Saturday 21 December 2019 12:11 PM IST

‘യാത്രയിൽ മറക്കാതെ ബാഗിൽ വയ്ക്കുന്ന രണ്ടു കാര്യങ്ങളുണ്ട്’; സംയുക്ത മേനോന്റെ ഫാഷൻ സങ്കല്പങ്ങൾ അറിയാം

Lakshmi Premkumar

Sub Editor

തുളസിനീരിൽ ഡൈ ചെയ്തെടുത്ത സിംഗിൾപീസ് ഡ്രസ്. ഒപ്പമണിയാം കാഷ്വൽ സ്നീക്കേഴ്സ്, ഫോട്ടോ: സരിൻ രാംദാസ്, ലോക്കേഷൻ – ഈസ്റ്റ് ഇന്ത്യാ സ്ട്രീറ്റ് കഫേ, പനമ്പിള്ളി നഗർ

സിനിമയിൽ തുടക്കം മുതലേ നാടൻ പെൺകുട്ടി വേഷങ്ങളാണല്ലോ ചെയ്തത്. അതുകൊണ്ടാകും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ഫാഷൻ ഫോട്ടോസ് കാണുമ്പോൾ ആളുകൾക്ക് ഇത്ര സർപ്രൈസ്. ഡിസൈനർ രാഹുൽ മിശ്രയുടെ കളക്‌ഷൻസ് അണിഞ്ഞ് ഒരു ഫാഷൻ ഫോട്ടോഷൂട്ട് ചെയ്തിരുന്നു അടുത്ത കാലത്ത്. അതിനു കിട്ടിയ പ്രതികരണം എന്നെ ഞെട്ടിച്ചുകളഞ്ഞു. ശ്ശൊ.. ഞാനിത് എന്തുകൊണ്ട് നേരത്തേ െചയ്തില്ല എന്ന് തോന്നിപ്പോയി.

എന്തായാലും ഈ രംഗത്ത് മറ്റൊരാൾ വരച്ചു വച്ച വഴിയിലൂടെ പോകാൻ ഞാനില്ല. ട്രെൻഡ് ഫോളോവർ എന്നല്ല ട്രെൻഡ് മേക്കർ എന്ന് അറിയപ്പെടാനാണ് എനിക്കിഷ്ടം.

കാറ്റുപോലെ പറന്നു നടക്കാൻ സഹായിക്കുന്ന ഒരു വസ്ത്രമുണ്ടെങ്കിൽ... നോ ഡൗട്ട്, ദാറ്റ്സ് മൈ എവർ ഫേവറിറ്റ്

പണ്ട് ഒരുപാട് ഷോപ്പിങ് ചെയ്യുമായിരുന്നു. അതിൽ ഡ്രസ്, ചെരിപ്പ്, ബാഗ്... അങ്ങനെ പെൺകുട്ടികൾക്കുണ്ടാകുന്ന എല്ലാ ക്രേസുകളും ഉണ്ടായിരുന്നു. ‘‘Nothing haunts us like things we did’nt buy’’ എന്നല്ലേ പറയുന്നത്. അങ്ങനെ വരുമ്പോൾ കണ്ടിഷ്ടപ്പെടുന്നതൊക്കെ വാങ്ങിക്കും.

പക്ഷേ, ഇപ്പോൾ ആ പഴയ സംയുക്തയല്ല കേട്ടോ. പരിസ്ഥിതിക്ക് കേടുപാടു വരുത്തുന്ന എല്ലാ സാധനങ്ങളും എന്റെ പഴ്സനൽ യൂസിൽ നിന്നും എടുത്തു മാറ്റുകയാണ്. കഴിവതും പ്രകൃതിയോട് ഇണങ്ങി ജീവിക്കുകയാണ് ലക്ഷ്യം. കലർപ്പില്ലാത്ത കോട്ടൺ മെറ്റീരിയലുകളും ഹാൻഡ്‌ലൂം തുണിത്തരങ്ങളുമാണ് ഇപ്പോൾ കൂടുതൽ വാങ്ങുന്നത്.

ഖാദി തുണി അതിന്റെ റഫ് സ്വഭാവം കൊണ്ട് മാറ്റി നിർത്തുകയൊന്നും വേണ്ട. പുത്തൻ ലുക്സ് നൽകിയാൽ അത്രത്തോളം നമ്മളെ യുണീക് ആക്കുന്ന മറ്റൊരു മെറ്റീരിയലുമില്ല.സിംഗിൾപീസ് ഡ്രസ്സായാലും ജീൻസിന്റെ ടോപ്പുകളായാലും കോട്ടൻ കഴിഞ്ഞേ മറ്റെന്തെങ്കിലും വിഷ് ലിസ്റ്റി ൽ ചേർക്കൂ.

പൂർണമായും ആയുർവേദിക് ഡൈ ചെയ്തെടുത്ത വസ്ത്രങ്ങളോട് ക്രേസ് ആണ് എനിക്ക്

ആയുർബോധ എന്ന ബ്രാൻഡാണ് ഇപ്പോൾ എന്റെ ഷോപ്പിങ് കാർട്ടിനുള്ളിൽ ഫ്രീക്വന്റായി വന്നു വീഴുന്നത്. വളരെ ലിമിറ്റഡ് നിറങ്ങൾ മാത്രമേ അവയിലുള്ളൂ. തുളസിയുടെയും ആരിവേപ്പിന്റെയും നിറങ്ങളും പ്രകൃതിയിൽ നിന്ന് നേരിട്ടെടുക്കുന്ന നാച്ചുറൽ നിറങ്ങളും മാത്രം ചേർത്ത് ഡൈ ചെയ്തതാണ്.  ആയുർ വേദിക്  ടച്ച് ഉള്ളതുകൊണ്ട് തന്നെ ത്വക് രോഗങ്ങൾ അടുക്കില്ല. ട്രെൻഡിയുമാകാം, ഹെൽത്തിയുമാകാം.

ഹൃദയത്തിൽ സ്പർശിക്കുന്ന ക്വോട്ട്സ് എഴുതിച്ചേർത്ത ബാഡ്ജുകൾ ധരിക്കുക എന്നാൽ നമ്മൾ ജീവിതത്തിൽ ചില വാല്യൂസ് കൂടി ഒപ്പം കൊണ്ടു നടക്കുന്നു എന്നാണ്

മനസ്സിനെ പ്രതിഫലിപ്പിക്കാൻ കഴിയുന്ന ബാ‍ഡ്ജുകളാണ് പുതിയ ക്രേസ്. കൊച്ചുകൊച്ചു വാചകങ്ങൾ കൊത്തിവച്ച ബാഡ്ജുകൾ. ഇറ്റ്സ് ബ്യൂട്ടിഫുൾ. സംസാരിക്കുമ്പോൾ മറ്റൊരാളിലേക്ക് ഒരു പൊസിറ്റിവ് വൈബ് കൊണ്ടു വരാൻ ഈ ബാഡ്ജുകൾക്കു കഴിയും.

ഇതൊക്കെയാണെങ്കിലും ഒരിക്കലും എന്റെ ബാഗിനുള്ളിൽ നിന്ന് ഇറങ്ങിപ്പോകാത്ത രണ്ടു സ്പെഷൽ തിങ്സ് ഉണ്ട്. എന്റെ സൺഗ്ലാസ്, പിന്നെ തൂവൽ പോലെ പാറിപ്പറക്കുന്ന കളർഫുൾ സ്കാർഫുകൾ... ഇവ രണ്ടും ഏതു യാത്രക്കു മുൻപും ബാഗിൽ എടുത്തു വയ്ക്കുന്നത് സ്റ്റൈൽ ചെയ്യാൻ വേണ്ടി മാത്രമല്ല, നമുക്ക് വെറുതെ നെഞ്ചോട് ചേർക്കാൻ അങ്ങനെ കുറച്ച് കുഞ്ഞു കുഞ്ഞു കൗതുകങ്ങൾ ഇല്ലെങ്കിൽ പിന്നെ, ഇതെന്തൊരു ലൈഫാടോ ?  

Tags:
  • Celebrity Fashion
  • Fashion
  • Trends