സവാളയും പച്ചക്കറികളുമെല്ലാം വാങ്ങിക്കഴിഞ്ഞ് ബില്ലടിച്ചു കഴിയുമ്പോഴാണറിയുന്നത് അതെല്ലാം കൊണ്ടു പോകാനുള്ള സഞ്ചിക്ക് സവാളയുടെ തന്നെ വിലയുണ്ടെന്ന്. വെറുതേ എന്തിന് കയ്യിലെ കാശു കളയണം? വീട്ടിലുള്ള ഉപയോഗ ശൂന്യമായ തുണിത്തരങ്ങൾ അടുക്കു വച്ചിരിക്കുന്ന ആ പെട്ടിയില്ലേ? അതിങ്ങെടുക്കൂ... ഷർട്ട്, ജീൻസ്, തയ്ക്കാതെ വച്ചിരിക്കുന്ന വിത് ബ്ലൗസ് പീസുകൾ... ഓരോന്നായി പോരട്ടെ.

ഇനി വേണ്ടത് മാറ്റിവയ്ക്കാൻ അര മണിക്കൂർ സമയമാണ്. ഇതാ പിടിച്ചോ, കാശു മുടക്കാതെയും വലിയ പണിയില്ലാതെയും ബാഗുകൾ ഉണ്ടാക്കാനുള്ള സ്റ്റെപ്സ്. തയ്യൽ പോലും അറിയേണ്ടതില്ല. തുണി മുറിക്കാൻ മാത്രം അറിഞ്ഞിരുന്നാൽ മതി. ഇനി കടയിൽ പോകാൻ നേരം ചുമ്മാ എടുത്ത് തോളിലിട്ടേക്കണം നമ്മുടെ തുണി കൊണ്ട്, നമ്മൾ വെട്ടി, നമ്മളുണ്ടാക്കി ഭംഗി പിടിപ്പിച്ച സ്റ്റൈലൻ ബാഗ്....

ഷർട്ട് ബാഗ്
. കോളർ നരച്ചു പോയ ഷർട്ടെടുക്കുക. ചിത്രത്തിൽ കാണിച്ചിരിക്കുന്നതു പോലെ മുകൾ ഭാഗം വെട്ടിക്കളയുക.
. വശങ്ങൾ ചെറുതായൊന്നു വെട്ടിക്കളഞ്ഞ് അടിക്കുകയാണെങ്കിൽ നല്ലതാണ്. അടിഭാഗം ലെവൽ ആയി വെട്ടി ചേർത്തടിക്കുക. മുകൾഭാഗം ഭംഗിയാക്കാനായി മടക്കി അടിക്കുക.
. വെട്ടിക്കളഞ്ഞ കൈ ഭാഗത്തു നിന്നു നീളത്തിൽ സ്ട്രാപ്പിനുള്ള കഷണം വെട്ടിയെടുക്കണം. അതുവശങ്ങൾ അടിച്ച് മറിച്ചെടുക്കുക. ഇനി ബാഗിൽ തയ്ച്ച് പിടിപ്പിക്കുക.
