Tuesday 22 June 2021 03:39 PM IST

‘മരിച്ച അമ്മയെ സ്വപ്നത്തിൽ കണ്ടു, അടുത്ത ദിവസം കുറച്ചു പാമ്പുകളെയും’; ഇത് ദോഷമാണോ? പരിഹാരം ആവശ്യമുണ്ടോ?

Hari Pathanapuram

എന്റെ അച്ഛൻ മരിച്ചിട്ട് 16  വർഷമായി. ഒരു വർഷം മുൻപ് അമ്മയും മരിച്ചു. അമ്മ കഷ്ടപ്പെട്ടാണ് എന്നെയും സഹോദരനെയും വളർത്തിയത്. അമ്മയുടെ മരണം എന്നെ മാനസികമായി തളർത്തി. കുറച്ച് നാളായി ആകെ വിഷാദത്തിലായിരുന്നു. കഴിഞ്ഞ ദിവസം അമ്മയെ സ്വപ്നത്തിൽ കണ്ടു. അടുത്ത ദിവസം കുറച്ചു പാമ്പുകളെയും സ്വപ്നം കണ്ടു. മരിച്ച അമ്മയെ സ്വപ്നത്തിൽ കാണുന്നത് ദോഷമാണെന്ന് എല്ലാവരും പറയുന്നു. അമ്മയ്ക്കുവേണ്ടി വേണ്ട പോലെ കർമങ്ങൾ ചെയ്യാത്തതിനാലാണ് ഇങ്ങനെ സ്വപ്നം കാണിക്കുന്നത് എന്നും പറയുന്നു. ജീവിച്ചിരുന്നപ്പോൾ അമ്മയെ നല്ലതുപോലെ നോക്കിയതാണ്. ശരിക്കും ഇത് ദോഷമാണോ? പരിഹാരം ആവശ്യമുണ്ടോ? - ഗിരിജ മേനോൻ

അവസാനം പറഞ്ഞ് നിർത്തിയിടത്തു നിന്നു തന്നെ മറുപടി പറഞ്ഞു തുടങ്ങാം.  ‘ജീവിച്ചിരുന്നപ്പോൾ  അമ്മയെ നന്നായി നോക്കിയതാണ്’ എന്നു പറഞ്ഞുവല്ലോ.  ജീവിച്ചിരിക്കുമ്പോഴാണ്  മാതാപിതാക്കളെ മക്കൾ സംരക്ഷിക്കേണ്ടത്. മരിച്ചു കഴിഞ്ഞല്ല. അതിനുവേണ്ടിയാണ് എല്ലാ പിതൃനിയമങ്ങളും ഉണ്ടാക്കിയിട്ടുള്ളത്. ഒരു വർഷം മുൻപ് മരിച്ച അമ്മയെ സ്വപ്നം കണ്ടത് ദോഷമാക്കേണ്ട കാര്യമില്ല.  മനസ്സിന് ഒരുപാട് ആശങ്കകൾ ഉള്ളപ്പോഴാണ് പാമ്പുകളെയും മറ്റും സ്വപ്നത്തിൽ കാണുന്നത്. മറ്റ് വ്യാഖ്യാനങ്ങൾ കൊടുക്കേണ്ട ആവശ്യകതയില്ല.  

സ്വപ്നത്തിലെങ്കിലും മരിച്ചുപോയ അച്ഛനെയും അമ്മയെയും കാണാൻ കഴിയുക എന്നത് എത്രമാത്രം ആശ്വാസകരമാണ്. അങ്ങനെ ചിന്തിച്ചു കൂടെ? വേർപിരിഞ്ഞുപോയി എന്നു കരുതി അവർ നമ്മുടെ പ്രിയപ്പെട്ടവരല്ലാതാകുന്നില്ലല്ലോ. 

മരിച്ച പ്രിയപ്പെട്ടവരെ താൽക്കാലികമായെങ്കിലും കാണാൻ കഴിയുന്നത് സ്വപ്നത്തിൽ മാത്രമല്ലേ. അതുകൊണ്ട് അമ്മയെ സ്വപ്നത്തിൽ കണ്ടതിന് പരിഹാരം ചെയ്യേണ്ട. സ്വപ്നത്തിൽ കാണാനാണ് പുണ്യം വേണ്ടത്. അതുണ്ടായല്ലോ എന്നോർത്ത് സന്തോഷിക്കുകയാണ് വേണ്ടത്. മറ്റുതരത്തിലുള്ള ഭയങ്ങൾ വേണ്ട.   

നക്ഷത്ര വിശേഷം ചിത്തിര

ആരുടെയും നിയന്ത്രണം അധികമാകുന്നത് ഇഷ്ടമുള്ള സ്വഭാവരീതി ആയിരിക്കില്ല. സംഘാടന മികവ് ഉണ്ടാകും. നിർബന്ധശീലം അൽപം കുറയ്ക്കുന്നത് നല്ലതാണ്.

എല്ലാ ഇടപാടുകളിലും കണിശത പുലർത്തുന്ന രീതി ഉണ്ടാകും. ഭാവിയെക്കുറിച്ച് എല്ലായ്പോഴും വ്യാകുല ചിന്ത പുലർത്തും. ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി പണം ചെലവഴിക്കുന്ന  രീതി നിയന്ത്രിക്കണം. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും കയ്യൊപ്പ് പതിയണമെന്ന ചിന്ത ഉണ്ടാകും. ഒരു കാര്യവും മറച്ചു വയ്ക്കാതെ സംസാരിക്കുന്നതിനാൽ ശത്രുതാമനോഭാവമുള്ള ആളുകൾ ധാരാളം ഉണ്ടാകും. എല്ലാ കാര്യത്തിലും തീരുമാനം എടുക്കുന്നതിന് അൽപം കാലതാമസം നേരിടുന്ന രീതിയുണ്ട്.  

ലോകപരിചയത്തിൽ കൂടി തന്നെ ധാരാളം അറിവുകൾ സമ്പാദിക്കുന്നതിന് സാധിക്കും. കുഴപ്പം പിടിച്ച  കാര്യങ്ങളിൽ മധ്യസ്ഥത വഹിക്കാൻ പലപ്പോഴും ശ്രമിക്കാറുണ്ട്. അത് അബദ്ധങ്ങളിൽ പോയി ചാടുന്നതിന് ഇടയായി തീരാം. ആരെയും അതിരു കവിഞ്ഞ് വിശ്വസിക്കുന്നത് നിങ്ങൾക്ക് നല്ലതല്ല.  അടുക്കും ചിട്ടയും പുലർത്താൻ ശ്രമിക്കുന്നത് ജീവിതത്തിൽ ഏറെ പ്രയോജനം നൽകും.