കുഞ്ഞു ഇസയ്ക്കൊപ്പം ചാക്കോച്ചന്റെ പിറന്നാളാഘോഷ ചിത്രങ്ങൾ നിറഞ്ഞ മനസോടെയാണ് പ്രേക്ഷകർ നെഞ്ചിലേറ്റിയത്. ചാക്കോച്ചൻ ഏറെകാലമായി കാത്തിരുന്ന പിറന്നാളായിരുന്നു ഇത്തവണത്തേത്. ചിത്രങ്ങളിൽ എല്ലാവരുടേയും കണ്ണുകളുടക്കിയത് മൂന്നുപേരുടേയും വസ്ത്രത്തിലായിരുന്നു എന്നത് പ്രത്യേകം പറയേണ്ടല്ലോ. ആ മനോഹര ഉടുപ്പുകൾക്ക് പിന്നിൽ ഒരു കഥയുണ്ട്. ചാക്കോച്ചന്റെ പ്രിയപത്നി പ്രിയ സ്വപ്നങ്ങൾ കൊണ്ട് നെയ്തെടുത്ത ഉടുപ്പുകളാണവ.

"മലയാളത്തിൽ ആദ്യമായിട്ടായിരിക്കും ഒരു സെലിബ്രിറ്റി കുടുംബം ഒരേ ഡിസൈനോടു കൂടിയ വസ്ത്രങ്ങൾ അണിയുന്നത്. അതിന്റെ ഫുൾ ക്രെഡിറ്റും നൽകേണ്ടത് പ്രിയയ്ക്കാണ്. കാരണം മാസങ്ങൾക്കു മുൻപ് തന്നെ പ്രിയ ഇങ്ങനെയൊരു ആഘോഷം പ്ലാൻ ചെയ്തിരുന്നു"- പനമ്പള്ളി നഗറിലെ ടിയ മരിയ ബൊട്ടിക്ക് ഉടമയും ഡിസൈനറുമായ ടിയയുടെ വാക്കുകൾ. പ്രിയയുടെ മനസ്സിനിണങ്ങിയ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു നൽകിയത് ടിയയാണ്.

മനോഹരമായി അതീവ ശ്രദ്ധയോടെയാണ് ടിയ വസ്ത്രങ്ങൾ ഒരുക്കിയത്. "ഇതിനു മുന്നേ ഇസയുടെ ബാപ്റ്റിസത്തിന്റെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരുന്നു. അന്ന് ഇസയോട് പറയുന്ന വാചകങ്ങൾ പ്രിയയുടെ ആഗ്രഹപ്രകാരം വസ്ത്രത്തിൽ നിറയെ തുന്നിച്ചേർത്തു. ഇന്നിപ്പോൾ പൗഡർ ബ്ലൂ നിറത്തിൽ സിംപിൾ ആൻഡ് എലഗന്റ് കോസ്റ്റ്യും മൂന്നുപേർക്കും ഒരുപോലെ വേണമെന്ന് ആവശ്യപ്പെട്ടതും പ്രിയയാണ്.

ചാക്കോച്ചൻ അണിഞ്ഞിരിക്കുന്ന ലിനൻ സാറ്റിനിലുള്ള കുർത്തയിൽ കോളറിൽ നൂലു കൊണ്ടുള്ള എംബ്രോയ്ഡറിയാണ് ചെയ്തിരിക്കുന്നത്. ഡോത്തി സ്‌റ്റൈലിലുള്ള സ്കേർട്ടിനൊപ്പം മാന്ററിൻ കോളറുകളോട് കൂടിയ ജാക്കറ്റും ടോപ്പുമാണ് പ്രിയയ്ക്കായി തയാറാക്കിയത്. അപ്പയെ പോലെ തന്നെ കോളറിൽ വർക് വരുന്ന രീതിയിലാണ് ഇസയുടെ വസ്ത്രം ചെയ്തത്."- ടിയ പറയുന്നു.

കുഞ്ഞു ഇസ നീല നിറമുള്ള റോംപറിൽ ഏറെ സുന്ദരനാണെന്നാണ് ആരാധകരുടെ അഭിപ്രായം. വസ്ത്രം മാത്രമല്ല, പിറന്നാൾ കേക്കും പ്രിയയുടെ നിർദ്ദേശപ്രകാരം മൂവരുടേയും വസ്ത്രത്തോട് ചേർന്നുനിൽക്കുന്നതായിരുന്നു. ദുബൈയിലെ കുടുംബ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ചാക്കോച്ചന്റെ ഈ വർഷത്തെ പിറന്നാളാഘോഷം.