ബോളിവുഡിന്റെ പരമ്പരാഗത ‘നായക സങ്കൽപ്പങ്ങൾ’ക്കു പുറത്തായിരുന്നു എക്കാലവും നാനാ പടേക്കർ. ഓൺ സ്ക്രീനില്‍ അയാളിലെ നടനും ഓഫ് സ്ക്രീനില്‍ അയാളിലെ മനുഷ്യനും പകരക്കാരില്ലാത്ത സാന്നിധ്യമായെന്നിടത്താണ് നാനാ എന്ന നായകന്റെ വലുപ്പം. ബോളിവുഡ് ഇന്ത്യൻ സിനിമയ്ക്ക് നൽകിയ പ്രതിഭാധനരായ അഭിനേതാക്കളിൽ ആദ്യപേരുകളിലൊന്ന് നാനയുടേതാണ്. രൂപത്തിലും ഭാവത്തിലും ബി ടൗൺ പളപളപ്പുകളിൽ നാനായെ കാണാനാകില്ല. ഏതെങ്കിലുമൊരു ഉത്തരേന്ത്യൻ ഗ്രാമത്തിൽ കണ്ടേക്കാവുന്ന സാധാരണക്കാരനെയാണ് അയാൾ എപ്പോഴും ഓർമിപ്പിച്ചത്. പരുക്കന്റെ ഭാവങ്ങളുള്ള പച്ചമനുഷ്യൻ. ഇനി ആ പ്രതിഭയില്ല. നാനാ പോയി. ജീവൻ പകർന്ന അനശ്വരവേഷങ്ങൾ ബാക്കി. നാനായെക്കുറിച്ച് ‘ഇന്ത്യൻ സിനിമയിലെ റോബർട്ട് ഡി നീറോ’ എന്ന പേരിൽ സംവിധായകൻ സുധി അന്ന ‘വനിത ഓൺലൈനിൽ’ എഴുതിയ കുറിപ്പ് വായിക്കാം –
ചില നടന്മാരുണ്ട്, അവർ അഭിനയിക്കുന്ന കഥാപാത്രത്തെ നമ്മൾ കാണുന്നില്ല. പകരം ആ കഥാപാത്രമായി ജീവിക്കുന്ന മനുഷ്യനെയാണ് കാണുന്നത്. അലങ്കാരങ്ങളോ പ്രകടനങ്ങളോ ഇല്ലാതെ നമുക്കിടിയിലെ മറ്റൊരു മനുഷ്യനായി അവർ ജനിക്കുന്നു. നാനാ പടേക്കർ അങ്ങനെ ഒരു മനുഷ്യനാണ്. വെറുമൊരു സിനിമാ നടന്റെ വളർച്ചയായിരുന്നില്ല അദ്ദേഹത്തിന്റേത്. നാടകത്തിനും സമാന്തര സിനിമയ്ക്കും മുഖ്യധാര സിനിമയ്ക്കും ഇടയിലെ വിചിത്രമായ ഒരു പാലമായിരുന്നു അയാൾ. നാടകത്തിന്റെ അടിത്തറയിലാണ് അദ്ദേഹം സിനിമ പടുത്തുയർത്തിയത്. നിശബ്ദതകൊണ്ടാണ് അദ്ദേഹം പല സംഭാഷണങ്ങളും പകർത്തിയെഴുതിയത്. കണ്ണിലെ ചെറു ചലനങ്ങൾ കൊണ്ട് നെടുനീളൻ വാക്കുകൾ അദ്ദേഹം വെട്ടിക്കുറച്ചു. വാക്കുകളുടെ കനം ശരീരഭാഷയാക്കി മാറ്റി. സംവിധായകനായും നടനായും സിനിമ എന്ന മാധ്യമത്തെ ആയുധമാക്കി. ക്രാന്തിവീർ ആ അഭിനയത്തിന്റെ നിർവചനമായിരുന്നു.
ചില കഥാപാത്രങ്ങളെ നാനാപടേക്കർ ഉള്ളിൽ തന്നെ സൃഷ്ട്ടിച്ചു ഭ്രാന്തമായ വികാരങ്ങൾ കൊണ്ട് ഭയപ്പെടുത്തി. അഗ്നിസാക്ഷി പ്രണയത്തിന്റെ ഭ്രാന്തമായ ഭീതിയാണ് പരത്തിയത് . സങ്കീർണമായ കഥയും കഥാപാത്രങ്ങളും ആ മഹാനടന്റെ ജന്മാവകാശമായി അദ്ദേഹം തിരഞ്ഞെടുത്തു. ഇന്ത്യൻ സിനിമയുടെ ആ പരുക്കൻ ശബ്ദമാണ് നിലച്ചുപോയത്.
അഭിനയത്തിന്റെ തിളക്കം അദ്ദേഹം പുരസ്കാരങ്ങളിൽ കണ്ടിരുന്നില്ല . അഭിനയിക്കുമ്പോൾ ഒരു മനുഷ്യൻ എത്രത്തോളം സത്യസന്ധൻ ആയിരിക്കുന്നു എന്നതിന്റെ അടയപ്പെടുത്തലാണ് നാനായുടെ ജീവിതം . എന്താണ് അഭിനയം എന്ന എന്ന ഇന്ത്യൻ സിനിമയുടെ ചോദ്യത്തിന് നാനാപടേക്കർ എന്ന ശക്തമായ ഉത്തരമാണ് അവശേഷിക്കുന്നത്.