മലയാള സിനിമ കണ്ട എക്കാലത്തേയും വലിയ ഫയർ ബ്രാൻഡ് നായകൻമാരിലൊരാൾ...
‘ചിന്താമണി കൊലക്കേസി’ ൽ സുരേഷ് ഗോപി അവതരിപ്പിച്ച അഡ്വക്കേറ്റ് ലാൽ കൃഷ്ണ വിരാഡിയാർ എന്ന വക്കീൽ കഥാപാത്രത്തെ അങ്ങനെയേ വിശേഷിപ്പിക്കാനാകൂ...
എ.കെ.സാജന്റെ കെട്ടുറപ്പുള്ള തിരക്കഥയും ഷാജി കൈലാസിന്റെ സംവിധാനമികവും ഒന്നിനൊന്നു മത്സരിച്ചപ്പോൾ ‘ചിന്താമണി കൊലക്കേസി’ലൂടെ മലയാള സിനിമയ്ക്ക് ലഭിച്ചത് ഒരു ക്ലാസിക് കൊമേഴ്സ്യൽ പാക്കേജാണ്. അത്രകാലം കണ്ടു പരിചയിച്ച ഫാമിലി – ആക്ഷൻ സിനിമകളിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു പുതിയ അനുഭവമാണ് രണ്ടാളും ചേർന്നു പ്രേക്ഷകർക്കു സമ്മാനിച്ചത്. ഇതു പോലെ മറ്റൊന്നില്ലെന്നു തോന്നിപ്പിക്കുന്ന കഥാഗതിയും കഥാപാത്രങ്ങളും സിനിമയുടെ തിളക്കം കൂട്ടി. കുറ്റവാളികളെ നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷിച്ച ശേഷം കൊന്നുകളയുന്ന, ‘ലൈസൻസ് ടു കിൽ’ എന്നു കൂടി വിശേഷിപ്പിക്കപ്പെടുന്ന, എൽ.കെ.യും ക്രൂരമായ പീഡനങ്ങളേറ്റു വാങ്ങി കൊല്ലപ്പെടുന്ന ചിന്താമണിയും മകളെ നഷ്ടപ്പെട്ടതിന്റെ വേദനയിൽ മനമുഴറി ജീവിക്കുന്ന വീരമണി അയ്യരുമൊക്കെ ഇപ്പോഴും പ്രേക്ഷകമനസ്സിൽ ജീവിക്കുന്നു.
2006 മാർച്ച് 31 – നാണ് ‘ചിന്താമണി കൊലക്കേസ്’ തിയറ്ററുകളിലെത്തിയത്. മികച്ച അഭിപ്രായങ്ങൾ നേടി വൻവിജയമായ ഈ സിനിമ ഷാജി – സാജൻ ടീമിന്റെ ആദ്യ സംരംഭമെങ്കിലും ഇരുവരും തമ്മിലുള്ള സൗഹൃദം അതിനുമെത്രയോ കാലം മുൻപേ ആരംഭിച്ചതാണ്. അതിനിടെ, ഒന്നിച്ചൊരു സിനിമയ്ക്കായി പലപ്പോഴും ശ്രമിച്ചെങ്കിലും പലകാരണങ്ങളാൽ അതൊന്നും യാഥാർത്ഥ്യമായില്ലെന്നു മാത്രം.
ആയിരത്തി തൊള്ളായിരത്തി എൺപതുകളുടെ അവസാനമാണ് സാജനും ഷാജിയും പരിചയപ്പെടുന്നത്. ഷാജി അക്കാലത്ത് തിരക്കേറിയ അസോഷ്യേറ്റ് ഡയറക്ടറാണ്. സാജനാകട്ടേ കഥാകൃത്തായും എസ്.എൻ.സ്വാമിയുടെയും കലൂർ ഡെന്നിസിന്റെയുമൊക്കെ തിരക്കഥാസഹായിയായും സിനിമയിൽ സജീവമാകുന്ന കാലവും.
അങ്ങനെയിരിക്കെ, തമ്പാച്ചൻ എന്ന നിർമാതാവിനു വേണ്ടി ഒരു പുതിയ സിനിമയ്ക്ക് കഥ പറയാൻ എസ്.എൻ.സ്വാമിയുടെ നിർദേശപ്രകാരം സാജൻ ചെന്നു. അക്കാലത്ത് ‘ആശ മാത്യു’ എന്ന തൂലികാനാമത്തിലാണ് സാജൻ സിനിമയ്ക്ക് കഥയെഴുതുന്നത്. ‘ഒരു നോക്ക് കാണാൻ’, ‘ഗീതം’, ‘വൈസ് ചാൻസ്‌ലർ’, ‘വെൽക്കം ടു കൊടൈക്കനാൽ’ തുടങ്ങിയ സിനിമകളെല്ലാം അങ്ങനെ സംഭവിച്ചവയാണ്. അൽപ്പം പക്വത തോന്നുന്ന ഒരു പേരിലായാലേ കഥാകൃത്തെന്ന നിലയിൽ ഗൗരവം ലഭിക്കൂ എന്ന തോന്നലും സ്വന്തം പേരിൽ എഴുതാനുള്ള താൽപര്യക്കുറവുമാണ് ‘ആശ മാത്യു’ തൂലികാനാമത്തിലേക്കെത്താൻ സാജനെ പ്രേരിപ്പിച്ചത്.
അങ്ങനെ, കഥ പറയാന്‍ സാജൻ തമ്പാച്ചന്റെ വീട്ടിലെത്തി. കഥ കേട്ട ശേഷം തമ്പാച്ചൻ പറഞ്ഞു – ‘ഒരു പുതിയ സംവിധായകനാണ് സിനിമ ഒരുക്കുന്നത്, പേര് – ഷാജി കൈലാസ്’. മറ്റൊരു ദിവസം ഷാജിയോട് കഥ പറയാൻ സാജൻ വീണ്ടും തമ്പാച്ചന്റെ വീട്ടിലെത്തി. കുറച്ചു കഴിഞ്ഞപ്പോൾ നീണ്ടു മെലിഞ്ഞ, ഒറ്റനോട്ടത്തിൽ ആർക്കും സൗഹൃദം തോന്നുന്ന തെളിഞ്ഞ ചിരിയോടെ, ഒരു ചെറുപ്പക്കാരന്‍ അവിടേക്കു കയറി വന്നു – ഇരുവരും ആദ്യം നേരിൽ കണ്ട നിമിഷം. പരിചിതനെപ്പോലെ ‘സാജാ...’ എന്നു വിളിച്ചുകൊണ്ടാണ് ഷാജി സംസാരം തുടങ്ങിയത്. അതൊരു ചിരകാലബന്ധത്തിന്റെ തുടക്കമായിരുന്നു. വർഷങ്ങൾക്കു ശേഷം ചിന്താമണി കൊലക്കേസും റെഡ് ചില്ലീസും ദ്രോണ രണ്ടായിരത്തിപ്പത്തും വരവുമൊക്കെ സൃഷ്ടിച്ച സൗഹൃദത്തിന്റെ ഫസ്റ്റ് ക്ലാപ്പ്!
ആ കണ്ടുമുട്ടലിനു പിന്നിൽ മറ്റൊരു കൗതുകം കൂടിയുണ്ട്. തമ്പാച്ചൻ ഷാജി കൈലാസിനോട് പറഞ്ഞത്, ‘ആശ മാത്യുവിന്റെ ഒരു കഥയുണ്ട്... ഒന്നു വന്നു കേൾക്കൂ...’ എന്നാണ്. ഷാജി വന്നപ്പോൾ കണ്ടത് സാജനെ. സാജനാണ് ആശ മാത്യു എന്നത് ഷാജിക്കു വലിയ കൗതുകമായി. ‘അന്നവിടെ ഞാൻ പ്രതീക്ഷിച്ചത് ഒരു ചെറുപ്പക്കാരനെയല്ലെന്നും പി.ആർ.ശ്യാമളയെപ്പോലെയോ എം.ഡി.രത്നമ്മയെപ്പോലെയോ ഒരു മുതിർന്ന എഴുത്തുകാരിയെയാണെന്നും നിങ്ങളെ കണ്ടപ്പോൾ ഞെട്ടിപ്പോയെന്നും’ ഷാജി പിന്നീടു സാജനോടു തമാശയായി പറഞ്ഞിട്ടുണ്ട്.
സാജൻ പറഞ്ഞ കഥ ഷാജിക്കും ബോധിച്ചു. സിനിമയാക്കാം എന്നും തീരുമാനിച്ചു. പക്ഷേ, സൂപ്പർ താരങ്ങളെ ഉൾപ്പെടുത്തത്തക്ക വലുപ്പമില്ലാത്ത കഥയെന്ന കാരണത്താൽ ആ പദ്ധതി മുടങ്ങി. വർഷങ്ങൾക്കു ശേഷം, 1992 – ൽ, ‘വെൽക്കം ടു കൊടൈക്കനാൽ’ എന്ന പേരിൽ അതു സിനിമയായി. അനിൽ ബാബുവിന്റെ സംവിധാനത്തിൽ ജഗദീഷും സിദ്ദിഖും നായകൻമാരായി. കലൂർ ഡെന്നിസിന്റേതായിരുന്നു തിരക്കഥ. വിധി മറ്റൊന്നായെങ്കിൽ ഷാജി കൈലാസിന്റെ ആദ്യ സിനിമ സാജന്റെ കഥയിലാകുമായിരുന്നു. സിനിമ സാധ്യമായില്ലെങ്കിലും അതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇരുവർക്കുമിടയിൽ സൗഹൃദത്തിന്റെ ഒരിഴ പാകി. പതിയെപ്പതിയെ അതു വളർന്നു.
1989 – ൽ ‘ന്യൂസ്’ എന്ന സിനിമയിലൂടെ ഷാജി സ്വതന്ത്രസംവിധായകനായി. പോകെപ്പോകെ മലയാളത്തിലെ ഒന്നാം നിരക്കാരനും വിലയേറിയ ബ്രാൻഡുമായി. ‘ധ്രുവ’ത്തോടെ സാജനും തിരക്കേറി. അപ്പോഴൊക്കെയും ഒന്നിച്ചൊരു സിനിമയെന്ന മോഹത്താൽ പല നിർമാതാക്കളേയും ഷാജി സാജന്റെ അടുത്തേക്കയച്ചു. പക്ഷേ, പലകാരണങ്ങളാൽ സിനിമകൾ സംഭവിച്ചില്ല. ആ കാത്തിരിപ്പവസാനിച്ചത് ‘ചിന്താമണി കൊലക്കേസിലാണ്’. പിന്നാലെ റെഡ് ചില്ലീസും ദ്രോണ രണ്ടായിരത്തി പത്തും വന്നു. ഇപ്പോഴിതാ, വരവും...മൂന്നരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും ഇരുവർക്കുമിടയിലെ സൗഹൃദത്തിനു മങ്ങലേറ്റിട്ടില്ല, ചങ്ങാത്തത്തിന്റെ തോണിയിൽ ഒന്നിച്ചുള്ള യാത്ര തുടരുകയാണ്....
ജോജു ജോർജ് ആണ് ‘വരവി’ ലെ നായകൻ. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ പ്രതികാരവും അതിജീവനവും മനുഷ്യബന്ധങ്ങളും ഇഴചേരുന്ന ത്രില്ലർ. വർഷങ്ങൾക്കു ശേഷം ഷാജിയും സാജനും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകരും വൻ പ്രതീക്ഷയിലാണ്, ‘വരവ്’ ഒരു ‘ഒന്നൊന്നര വരവാകും’ എന്ന്...