പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ സാന്‍ റേച്ചല്‍ ഓര്‍മ്മയായി. കൂടിയ അളവില്‍ ഗുളികകള്‍ കഴിച്ചായിരുന്നു സാനിന്റെ മരണം. പിതാവിന്റെ വീട്ടില്‍ വച്ച് കൂടിയ അളവില്‍ ഗുളികകൾ കഴിച്ച് ക്ഷീണിതയായ സാനിനെ ഉടൻതന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെങ്കിലും ആരുടേയും പേര് കുറിപ്പില്‍ പരാമര്‍ശിക്കുന്നില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
സിനിമാ- മോഡലിങ് ഇന്‍ഡസ്ട്രിയിലെ വർണ്ണ വിവേചനത്തിനെതിരെ ധീരമായ നിലപാടുകളുമായി ശ്രദ്ധേയയായിരുന്നു സാന്‍. അടുത്തിടെയായിരുന്നു വിവാഹം. ദാമ്പത്യ പ്രശ്‌നങ്ങൾ ആത്മഹത്യക്ക് കാരണമായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും, സമ്മർദ്ദവും വ്യക്തിപരമായ പ്രശ്നങ്ങളും ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് പ്രാഥമിക നിഗമനം.
പ്രൊഫഷണൽ ആവശ്യങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി സാന്‍ സമീപ മാസങ്ങളിൽ ആഭരണങ്ങൾ പണയം വച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പിതാവിൽ നിന്ന് സാമ്പത്തിക സഹായം പ്രതീക്ഷിച്ചതായും എന്നാല്‍ അദ്ദേഹത്തിന് സഹായിക്കാന്‍ കഴിഞ്ഞില്ലെന്നും പൊലീസ് പറയുന്നു.
നിറത്തിന്റെ പേരില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തിനെതിര ശബ്ദമുയര്‍ത്തിയാണ് സാന്‍ റേച്ചല്‍ ശ്രദ്ധേയയാകുന്നത്. മോഡലിങ് രംഗത്തെ പതിവ് പ്രവണതകളെ വെല്ലുവിളിച്ച് സാന്‍ റാംപില്‍ തിളങ്ങുകയായിരുന്നു. ഫാഷന്‍ രംഗത്തെ വര്‍ണവിവേചനത്തിനെതിരെ പോരാടിയ സാന്‍ തനിക്ക് ലഭിച്ച വേദികള്‍ അതിനുവേണ്ടി ഉപയോഗിക്കുകയായിരുന്നു. 2022 ലെ മിസ് പുതുച്ചേരി കൂടിയാണ് സാന്‍ റേച്ചല്‍.