Tuesday 22 June 2021 03:34 PM IST : By സ്വന്തം ലേഖകൻ

‘പലപ്പോഴും കസ്റ്റമേഴ്സ് എന്തു വാങ്ങണം എന്ന് കൺഫ്യൂഷനടിച്ചു നില്‍ക്കുന്നത് കണ്ടിട്ടുണ്ട്’; ഡയമണ്ട് ആഭരണങ്ങളിൽ മാജിക് തീർത്ത് നിലീന ബാബു

nileenababbu67765

അധികം ആരും കൈവയ്ക്കാത്ത മേഖലയാണ് ഡയമണ്ട് ജ്വല്ലറി ബിസിനസ്. കാരണം റിസ്ക് തന്നെ. എന്നാൽ ഡയമണ്ട് ആഭരണ ബിസിനസിൽ തന്റേതായ സ്‌റ്റൈലും ഡിസൈനും കൊണ്ട് അമ്പരപ്പിച്ച ആളാണ് തൃശ്ശൂർക്കാരിയായ നിലീന ബാബു. അമ്മ മുന്നിൽ തെളിച്ച വഴിയിലൂടെ നടന്നതു കൊണ്ടു തന്നെയാണ് തനിക്ക് ഈ സന്തോഷം ഇപ്പോൾ ലഭിക്കുന്നതെന്ന് പറയുമ്പോൾ നിലീനയ്ക്ക് ഡയമണ്ടിന്റെ തിളക്കം.

‘എന്റെ അമ്മ മോളി അധ്യാപികയായിരുന്നു. പക്ഷേ, അമ്മയുടെ പാഷൻ ആഭരണങ്ങളോടും ആഭരണങ്ങൾ ഉണ്ടാക്കുന്നതിനോടും ഒക്കെയായിരുന്നു. അമ്മയുടെ മനസ്സിലുദിച്ച ഐഡിയയാണ് ഡയമണ്ട് ആഭരണങ്ങളുടെ ബിസിനസ്.

അമ്മ മുംബൈയിൽ പോയി ഇതിനെ കുറിച്ച് നന്നായി പഠിച്ചു. അവിടുന്നാണ് ഡയമണ്ട്സ് വാങ്ങുന്നത്. ബംഗാളിൽ നിന്ന് ജ്വല്ലറി വർക്കേഴ്സിനെ കൊണ്ടുവന്നു. ആദ്യമൊക്കെ കുറച്ച് ആഭരണങ്ങൾ മാത്രം ഉണ്ടാക്കി. എക്സിബിഷൻസ് ആയിരുന്നു അന്നത്തെ മാ ർക്കറ്റ്. പിന്നീട് അമ്മ ടീച്ചിങ് പ്രഫഷൻ ഉപേക്ഷിച്ച് പൂർണമായി ഡയമണ്ട് ബിസിനസിലേക്ക് തിരിഞ്ഞു. ‘അഡോണ ഡയമണ്ട്സ്’ എന്ന പേരിലാണ് ബ്രാൻഡ്. 2008 ൽ കൊച്ചിയില്‍ ഷോപ് ആരംഭിച്ചു. സ്കൂൾ കാലഘട്ടം മുതൽ ഇത് കണ്ടാണ് വളരുന്നതെങ്കിലും ജ്വല്ലറി ഡിസൈനിങ് ഞാനും പ്രഫഷനാക്കുമെന്ന് കരുതിയതേയില്ല.  

പഠിച്ചത് എൻജിനീയറിങ്ങും എംബിഎയുമാണ്. വിവാഹം കഴിച്ചപ്പോള്‍ ഭർത്താവ് ഷാന്റിനും ബിസിനസ് തന്നെ. അപ്പോള്‍ പിന്നെ, എനിക്കും സ്വന്തമായി ബിസിനസ് തുടങ്ങിക്കൂടെ എന്ന് ചിന്തിച്ചു. ഡയമണ്ട് ജ്വല്ലറി തന്നെ തുടങ്ങിക്കോളൂ എന്ന് എല്ലാവരും പറ‍ഞ്ഞു. പക്ഷേ, ഞാന്‍ തുടങ്ങുമ്പോ ൾ എന്തെങ്കിലും വ്യത്യസ്തത കൊണ്ടു വരണം. അതിനായി മുംബൈയിൽ പോയി ഡയമണ്ട് ജ്വല്ലറി ഡിസൈനിങ് പഠിച്ചു. ആ സമയത്ത് ഞാൻ ഗർഭിണിയാണ്. മുംബൈ യാത്ര കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ എനിക്ക് കോൺഫിഡൻസ് കൂടി. അമ്മയ്ക്കൊപ്പം യൂണിറ്റിൽ കുറച്ച് സഹായം ചെയ്തു. പതുക്കെ പതുക്കെയാണ് പൂർണമായും എന്റേതായ ബിസിനസായി തുടങ്ങിയത്.

2016 നവംബറിൽ മകൾ യാര ഉണ്ടായി. 2017 ൽ ഞാന്‍ അഡോണയുടെ കോഴിക്കോട് ബ്രാഞ്ചിൽ ഡിസൈനറായി ജോലി തുടങ്ങി. അതിനൊപ്പം തന്നെ എന്റെ ഡിസൈനുകളും ഉണ്ടാക്കി പരീക്ഷിച്ചു. ആളുകൾക്ക് അത് കൂടുതൽ ഇഷ്ടപ്പെടുന്നതായി മനസ്സിലായപ്പോള്‍ സ്വന്തം ബ്രാൻഡ് തുടങ്ങി.

അസിമെട്രിക് ഡിസൈനുകൾ

ഓൺലൈൻ തന്നെയായിരുന്നു എന്റെ  മാർക്കറ്റ്. ‘നിലീന ബാബു ഫൈൻ ജ്വല്ലറി’ എന്ന  ഇൻസ്റ്റാഗ്രാം പേജും Nileenababu.com എന്ന വെബ്സൈറ്റുമുണ്ട്. എൻജിനീയറിങ് പഠിച്ചതു കൊണ്ടായിരിക്കും സാധാരണ  ഡിസൈനുകളേക്കാൾ കുറച്ചു കൂടി അസിമെട്രിക് ടൈപ് ആഭരണങ്ങളാണ് ഞാൻ ഉണ്ടാക്കി നോക്കിയത്. പ ണിയുന്നവർക്ക് ഡിസൈൻ വരച്ച് കൊടുക്കും.  

പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാനുള്ള പാക്കേജ് ഗിഫ്റ്റ് ബോക്സുകളാണ് മറ്റൊരു ആകർഷണീയത. പലപ്പോഴും കസ്റ്റമേഴ്സ് എന്ത് വാങ്ങണം എന്ന് കൺഫ്യൂഷനടിച്ചു നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെയുള്ളവർക്ക് ഒരു ലക്ഷം രൂപയുടെ ബോക്സ് പാക്കേജ് ഏറെ സഹായകമാകും.

ഒരു കമ്മൽ, റിങ്, മാല, ബ്രേസ്‌ലേറ്റ് അങ്ങനെ പല വിധ സാധനങ്ങള്‍ ചേർന്നതാണ് സർപ്രൈസ് ബോക്സ്. അതിനൊപ്പം തന്നെ ജോലി സ്ഥലത്തും കോളജിലും മറ്റും അണിയാവുന്ന സിംപിൾ ആഭരണങ്ങള്‍ക്കുമാണ് പ്രാധാന്യം നൽകുന്നത്.

MY OWN WAY

∙ എന്നെ തന്നെ കസ്റ്റമറായി സങ്കൽപ്പിച്ചാണ് ഓരോ ആഭരണവും ഡിസൈൻ ചെയ്യുന്നത്.

∙ എത്ര സമയം എടുത്താണെങ്കിലും ഏറ്റവും യുനീക് ആയിട്ടുള്ളത് മാത്രമേ നിർമിക്കാറുള്ളൂ. ക്വാളിറ്റിയിൽ കോംപ്രമൈസ് ഇല്ലേയില്ല.

∙ ആവശ്യക്കാർക്ക് എളുപ്പത്തിൽ വാങ്ങാൻ കഴിയുന്ന പ ല പാക്കേജുകളിലായി ആഭരണങ്ങൾ നൽകുന്നുണ്ട്.