Friday 04 June 2021 03:58 PM IST

ഈ നരച്ച തലമുടി എനിക്ക് ‘പെർഫെക്ട് ഒകെ’! ഇരുപത്തിയൊന്നാം വയസിൽ എത്തിയ അതിഥിയെ സ്‌റ്റൈലാക്കി മാറ്റിയ ശബരീഷ് പറയുന്നു

Priyadharsini Priya

Senior Content Editor, Vanitha Online

sabareesh-menon001

കറുത്തിരുണ്ട മുടിയിൽ ഒരു നേർത്ത വെള്ളിവര പ്രത്യക്ഷപ്പെട്ടാൽ പിന്നെ ആധിയാണ്. നര പ്രായം കൂടുന്നതിന്റെ ലക്ഷണമാണോ എന്ന് ചിന്തിച്ചു സകല കോൺഫിഡൻസും പറപറത്തുന്നവരാണ് നമ്മളിൽ ഏറെപ്പേരും. ചെറുപ്രായത്തിലാണ് നരയെങ്കിൽ പിന്നെ പറയേണ്ട, കൂട്ടുകാരിൽ നിന്നുള്ള കളിയാക്കലുകളിൽ നിന്നോടി ഡിപ്രഷന്റെ കൂട്ടിൽ ഒളിക്കുന്നവരുണ്ട്. എന്നാൽ നരയെ ആഘോഷമാക്കുന്ന ചില മനുഷ്യരും നമുക്കിടയിലുണ്ട്. നല്ല സ്റ്റൈലായി, ട്രെൻഡിയായി, സ്പൈക്കി മേക്കോവർ നൽകി കോൺഫിഡൻസിന്റെ പീക്ക് ലെവലിൽ നിന്നുകൊണ്ട് ‘നോക്കൂ.. ആയിരങ്ങൾ മുടക്കി മുടി കളർ ചെയ്യേണ്ട! ഇത് നാച്ചുറൽ ലുക്കാണ്.. ശരിക്കും പെർഫെക്ട് ഒകെ!’ എന്ന് പറയുന്ന കിടുക്കാച്ചി മനുഷ്യരുണ്ട്. അവരിലൊരാളാണ് കൊച്ചിയിലെ ഫാഷൻ, മാർക്കറ്റിങ് രംഗത്ത് സുപരിചിതനായ 34 വയസ്സുകാരൻ ശബരീഷ് മേനോൻ. ചിന്തിക്കാത്ത നേരത്ത് എത്തിയ അകാല നരയെ വ്യക്തിത്വത്തിന്റെ ഭാഗമാക്കുകയാണ് ഈ ചെറുപ്പക്കാരൻ. വനിതാ ഓൺലൈനുമായി സംസാരിക്കുമ്പോൾ ആത്മവിശ്വാസത്തിന്റെ നെറുകയിൽ ഇരുന്നുകൊണ്ട് ശബരീഷ് വിജയത്തിലേക്ക് ചവിട്ടിക്കയറിയ കഥയാണ് പങ്കുവച്ചത്. 

sabareesh-menon004

21 ൽ എത്തിയ കൂട്ടുകാരൻ

എന്റെ 21ാം വയസ്സിലാണ് മുടിയിൽ ചെറിയ രീതിയിൽ നര പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഞാൻ അതേ കുറിച്ചു ചിന്തിച്ചേയില്ല. എനിക്ക് ഓർമ്മവച്ച കാലം തൊട്ടേ അച്ഛന്റെ മുടി മുഴുവനും വൈറ്റായിരുന്നു. അതുകൊണ്ട് തന്നെ ഞാനിത് മുൻപേ പ്രതീക്ഷിച്ചിരുന്നു എന്നു പറയുന്നതാണ് സത്യം. പരമ്പര്യം എനിക്കും കിട്ടിയല്ലേ മതിയാകൂ. അച്ഛന്റെ നര കണ്ടുവളർന്നത് കൊണ്ടാകണം എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. കോളജിൽ പോകുമ്പോൾ കൂട്ടുകാരിൽ നിന്നും നെഗറ്റീവ് കമന്റുകളോ, ബോഡി ഷെയ്‌മിങ്ങോ ഒന്നും അനുഭവിച്ചിട്ടില്ല. എന്തിനും ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുക്കുന്ന എന്റെ സ്വഭാവം കൊണ്ടാകണം ആരും ഒന്നും പറഞ്ഞ് നോവിച്ചില്ല. 28 വയസ്സ് കഴിഞ്ഞതോടെ നര കൂടുതൽ വിസിബിൾ ആയി. ഇതോടെ ആളുകൾ എന്നെ ശ്രദ്ധിച്ചു തുടങ്ങി. പോസിറ്റീവ് ആയാണ് പലരും സംസാരിച്ചത്. അപ്പോഴേക്കും ഞാനും ഈ സാൾട്ട് ആൻഡ് പെപ്പർ ലുക്ക് ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. 

sabareesh-menon003

വേണം ലിറ്റിൽ കെയർ 

രണ്ടോ മൂന്നോ തവണ മുടി കളർ ചെയ്തിട്ടുണ്ട്. പക്ഷെ, കറുപ്പ് ഹെയർ എനിക്ക് ബോറടിച്ചു തുടങ്ങിയപ്പോൾ ഞാനാ പരിപാടി നിർത്തി. ആളുകൾ നോട്ടീസ് ചെയ്തു തുടങ്ങിയപ്പോഴാണ് ഹെയർ കെയറിങ്ങിൽ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത്. ജെൽ, സെറം, ഷാംപൂ എല്ലാം ഉപയോഗിക്കാറുണ്ട്. സലൂണിൽ പോകുമ്പോൾ ഹെയർ സ്പാ ചെയ്യാറുണ്ട്. ഗ്രേ ഹെയറിനു നല്ല തിളക്കം കിട്ടാൻ ജർമൻ ബ്രാൻഡിലുള്ള മികച്ച ഷാംപൂ മാർക്കറ്റിൽ ലഭ്യമാണ്. പക്ഷെ, കുറച്ചു കോസ്റ്റ്ലിയാണ് കേട്ടോ... 

sabareesh-menon002

പ്രഫഷണനിലെ ‘മെച്വേഡ്’ മുഖം 

നര മെച്യൂരിറ്റിയുടെ ഭാഗമായി കണക്കാക്കുന്ന ഒരു സമൂഹം കൂടിയാണല്ലോ നമ്മുടേത്. അതുകൊണ്ട് പലപ്പോഴും നമ്മുടെ വാക്കുകൾക്ക് ആളുകൾ വാല്യൂ നൽകുന്നതായി തോന്നിയിട്ടുണ്ട്. എത്രത്തോളം ശരിയാണെന്ന് എനിക്കറിയില്ല. ഞാൻ മാർക്കറ്റിങ് മേഖലയിലാണ് പ്രവർത്തിക്കുന്നത്. ദിവസവും കൂടുതൽ ആളുകളുമായി ഇടപഴകേണ്ടതുണ്ട്. ജോലിയിൽ ഒരു ‘മെച്വേഡ്’ മുഖം നൽകാൻ ഈ സാൾട്ട് ആൻഡ് പെപ്പർ ലുക്ക് എന്നെ സഹായിച്ചിട്ടുണ്ട്.

സെറ, പോപ്പീസ് പോലുള്ള ടോപ്പ് ബ്രാൻഡുകൾക്കൊപ്പം മാർക്കറ്റിങ് ടീമിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ മൂന്നു ബ്രാൻഡുകളുടെ മാർക്കറ്റിങ് കൺസൾട്ടന്റായി പ്രവർത്തിക്കുന്നുണ്ട്. പെർഫോമൻസ് മാർക്കറ്റിങ് ആൻഡ് ഡിസൈനിങ്ങിൽ സ്വന്തം ബ്രാൻഡ് തുടങ്ങാനുള്ള പരിശ്രമത്തിലാണ്. മലപ്പുറം തിരൂർ സ്വദേശിയാണെങ്കിലും പ്രവർത്തന മേഖല കൊച്ചിയാണ്.

Tags:
  • Fashion