ADVERTISEMENT

ലോകസിനിമയിലെ മികച്ച സൃഷ്ടികളെ അവതരിപ്പിക്കുന്ന കോളം, പ്രശസ്ത സംവിധായകനും ചിത്രകാരനുമായ സുധി അന്ന എഴുതുന്ന ‘വേൾഡ് മൂവീവ്’. ഈ ലക്കം ‘കോന്റിനെന്റൽ 25 (2025)’ സിനിമയെക്കുറിച്ച് എഴുതിയതു വായിക്കാം –

ദാരിദ്യത്തിന്റെ സൗന്ദര്യശാസ്ത്രം ധാർമ്മികമായ പ്രതിരോധത്തിന്റെ ശബ്ദമായി മാറുന്ന സിനിമയാണ് റൊമേനിയൻ സംവിധായകനായ റാഡൂ ഷൂഡേ സംവിധാനം ചെയ്ത ‘കോണ്ടിനെന്റൽ 25’ എന്ന, 2025 ൽ പുറത്തിങ്ങിയ സിനിമ. പതിനൊന്ന് ദിവസം കൊണ്ട് ലൈറ്റുകളോ വലിയ സാങ്കേതിക ഉപകരണങ്ങളോ ഇല്ലാതെ ഐഫോൺ മാത്രം ഉപയോഗിച്ച് ചിത്രീകരിച്ച ഈ സിനിമ സമകാലിക യൂറോപ്പിലെ വംശീയവും രാഷ്ടീയവുമായ സംഘർഷങ്ങളെ ബ്ലാക്ക് കോമഡിയുടെ മൂർച്ചയേറിയ ദൃശ്യങ്ങളാൽ ആഴത്തിൽ ചോദ്യം ചെയ്യുന്നു. ട്രാൻസിൽവാനിയൻ നഗരമായ ക്ലൂജ് നപോക്കയിൽ നടക്കുന്ന കുടിയൊഴിപ്പിക്കലിനേയും അതിനെ തുടർന്നുണ്ടാകുന്ന ആത്മഹത്യയേയും കേന്ദീകരിച്ചാണ് ഈ സിനിമ മുന്നോട്ട് നീങ്ങുന്നത്. രാഷ്ട്രീയപരമായ പ്രതിരോധം സിനിമയുടെ ഭാഷയാകുമ്പോൾ വ്യക്തിപരമായ ആത്മഹത്യ യൂറോപ്പിന്റെ ധാർമ്മികതയുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ തകർച്ചയേയും അടയാളപ്പെടുത്തുന്നു.

ADVERTISEMENT

രാഷ്ട്രീയപരമായ വെല്ലുവിളികൾ പോലെ തന്നയാണ് സിനിമയുടെ ചിത്രീകരണസമയത്തും സംവിധായകൻ റാഡൂ ഷൂഡേ എടുത്തിരുന്ന നിലപാടുകൾ. ചുരുങ്ങിയ സമയം കൊണ്ട് ഐഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ സംവിധായകനൊപ്പം പ്രവർത്തിച്ചത് മരിയസ് പാണ്ഡുരു എന്ന പ്രശസ്ത ഛായഗ്രാഹകൻ ആയിരുന്നു. ഒരു ട്രൈപ്പോഡ് മാത്രമാണ് ദൃശ്യങ്ങൾ ഫ്രയിമിലേക്ക് പകർത്തുന്നതിനായി അദ്ദേഹം ഉപയോഗിച്ചിരുന്നത്. വൻ ബജറ്റ് സിനിമകളോടുള്ള കടുത്ത വിയോജിപ്പും ഈ റോസല്ലിനിയൻ പ്രൊഡക്ഷൻ രീതി തിരഞ്ഞെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ക്ലൂജ് നഗരത്തിലെ തെരുവുകളിലും പൊതു ഇടങ്ങളിലും മുൻകൂട്ടി അനുമതികൾ വാങ്ങാതെ ടൂറിസ്റ്റൂകളെ പോലെ നടന്നാണ് പകുതിയിൽ അധികം ചിത്രീകരണം പൂർത്തിയാക്കിയത്. അതുകൊണ്ട് തന്നെ ദൃശ്യങ്ങൾ എല്ലാം തന്നെ യാതൊരു കൃതിമത്വവും ഇല്ലാതെ പ്രേക്ഷകന്റെ മുന്നിലെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ക്ലൂജ് നഗരത്തിലെ ഒരു ഔദ്യോഗിക എൻഫോഴ്സ്‌മെന്‍റ് ഉദ്യോഗസ്ഥ ആയി ജോലി ചെയ്യുന്ന ഓർസോളിയ എന്ന മധ്യവയസ്കയായ സ്ത്രീയുടെ ആന്തരികമായ കുറ്റബോധവും അതേ തുടർന്നുള്ള അന്വേഷണവുമാണ് സിനിമയുടെ കഥായാത്ര. തൊഴിൽ നഷ്ടപ്പെട്ടതിനെ തുടർന്നാണ് കോടതി ഉത്തരവുകൾ വഴി നിർദ്ധനരായ മനുഷ്യരെ കുടിയൊഴിപ്പിക്കുന്ന വിഷമകരമായ ജോലി ഏറ്റെടുക്കാൻ അവർ നിർബന്ധിതയാകുന്നത്. ജർമ്മൻ പ്രോപ്പർട്ടി ഫേം വിലയ്ക്കുവാങ്ങിയ ഒരു പഴയ കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ നിയമവിരുദ്ധമായി താമസിച്ചിരുന്ന അയോൺ എന്ന ദരിദ്രനായ ഒരാളെ ഒഴിപ്പിക്കാൻ ഓർസോളിയ അവിടെ എത്തുകയും അയാളുമായി തർക്കത്തിൽ ആവുകയും ചെയ്യുന്നു. ഒടുവിൽ ഒഴിപ്പിക്കലിന് വിധേയനായ അയോൺ ആത്മഹത്യ ചെയ്യുന്നതോടെ ഓർസോളിയ കടുത്ത ധാർമ്മികപ്രതിസന്ധിയിലും കുറ്റബോധത്തിലും അകപ്പെടുന്നു. അയോണിന്റെ മരണവാർത്ത സൃഷ്ടിച്ച മാനസികാഘാതത്തിൽ അവർ പലരോടും തന്റെ അവസ്ഥയെ കുറിച്ച് പറയുന്നു. പിന്നീട് ഓർസോളിയ തന്റെ കുടുംബത്തോടൊപ്പമുള്ള അവധിക്കാല യാത്ര ഉപേക്ഷിക്കുകയും, സ്വന്തം മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താനും കുറ്റബോധത്തിൽ നിന്ന് ഒളിച്ചോടാനുമായി ക്ലൂജ് നഗരത്തിലൂടെ ഒരു അലച്ചിൽ ആരംഭിക്കുകയും ചെയ്യുന്നു. താൻ ചെയ്തത് വെറുമൊരു ഔദ്യോഗിക നിയമനടപടി മാത്രമാണെന്നും അതിൽ തെറ്റില്ലെന്നും മറ്റുള്ളവരെക്കൊണ്ട് പറയിപ്പിച്ച് പാപമോചനം നേടാനാണ് അവൾ ശ്രമിക്കുന്നത്. ഈ യാത്രയിൽ അവൾ കണ്ടുമുട്ടുന്ന ഓരോ വ്യക്തിയും സമകാലിക സമൂഹത്തിന്റെ ധാർമ്മിക ശൂന്യതയെ വെളിപ്പെടുത്തുന്നു.

ADVERTISEMENT

ഓർസോളിയയുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും ഈ സംഭവത്തെ വെറുമൊരു ഔദ്യോഗിക കാര്യമായി കണ്ട് തള്ളിക്കളയുമ്പോൾ, ഒരു ഓർത്തഡോക്സ് പുരോഹിതൻ ആത്മഹത്യ എന്നത് ആ വ്യക്തിയുടെ മാത്രം മഹാപാപമാണെന്നും അതിൽ സമൂഹത്തിനോ ഭരണകൂടത്തിനോ പങ്കില്ലെന്നുമുള്ള തിയോളജിക്കൽ വീക്ഷണം അവതരിപ്പിച്ച് അവളെ ആശ്വസിപ്പിക്കുന്നു. സ്വന്തം അമ്മയെ കാണാൻ പോകുന്ന ഓർസോളിയയ്ക്ക് നേരിടേണ്ടിരുന്നത് അതിനേക്കാൾ കടുത്ത ആഘാതമാണ്; തീവ്രവലതുപക്ഷ രാഷ്ട്രീയത്തെയും ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബാനെയും പിന്തുണയ്ക്കുന്ന അമ്മ ഓർസോളിയയെ നിഷ്കരുണം അധിക്ഷേപിച്ച് വീട്ടിൽ നിന്ന് ഇറക്കിവിടുന്നു. വളരെ പതിഞ്ഞ അഭിനയ മികവുകൊണ്ട് ഓർസോളിയ എന്ന കഥാപാത്രമായി മാറിയത് എസ്റ്റർ ടോംപ എന്ന അഭിനേത്രിയാണ്. സംവിധായകൻ റാഡു ഷൂഡെ ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന നീളമുള്ള സിംഗിൾ ടേക്കുകളിലും ക്യാമറയ്ക്ക് മുന്നിൽ തികച്ചും സ്വാഭാവികമായ പെരുമാറ്റത്തിലൂടെയും ശബ്ദനിയന്ത്രണത്തിലൂടെയും കഥാപാത്രത്തിന് പൂർണ്ണമായ തനിമ നൽകാൻ എസ്റ്റർ ടൊപ്പയ്ക്ക് കഴിഞ്ഞു. ഈ പ്രകടനത്തിന് 2025-ലെ ചിക്കാഗോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടിക്കുള്ള ‘സിൽവർ ഹ്യൂഗോ’ പുരസ്കാരം എസ്റ്റർ ടോംപയ്ക്ക് ലഭിച്ചു.

ഇറ്റാലിയൻ നവറിയലിസ്റ്റ് സിനിമാ പ്രസ്ഥാനത്തിന്റെ ശിൽപ്പിയും സംവിധായകനുമായ റോബർട്ടോ റോസെല്ലിനിയുടെ ‘യൂറോപ്പ് 51’ എന്ന ചിത്രവുമായുള്ള ആഴത്തിലുള്ള ബന്ധമാണ് ‘കോന്റിനെന്റൽ 25’ എന്ന ചിത്രത്തിന്റെ ആശയപരമായ അടിത്തറ. അമ്പതുകളിലെ നവറിയലിസ്റ്റ് മാനവികതയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാധ്യമ - മുതലാളിത്ത ലോകത്ത് ഈ സിനിമയിലൂടെ പുനർവ്യാഖ്യാനിക്കുകയാണ് ഷൂഡെ ചെയ്യുന്നത്. ഓർസോളിയയ്ക്ക് യഥാർത്ഥ സാമൂഹിക മാറ്റത്തിനായുള്ള വിപ്ലവാത്മകമായ പ്രവർത്തനങ്ങളിലേക്ക് കടക്കാൻ കഴിയുന്നില്ല. പകരം സ്വന്തം മാനസിക സംഘർഷങ്ങളിൽ നിന്നും കുറ്റബോധത്തിൽ നിന്നും ആശ്വാസം കണ്ടെത്താനുമുള്ള സ്വാർത്ഥപരമായ തിരച്ചിലായി മാറുകയാണ് ചെയ്യുന്നത്. സ്മാർട്ട്‌ഫോണുകളിലെ വൈറൽ വീഡിയോകൾ, ചാനൽ ചർച്ചകൾ, ഓൺലൈൻ കമന്‍റ് സെക്ഷനുകൾ, നിരന്തരമായ ടെലിവിഷൻ ശബ്ദങ്ങൾ എന്നിവയാൽ വിഭജിക്കപ്പെട്ട മനുഷ്യ മനസ്സിനെയും, യഥാർത്ഥ ദുരന്തങ്ങൾ ഡിജിറ്റൽ വിവരങ്ങൾ മാത്രമായി മാറുന്ന ഭയാനകമായ അവസ്ഥയെയുമാണ് ഷൂഡെയുടെ ദൃശ്യഭാഷ വരച്ചുകാട്ടുന്നത്.

ADVERTISEMENT

‘കോന്റിനെന്റൽ 25’ ഉയർത്തുന്ന ഏറ്റവും ശക്തമായ രാഷ്ട്രീയ വിമർശനം ട്രാൻസിൽവാനിയൻ നഗരമായ ക്ലൂജിൽ നടക്കുന്ന തീവ്രമായ റിയൽ എസ്റ്റേറ്റ് വൽക്കരണവും സാമ്പത്തിക നയങ്ങളുമാണ്. സാങ്കേതിക വിദ്യയുടെയും ഐടി വ്യവസായത്തിന്റെയും കേന്ദ്രമായി അതിവേഗം വളരുന്ന ക്ലൂജ് നഗരത്തിൽ, വിദേശ മൂലധന നിക്ഷേപകർ പഴയ കെട്ടിടങ്ങൾ പൊളിച്ച് മാറ്റുകയും ആഡംബര റിയൽ എസ്റ്റേറ്റ് സമുച്ചയങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നു. പാവപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും തെരുവിലേക്ക് തള്ളിവിടുന്ന ഈ സാമ്പത്തിക പ്രക്രിയയുടെ പ്രതീകമാണ് സിനിമയിൽ തകർക്കപ്പെടുന്ന ബേസ്‌മെന്റും അവിടെ ഉയർന്നുവരാൻ പോകുന്ന ‘ഹോട്ടൽ കോന്റിനെന്റൽ’ എന്ന ആഡംബര സമുച്ചയവും.

ഇതോടൊപ്പം, ട്രാൻസിൽവാനിയയിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന റൊമാനിയൻ - ഹംഗേറിയൻ വംശീയ വിദ്വേഷവും ദേശീയതയും ചിത്രത്തിൽ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. കുടിയൊഴിപ്പിക്കൽ നടത്തുന്ന ഓർസോളിയ ഹംഗേറിയൻ വംശജയാണെന്നതും, അതിനിരയായി ജീവനൊടുക്കിയ അയോൺ റൊമാനിയക്കാരനായ പഴയൊരു ഒളിമ്പിക് കായികതാരമാണെന്നതും സംഭവത്തിന് വലിയ രാഷ്ട്രീയ മാധ്യമ പ്രാധാന്യം നൽകുന്നു. ഒരു ഹംഗേറിയൻ വംശജ റൊമാനിയൻ ദേശസ്നേഹിയെ മരണത്തിലേക്ക് തള്ളിവിട്ടു എന്ന രീതിയിൽ വലതുപക്ഷ മാധ്യമങ്ങളും വർഗ്ഗീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിഷയം ഏറ്റെടുക്കുന്നതോടെ, വ്യക്തിപരമായ കുറ്റബോധം വംശീയ സംഘർഷങ്ങളുടെ തലത്തിലേക്ക് വളരുന്നു. കൂടാതെ, തെരുവിൽ കുറഞ്ഞ വേതനത്തിൽ പണിയെടുക്കുന്ന തെക്കേ ഏഷ്യൻ കുടിയേറ്റ തൊഴിലാളികൾ അനുഭവിക്കുന്ന വംശീയ അധിക്ഷേപങ്ങളും ചിത്രത്തിന്റെ രാഷ്ട്രീയ വ്യാപ്തി വർദ്ധിപ്പിക്കുന്നു.

സമകാലിക ലോകത്തെ അധികാരഘടനകളെയും, വംശീയതയെയും, അന്യവൽക്കരിക്കപ്പെട്ട മനുഷ്യ ജീവിതങ്ങളെയും ധൈര്യപൂർവ്വം തുറന്നുകാട്ടുന്ന ചലച്ചിത്ര രേഖയാണ് ‘കോന്റിനെന്റൽ 25’.

Continental 25: A Stark Look at Europe's Moral and Ethnic Crises:

Continental 25, a film by Romanian director Radu Jude, uses the beauty of poverty as a voice for moral resistance. Shot entirely on an iPhone over eleven days without elaborate equipment, the movie sharply questions contemporary European ethnic and political conflicts through black comedy. It centers on an eviction and subsequent suicide in Cluj-Napoca, using political resistance as its cinematic language to highlight Europe's morality and the downfall of the marginalized. The film explores themes of guilt, social alienation, and the devastating impact of gentrification and ethnic tensions.

ADVERTISEMENT