Saturday 03 December 2022 02:31 PM IST : By സ്വന്തം ലേഖകൻ

‘സമൂഹം ഞങ്ങളെ കൂടുതല്‍ ഉള്‍ക്കൊള്ളണം’ ആതിര, പാത്തു ഫാത്തിമ; സ്വപ്നങ്ങൾ സ്വന്തമാക്കാൻ അംഗപരിമിതി തടസ്സമല്ല

international-disability-day-fashion-cover പാത്തു ഫാത്തിമ, ആതിര ശ്രീകുമാർ; ഫോട്ടോ: ശ്യാം ബാബു

ഡിസംബർ 3, അംഗപരിമിതിയോടെ ജീവിക്കുന്നവരുടെ അവകാശങ്ങൾ ലോകത്തെ ബോധ്യപ്പെടുത്താൻ വേണ്ടി മാറ്റിവച്ച ദിനം. വിധി നൽകിയ ഡിസെബിലിറ്റിയെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന രണ്ടു പെൺകുട്ടികളെ ‘വനിത’ പരിചയപ്പെടുത്തുകയാണ്. നടിയും തിയറ്റർ ആർടിസ്റ്റും നർത്തകിയുമായ ആതിര ശ്രീകുമാറും മോഡൽ ആയ പാത്തു ഫാത്തിമയും. അവർക്ക് നമ്മളോടു പറയാനുള്ളത്...

ജന്മനാ ഒരു കയ്യുടെ പാതിയില്ലാതെ ജനിച്ച ആതിരയും ചെറുപ്പത്തിലേ ഒരു കാലിന്റെ പാതി നഷ്ടപ്പെട്ട പാത്തുവും അവരുടെ മാത്രമല്ല, മറ്റ് അനേകരുടേയും ശബ്ദമാണ്. അവര്‍ ഒന്നേ പറയാന്‍ ആഗ്രഹിക്കുന്നുള്ളൂ, ‘സമൂഹം ഞങ്ങളെ കൂടുതല്‍ ഉള്‍ക്കൊള്ളണം’.

‘അരുതെന്ന വിലക്ക് ഇതുവരെ നേരിട്ടിട്ടില്ല’, ആതിര

international-disability-day-fashion-athira-sreekumar ആതിര ശ്രീകുമാർ; ഫോട്ടോ: ശ്യാം ബാബു

ശങ്കർ രാമകൃഷ്ണന്റെ പതിനെട്ടാം പടി എന്ന സിനിമയിൽ അഭിനയിച്ചതോടെ തന്റെ ഇഷ്ടമാണ് ആതിര ശ്രീകുമാർ സ്വന്തമാക്കിയത്. തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ആതിരയുടെ ഒരു കൈക്കു ജന്മനാ പൂർണവളർച്ചയില്ലായിരുന്നു. എന്നാൽ, അതൊരു കുറവാണെന്ന തോന്നൽ ഇല്ലാതെയാണ് അമ്മ ലേഖ ആതിരയെ വളർത്തിയത്

‘‘ജന്മനാ കൈ ഇങ്ങനെയായിരുന്നു. എനിക്ക് ഒരു വയസ്സാകും മുൻപേ അച്ഛൻ മരിച്ചു. ഒറ്റയ്ക്കാണ് അമ്മ എന്നെ വളർത്തിയത്. അമ്മയും മാമന്‍ രാധാകൃഷ്ണനുമാണ് എന്റെ ഏറ്റവും വലിയ കരുത്ത്. ഇതു ചെയ്യരുത്, അതു പറ്റില്ല എന്നൊന്നും അമ്മ ഇതേവരെ പറഞ്ഞിട്ടില്ല. അതാണെന്നെ മുന്നോട്ടു നയിച്ചതും.’’ ആതിര പറയുന്നു.

മകളെ ലേഖ മറ്റു കുട്ടികളോടൊപ്പം നൃത്തം പഠിപ്പിച്ചു. നർത്തകിയും നടയുമാകണം എന്ന അവളുടെ മോഹത്തിന് ഒപ്പം നടന്നു. കലയോടൊപ്പം പഠനത്തിലും മികവു പുലർത്തിയ ആതിര യൂണിവേഴ്സിറ്റി കോളജിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദം നേടി.

‘‘മൂന്നു വയസ്സു തൊട്ടു നൃത്തം പഠിക്കുന്നു. പല റിയാലിറ്റി ഷോസിലും പങ്കെടുത്തു. അളിയൻസ് എന്ന ടീമിനൊപ്പം ഇന്ത്യാ ഗോട്ട് ടാലന്റ് മത്സരത്തിലും ചുവടുവച്ചു. തിയറ്റർ ആർട്ടിസ്റ്റ് ആയും പ്രവർത്തിക്കുന്നുണ്ട്. മൈം ആണു കൂടുതലും ചെയ്യാറ്, ഇടയ്ക്ക് നാടകവും. ആദം ഷാ സാറിനൊപ്പമാണു ഷോസ് ചെയ്യുന്നത്. ഇഷ്ടം സിനിമയാണ്.

international-disability-day-fashion-athira-pathufathima ആതിര ശ്രീകുമാർ, പാത്തു ഫാത്തിമ; ഫോട്ടോ: ശ്യാം ബാബു

പതിനെട്ടാം പടി എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. ശങ്കർ സാറിന്റെ തന്നെ പുതിയൊരു ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.

ഡിസേബിൾഡ് വ്യക്തികളോടുള്ള സമൂഹത്തിന്റെ മനോഭാവത്തിനു മാറ്റങ്ങളുണ്ടാകുന്നുണ്ട്. എന്നിരുന്നാലും ‘അയ്യോ... പാവം’ എന്ന മട്ടു മാറണം. കുറവുകൾക്കപ്പുറം കഴിവുകളിലേക്ക് ആളുകൾ ശ്രദ്ധിക്കണം. വിദ്യാഭ്യാസവും അവബോധവും ഉണ്ടാകണം. സർക്കാർ തലത്തിൽ ഇനിയും കൂടുതൽ ബോധവൽക്കരണ പരിപാടികൾ വരേണ്ടതുണ്ട്. എന്നാലേ സഹതാപനോട്ടങ്ങൾ കുറയൂ.’’ ആത്മവിശ്വാസം നിറഞ്ഞ സ്വരത്തിൽ ആതിര.

‘വേദനയിൽ നിന്നു വന്ന ഊർജം’, പാത്തു ഫാത്തിമ

international-disability-day-fashion-pathu-fathima പാത്തു ഫാത്തിമ; ഫോട്ടോ: ശ്യാം ബാബു

ഏഷ്യ ഫാഷൻ അവാർഡ് 2020–21 ൽ ബെസ്റ്റ് ഇൻസ്‍പയറിങ് മോഡൽ ആയപ്പോൾ പാത്തു ഫാത്തിമയോടു തോറ്റത് വിധിയായിരുന്നു. കൊല്ലം പള്ളിമുക്ക് സ്വദേശിയായ ഫാത്തിമ ജനച്ചത് ഒരു കാലിനു വളർച്ച കുറഞ്ഞ നിലയിലായിരുന്നു.

‘‘ജനിച്ചപ്പോഴേ കാലിനു വളർച്ച കുറവായിരുന്നു. അഞ്ചിൽ പഠിക്കുമ്പോൾ മരം കൊണ്ടുള്ള കാൽ വച്ചാണു നടന്നത്. ഒട്ടും സൗകര്യപ്രദമായിരുന്നില്ല അത്. ഭയങ്കര വേദനയും. പ്ലസ് ടു പഠിക്കുമ്പോഴാണ് കാലു മുറിക്കേണ്ടി വരും എന്ന് ഡോക്ടർമാർ പറയുന്നത്. അതു കഴിഞ്ഞ് ആറു മാസത്തോളം സഹിക്കാൻ പറ്റാത്ത വേദനയായിരുന്നു. ആത്മഹത്യയ്ക്കു വരെ ശ്രമിച്ചിരുന്നു. പക്ഷേ, പിന്നീട് ആ ചിന്തയൊക്കെ മാറി. യാഥാർഥ്യം ഉൾക്കൊണ്ടു. അതിനു ശേഷമാണ് എനിക്കിഷ്ടമുള്ള കാര്യങ്ങൾ മാറ്റി വയ്ക്കാതെ ചെയ്തു തുടങ്ങിയത്.’’ പാത്തു ഫാത്തിമ പറഞ്ഞു.

പാത്തു ഫാത്തിമ ചെറുപ്പത്തിലേ മാതാപിതാക്കൾ വേർപിരിഞ്ഞിരുന്നു. ‘‘ഉമ്മ സജീന, അമ്മൂമ്മ നൂർജഹാൻ, ഇത്ത നിഷാന എല്ലാവരും എനിക്കു നല്ല സപ്പോർട്ടാണ്. ഇപ്പോള്‍ എസ്എൻ കോളജിൽ ബിഎ ഫിലോസഫി പഠിക്കുന്നു. മോഡലിങ് ചെറുപ്പം തൊട്ടേ ഇഷ്ടമുള്ള കാര്യമായിരുന്നു. ഡിഗ്രി രണ്ടാം വർഷമായപ്പോഴാണ് ആദ്യത്തെ റാംപ് വാക്ക് ചെയ്യുന്നത്. പിന്നീട് പല അവസരങ്ങൾ വന്നു. ആ സമയത്താണ് 2020–21 ഏഷ്യ ഫാഷൻ അവാർഡ് നടക്കുന്നത്. അതിൽ മത്സരിച്ചു ബെസ്റ്റ് ഇൻസ്‍പയറിങ് മോഡൽ എന്ന ടൈറ്റിൽ ലഭിച്ചു.

international-disability-day-fashion-athira-pathufathima-bw ആതിര ശ്രീകുമാർ, പാത്തു ഫാത്തിമ; ഫോട്ടോ: ശ്യാം ബാബു

സിനിമയിലഭിനയിക്കണം എന്ന ആഗ്രഹമുണ്ട്. പിന്നെയുള്ളത് ഒരു സ്വപ്നമാണ്; ഡിസേബിൾഡ് ആയ കുട്ടികൾക്ക് ഇഷ്ടമുള്ളിടത്തേക്കു യാത്ര പോകാൻ ഭാവിയിൽ ക്യാംപുകളും മറ്റും സംഘടിപ്പിക്കണം.’’ പാത്തു ഫാത്തിമ തന്റെ സ്വപ്നങ്ങൾ പങ്കുവച്ചു.

വിധി നൽകാതിരുന്ന കാര്യങ്ങളെക്കുറിച്ച് സങ്കടപ്പെടാനോ, സഹതാപം പിടിച്ചു പറ്റാനോ ആതിരയും പാത്തുവും ഒരുക്കമല്ല. അവർ തങ്ങളുടെ സ്വപ്നങ്ങളിലേക്ക് ഉറച്ച ചുവടുകൾ വയ്ക്കുകയാണ്. വേൾഡ് ഡിസ്എബിലിറ്റി ഡേ നൽകുന്ന സന്ദേശവുമതാണ്. സഹതാപമോ, കാരുണ്യമോ അല്ല, മറ്റുള്ളവർക്കു നൽകുന്നതുപോലെ അവസരങ്ങളും പ്രോത്സാഹനവുമാണ് ഇവർ‌ നമ്മളിൽ നിന്നു പ്രതീക്ഷിക്കുന്നത്...