മലയാളത്തിലെ വടക്കൻപാട്ട് സിനിമകൾക്ക് വേറിട്ട ഭാവവും പശ്ചാത്തലവും സമ്മാനിച്ച സൃഷ്ടിയാണ് ജയരാജ് സംവിധാനം ചെയ്ത ‘വീരം’. 2016 സെപ്റ്റംബർ 2 – ന് ബ്രിക്സ് ഫിലിം ഫെസ്റ്റിവലിലാണ് സിനിമ ആദ്യം പ്രദർശിപ്പിച്ചത്. 2017 ഫെബ്രുവരി 24 – നായിരുന്നു തിയറ്റർ റിലീസ്. കുനാൽ കപൂർ, ശിവജിത് നമ്പ്യാർ, ഹിമർഷ വെങ്കട്സാമി, ദിവിനാ താക്കൂർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ സിനിമ വ്യത്യസ്തമായൊരു കാഴ്ചാനുഭവമാണ്.
‘വീരം’ പത്താം വർഷത്തിലേക്കു കടക്കുമ്പോൾ അക്കാലത്ത് ആ സിനിമ സമ്മാനിച്ച ആസ്വാദനത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം...
മലയാള സിനിമയുടെ ചരിത്രം പരിശോധിച്ചാല്‍ വടക്കന്‍പാട്ട് സിനിമകള്‍ക്ക് പഞ്ഞമില്ല. ശാരംഗപാണിയും, ഗോവിന്ദന്‍കുട്ടിയും മുതല്‍ എം.ടി. വാസുദേവന്‍നായര്‍ വരെയുള്ളവര്‍ പലതരത്തില്‍ എഴുതിയ ആശയത്തിന്റെ ആവർത്തനമാണ് ‘വീര’വും.
വടക്കന്‍പാട്ടിലെ ‘ചതിയന്‍ ചന്തു’വിന്റെ കഥയാണ് ‘വീരം’. പുത്തൂരം വീടും ആരോമല്‍ ചേകവരും ഉണ്ണിയാര്‍ച്ചയും കുട്ടിമാണിയും അരിങ്ങോടരുമൊക്കെയാണ് ഇവിടെയും പ്രധാന കഥാപാത്രങ്ങള്‍. എന്നാല്‍ ‘വീരം’ വടക്കന്‍പാട്ടു സിനിമകളുടെ മുന്‍മാതൃകകളില്‍ നിന്നു വേറിട്ടു നില്‍ക്കുന്നത് അതില്‍ വില്യം ഷേക്‌സ്പിയറിന്റെ ദുരന്തനാടകം ‘മാക്ബത്ത്’ കൂടി ഉൾപ്പെടുന്നു എന്നതിനാലാണ്. സിനിമയുടെ ഒരു ഘട്ടം മുതല്‍ ‘മാക്ബത്ത്’ ആയി ചന്തുവും ‘ലേഡി മാക്ബത്ത്’ ആയി കുട്ടിമാണിയും മാനസികമായ വേഷപ്പകര്‍ച്ചയിലേക്കെത്തുന്നു.
ആ മാറ്റം കാണിയെ ബോധ്യപ്പെടുത്തും വിധം അവതരിപ്പിക്കുവാനായി എന്നിടത്താണ് ‘വീരം’ മികച്ചൊരു സിനിമാനുഭവമാകുന്നത്.
മലയാളത്തിലെ മുന്‍വടക്കന്‍പാട്ട് സിനിമകളുമായി നിര്‍മ്മിതിയുടെ ഗുണനിലവാരത്തില്‍ ‘വീര’ത്തെ താരതമ്യപ്പെടുത്തുന്നതിൽ ചില കുഴപ്പങ്ങളുണ്ട്. അതായത്, കുഞ്ചാക്കോ വടക്കന്‍പാട്ടു സിനിമകള്‍ ഒരുക്കിയ ആയിരത്തി 1950 – 1960 കാലത്തും ഹരിഹരന്‍ മലയാളത്തിലെ വടക്കന്‍പാട്ട് ക്ലാസിക്കുകളിലൊന്നായ ‘ഒരു വടക്കന്‍ വീരഗാഥ’ സംവിധാനം ചെയ്ത 1989 അവസാനവും സാങ്കേതിക സാധ്യതകൾക്ക് ധാരാളം പരിമിതികളുണ്ടായിരുന്നു. എന്നാല്‍ ജയരാജിന് തന്റെ മനസ്സിലുള്ളത് ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കുവാനുള്ള അവസരം ലഭിച്ചു. അദ്ദേഹം അതു കൃത്യമായി ഉപയോഗിച്ചു എന്നിടത്താണ് ‘വീരം’ മാറിയ കാലത്തിന്റെ സിനിമയായത്.
കാഴ്ചയുടെ സൗന്ദര്യമാണ് ‘വീരം’. പരിചിതമായ ഒരു കഥയെ കൗതുകത്തോടെ കണ്ടിരിക്കാവുന്ന അനുഭവമാക്കുന്നുണ്ട് തിരക്കഥ. എസ്.കുമാര്‍ ഒരുക്കിയ ഫ്രെയിമുകള്‍ സിനിമയ്ക്ക് കൂടുതൽ മിഴിവേകുന്നു: അതിനനുയോജ്യമായ വെളിച്ച – വര്‍ണ്ണ വിന്യാസം കൂടിയാകുമ്പോള്‍ പ്രത്യേകിച്ചും.
‘ഒരു യൂണിവേഴ്‌സല്‍ സിനിമയാണ് വീരം’ എന്ന സംവിധായകന്റെ ആത്മവിശ്വാസം വെറുതേയല്ല. കച്ചവട താൽപര്യങ്ങള്‍ക്കപ്പുറം ഒരു നല്ല സിനിമ അതിന്റെ സകല പൂര്‍ണ്ണതയോടെയും ഒരുക്കിയെടുക്കാൻ നിർമാതാക്കളും യാതൊരു കോംപ്രമൈസുകൾക്കും വഴങ്ങാതെ സിനിമ പൂർത്തിയാക്കാൻ സംവിധായകനും മനസ്സുറപ്പിച്ചതോടെ ‘വീരം’ മലയാള സിനിമയിലെ വേറിട്ടൊരു പരീക്ഷണമായി.
അജന്ത - എല്ലോറ ഗുഹകളിലാണ് ‘വീര’ത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത്. അതും പുതുമയായി. അപ്പോഴും കഥാഗതിയെ അലോസരപ്പെടുത്തുന്നതൊന്നും അനാവശ്യമായി തിരുകിക്കയറ്റുവാൻ സംവിധായകന്‍ ശ്രമിച്ചിട്ടുമില്ല. കലാസംവിധാനത്തിലും ആ തെളിച്ചം കാണാം.
‘ഒരു വടക്കൻ വീരഗാഥ’ സകല കച്ചവട സാധ്യതകളെയും പരിഗണിച്ച സിനിമയാണ്. നായകനായി ചന്തു വരുമ്പോള്‍, കേട്ടുപരിചയിച്ച വടക്കന്‍പാട്ടില്‍ നിന്നു വേറിട്ട്, അയാള്‍ക്കുണ്ടാകേണ്ട സകലഗുണങ്ങളും തിരക്കഥാകൃത്ത് ചാര്‍ത്തിക്കൊടുക്കുന്നുണ്ട്. അതായത്, ചന്തു ചതിയനല്ല. അയാളെ ചതിയനാക്കുകയായിരുന്നു എന്ന തരത്തില്‍ കഥ മാറ്റിയെഴുതപ്പെട്ടു. എന്നാല്‍ ‘വീര’ ത്തിലാകട്ടെ, ചന്തു ചതിയനാണ്. പെണ്ണിനും, അധികാരത്തിനുമായി തന്നിലെ പ്രതിഭയെ കുത്സിത തന്ത്രങ്ങള്‍ക്കടിമയാക്കി ഒടുവിൽ അനിവാര്യമായ ദുരന്തം ഏറ്റവുവാങ്ങുന്ന പ്രതിനായകന്‍. ആ പ്രതിനായകനെയും അയാളെ അതിലേക്കു നയിക്കുന്ന രണ്ടു സ്ത്രീകളെയും ‘വീരം’ യാഥാര്‍ത്ഥ്യബോധത്തോടെ അവതരിപ്പിക്കുന്നു.
സ്വന്തം ശരീരം കാട്ടിയുള്ള രണ്ടു സ്ത്രീകളുടെ പ്രലോഭനമാണ് ചന്തുവിനെ ചതിയനാക്കുന്നത്. ഒപ്പം, കൈവന്ന അധികാരം നിലനിര്‍ത്തുവാനുള്ള ശ്രമങ്ങളും. അതിന്റെ പരിണിതഫലമായി അയാളിലുണ്ടാകുന്ന കുറ്റബോധവും അയാളെ അതിലേക്കുന്തിവിടുന്ന കുട്ടിമാണിക്കുണ്ടാകുന്ന മനക്ലേശവുമാണ് ‘വീര’ത്തെ മാക്ബത്തിലേക്കെത്തിക്കാന്‍ സംവിധായകന്‍ ഉപയോഗിച്ച വഴി. ആദ്യ പകുതി കളരിയും കഥയുമായി ചന്തുവിന്റെ ചതിയിലേക്കെത്തുമ്പോള്‍ രണ്ടാം പകുതി ചന്തുവിനെ ‘മാക്ബത്തും’ കുട്ടിമാണിയെ ‘ലേഡി മാക്ബത്തു’മാക്കി കഥാഗതിയെ മറ്റൊരു ദിശയിലേക്കെത്തിക്കുന്നു.
അപ്രതീക്ഷിതമായ പൊളിച്ചെഴുത്തുകളൊന്നും ‘വീര’ത്തില്‍ സംഭവിക്കുന്നില്ല. അപ്പോഴും സിനിമ എന്ന നിലയില്‍ അതു നല്‍കുന്ന ദൃശ്യസുഖം തന്നെയാണ് എല്ലാറ്റിനും മീതേ നിലയുറപ്പിക്കുന്നത്. തനി വള്ളുവനാടന്‍ കാവ്യഭാഷയാണ് മുന്‍ വടക്കന്‍പാട്ടു സിനിമകളിലെല്ലാം കഥാപാത്രങ്ങള്‍ ആവര്‍ത്തിച്ചിരുന്നതെങ്കിൽ അത്തരമൊരു കാല്‍പ്പനികതയെ ഒഴിവാക്കി, യഥാര്‍ത്ഥ വടക്കന്‍ ഭാഷയിലാണ് ‘വീരം’ സംസാരിക്കുന്നത്. അതാകട്ടേ കഥാപാത്രങ്ങള്‍ക്കു കൂടുതല്‍ സ്വാഭാവികത നല്‍കുന്നു: അവരുടെ വാക്കുകള്‍ ഉറച്ചതും, ആശയത്തെ പിന്‍താങ്ങുന്നതുമാകുന്നു. അതുകൊണ്ടൊക്കെത്തന്നെ ഒരു മലയാളം സിനിമയ്ക്ക് ആദ്യമായി മലയാളം സബ് ടൈറ്റില്‍ ഉപയോഗിക്കേണ്ടിയും വന്നു. അതിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന സംശയമുണ്ടാകുന്നത് സംഭാഷണങ്ങള്‍ മനസ്സിലാകാത്ത സാഹചര്യം ഒരിക്കലും സിനിമയിലില്ല എന്നതിനാലാണ്.
അഭിനേതാക്കളുടെ തിരഞ്ഞെടുപ്പാണ് മറ്റൊരു പുതുമ. അനാവശ്യമായ ആടയാഭരണങ്ങളും കുടുമയുമൊക്കെയായി നമ്മള്‍ കണ്ടു ശീലിച്ചവരല്ല ‘വീര’ത്തിലെ ചന്തുവും ഉണ്ണിയാര്‍ച്ചയും ആരോമല്‍ ചേകവരും കുട്ടിമാണിയുമൊന്നും. പുതിയ രൂപത്തിലും ഭാവത്തിലുമാണവർ. നവാഗതരാണ് മിക്ക കഥാപാത്രങ്ങളുമായത്. അതില്‍ അന്യഭാഷക്കാരുമുണ്ട്. അവര്‍ വടക്കന്‍ മലയാളത്തിൽ സംഭാഷണങ്ങള്‍ പറയുമ്പോള്‍ ഭാഷ വശമില്ലാത്തതിന്റെതായ ചില പൊരുത്തക്കേടുകൾ അനുഭവപ്പെടുന്നു.
ചന്തുവിനെ കുനാല്‍ കപൂര്‍ മികച്ചതാക്കി. ‘ഒരു വടക്കന്‍ വീരഗാഥ’യില്‍ മമ്മൂട്ടി അവതരിപ്പിച്ച ചന്തുവിന്റെ വൈകാരിക ഭാവങ്ങള്‍ കുനാലിന്റെ ചന്തുവിനാവശ്യമില്ല. എപ്പോഴും സംഘർഷഭരിതമായ ചിന്തകളാല്‍ ഭരിക്കപ്പെടുന്നവനാണ് ‘വീര’ത്തിലെ ചന്തു. പ്രണയവും രതിയും പകയും ്രപതികാരവും ഭയവും കുറ്റബോധവും പേറുന്ന ചന്തുവിന്റെ ശരീരഭാഷ പലപ്പോഴും നടന്റെ നിയന്ത്രണത്തിനു വഴങ്ങുന്നില്ല എന്നും കാണാം. ഉണ്ണിയാര്‍ച്ചയായ ഹിമാഷ വെങ്കട്സാമിയും കുട്ടിമാണിയായ ദിവിനാ താക്കൂറും ആരോമല്‍ ചേകവറായ ശിവജിത് നമ്പ്യാരും തങ്ങളുടെ ഭാഗം മോശമാക്കിയില്ല. വേറിട്ട ചമയവും വസ്ത്രാലങ്കാരവും അതിന്റെ ഭംഗി കൂട്ടുന്നു.
‘മാക്‌ബത്തി’ലെ വിഖ്യാത സംഭാഷണ – ആത്മഗതങ്ങള്‍ പരിഭാഷപ്പെടുത്തി ‘വീര’ത്തിൽ മനോഹരമായി ഉപയോഗിച്ചിട്ടുണ്ട്. ‘ഓൺ ദി പെര്‍ഫ്യൂംസ് ഓഫ് അറേബ്യ വില്‍ നോട്ട് സ്വീറ്റന്‍ ദിസ് ലിറ്റില്‍ ഹാന്‍ഡ്’ എന്ന ലേഡി മാക്ബത്തിന്റെ സംഭാഷണം ‘കൈകീറ്റും കൈകീറ്റും പോണില്ലല്ലോ കയ്യിലെ ചോരേന്റെ ചൂര്’ എന്നു കുട്ടമാണിയെക്കൊണ്ട് അര്‍ത്ഥവും അനുഭവവും ചോരാതെ പറയിച്ചിരിക്കുന്നു. ‘ജീവിതം ഒരു വിഡ്ഢി പറഞ്ഞ കടങ്കഥയാണെന്ന്’ ചന്തുവും ഒടുവില്‍ നിസ്സംഗനാകുന്നു. മരണം എന്ന കടുത്ത ഉന്‍മാദത്തിലേക്ക് ചന്തു എത്തിപ്പെടുന്നതിന്റെ തെളിവാണിത്. അവിടെയാണ് വടക്കന്‍പാട്ടിലെ ചന്തുവിന്റെ കഥയും ‘മാക്ബത്തും’ അനുയോജ്യമായ കലര്‍ത്തലായി ‘വീര’ത്തിനു ഭംഗി പകരുന്നതും.
ആയോധനകലയായ കളരിയുടെ യഥാര്‍ത്ഥ രൂപമാണ് ‘വീര’ത്തിലുള്ളത്. സിനിമയിലെ സംഘട്ടനരംഗങ്ങളെ അനുസ്മരിപ്പിക്കുന്ന അതിന്റെ പൂര്‍വ്വമാതൃകളെ പൊളിച്ച് ഏറെക്കുറേ ശാസ്ത്രീയവും ചടുലവുമാക്കുന്നു വീരം. എഡിറ്റിങ്ങാണ് മറ്റൊരു ശ്രദ്ധേയ ഘടകം. അതിവാചാലമാക്കാതെ ചെത്തിയൊരുക്കിയ ചിത്രത്തിന്റെ രൂപം അപ്പു ഭട്ടതിരി എന്ന പ്രതിഭയുടെ മികവു തെളിയിക്കുന്നു. വിദേശ ആക്ഷന്‍ സിനിമകളുടെ ക്രാഫ്റ്റിനെ പിന്‍തുടര്‍ന്ന് ആഖ്യാനത്തിലും രംഗങ്ങൾ പകുക്കുന്നതിലും സംവിധായകന്‍ ശ്രദ്ധപുലര്‍ത്തുമ്പോഴും രണ്ടാം പകുതിയില്‍ അല്‍പം അയവുള്ള അവതരണ ശൈലി പരീക്ഷിക്കുവാന്‍ മനപ്പൂര്‍വം ശ്രമിച്ചിരിക്കുന്നതായി തോന്നി. അതായത്, ‘മാക്ബത്തി’ലേക്കുള്ള ‘വീര’ത്തിന്റെ പരിണാമം അല്‍പം നാടകീയമാകട്ടെ എന്ന തരത്തില്‍...
കേരളത്തിന്റെ സാംസ്‌ക്കാരിക ചരിത്രത്തിന്റെയും നാടോടിക്കഥകളുടെയും ഭാഗമായ വടക്കന്‍പാട്ടിനെ പുതിയ പശ്ചാത്തലത്തില്‍ പരിചരിക്കുമ്പോള്‍, അന്തരീക്ഷത്തിന്റെ ബന്ധമില്ലായ്മ നിഴലിക്കുന്നുണ്ട്. കൂടുതല്‍ വ്യക്തമാക്കിയാല്‍, ചരിത്ര - ഭൂമിശാസ്ത്ര ആധികാരികത അത്ര പ്രധാനമല്ല എന്ന തോന്നല്‍ കടന്നു കൂടിയിട്ടുണ്ട്. ഇത്തരം ചില ന്യൂനതകള്‍ ചൂണ്ടിക്കാണിക്കാമെങ്കിലും ഇതിനൊക്കെ മുകളിലാണ് ‘വീരം’ എന്ന സിനിമ അതിന്റെ പൂര്‍ണ്ണത നേടുന്നതും, വിജയിക്കുന്നതും. സംഗീതം അതിനനുയോജ്യമായ പിന്‍ബലം പ്രഖ്യാപിച്ച് ഒപ്പം നിൽക്കുന്നുമുണ്ട്. മേക്കപ്പ്, ആക്ഷന്‍ കൊറിയോഗ്രഫി, സംഗീതം, വി.എഫ്.എക്‌സ് തുടങ്ങിയ മേഖലകളിലൊക്കെ വിദേശീയരായ വിദഗ്ദന്‍മാരെയാണ് ‘വീര’ത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. 35 കോടി ബജറ്റിൽ ഏറെയും ചെലവഴിച്ചത് ചിത്രത്തിന്റെ സാങ്കേതിക പൂര്‍ണ്ണതയ്ക്കാണെന്നതും മറന്നുകൂടാ.
കാണാത്തവർക്ക് കാണാം, വേണമെങ്കിൽ ഒരു റീ – റിലീസുമാകാം!