മുൻപൊരിക്കൽ അവിടേക്കു പുറപ്പെട്ടതാണ്. അന്നൊരു തടസ്സം വന്നു ചേർന്നു. പിന്നീടൊരു കുംഭമാസത്തിൽ പാലക്കാടെത്തിയപ്പോൾ എന്തായാലും ചെമ്പൈയിലേക്കു പോകണമെന്നു നിശ്ചയിച്ചു. സംഗീതോൽസവത്തിന്റെ തിരക്കാണെന്നറിഞ്ഞതോടെ രണ്ടാം തവണയും യാത്ര നീട്ടിവയ്ക്കേണ്ടി വന്നു. ഹരികാംബോജി രാഗം പഠിക്കാൻ ഭ ജനമിരുന്ന ഭാഗവതരുടെ അഗ്രഹാരമാണ്. അവിടം സന്ദർശിക്കാൻ സമയമായിട്ടില്ലെന്നു വിശ്വസിച്ച് പിന്നെയും കാത്തിരുന്നു. 2022ൽ ഗുരുവായൂർ ഏകാദശിക്ക് മേൽപത്തൂർ ഓഡിറ്റോറിയത്തിൽ കച്ചേരി കേട്ടതോടെ മനസ്സു പറഞ്ഞു, ഇനി വൈകിക്കൂടാ. സംഗീതോൽസവം കഴിഞ്ഞ് വൈദ്യനാഥ ഭാഗവതരുടെ തമ്പുരു തിരികെ അഗ്രഹാരത്തിൽ എത്തിച്ചതിന്റെ പിറ്റേന്ന് ഫൊട്ടോഗ്രഫറോടൊപ്പം പുറപ്പെട്ടു, കോട്ടായിക്കു സമീപത്തുള്ള ചെമ്പൈ ഗ്രാമത്തിലേക്ക്.
പാലക്കാട്ടു നിന്നു വരുമ്പോ ൾ ദേശീയപാതയിൽ കുഴൽമന്ദം താണ്ടി പത്തു കിലോമീറ്റർ സഞ്ചരിച്ചാൽ കോട്ടായി ജംക്ഷൻ. പണ്ട് ഈ പാതയുടെ ഇരുവശത്തും കണ്ണെത്താദൂരം നെൽപ്പാടങ്ങളായിരുന്നു. വിതുമ്പി നിൽക്കുന്ന കണ്ടങ്ങളിൽ ചിലത് ഇപ്പോഴും ബാക്കിയുണ്ട് - മതിൽ കെട്ടിത്തിരിച്ച പുരയിടങ്ങളുടെ അരികിൽ. മഞ്ഞണിഞ്ഞ് പൊൻവെയിൽചൂടി നെൽച്ചെടികൾ തലയാട്ടുന്നതു മനസ്സു നിറയ്ക്കുന്ന ചിത്രമാണ്. അതു കണ്ടു കടന്നു പോകുംവഴിയിൽ മാത്തൂരും ചുങ്കമന്ദവുമാണു പ്രധാന ജംക്ഷനുകൾ. അവിടന്നു നീങ്ങി കോട്ടായിയിൽ നിന്നു തിരിഞ്ഞ് ചിമ്പ ശിവക്ഷേത്രത്തിനടുത്തെത്തി. ചെമ്പൈ ഗ്രാമം – റോഡരികിൽ ബോർഡുണ്ട്.
അമ്പലത്തിന്റെ മുൻപിൽ നിന്നാൽ കഷ്ടിച്ച് നൂറു മീറ്റർ അകലെ നടപ്പന്ത ൽ കാണാം. പാർഥസാരഥി ക്ഷേത്രത്തിന്റെ കിഴക്കേനടയുമായി ബന്ധിപ്പിച്ചാണ് പന്തൽ നിർമിച്ചിട്ടുള്ളത്. ഓടുമേഞ്ഞ പന്തലിന്റെ ഉത്തരവും കഴുക്കോലും മുറുക്കിയിട്ടുള്ളത് എതിർവശത്തുള്ള അഗ്രഹാരത്തിന്റെ പൂമുഖത്ത്. നൂറ്റാണ്ടു പഴക്കമുള്ള ആ ബ്രാഹ്മണ ഗൃഹത്തിന്റെ കോലായയിലൊരു ഊഞ്ഞാലുണ്ട്. സപ്തസ്വരങ്ങളെ കണ്ഠത്തിൽ കുടിയിരുത്തിയ സാക്ഷാൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഇരിപ്പിടം. തടിയിൽ നിർമിച്ച ഊഞ്ഞാലിൽ ച മ്രം പടിഞ്ഞിരുന്ന് ഭാഗവതർ കീർത്തനങ്ങൾ ആലപിക്കാറുണ്ടായിരുന്നു. വേനലിൽ മഴ പെയ്യിച്ച ആ സ്വരജതികൾ ഈ വീടിന്റെ അകത്തളങ്ങളിൽ ഇപ്പോൾ നിത്യശാന്തിയുടെ മൗനത്തിലാണ്.
‘‘ഇതാണ് മുത്തച്ഛന്റെ തമ്പുരു. എല്ലാ കച്ചേരിക്കും അദ്ദേഹം ഈ തമ്പുരുവാണ് വായിച്ചിരുന്നത്’’ പദ്മഭൂഷൺ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ വിരലടയാളം പതിഞ്ഞ തമ്പുരുവിനരികിലേക്ക്, ചൈമ്പൈയുടെ ഭൗതികദേഹം ഒടുവിൽ കിടത്തിയ ഇടനാഴിയിലേക്ക് സുരേഷ് ശ്രദ്ധ ക്ഷണിച്ചു. വൈദ്യനാഥ ഭാഗവതരുടെ ചെറു മകനാണ് സംഗീതജ്ഞനായ സുരേഷ്. എഴുപത്തൊൻപതാം വയസ്സിൽ ചെമ്പൈ അരങ്ങൊഴിയുമ്പോൾ സുരേഷ് പത്താം ക്ലാസിൽ പഠിക്കുകയായിരുന്നു. 47 വർഷമായി യേശുദാസ് പാടുന്ന വേദി ചെമ്പൈയുടെ അഗ്രഹാരത്തിന്റെ നടുത്തളത്തിൽ നിന്നു മേൽക്കൂരയിലേക്ക് ഉയർന്നു നിൽക്കുന്ന കുറേ തൂണുകളുണ്ട്. സ്വരസ്ഥാനങ്ങൾ പോലെ നിൽക്കുന്ന തൂണുകളുടെ അരികിലാണ് തമ്പുരു വച്ചിട്ടുള്ളത്. അതിനു പിന്നിൽ ചെമ്പൈ പുഞ്ചിരിക്കുന്ന ഛായാചിത്രം. ഈ സ്ഥലത്തു ചാരുകസേരയിട്ടാണ് ഭാഗവതർ വിശ്രമിച്ചിരുന്നത്.
കാർക്കശ്യമായിരുന്നു വൈദ്യനാഥ ഭാഗവതരുടെ സ്ഥായീഭാവം. ഹൈ മീറ്ററിൽ കച്ചേരി നടത്തുന്ന ദിവസങ്ങളിലും തൈരും നെയ്യും കഴിക്കുമായിരുന്നു. സ്വന്തം കണ്ഠശുദ്ധിയി ൽ അത്രമേൽ ആത്മവിശ്വാസമുള്ള ഭാഗവതരായിരുന്നു ചെമ്പൈ. രാഗോപാസന കേട്ടു വളർന്ന ബാല്യകാലത്തെ ഓർമകളും വൈദ്യനാഥ ഭാഗവതരെക്കുറിച്ചു കേട്ടറിഞ്ഞ കഥകളും ചെമ്പൈ സുരേഷ് പറഞ്ഞു തുടങ്ങി.
ഞങ്ങളുടേത് കൂട്ടുകുടുംബമായിരുന്നു. മക്കളും ചെറുമക്കളുമായി വലിയ കുടുംബം. വൈദ്യനാഥ ഭാഗവതരായിരുന്നു കാരണവ ർ. അദ്ദേഹവും സഹോദരൻ സുബ്രഹ്മണ്യ ഭാഗവതരും ചേർന്ന് ചെമ്പൈ ഗ്രാമത്തിൽ ഗുരുകുല രീതിയിൽ സംഗീതം പരിശീലിപ്പിച്ചിരുന്നു. രണ്ടു പേരും കച്ചേരിക്കു ദൂരസ്ഥലങ്ങളിലേക്കു പോയതു പലപ്പോഴും ഗുരുകുല പഠനത്തിനു തടസ്സം സൃഷ്ടിച്ചു. അതോടെ സുബ്രഹ്മണ്യഭാഗവതർ സംഗീത ക്ലാസ് ഏറ്റെടുത്തു. വൈദ്യനാഥഭാഗവതർ മുഴുവൻ സമയവും കച്ചേരികളിലേക്കു നീങ്ങി. അദ്ദേഹത്തിനു തമിഴ്നാട്ടിലും കേര ളത്തിലും ആരാധകരുണ്ടായിരുന്നു. ത മിഴ്നാട്ടിൽ ചെല്ലുമ്പോൾ താമസിക്കാൻ ചെന്നൈയിലെ സാൻതോമിൽ വീടു വാങ്ങി. ആറുമാസം അവിടെയും ആറു മാസം ചെമ്പൈ ഗ്രാമത്തിലുമായിട്ടായിരുന്നു ജീവിതം. ഒളപ്പമണ്ണ മനയുമായി ചെമ്പൈക്ക് ഹൃദയബന്ധമുണ്ടായിരുന്നു. വള്ളുവനാട്ടിൽ എവിടെ കച്ചേരി നടത്തിയാലും ഭാഗവതർ താമസിച്ചിരുന്നതു മനയിലായിരുന്നു. ഒഎംസി വാസുദേവൻ നമ്പൂതിരിപ്പാട്, പൂമുള്ളി രാമപ്പൻ നമ്പൂതിരിപ്പാട് തുടങ്ങിയ പ്രമുഖർ ചെമ്പൈയുടെ ശിഷ്യരാണ്. മനയുടെ വകയായുള്ള പൂഴിക്കുന്നം ശ്രീകൃഷ്ണക്ഷേത്രത്തിലാണ് ചെമ്പൈ ആദ്യ കച്ചേരി നടത്തിയത്. അവസാനത്തെ കച്ചേരിയും അവിടെയായിരുന്നു എന്നതു മറ്റൊരു നിയോഗം.
മനയുടെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിൽ ആകൃഷ്ടനായ ഭാഗവതർ സ്വന്തം ഗ്രാമത്തിൽ പാർഥസാരഥിയെ പ്രതിഷ്ഠിച്ച് ക്ഷേത്രം നിർമിച്ചു. കുംഭമാസത്തിലെ വെളുത്തപക്ഷ സപ്തമിക്ക് കൊടിയേറ്റവും ദ്വാദശി ആറാട്ടോടുകൂടി അവസാനിക്കുംവിധം സംഗീതോത്സവവും നടത്തി. ‘‘ദാസിന്റെ കച്ചേരി കേൾക്കണമെന്ന് നാട്ടിലെല്ലാവർക്കും ആഗ്രഹമുണ്ട്’’ ബന്ധുക്കളിലൊരാൾ ചെമ്പൈയോടു പറഞ്ഞു. ചെമ്പൈയുടെ ശിഷ്യനായ യേശുദാസ് സിനിമാ ഗാനങ്ങളിലൂടെ പ്രശസ്തനായ കാലമായിരുന്നു അത്. ഗുരുവിന്റെ ആവശ്യപ്രകാരം 1972ൽ യേശുദാസ് ചെമ്പൈ ഗ്രാമത്തിലെത്തി. ‘‘സിനിമാ പാട്ട് പാടിക്കോളൂ. കുഴപ്പമില്ല’’ കച്ചേരിയുടെ ഇടയിൽ യേശുദാസിനോടു ചെമ്പൈ പറഞ്ഞു. ചലച്ചിത്ര പിന്നണി ഗായകനെ കാണാനെത്തിയ സാധാരണക്കാരുടെ മനസ്സറിഞ്ഞുള്ള പ്രവർത്തിയായിരുന്നു അത്. ഗുരുവിന്റെ ക്ഷണം സ്വീകരിച്ച ശേഷം യേശുദാസ് ഒരിക്കൽപ്പോലും ഇവിടുത്തെ സംഗീതോൽസവം ഒഴിവാക്കിയിട്ടില്ല. നാൽപത്തേഴു വർഷങ്ങളായി മുടക്കം വരാതെ ഇവിടെ വന്നു പാടുന്നു. ജയവിജയന്മാർ, ടി.വി. ഗോപാലകൃഷ്ണൻ, വിജയ് യേശുദാസ് എന്നിങ്ങനെ മറ്റു പ്രമുഖരും ഈ വേദിയിൽ പാടി ഗുരുവന്ദനം നടത്തി.
വൈദ്യനാഥ ഭാഗവതർ കൊളുത്തിയ സംഗീതത്തിന്റെ തിരിനാളം അണയാതിരിക്കാൻ ഇരുപത്തെട്ടു വർഷം മുൻപ് ‘ചെമ്പൈ സംഗീതപീഠം’ രൂപീകരിച്ചു. ചിങ്ങ മാസത്തിലെ ഭരണി നക്ഷത്രത്തിൽ, ചെമ്പൈയുടെ ജന്മനാളിൽ ആദ്യ ക്ലാസ് യേശുദാസ് ഉദ്ഘാടനം ചെയ്തു. അഗ്രഹാരത്തിനു സമീപത്ത് സപ്തസ്വര മണ്ഡപം നിർമിച്ച് ചെമ്പൈയുടെ വെങ്കല ശിൽപം സ്ഥാപിച്ചതും ഗാനഗന്ധർവനാണ്. പാലക്കാട് ജില്ലയുടെ വിവിധ ഭാഗത്തുള്ളവർ യേശുദാസിന്റെ സാന്നിധ്യത്താൽ പ്രശസ്തമായ പീഠത്തിൽ സംഗീത പരിശീലനത്തിന് എത്തുന്നു. അവരിൽ സ്കൂൾ കുട്ടികളും ജോലിക്കാരും വീട്ടമ്മമാരുമുണ്ട്.
നിലച്ച ശബ്ദം തിരിച്ചു കിട്ടിയ കഥ എല്ലാവർഷവും ഏകാദശിക്ക് ഭാഗവതർ ഗുരുവായൂരിൽ എത്തുമായിരുന്നു. ഏകാദശിയോടനുബന്ധിച്ച് മൂന്നു ദിവസം ശിഷ്യരെക്കൊണ്ട് ശ്രീകൃഷ്ണനു മുന്നിൽ പാടിക്കുന്നത് ജന്മപുണ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ചെമ്പൈ ആരംഭിച്ച കച്ചേരി പിൽക്കാലത്ത് ഗുരുവായൂർ ദേവസ്വം ഏറ്റെടുത്തു. ലോകപ്രശസ്തരായ സംഗീതജ്ഞർ പങ്കെടുക്കുന്ന ‘ഗുരുവായൂർ ചെമ്പൈ സംഗീതോൽസവമായി’ ഇതു മാറിയത് പിൽക്കാല ചരിത്രം. വൈദ്യനാഥഭാഗവതരുടെ തമ്പുരു ഈ വേദിയിൽ എത്തിക്കാറുണ്ട്. ചെമ്പൈ സുരേഷിന്റെ നേതൃത്വത്തിൽ ചെമ്പൈ ഗ്രാമത്തിൽ നിന്നു പുറപ്പെടുന്ന ‘തമ്പുരു ഘോഷയാത്ര’യ്ക്ക് പൂഴിക്കുന്നം ക്ഷേത്രം, ചെമ്പൈ സംഗീത കോളജ്, കേരളകലാമണ്ഡലം എന്നിവിടങ്ങളിൽ ആരാധകർ സ്വീകരണം നൽകാറുണ്ട്. ചെമ്പൈയുടെ കൃഷ്ണഭക്തിയെക്കുറിച്ച് കൂടെയുണ്ടായിരുന്നവർക്കു പ റയാൻ അനുഭവങ്ങളേറെ. അതിലൊന്നാണ് ചെമ്പൈക്കു ശബ്ദം നഷ്ടപ്പെട്ട സംഭവം. പെരുമയുടെ കൊടുമുടിയിൽ നിൽക്കുന്ന സമയത്ത് മൂന്ന് അവസരങ്ങളിൽ ചെമ്പൈക്ക് ശബ്ദം നഷ്ടപ്പെട്ടു. കച്ചേരി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സംസാരിക്കാൻ പറ്റാതായി. ആദ്യ രണ്ടു തവണയും വിശ്രമവും പ്രാർഥനയും കഴിഞ്ഞപ്പോൾ ശബ്ദം തിരിച്ചു കിട്ടി. മൂന്നാംതവണ സംസാരിക്കാൻ പോലും പറ്റാത്തവിധം ശബ്ദം പൂർണമായും നഷ്ടപ്പെട്ടു. പിന്നീടു ര ണ്ടു വർഷം പാടാൻ മാത്രമല്ല വർത്തമാനം പറയാനും വയ്യാത്ത അവസ്ഥയിലായി. ജന്മസിദ്ധമായ സംഗീതം ഹൃദയനൊമ്പരമായതോടെ അദ്ദേഹം തന്റെ അഭയസ്ഥാനമെന്നു വിശ്വസിച്ചിരുന്ന ഗുരുവായൂരിലേക്കു തിരിച്ചു.
അവിടെ വച്ചുണ്ടായ അനുഭവം പിന്നീടൊരു അ ഭിമുഖത്തിൽ ചെമ്പൈ പറഞ്ഞത് ഇങ്ങനെ: ‘‘പന്തീരടി വാതിൽ കടന്ന് ജനത്തിരക്കിലൊരുവനായി ശ്രീകോവിലിനു മുന്നിലെത്തി. ഭഗവാനേ, അങ്ങയെ കാണാനെത്തിയ അനേകായിരം ആളുകളുടെ ഇടയിൽ ഈ ഞാനുമുണ്ട്. നാരായണ നാമ ജപമല്ലാതെ മറ്റൊന്നും ഇവിടെ കേൾക്കുന്നില്ല. ഗുരുവായൂരപ്പാ, ഈ തിരക്കിന്റെയിടയിൽ അങ്ങയെ കാണാൻ കഴിയുന്നില്ല. എന്റെ ശബ്ദം കേൾക്കാൻ അവിടുത്തേക്ക് താൽപര്യമില്ലാതായോ. എന്തിനാണ് ഭഗവാനേ ഇങ്ങനെയൊരു പരീക്ഷണം... ഉറക്കെ പറയാനാണു ശ്രമിച്ചതെങ്കിലും ശബ്ദം പുറത്തുവന്നില്ല. വിങ്ങലടക്കാനാവാതെ വിതുമ്പിക്കരഞ്ഞു. നിറകണ്ണുകളുമായി അങ്ങനെ നിന്നപ്പോൾ പുറകിൽ നിന്നൊരു തോണ്ടൽ.
‘‘ചെമ്പൈ ഭാഗവതരല്ലേ? അങ്ങയുടെ ശബ്ദം നഷ്ടപ്പെട്ടതായി അറിഞ്ഞു. ഞാനൊന്നു പരിശോധിക്കട്ടേ?’’ പിന്നിൽ നിന്നു തോണ്ടി വിളിച്ചയാൾ ചോദിച്ചു. ‘‘ഞാൻ വൈദ്യമഠത്തിലെ അംഗമാണ്. പേര് നാരായണൻ നമ്പൂതിരി. വിരോധല്ലാച്ചാൽ എന്റെ കൂടെ മനയിലേക്ക് വന്നോളൂ’’ അദ്ദേഹം പറഞ്ഞു. നാരായണൻ നമ്പൂതിരിയോടൊപ്പം ഒറ്റപ്പാലത്തിനടുത്തുള്ള ഒളപ്പമണ്ണ മനയിലേക്ക് പോയി. വൈദ്യർ തുള്ളിമരുന്നു നൽകി. പിറ്റേന്നു രാവിലെ ആ മരുന്നിന്റെ രണ്ടു തുള്ളി കഴിക്കാൻ പറഞ്ഞു. രണ്ടാം ദിനം മരുന്ന് തൊണ്ടയിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും ചുമച്ചു. രണ്ടു വർഷങ്ങളായി ഒരക്ഷരം പോലും പുറപ്പെടാതിരുന്ന കണ്ഠത്തിൽ നിന്ന് സപ്തസ്വരങ്ങളൊഴുകി. അന്നേ ദിവസം സൂര്യൻ അസ്തമിക്കുന്നതിനു മുൻപ് ഗുരുവായൂരിലെത്തി.’’ ചെമ്പൈയുടെ അറിയിപ്പു കിട്ടിയ പക്കമേളക്കാർ നേരത്തേ എത്തിയിരുന്നു. ഗുരുപവനപുരിയെ സംഗീത പാൽക്കടലാക്കി വൈദ്യനാഥ ഭാഗവതർ വീണ്ടും പാടി – കഴലിണ കൈ തൊഴുന്നേൻ കൃഷ്ണാ...
വൈദ്യനാഥ ഭാഗവതരുടെ അമ്മ പാർവതിയുടെ നാട് വടകരയാണ്. ലോകനാർകാവിനു സമീപത്തുള്ള വീട്ടിലാണ് ഭാഗവതർ ജനിച്ചതെന്നു പറയപ്പെടുന്നു. അദ്ദേഹത്തിന്റെ അച്ഛൻ അനന്തഭാഗവതരുടെ ജന്മദേശമാണ് പാലക്കാട് ജില്ലയിലെ കോട്ടായി. അച്ഛനിൽ നിന്നു കിട്ടിയ സംഗീതം ചെമ്പൈയിലൂടെ തിളങ്ങി. വെങ്കല ശബ്ദമുള്ളവരുടെ പാട്ട് പാലാഴി പോലെ ശുദ്ധമെന്നു സംഗീതജ്ഞർ പറയാറുണ്ട്. ചെമ്പൈയുടെ കാര്യത്തിൽ ആ വിശ്വാസം അച്ചട്ടായി. വാതാപി ഗണപതിം പാടിക്കൊണ്ടാണ് ചെമ്പൈയുടെ കച്ചേരികൾ ആരംഭിക്കാറുള്ളത്. യോഗീന്ദ്രാണാം പാടി സമാപനം. കരുണ ചെയ്വാൻ എന്തു താമസം കൃഷ്ണാ എന്നു തുടങ്ങുന്ന പരിദേവനമായിരുന്നു അദ്ദേഹത്തിന് പ്രിയപ്പെട്ട കീർത്തനം. ‘അനായാസേന മരണം’ എന്നായിരുന്നു നിത്യപ്രാർഥന. അതു ഗുരുവായൂരപ്പൻ കേട്ടുവെന്ന് ഒടുവിലത്തെ കച്ചേരിക്ക് ഒപ്പമുണ്ടായിരുന്നവർ പറയുന്നു.
1974 ഒക്ടോബർ 16ന് നവരാത്രിയോടനുബന്ധിച്ച് പൂഴിക്കുന്നം ക്ഷേത്രത്തിൽ മൂന്നര മണിക്കൂറോളം പാടി. കച്ചേരി കഴിഞ്ഞ് ക്ഷേത്ര നടയിൽ കു റേ നേരം പ്രാർഥിച്ചു. പ്രാർഥനയെന്നു വച്ചാൽ ഉറക്കെയുള്ള സംഭാഷണമായിരുന്നു: ‘‘ഭഗവാനേ, എഴുപത്തൊൻപതു വ യസ്സായി. ഈ തടിയുമായി ഇനിയും ക ഷ്ടപ്പെടുത്തരുതേ. എന്നെ തിരിച്ചു വിളിക്കാറായില്ലേ...’’ കൂടെയുണ്ടായിരുന്ന ചിതലി രാമമാരാർ ഇതു കേട്ടു. ‘‘ഏയ്, അങ്ങനെയൊന്നും സംഭവിക്കാറായിട്ടില്ല. ഭാഗവതർ 125 വയസ്സു വരെ ജീവിക്കും’’ പ്രാർഥനയ്ക്കിടയിൽ കയറി രാമമാരാർ പറഞ്ഞു. അതു ചെമ്പൈയെ ചൊടിപ്പിച്ചു. ‘‘രാമാ, ഇതു ഞാനും ഭഗവാനുമായുള്ള വർത്തമാനമാണ്. അതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. അതു പോലെയേ നടക്കൂ. നീ ഇടപെടണ്ട’’ ഇത്രയും പറഞ്ഞ് അദ്ദേഹം ഒളപ്പമണ്ണ മനയിലേക്കു പോയി. ധൃതിയിൽ സന്ധ്യാവന്ദനം പൂർത്തിയാക്കി. അതിനു ശേഷം കട്ടിലിൽ കിടന്നു. അല്ല, കുഴഞ്ഞു വീഴുകയായിരുന്നു. ‘കൃഷ്ണാ കാരുണ്യ സിന്ധോ’ സമാപന കീർത്തനം പാടി ആ സ്വരധാര അനശ്വരമായി .