സവാളയും പച്ചക്കറികളുമെല്ലാം വാങ്ങിക്കഴിഞ്ഞ് ബില്ലടിച്ചു കഴിയുമ്പോഴാണറിയുന്നത് അതെല്ലാം കൊണ്ടുപോകാനുള്ള സഞ്ചിയ്ക്ക് സവാളയുടെ തന്നെ വിലയുണ്ടെന്ന്. വെറുതേ എന്തിന് കയ്യിലെ കാശു കളയണം? വീട്ടിലുള്ള ഉപയോഗ ശൂന്യമായ തുണിത്തരങ്ങൾ അടുക്കു വച്ചിരിക്കുന്ന ആ പെട്ടിയില്ലേ? അതിങ്ങെടുക്കൂ... ഷർട്ട്, ജീൻസ്, തയ്ക്കാതെ വച്ചിരിക്കുന്ന വിത് ബ്ലൗസ് പീസുകൾ... ഓരോന്നായി പോരട്ടെ. ഇനി വേണ്ടത് മാറ്റിവയ്ക്കാൻ അര മണിക്കൂർ സമയമാണ്. ഇതാ പിടിച്ചോ, കാശു മുടക്കാതെയും വലിയ പണിയില്ലാതെയും വെജിറ്റബിൾ ബാഗ് ഉണ്ടാക്കാനുള്ള സ്റ്റെപ്സ്.
1. ചിത്രത്തിലേതു പോലെ 15 cm നീളവും 18 cm വീതിയുമുള്ള രണ്ടു കഷണം വെട്ടുക. ഉള്ളിലെ പോക്കറ്റുകൾക്കായി 10 cm നീളവും 18 cm വീതിയുള്ള രണ്ടു കഷണം വെട്ടിയെടുക്കണം.

2. പോക്കറ്റുകൾ ഉണ്ടാക്കാനായി വെട്ടി വച്ചിരിക്കുന്ന തുണിക്കഷണങ്ങൾ ആദ്യത്തെ തുണികളിൽ ഒാരോന്നിന്റെയും നടുക്കായി നാലു ഭാഗവും അടിച്ചു പിടിപ്പിക്കുക.
3. സഞ്ചിയുടെ ആകൃതി കിട്ടുന്നതിന് 11 cm നീളവും നാലര സെന്റിമീറ്റർ വീതിയുമുള്ള രണ്ടു കഷണങ്ങൾ രണ്ടു വശത്തും വച്ചു പിടിപ്പിക്കുക. അതിനുശേഷം രണ്ടു വശവും കൂട്ടിയോജിപ്പിച്ച് അടിക്കുക.

4. മുകൾ ഭാഗം മടക്കി അടിക്കുക. ഒപ്പം ഉള്ളിൽ ആവശ്യമുള്ള വലുപ്പത്തിലും എണ്ണത്തിലും പോക്കറ്റുകൾ തിരിക്കാനായി ഇടയിലൂടെ തയ്യലിടുക.
5. സ്ട്രാപ്പുകൾ തയ്ച്ചെടുത്ത് ബാഗിൽ പിടിപ്പിക്കാം. ചുരിദാർ തയ്ച്ചശേഷം ബാക്കി വരുന്ന കഷണങ്ങൾ കൊണ്ടോ വിത് ബ്ലൗസ് മെറ്റീരിയൽ കൊണ്ടോ ഇത്തരം ബാഗുകളുണ്ടാക്കാം.

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, നിതിൻ ജോസഫ്, ക്രാഫ്റ്റ്: ചിത്ര ബാലകൃഷ്ണൻ, www.facebook.com/papererindia