മലയാള സിനിമയിലെ താരചക്രവർത്തിമാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കരിയറിലെ ഓരോ ഇൻഡസ്ട്രി ഹിറ്റുകൾക്ക് തിരക്കഥയെഴുതിയത് ഒരാളാണ് – ടി.എ.ഷാഹിദ്! പക്ഷേ, ആ പ്രശസ്തിയുടെ നേട്ടം സിനിമയിൽ കൂടുതൽ കാലത്തേക്കുള്ള മുതൽക്കൂട്ടാക്കാന്‍ അദ്ദേഹത്തിനായില്ല. 9 വർഷമെന്ന ചെറിയ കാലമേ സിനിമയിൽ ഷാഹിദിനു ലഭിച്ചുള്ളൂ. അതിനുള്ളിൽ, ജോഷി, കമൽ, ഷാജി കൈലാസ്, അൻവർ റഷീദ് ഉൾപ്പടെയുള്ള ഒന്നാംനിര സംവിധായകർക്കു വേണ്ടിയും മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, കലാഭവൻ മണി, പൃഥ്വിരാജ് എന്നിങ്ങനെ വൻതാരങ്ങൾക്കുമുൾപ്പടെ 11 സിനിമകൾക്ക് തിരക്കഥയൊരുക്കിയ അദ്ദേഹം 2012 സെപ്തംബർ 28 – നു, 40 വയസ്സിൽ അന്തരിച്ചു. ഇനിയുമെത്രയോ കഥകൾ ബാക്കിവച്ചുള്ള അകാല വിയോഗം!
മലയാള സിനിമയിലെ ശ്രദ്ധേയതിരക്കഥാകൃത്തായ ടി.എ.റസാഖിന്റെ ഇളയ സഹോദരനായ ഷാഹിദിന്റെ തുടക്കം ഏതൊരു നവാഗതനും കൊതിക്കുന്നത്ര രാജകീയമായിരുന്നു. മോഹൻലാലിനെ നായകനാക്കി വി.എം.വിനു സംവിധാനം ചെയ്ത ‘ബാലേട്ടന്‍’ ആണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. രണ്ടായിരത്തിന്റെ തുടക്കത്തിൽ മീശപിരിച്ച ആണധികാര കഥാപാത്രങ്ങളിലേക്കു തളച്ചിടപ്പെട്ട്, തുടർപരാജയങ്ങളിൽ കുടുങ്ങിയ മോഹൻലാലിനെ വീണ്ടും ‘വിന്റേജ് ലാലേട്ടനിലേക്കു’ മടക്കിക്കൊണ്ടുവന്ന സിനിമയാണ് 2003 – ൽ റിലീസായ ‘ബാലേട്ടൻ’. നാട്ടുകാരുടെ എന്താവശ്യത്തിനും മുന്നില്‍ നിൽക്കുന്ന അത്താണിപ്പറമ്പില്‍ ബാലചന്ദ്രന്‍ എന്ന ബാലേട്ടനായി മോഹന്‍ലാല്‍ നിറഞ്ഞാടി. ചിത്രം ബ്ലോക് ബസ്റ്റർ വിജയം നേടി. അതോടെ മലയാളസിനിമയിൽ ടി.എ.ഷാഹിദ് എന്ന പേരിനും വിലയേറി. അടുത്ത വർഷം, 2004 – ൽ, മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ‘നാട്ടുരാജാവ്’ ഷാഹിദിന്റെ രണ്ടാമത്തെ തിരക്കഥയായി. ചിത്രം ശരാശരി വിജയമായി. അതേ വർഷം കലാഭവൻ മണിയെ നായകനാക്കി അനിൽ സി.മേനോൻ സംവിധാനം ചെയ്ത ‘മൽസരം’, മോഹൻലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ‘മാമ്പഴക്കാലം’ എന്നീ സിനിമകൾക്കും ഷാഹിദ് തിരക്കഥയെഴുതിയെങ്കിലും രണ്ടും പ്രതീക്ഷിച്ച നേട്ടമായില്ല. എന്നാൽ 2005 – ൽ കലാഭവൻ മണിയെ നായകനാക്കി അനിൽ സി.മേനോനു വേണ്ടി ഷാഹിദ് എഴുതിയ ‘ബെൻ ജോൺസൺ’ വലിയ വിജയമായി. മണി നായകനായവയിൽ ഏറ്റവും നേട്ടമുണ്ടാക്കിയ സിനിമകളിലൊന്നാണ് ‘ബെൻ ജോൺസൺ’. പൊലീസ് വേഷത്തിൽ മണി കസറിയപ്പോൾ ആക്ഷനും ഫാമിലി ഡ്രാമയുമൊത്തിണങ്ങിയ ഒരു ക്ലീൻ എന്റർടെയ്നറാണ് ഷാഹിദ് എഴുതിയുണ്ടാക്കിയത്. അതേ വർഷം തന്റെ കരിയറിലെ അടുത്ത ബ്ലോക് ബസ്റ്ററും ഷാഹിദ് സൃഷ്ടിച്ചു – മമ്മൂട്ടി നായകനായ ‘രാജമാണിക്യം’. അൻവർ റഷീദിന്റെ സംവിധാനത്തിലൊരുങ്ങിയ ഈ ഫാമിലി – കോമഡി – എന്റർടെയ്നർ മമ്മൂട്ടിയുടെ കരിയറിലെ വൻവിജയങ്ങളിലൊന്നായതിനൊപ്പം അദ്ദേഹത്തിനൊരു വേറിട്ട കഥാപാത്രത്തെയും സമ്മാനിച്ചു. ഇപ്പോഴും മമ്മൂക്ക ആരാധകരുടെ ഫേവറിറ്റ് ലിസ്റ്റിൽ മുൻനിരയിലുള്ള സിനിമയാണ് ‘രാജമാണിക്യം’. തിരുവനന്തപുരം സ്ലാങ്ങിൽ സംസാരിക്കുന്ന രാജയായി മമ്മൂട്ടിയുടെ അഴിഞ്ഞാട്ടമായിരുന്നു സ്ക്രീനിൽ.
തുടർന്ന് 2012 വരെ, ‘പച്ചക്കുതിര’, ‘കാക്കി’, ‘അലിഭായ്’, ‘താന്തോന്നി’, ‘എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും’ എന്നീ സിനിമകൾ കൂടി ഷാഹിദ് എഴുതിയെങ്കിലും വിജയം അകന്നു നിന്നു. ഇതിനൊക്കെയിടയിൽ കരിയറിൽ ചില ഇടവേളകളുമുണ്ടായി. അപ്പോഴേക്കും രോഗത്തിന്റെ പിടിയിലുമായിരുന്നു അദ്ദേഹം.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ ടി എ ബാപ്പുവിന്റെയും വാഴയിൽ ഖദീജയുടെയും മകനായി 1972 മെയ് 25 – നായിരുന്നു ഷാഹിദിന്റെ ജനനം. സിനിമയോടുള്ള ഇഷ്ടം ചെറുപ്പത്തിലേ മനസ്സിലുറച്ചതാണ്. ചേട്ടൻ ടി.എ.റസാഖിന്റെ വഴിയേ സിനിമയിലേക്കെത്തി. സഹസംവിധായകനായാണ് തുടക്കം. ഗാനരചയിതാവുമായി. താന്തോന്നിയിലെ ‘കാറ്റു പറഞ്ഞതും...’ എന്ന ശ്രദ്ധേയഗാനം രചിച്ചത് ഷാഹിദാണ്.
ഫാമിലി ഡ്രാമയും ആക്ഷനും ചേർന്ന മിക്സുകളായിരുന്നു ഷാഹിദിന്റെ എല്ലാ സിനിമകളും. മനുഷ്യബന്ധങ്ങളിലെ സങ്കീർണതളെ കൊമേഴ്സ്യൽ ഫ്രെയിമിലേക്ക് പകർത്തിയെഴുതുകയായിരുന്നു അദ്ദേഹം. ബന്ധങ്ങളുടെ ഭാവവ്യതിയാനങ്ങളെ കച്ചവട സിനിമയിൽ തീവ്രതയോടെ വരച്ചിടാനാണ് ഷാഹിദ് ശ്രമിച്ചത്.
‘ബാലേട്ടനിലെ’ ബാലചന്ദ്രനെപ്പോലെ പിതാവിനു വേണ്ടി സ്വന്തം ജീവിതം മറന്നു ത്യാഗിയാകുന്ന കഥാപാത്രമായിരുന്നു ‘നാട്ടുരാജാവിലെ’പുലിക്കാട്ടിൽ ചാർലിയും. ‘രാജമാണിക്യ’ത്തിലെ രാജ രണ്ടാനച്ഛനു കൊടുത്ത വാക്ക് പാലിക്കാൻ തിരികെ വരുന്ന നായകനെങ്കിൽ ‘ബെൻ ജോൺസണിലെ’ ജോൺസൻ ഗുണ്ടയായ അപ്പനു വേണ്ടി തല്ലുകൊള്ളാൻ തയാറായ മകനാണ്. ‘മത്സര’ത്തിലെ കുപ്പിക്കണ്ടം ഹംസയാകട്ടേ അച്ഛനാൽ ഉപേക്ഷിക്കപ്പെട്ട മകനും. അമ്മ വീട്ടുകാർ കൊല്ലാൻ ശ്രമിച്ച അപ്പനെ ആരാലുമറിയാതെ സംരക്ഷിക്കുന്നവനാണ് ‘താന്തോന്നി’യിലെ വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്. ‘മാമ്പഴക്കാല’ത്തിലും ‘അലിഭായി’യിലും അച്ഛൻ – മകൻ ബന്ധം പ്രധാന ലെയറായി കാണാം. അമ്മമാരാൽ ഉപേക്ഷിക്കപ്പെട്ട, അതിന്റെ നൊമ്പരത്തില്‍ ജീവിക്കുന്നവരാണ് ‘പച്ചക്കുതിര’യിലെ ആനന്ദക്കുട്ടനും ‘രാജമാണിക്യ’ത്തിലെ രാജയും. ഇത്തരത്തിൽ ആവർത്തിക്കപ്പെട്ട ചില ബേസിക് പ്ലോട്ടുകൾ ഷാഹിദിന്റെ സിനിമകൾക്കുണ്ട്. അതിൽ ചിലതൊക്കെ വിജയത്തിന്റെ പർവതം കയറിയപ്പോൾ മറ്റു ചിലതു പരാജയം രുചിച്ചു. മരിക്കുമ്പോൾ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ പണിപ്പുരയിലായിരുന്നു അദ്ദേഹം. ലിവർ സിറോസിസാണ് ഷാഹിദിന്റെ ജീവനെടുത്തത്.
ഷീജയാണ് ഷാഹിദിന്റെ ഭാര്യ. അഖില ഷാഹിദും ആദില ഷാഹിദുമാണ് മക്കൾ. ഷാഹിദ് മരിക്കുമ്പോൾ ഇരുവരും ചെറിയ കുട്ടികളായിരുന്നു.
പ്രണയിച്ചു വിവാഹിതരായവരാണ് ഷാഹിദും ശ്രീജയും. പ്രീഡിഗ്രിയ്ക്ക് മലപ്പുറം ഗവ.കോളേജിൽ ഒന്നിച്ചു പഠിച്ചതാണ് രണ്ടാളും. സൗഹൃദം പതിയെപ്പതിയെ പ്രണയമായി.
ഒരു ദിവസം ഷാഹിദ് ശ്രീജയോട് ചോദിച്ചു, ‘നമ്മളങ്ങ് കല്യാണം കഴിച്ചാലോ’ എന്ന്. ‘അതിനിപ്പെന്താ കഴിക്കാലോ’ എന്നായി ശ്രീജ. അതോടെ ഷാഹിദ് ശ്രീജയുടെ വീട്ടിലെത്തി പെണ്ണ് ചോദിച്ചു. വീട്ടിൽ എല്ലാവർക്കും ഷാഹിദ് പരിചിതനാണ്. ആർക്കും എതിർപ്പില്ലെങ്കിലും രണ്ടു മതത്തിൽ പെട്ടവരായതിന്റെ ചില മുറുമുറുപ്പുകളുണ്ടായെങ്കിലും അതത്ര കാര്യമായില്ല. പ്രിയപ്പെട്ടവരുടെ ആശിർവാദത്തോടെ ഇരുവരും ഒന്നിച്ചു ജീവിക്കാൻ തുടങ്ങി. പക്ഷേ, കാലം ആ ദാമ്പത്യത്തിന് ആയുസ്സ് കുറച്ചേ അനുവധിച്ചുള്ളൂ...പ്രണയിച്ചു കൊതിതീരും മുമ്പേ ഷാഹിദ് പോയി...