for a missing daughter amidst global conflict, offering a revolutionary and intense visual experience.

ADVERTISEMENT