Friday 15 September 2023 02:40 PM IST

മഹാബലിയുടെ ഓർമയിൽ വാമനനെ പൂജിക്കുന്ന നാട്ടിൽ ഓണസദ്യയുണ്ണാം: പോകാം തൃക്കാക്കരയിലേക്ക്

Baiju Govind

Sub Editor Manorama Traveller

Kerala Travel Trikkakara.indd

ആർപ്പു വിളിച്ചു കുരവയിടാൻ നേരമായി. തുടികൊട്ടി തുമ്പിതുള്ളി തുയിലുണർത്തൂ. ആവണിപ്പലകയും പൂക്കളവുമാരുക്കിക്കോളൂ, പൊന്നിൻ ചിങ്ങം വന്നെത്തി. ഇതാ തൃക്കാക്കരയപ്പന്റെ തിരുമുറ്റമൊരുങ്ങിക്കഴിഞ്ഞു. അത്തം മുതൽ ഉത്സവമേളമാണ്. പത്താംനാൾ മാവേലി മന്നൻ എഴുന്നള്ളുമ്പോൾ സദ്യയുണ്ട് – പുരാണത്തിന്റെ പൊലിമയുള്ള ഒന്നാന്തരം തിരുവോണസദ്യ.

മലയാള നാട്ടിൽ വാമന രൂപിയായ മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചാരാധിച്ച് ഓണത്തിന് മഹാബലിയെ വരവേൽക്കുന്ന ഒരു ക്ഷേത്രമേയുള്ളൂ, അതു തൃക്കാക്കരയാണ്. നാലമ്പലത്തിനകത്തെ ശിലാലിഖിതങ്ങൾ പ്രകാരം പഴക്കം നോക്കിയാൽ രണ്ടായിരത്തഞ്ഞൂറു വർഷങ്ങളായി ‘തൃക്കാൽക്കര’യിൽ ഓണാഘോഷം തുടങ്ങിയിട്ട്. ഉത്രാടത്തുന്നാൾ രാവിലെ ഉമ്മറത്ത് വിശേഷതരം വിളക്കു കൊളുത്തി നെല്ലു ചൊരിഞ്ഞു നടത്തുന്ന ചടങ്ങോടെയാണു തൃക്കാക്കരയിലുള്ളവർ ഓണം ആഘോഷിക്കാറുള്ളത്.

‘‘എന്നുടെ മുന്നിൽ ഗോമേദക മിഴി

മിന്നും കാഞ്ചന സിംഹാസനമതിൽ

മുത്തുക്കുടയും ചൂടിയിരിപ്പൂ

മൂവുലകാണ്ട മഹാബലി മന്നൻ’’

മലയാളികളുടെ മനസ്സിൽ മാവേലിക്ക് പുള്ളുവപ്പാട്ടിൽ പറയുന്നതു പോലെ ‘കോമിക്’ രൂപമാണ്. കുടവയറും കൊമ്പൻമീശയും മഞ്ഞച്ചേലയുമുടുത്ത ചക്രവർത്തി. കള്ളവും ചതിയും കള്ളപ്പറയുമില്ലാതെ നാടിനെ സ്വർഗമാക്കിയ ഭരണാധികാരിയുടെ രൂപം അങ്ങനെയാകാൻ സാധ്യതയുണ്ടോ? ദാനധർമിയായ അരചന്റെ രാജ്യം എറണാകുളം ജില്ലയിലുള്ള ഇടപ്പള്ളിയുടെ സമീപത്താണോ?

ഗംഭീര സദ്യ

അത്തം നാളിൽ ഉത്സവം കൊടിയേറും. തിരുവോണം നാളിൽ സദ്യ. കഴിഞ്ഞ വർഷം പതിനായിരത്തിലേറെ പേർ ഉണ്ണാനെത്തി. ക്ഷേത്രമുറ്റത്തു പന്തലിട്ടൊരുക്കുന്ന തിരുവോണസദ്യ തൃക്കാക്കരയുടെ പ്രസിദ്ധിയാണ്. ആണ്ടിലൊരിക്കൽ മഹാബലി പ്രജകളെ കാണാനെത്തുമെന്ന പുരാണത്തെ കഥയായി സങ്കൽപ്പിച്ചാൽ വാമനൻ ചവിട്ടിത്താഴ്ത്തിയ സ്ഥലത്താണല്ലോ ഓണത്തപ്പൻ ആദ്യം വരുക. അവിടെയൊരുക്കുന്ന സദ്യയുടെ വിഭവങ്ങൾക്കും വിളമ്പുന്ന രീതിക്കും ചിട്ടവട്ടങ്ങളുണ്ട് :– പപ്പടം, കായ് – ചേന – പയർ – വഴുതനങ്ങ – പാവയ്ക്ക വറുത്തുപ്പേരി, പഴം നുറുക്ക്, ഉപ്പിലിട്ടത്, എരിശ്ശേരി, നെയ്യ്, പരിപ്പ്, സാമ്പാർ, കാളൻ, ഓലൻ, തോരൻ, പച്ചടി, കിച്ചടി, കടുമാങ്ങ അച്ചാർ, ഇഞ്ചിപ്പുളി, ഇഞ്ചിത്തൈര്, പാലട പ്രഥമൻ, രസം.

onam 2

അതിരാവിലെ കുളിച്ചു തൊഴുത് ഓണവിളക്ക് കൊളുത്തിയ ശേഷമാണ് സദ്യവട്ടം ഒരുക്കുക. ഓണപ്പുടവയുടുത്ത് വീട്ടുടമ തൂശനില വിരിച്ച് ചോറു വിളമ്പും. ഓണസദ്യ ഉണ്ണുന്നതിനുമുണ്ടൊരു രീതി. ആവണിപ്പലകയിൽ കിഴക്കോട്ടു തിരിഞ്ഞിരുന്നുണ്ണണം. ഇലയുടെ നാക്ക് ഇടത്തോട്ട്. ഇലയുടെ വലതുഭാഗത്ത് താഴെ നെയ്യും ഉപ്പിട്ടു പുഴുങ്ങിയ പരിപ്പും. അതിനു ശേഷം ഇലയുടെ നടുഭാഗത്തായി ചോറു വിളമ്പണം. ഇലയുടെ ഇടതുഭാഗത്ത് മുകളിലായി ഉപ്പേരി വച്ചതിനു ശേഷം കിണ്ടിയിൽ നിന്ന് ഇലയ്ക്കു ചുറ്റും മൂന്നു തവണ നീരുവീഴ്ത്തും. അതു കഴിഞ്ഞ് ഇലയുടെ ഇടതുഭാഗത്ത് താഴെയായി പപ്പടം വയ്ക്കാം. പഞ്ചസാര, ശർക്കര, ഉപ്പേരി എന്നിവയ്ക്ക് ഇലയുടെ വലതുഭാഗത്ത് താഴെയാണു സ്ഥാനം. കാളൻ, ഓലൻ, എരിശ്ശേരി എന്നിവയും ഇതിനടുത്തു വിളമ്പണം. അതു കഴിഞ്ഞു ചോറിനു നടുവിൽ സാമ്പാറൊഴിച്ച് കൂട്ടിക്കുഴച്ച് സദ്യയുണ്ണാം.

രാജാവും നാട്ടുകാരും ചേർന്ന് ഐതിഹ്യത്തിന്റെ പെരുമയിലുണ്ണുന്ന സദ്യയാണു തൃക്കാക്കരയിലേത്. പതിരില്ലാത്ത ചൊല്ലുകളുമായി ഇഴചേർന്നു നിൽക്കുന്ന പാരമ്പര്യമാണ് അതിന്റെ സ്വാദ്. ‘‘ഒന്നാമോണം ഓടിയും ചാടിയും. രണ്ടാമോണം ആടിയും പാടിയും. മൂന്നാമോണം മുക്കിയും മൂളിയും. നാലാമോണം നക്കിയും പെറുക്കിയും. അ‍ഞ്ചാമോണം നഞ്ചിയും പിഞ്ചിയും. ആറാമോണം അരിഞ്ഞും പെറുക്കിയും. ഏഴാമോണം ഏങ്ങിയും മോങ്ങിയും. എട്ടാമോണം തട്ടിയും മുട്ടിയും. ഒമ്പതാമോണം ഒളിച്ചും പാത്തും. പത്താമോണം പത്തായം പെറുക്കിയും...

ചിങ്ങമാസത്തിൽ മാത്രമല്ല, എല്ലാ മലയാള മാസങ്ങളിലും തിരുവോണം നാളിൽ തൃക്കാക്കരയിൽ സദ്യയുണ്ട്. ‘‘ഉണക്കലരി ചോറ്, സാമ്പാർ, ഇഞ്ചിത്തൈര്, കാളൻ, എരിശേരി, ചേനയും പയറും വറുത്തുപ്പേരി, പാൽപ്പായസം – ഇത്രയുമാണ് വിഭവങ്ങൾ.

onam 5

മഹാബലി

ബ്രാഹ്മണ – ബുദ്ധ മതക്കാർ തമ്മിൽ നിലനിൽപ്പിനു മത്സരിച്ചിരുന്ന കാലത്ത് ബുദ്ധന്മാർ മൂലസ്ഥാനമായി കരുതിയിരുന്ന വലിയ പള്ളി അവർക്കു നഷ്ടമായി. ഇടക്കാലത്തേക്ക് അവർ പള്ളി കെട്ടിയ സ്ഥലമാണ് ഇടപ്പള്ളി. പഴയ ഇടപ്പള്ളി രാജ്യത്തിന്റെ ഭാഗമായിരുന്നു തൃക്കാക്കര. ചേരരാജാക്കന്മാരിലൊരാളായ ആടുകൊട്ടുപാടുചേരലാതൻ ‘കപിലതീർഥം’ എന്നു പേരുള്ള കുളത്തോടു കൂടിയ കുറച്ചു ഭൂമി ദാനം ചെയ്തതായി ചരിത്ര പുസ്തകങ്ങളിലുണ്ട്. ആ കപിലതീർഥത്തിനരികെയാണ് തൃക്കാക്കരയിലെ വാമനക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൃക്കാക്കര ക്ഷേത്ര മുറ്റത്തിന്റെ പടിഞ്ഞാറു ഭാഗത്താണ് കപിലതീർഥക്കുളം. താമരയും ചെങ്ങഴിനീർ പുക്കളും വളർന്നിരുന്ന കുളം കുഴിച്ചത് വിഷ്ണുഭക്തനായ കപിലനാണെന്ന് ഐതിഹ്യം. കപിലതീർഥക്കുളം ഉള്ള മറ്റൊരു സ്ഥലം ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രമാണ്.

സംഗതികൾ ഇങ്ങനെയൊക്കെയാണെങ്കിലും മൂന്നടി കൊണ്ടു മൂവേഴു ലോകവും ഭൂമിയും പാതാളവും കാൽക്കീഴിലാക്കിയ വാമനന്റെ കഥയാണ് തൃക്കാക്കരയുടെ ചൈതന്യം. വാമനരൂപിയായ വിഷ്ണുവിന്റെ കാൽപ്പാദം പതിഞ്ഞ സ്ഥലമാണെന്ന വിശ്വാസത്തിനാണു പ്രസക്തി.

onam 4

മഹാബലി ദാനത്തിനായി ഉദകം എടുത്തുവെന്നു കരുതപ്പെടുന്ന ‘ദാനോദക പൊയ്ക’യാണ് തൃക്കാക്കരയിലെ മറ്റൊരു പുരാതന കാഴ്ച. കാലക്രമത്തിൽ ചെറിയ അമ്പലക്കുളമായി മാറിയ ദാനോദക പൊയ്കയാണ് ക്ഷേത്രത്തിന്റെ ആറാട്ടുകുളം.

‘‘മച്ഛിലോഭുവി തൃക്കാലു വച്ചു കൊണ്ടടിയനാ

ലുക്തമാം സത്യം രക്ഷിക്കേണമേ, ദയാനിധേ’’ സ്വർഗവും ഭൂമിയും പാതാളവും അടക്കി വാണിരുന്ന മഹാബലി ചക്രവർത്തി പാതാളത്തിലേക്കു പോകുംമുൻപ് മഹാവിഷ്ണുവിനോട് ഇങ്ങനെ അഭ്യർഥിച്ചുവെന്നാണ് പുരാണം. മഹാബലിയുടെ ശിരസ്സിന്റെ സ്ഥാനം പാതാളഭാഗമായ തൃക്കാക്കരയിലാണെന്ന് അനുബന്ധം. ഐതിഹ്യത്തിന്റെ കൈപിടിച്ച് പ്രജകളുടെ പൊന്നു തമ്പുരാന്റെ ശിരസ്സിനെ നമിക്കാനും വിഷ്ണുവിന്റെ അനുഗ്രഹം വാങ്ങാനുമാണ് തിരുവോണത്തിന് വിശ്വാസികൾ തൃക്കാക്കരയിലെത്തുന്നത്.

പൂവേ പൊലി പൂവേ

ചേരരാജാക്കന്മാരുടെ ഭരണകാലത്താണ് തൃക്കാക്കരയിൽ ഓണം കെങ്കേമമായി ആഘോഷിച്ചിരുന്നതെന്ന് ക്ഷേത്രപുരാണം. ഒരു മാസത്തെ ഉത്സവത്തിൽ പങ്കെടുക്കാൻ കോഴിക്കോട്ടു നിന്നു സാമൂതിരി എത്തിയിരുന്നുവത്രെ. അക്കാലത്തും പ്രാധാന്യം ഒടുവിലത്തെ പത്തു ദിവസത്തെ ആഘോഷങ്ങൾക്കായിരുന്നു. പൂക്കൾ അലങ്കരിച്ചും കലാപരിപാടികൾ അവതരിപ്പിച്ചുമുള്ള ചടങ്ങുകളിൽ അറുപത്തിനാല് ആനകൾ അകമ്പടി സേവിച്ചിരുന്നതായി തലമുറ കൈമാറി വന്ന കഥകൾ സാക്ഷ്യപ്പെടുത്തുന്നു. തൃക്കാക്കരയിലെ എല്ലാ കുടുംബങ്ങളിൽ നിന്നും ഒരാൾ വീതം ക്ഷേത്രത്തിലെ ആഘോഷങ്ങളിൽ പങ്കെടുക്കും. വീടുകളിൽ മണ്ണുകൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പന്റെ രൂപവും പൂക്കളവും ഒരുക്കിയിരുന്നു. മൂലം നാളിൽ നടുമുറ്റത്ത് മണ്ണുകൊണ്ടു തറയുണ്ടാക്കും. പൂത്തറയുടെ കിഴക്കു ഭാഗത്തു പൂവിടുന്നത് സൂര്യനെ വിചാരിച്ചു വേണം. തെക്ക് യമൻ, പടിഞ്ഞാറ് ഗംഗ, വടക്ക് വൈശ്രവണൻ, നാലു കോണുകളിൽ ദിക്പാലകന്മാർ. മെഴുകിയ തറയിൽ പ്രാ‍ഥനയോടെ ഒരു തുളസിക്കതിർ വച്ചതിനു ശേഷം കുരവയിട്ടാണ് പൂവിടൽ ആരംഭിക്കേണ്ടത്. ഓരോ ദിവസവും പൂക്കളത്തിലെ വരികളുടെ എണ്ണം കൂട്ടാം. തലേദിവസം ഇട്ട വരികളെക്കാൾ കുറയരുത്. പത്തു നിലകളിൽ പൂക്കളം ഒരുക്കണമെന്നാണ് ‘വ്രതചൂഡാമണി’യിൽ നിർദേശിച്ചിട്ടുള്ളത്.

onam 5

മണ്ണുകൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പനെ തൂശനിലയിൽ ഇരുത്തി പൂക്കൾ നിരത്തി അരിമാവ് അണിയിക്കുന്നു. മുത്തി, അമ്മി–പിള്ള, ആട്ടുകല്ല്–പിള്ള, ഉരൽ–ഉലക്ക, ചിരവ എന്നിവയുടെ പ്രതീകമായി മൺരൂപങ്ങൾ വയ്ക്കുന്ന പതിവുമുണ്ട്. തൃക്കാക്കരയപ്പനെ വച്ചതിനു ശേഷം പൂവട നിവേദിക്കും. വഴിയിലും തറയിലും അരിമാവു വരയ്ക്കും. അരിമാവിൽ കൈമുക്കി ചുമരിലും വാതിൽപ്പലകയിലുമൊക്കെ കൈപ്പത്തി വരയ്ക്കും. അതു കഴിഞ്ഞ് ഓണക്കോടി കൊടുത്ത് വിഭവസമൃദ്ധമായ സദ്യ. തൃക്കാക്കരയപ്പന്റെ പൊന്നോണ സദ്യ കഴിഞ്ഞാൽ ഓണക്കളികൾ ആരംഭിക്കുന്നു. കേരളത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ ഓണാഘോഷത്തിനു വിനോദങ്ങൾ വ്യത്യസ്തമാണ്. അമ്പെയ്യൽ, ആട്ടക്കളം, ഓണവില്ല്, തലപ്പന്തുകളി, ഊഞ്ഞാലാട്ടം, കൈകൊട്ടിക്കളി, ചെമ്പഴുക്കക്കളി, തുമ്പിതുള്ളൽ, പെണ്ണുചോദ്യം, ഓണത്തല്ല്, ഓണപ്പൊട്ടൻ, ഓണത്താർ, തലയാട്ടം, കുമ്മാട്ടി, പുലികളി...

പലദേശത്തിൽ, പലവേഷത്തിൽ

പ്പലപരഭാഷയിൽ, ഞങ്ങൾ കഥിപ്പൂ

പാരിതിലാദിയിലുദയംകൊണ്ടു പൊ–

ടിഞ്ഞൊരു പൊന്നോണത്തിൽ ചരിതം.

ആചാരമായി കൊണ്ടു നടത്തുന്ന ഉത്സവം ഒരു നാടിന്റെ ഉണർവും ഉന്മേഷവുമായി മാറുന്ന രസകരമായ കഥ. മഹാബലിയൊരു ഐതിഹ്യവും വാമനൻ നായകനുമായുള്ള തൃക്കാക്കരയുടെ സാംസ്കാരിക പൈതൃകമാണ് അതിന്റെ ഉള്ളടക്കം.