Saturday 26 June 2021 02:07 PM IST : By പ്രവീൺ എളായി

വേഗത്തെ പ്രണയിക്കാത്തവരായി ആരുണ്ട്? അഴകും സുരക്ഷയും ഒത്തുചേരുന്ന സ്കോഡ റാപിഡ്

Skoda-Rapid-Side

വേഗത്തെ പ്രണയിക്കാത്തവരായി ആരുണ്ട്? സുരക്ഷിതമായ പാതകളിൽ അൽപം വേഗമെടുക്കാൻ കൊതിക്കുന്നവരാണു മിക്ക ഡ്രൈവർമാരും. ആക്സിലറേറ്ററിൽ കാൽ കൊടുക്കുന്ന മാത്രയിൽ കാർ കുതിക്കണമെന്ന് ഒരിക്കലെങ്കിലും നിങ്ങൾക്കും തോന്നിയിട്ടില്ലേ? അങ്ങനെ സ്പോർട്ടി പെർഫോമൻസ് നൽകുന്ന ചെറിയ സെഡാൻ ആണ് സ്കോഡ റാപിഡ്.

തനതു ശൈലിയിലുള്ള രൂപഭംഗി കൊണ്ട് പുതുവ്യക്തിത്വം നേടിയാണ് റാപിഡ് മുന്നേറുന്നത്. അഭിമാനത്തോടെ കൊണ്ടു നടക്കാവുന്ന സുന്ദരമായ ഡിസൈൻ. ഈ ചെക്കോസ്ലൊവാക്യൻ കമ്പനിയുടെ പാരമ്പര്യം മുൻപിൽ നിലനിർത്തുന്ന തരത്തിലാണ് ഗ്രില്ലും ഹെഡ് ലാംപുകളും. എൽഇഡി പകൽക്കണ്ണുകളും തീക്ഷ്ണതയേറിയ പ്രൊജക്ടർ ലാംപുകളുമുണ്ട്.

ഉൾവശം വിശാലമാണ്. ഡോറിന്റെ കൈപ്പിടി, സീറ്റുകൾ എന്നിവ നല്ല ഗുണമേന്മയിൽ തയാറാക്കിയിട്ടുണ്ട്. ഡാഷ് ബോർഡ് ഡിസൈനിൽ മാറ്റം വരുത്താൻ സമയമായി. എങ്കിലും അത്യാധുനിക ടച്സ്ക്രീൻ സിസ്റ്റം നൽകുന്നതിലൂടെ പുതുമ നിലനിർത്തിയിട്ടുണ്ട്.

SKODA-RAPID-Interior

‌വിശാലമായ ചെറുകാർ

താഴ്ഭാഗം പരന്ന (ഫ്ലാറ്റ് ബോട്ടം) സ്റ്റിയറിങ് വീൽ കൂടിയ വേരിയന്റിലുള്ളത് മനസ്സിൽ ചെറുപ്പമുള്ളവർക്ക് ഇഷ്ടമാകും.

ലെതറിന്റെ പ്രതീതി നൽകുന്ന ലെതറെറ്റ് സീറ്റുകളിൽ സുഖയാത്ര ഉറപ്പ്.  മുന്നിലും പിന്നിലും ആംറെസ്റ്റുമുണ്ട്. റാപിഡിന്റെ വിൻഡോസ് കീ ഉപയോഗിച്ച് ദൂരെനിന്നു തുറക്കുകയും അടയ്ക്കുകയും ചെയ്യാം. വിശാലമായ, എന്നാൽ ചെറുകാർ പോലെ അനായാസം ഓടിക്കാവുന്ന സെഡാൻ ആണ് റാപിഡ്.

ടോപ് വേരിയന്റുകളിൽ നാല് എയർബാഗുകൾ ഉണ്ട്. ഇനി സ്പോർട്ടി പെർഫോമൻസ് നൽകുന്ന എൻജിൻ എങ്ങനെയുണ്ടെന്നു നോക്കാം. 999 സിസി പെട്രോൾ എൻജിൻ 108.6 ബിഎച്ച്പി കരുത്തുളള്ളതാണ്.  ടർബോ സാങ്കേതികവിദ്യ ഇണക്കിച്ചേർത്തിട്ടുള്ളതുകൊണ്ട് സാധാരണ വൺ ലീറ്റർ എൻജിനെക്കാൾ കുതിപ്പ് കിട്ടും. ത്രീ സിലിണ്ടർ എൻജിനു ശബ്ദമുണ്ട് എന്ന പരാതിയൊക്കെ പെർഫോമൻസ് അനുഭവിക്കുമ്പോൾ മാറും.   

ഒന്നാന്തരം ഓട്ടമാറ്റിക് വേരിയന്റും ലഭ്യമാണ്. ബേസ് വേരിയന്റ് വില ഒൻപത് ലക്ഷത്തിൽ താഴെ. ഓട്ടമാറ്റിക് വേരിയന്റ്സ് 11.18 ലക്ഷം മുതൽ. നിത്യോപയോഗത്തിനുള്ള സ്പോർട്ടി കാർ എന്നു വിശേഷിപ്പിക്കാം റാപിഡിനെ.

Engine & Drive

. എൻജിൻ 999 സിസി 3 സിലിണ്ടർ പെട്രോൾ

. പവർ 108.6 ബിഎച്ച് പി

. ഗിയർ ബോക്സ് 6 സ്പീഡ് മാന്വൽ,

. 6 സ്പീഡ് എറ്റി

. ഫ്യുവൽ എഫിഷൻസി മാന്വൽ 18.97 \ ലീറ്റർ

. ഫ്യുവൽ എഫിഷൻസി ഓട്ടമാറ്റിക് 16.24 \ ലീറ്റർ

. മാന്വൽ 6 വേരിയന്റ്സ്, ഓട്ടമാറ്റിക് 5 വേരിയന്റ്സ്

Tags:
  • Columns