‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തിയറ്ററുകളിൽ ചരിത്രവിജയം നേടുമ്പോൾ സിനിമയ്ക്കൊപ്പം തരംഗമാകുന്നത് ‘യവനകഥയിൽ നിന്നു വന്ന ഇടയകന്യകേ...’ എന്ന പഴയൊരു പാട്ട് കൂടിയാണ്. ഈ മനോഹര പ്രണയഗാനം പുതിയ തലമുറയും ഏറ്റെടുത്തതോടെ റീൽസുകളിലും ഷോർട്ട്സുകളിലുമെല്ലാം ‘യവനകഥ’ നിറയുകയാണ്.
ഏകദേശം 31 വർഷം മുൻപ്, ജോഷി സംവിധാനം ചെയ്യാൻ തീരുമാനിച്ച ‘അന്ന’ എന്ന സിനിമയ്ക്കു വേണ്ടി ഒരുക്കിയ ഗാനമാണിത്. അരവിന്ദ് സ്വാമിയെ നായകനായി നിശ്ചയിച്ച ‘അന്ന’ പലകാരണങ്ങളാൽ മുടങ്ങിപ്പോയെങ്കിലും പാട്ട് ഹിറ്റായി.
ഷിബു ചക്രവർത്തി രചിച്ച്, ഔസേപ്പച്ചൻ സംഗീതം നൽകിയ ‘യവനകഥയിൽ...’ കെ.ജെ. യേശുദാസും കെ.എസ്. ചിത്രയും ചേർന്നാണ് ആലപിച്ചത്. ഇപ്പോഴിതാ, ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലൂടെ ഈ ഗാനം വീണ്ടും ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരിക്കുന്നു.
മലയാളത്തിൽ ‘ഡാഡി’, ‘ദേവരാഗം’, ‘ഒറ്റ്’ എന്നിങ്ങനെ മൂന്ന് സിനിമകളിലേ ഇതുവരെ അരവിന്ദ് സ്വാമി അഭിനയിച്ചിട്ടുള്ളൂ. എന്നാൽ, ഇതിൽ, മുടങ്ങിപ്പോയ ‘അന്ന’ ഉൾപ്പടെയുള്ള മൂന്ന് സിനിമകളിലെയും ഗാനങ്ങൾ ക്ലാസിക്കുകളാണ്.
ഡാഡി
‘റോജ’യിലൂടെ പാൻ ഇന്ത്യൻ ലെവലിൽ താരപദവി സ്വന്തമാക്കിയ കാലത്താണ് അരവിന്ദ് സ്വാമി സംഗീത് ശിവൻ സംവിധാനം ചെയ്ത ‘ഡാഡി’യിൽ അഭിനയിച്ചത്. സുരേഷ് ഗോപിക്കും ഗൗതമിക്കുമൊപ്പം പ്രധാന വേഷത്തിൽ അരവിന്ദ് സ്വാമിയും എത്തിയ ‘ഡാഡി’ ‘റോജ’ റിലീസ് ചെയ്ത 1992 – ൽ തന്നെയാണ് തിയറ്ററുകളിലെത്തിയത്. മനോഹരമായൊരു ഫാമിലി ഡ്രാമയായിരുന്നു ‘ഡാഡി’. ഈ ചിത്രത്തിനായി എസ്.പി.വെങ്കിടേഷ് ഒരുക്കിയ ‘മുത്തേ പൊന്നും മുത്തേ...’ എന്ന ഗാനം ഇപ്പോഴും സംഗീത പ്രേമികളുടെ ഫേവറിറ്റ് ലിസ്റ്റിലുണ്ട്. ‘പൂങ്കുയിലേ പൂങ്കരളിൽ...’,‘അഞ്ചിക്കൊഞ്ചും വെള്ളിച്ചിലങ്കേ...’, ‘എട്ടപ്പം ചുടണം...’ എന്നീ ഗാനങ്ങളും റിപ്പീറ്റ് വാല്യൂ ഉള്ളവയാണ്.
ദേവരാഗം
അരവിന്ദ് സ്വാമിയെയും ശ്രീദേവിയെയും നായികാനായകൻമാരാക്കി ഭരതൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ‘ദേവരാഗം’ 1996 – ലാണ് പ്രദർശനത്തിനെത്തിയത്. ഇതില്‍ എം.എം.കീരവാണി ഒരുക്കിയ ഗാനങ്ങളോരോന്നും ക്ലാസിക്കുകളാണ്. ‘ശിശിരകാല...’, ‘ശശികല ചാർത്തിയ...’, ‘താഴമ്പൂ മുടിമുടിച്ച്...’, ‘യ യ യ യാ...’ തുടങ്ങി ഓരോ ഗാനങ്ങളും ഇപ്പോഴും സംഗീത പ്രേമികളുടെ ഹൃദയത്തിലുണ്ട്.
അന്ന
ചെറുകഥാകൃത്തും നോവലിസ്റ്റുമായ എൻ.മോഹനന്റെ തിരക്കഥയിലാണ് ജോഷി ‘അന്ന’ പ്ലാൻ ചെയ്തത്. ദേവികുളം സബ് കലക്ടറായ ഹരി എന്ന ബ്രാഹ്മണ യുവാവും അന്ന എന്ന ക്രിസ്ത്യൻ പെൺകുട്ടിയും തമ്മിലുള്ള പ്രണയത്തിന്റെ കഥയായിരുന്നു ‘അന്ന’. നായകനായി അരവിന്ദ് സ്വാമിയെയും നായികയായി ശ്രീദേവിയെയും തീരുമാനിച്ചു. എന്നാൽ അരവിന്ദ് സ്വാമിയുടെയും ശ്രീദേവിയുടെയും ഡേറ്റുകൾ തമ്മിൽ ചേരാതെ വന്നതോടെ മീനയെ നായികയാക്കാൻ തീരുമാനിച്ചു. അങ്ങനെ കാര്യങ്ങൾ പുരോഗമിച്ചെങ്കിലും അരവിന്ദ് സ്വാമിയുടെ ഡേറ്റ് പ്രശ്നം കാരണം ചിത്രീകരണം നീണ്ടുനീണ്ടുപോയി. ഒടുവിൽ പടം മുടങ്ങി. സംഗീതപ്രധാനമായ ചിത്രത്തിനുവേണ്ടി ഔസേപ്പച്ചൻ ഈണം നൽകി ഷിബു ചക്രവർത്തി എഴുതിയ എട്ട് ഗാനങ്ങൾ ആദ്യമേ തന്നെ റിക്കോർഡ് ചെയ്തു. അതിലൊന്നാണ് ‘യവന കഥയിൽ നിന്നു വന്ന ഇടയകന്യകേ...’. ‘അന്ന’യുടെ ചിത്രീകരണം നടന്നില്ലെങ്കിലും 1995ൽ മാഗ്നാ സൗണ്ട് 8 ഗാനങ്ങൾ അടങ്ങിയ കസെറ്റ് പുറത്തിറക്കി. അക്കാലത്തുതന്നെ അത് വലിയ ഹിറ്റ് ആയിരുന്നു. ഇപ്പോഴിതാ, വർഷങ്ങൾക്കു ശേഷം പുതിയ തലമുറയും ആ പാട്ടിനെ മനസ്സിലേക്കെടുത്തിരിക്കുന്നു.