Friday 09 February 2018 02:09 PM IST

മേഘമലയിലെ കാവൽ മാലാഖകൾ

Baiju Govind

Sub Editor Manorama Traveller

1)-Kannan കുളുസ്വാമി, ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

പ്രകൃതിയുടെ ഭാഗമായി ജീവിക്കാൻ നിയോഗം ലഭിച്ച നിരവധിയാളുകളുണ്ട്. തമിഴ്നാട്ടിലെ മേഘമലയിൽ വച്ച് അങ്ങനെ ചിലരെ പരിചയപ്പെട്ടു. അതിൽ ആദ്യത്തെയാൾ കുളുസ്വാമി. മേഘമലയിലേക്കുള്ള റോഡരികിൽ ചായക്കട നടത്തുകയാണ് കുളുസ്വാമി. മധുരപലഹാരങ്ങളും പക്കുവടയും വിറ്റ് കുളുസ്വാമിയും പൊണ്ടാട്ടിയും സന്തോഷത്തോടെ ജീവിക്കുന്നു. മേഘമലയുടെ പരിണാമ ചരിത്രം വിവരിക്കാൻ കുളുസ്വാമിയെപ്പോലൊരു സാക്ഷി വേറെയില്ല. അൻപതു വർഷം മുൻപ്, കൊടുംകാടായി കിടന്നിരുന്ന മേഘമലയിലെ കാട്ടുപാതയ്ക്കരികിൽ ചായക്കട തുടങ്ങിയയാളാണ് കുളുസ്വാമി. തെൻപഴനിയിൽ നിന്നു മേഘമല വരെയുള്ള ഇരുപതു കിലോമീറ്ററിനിടെ ഈയൊരു കട മാത്രമേയുള്ളൂ. മേഘമലയിലെ തേയിലത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് പണ്ടുകാലം മുതൽ കുളുസ്വാമിയുടെ കസ്റ്റമേഴ്സ്.

2)-murukan മുരുകൻ,ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

തകരപ്പാട്ടകൊണ്ടു മറ കെട്ടിയ ചെറിയ കട. അടുക്കളയിൽ നെയ്യപ്പം ഉണ്ടാക്കുകയായിരുന്നു കുളിസ്വാമിയുടെ പൊണ്ടാട്ടി. മുറുക്കും മധുരവടയും കഴിക്കാനെത്തിയവരെ കുളുസ്വാമി സ്വീകരിച്ചു.

ചിന്നമണ്ണൂരുകാരനായ കുളുസ്വാമി അമ്പതു വർഷമായി യാത്രികരുടെ ദാഹമകറ്റാൻ വഴിക്കണ്ണുമായി ഇവിടെ കാത്തിരിക്കുന്നു. കടയുടെ എതിർവശത്തെ പൊന്തക്കാട്ടിൽ വസിക്കുന്ന വാനര സംഘത്തിന്റെ അന്നദാതാവ് കുളുസ്വാമിയാണ്. കുടുംബ സമേതം സ്വസ്ഥമായി ജീവിക്കുന്ന കുരങ്ങുകളുടെ കൂട്ടത്തിൽ ‘ഹനുമാൻ കുരങ്ങു’മുണ്ട്. കുരങ്ങന്മാരുടെ കുടുംബത്തിലെ താരമാണ് കറുത്ത മുഖവും വെളുത്ത രോമങ്ങളുമുള്ള ഹനുമാൻ ലങ്കൂൺ.

കുളുസ്വാമിയുടെ കടയുടെ മുൻഭാഗം പകരം വയ്ക്കാനില്ലാത്ത വ്യൂ പോയിന്റാണ്. ചിന്നമണ്ണൂർ ഉൾപ്പെടെ തേനി ജില്ല മുഴുവൻ അവിടെ നിന്നാൽ കാണാം. മലയുടെ അരഞ്ഞാണം പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന പാതയെ നോക്കി ‘‘നമ്മൾ കടന്നു വന്ന വഴി’’ എന്നു സഞ്ചാരികൾ ദീർഘനിശ്വാസത്തിലമരുന്നു.

3)-Kuluswamy കണ്ണൻ, ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

മേഘമലയിൽ എത്തുന്ന സഞ്ചാരികൾക്കു താമസിക്കാനുള്ള റസ്റ്റ് ഹൗസിനടുത്ത് ഹോട്ടൽ നടത്തുന്നയാളാണ് ‘മുരുകൻ’. പഴനിയാണ്ടവന്റെ പേരിൽ ഹോട്ടൽ നടത്തുന്ന അണ്ണനെ കാണാതെ മേഘമലയിൽ നിന്നു മടങ്ങാനാവില്ല. മേഘമലയിലെ രണ്ടേരണ്ടു ചായക്കടകളിൽ ദോശയും ഇഡ്ഡലിയും ചപ്പാത്തിയുമുണ്ടാക്കുന്ന ഹോട്ടൽ മുരുകന്റേതാണ്. മാത്രമല്ല, ആവശ്യക്കാർക്ക് ടൂറിസ്റ്റ് ടാക്സി ഏർപ്പാടാക്കാനുള്ള ‘കോൺടാക്ട്സ് ’ ഉള്ളയാളാണ് മുരുകൻ. മേഘമലയിൽ എന്തൊക്കെയാണു കാണാനുള്ളതെന്ന് മുരുകൻ പറഞ്ഞു തന്നു.

4)-mekhamalai മേഘമലയിലെ പ്രഭാതം, ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

‘‘തടാകം, ഹൈവേവിസ് ഡാം, മണലാർ ഡാം, ഇരവഗലർ ഡാം, തേക്കടി വ്യൂ പോയിന്റ്, മഹാരാജാമേട്, കമ്പം വാലി വ്യൂ, മകരജ്യോതി ഹിൽ, മണലാർ വെള്ളച്ചാട്ടം, അപ്പർ മണലാർ എസ്േറ്ററ്റ്, വെണ്ണിയാർ എസ്േറ്ററ്റ് – ഇത്രയുമാണ് മേഘമലയിൽ കാണാനുള്ളത്. തൂവാനം എന്നറിയപ്പെടുന്ന മണലാർ ഡാമിന്റെ തീരമാണ് ഇതിൽ പ്രധാനം. റസ്റ്റ് ഹൗസിൽ നിന്നു നേരേ മുകളിലേക്ക് തേയിലത്തോട്ടത്തിന്റെ പ്രധാന പാതയിലൂടെ നടന്നാൽ മണലാർ ഡാമിലെത്താം. കമ്പം, തേനി ഗ്രാമങ്ങൾ പൂർണമായും അവിടെ നിന്നാൽ കാണാം. കുറച്ചു ദൂരം കൂടി മുകളിലേക്കു നടന്നാൽ തേക്കടി തടാകവും തോട്ടങ്ങളും കാണാൻ പറ്റുന്ന മുനമ്പിലെത്താം. ഇതിനടുത്തുള്ള പച്ചപുതച്ച കുന്നിൽ നിന്ന് മണ്ഡലകാലത്ത് ആളുകൾ മകരജ്യോതി കാണാറുണ്ട്.’’കണ്ണുകെട്ടി വിട്ടാലും മേഘമലയിൽ തനിക്കു വഴി തെറ്റില്ലെന്ന് ഉറക്കെ ചിരിച്ചുകൊണ്ടു മുരുകൻ പറഞ്ഞു.

5)-rest-house മേഘമല പഞ്ചായത്ത് റസ്റ്റ് ഹൗസ്, ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

ഒരു പലചരക്കു കട, ഒരു സ്കൂൾ, ഒരു ക്ലിനിക്ക്... അങ്ങനെ അവശ്യസാധനങ്ങൾക്ക് ഒരേയൊരിടം മാത്രമുള്ള ടൗൺഷിപ്പാണ് മേഘമല. അവിടെ സഞ്ചാരികൾക്കായി രണ്ട് താമസ സ്ഥലങ്ങളുണ്ട്. അതിലൊന്നിന്റെ മേൽനോട്ടക്കാരന്റെ പേര് കണ്ണൻ.

പശുക്കൾ മേയുന്ന തോട്ടത്തിനരികെയുള്ള റസ്റ്റ് ഹൗസിന്റെ മേൽനോട്ടക്കാരനായി കണ്ണൻ എന്നു പേരുള്ളയാൾ നിയമിക്കപ്പെട്ടതു നന്നായി. മേഘമലയിൽ എന്തൊക്കെയാണ് കാണാനുള്ളതെന്നും സന്ദർശന സമയം എങ്ങനെ ക്രമീകരിക്കണമെന്നും കണ്ണനോടു ചോദിച്ചു.

‘‘ചൊല്ലലാം. ഉക്കാറുങ്കെ..’’ അണക്കട്ടിന്റെ ഓരത്തുള്ള പാറപ്പുറത്ത് ചമ്രം പടി‍ഞ്ഞിരുന്ന് ഗൈഡിന്റെ പക്വതയോടെ കണ്ണൻ കഥ പറഞ്ഞു.

‘‘ആറായിരം എക്കർ തേയിലത്തോട്ടമാണു മേഘമല. 1930ൽ ബ്രിട്ടീഷുകാരാണ് വരുസനാട്ടു മലമുടിയിലെ തണുപ്പുള്ള പ്രദേശം കണ്ടെത്തി തേയിലച്ചെടി നട്ടത്. സ്വാതന്ത്ര്യത്തിനു ശേഷം ഹിന്ദുസ്ഥാൻ ലിവർ കമ്പനി തേയിലത്തോട്ടം ഏറ്റെടുത്തു. ഹൈവേവിസ് എന്ന കമ്പനിയാണ് ഇപ്പോഴത്തെ ഉടമ. അനന്ത, പൊൻശിവ, ഫീൽഡ്മെയ്ഡ്, കർദാന തുടങ്ങി വേറെയും തേയിലത്തോട്ടങ്ങൾ മേഘമലയിലുണ്ട്.

6)-Theni-(valley-visual) തേനി ഗ്രാമം (കുളുസ്വാമിയുടെ കടയുടെ മുൻപിൽ നിന്നു പകർത്തിയ ദൃശ്യം), ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

തേനി ജില്ലയുടെ അതിർത്തിയിലാണ് വരുസനാട് മലകൾ. വൈഗൈ നദി ഉദ്ഭവിക്കുന്നത് ഈ മലയുടെ മുകളിൽ നിന്നാണ്. തൊഴിലാളികളെ കൊണ്ടു വരാൻ അമ്പതു വർഷം മുമ്പ് ചിന്നമണ്ണൂരിൽ നിന്നു മേഘമലയിലേക്ക് റോഡുണ്ടാക്കി. അക്കാലം മുതൽ ബസ് സർവീസ് ആരംഭിച്ചു. ഇരവഗലർ അണക്കെട്ട് വരെ ഇപ്പോഴും ബസ് സർവീസുണ്ട്.’’ കണ്ണൻ വിവരിച്ചു. റസ്റ്റ് ഹൗസിന്റെ ഉൾഭാഗത്തുള്ള പെട്ടിക്കടയിലേക്ക് കണ്ണൻ വിരൽ ചൂണ്ടി. ‘‘അങ്കെ ടാസ്മാക് ഷോപ്പുണ്ട്. ലിക്വർ കെടയ്ക്കും. ആൽക്കഹോൾ ഈസ് ഇൻജുറിയസ് ടു ഹെൽത്ത്. ഞാപകം വെച്ചുക്കോ’’ – മേഘമലയെ ‘ചൂട്’ പിടിപ്പിക്കുന്ന സ്ഥാപനത്തെക്കുറിച്ച് കണ്ണൻ ചെറിയൊരു വിവരണവും മുന്നറിയിപ്പും നൽകി.

മേഘമലയിൽ യാദൃച്ഛികമായി പരിചയപ്പെട്ടയാളുകളാണ് കുളുസ്വാമിയും മുരുകനും കണ്ണനും. താമസ സ്ഥലത്ത് കണ്ണനുണ്ട്, ഭക്ഷണസ്ഥലത്ത് മുരുകനുണ്ട്, വഴിയരികിലെ കടയിൽ കുളുസ്വാമിയുണ്ട്. മേഘങ്ങൾ കൂടൊരുക്കുന്ന മേഘമലയിലേക്കു പോകുന്നവർക്ക് ഇവരെ കാണാതെ മടങ്ങാനാവില്ല.

baijugovind@gmail.com