ഏറ്റവുമധികം സ്റ്റൈൽസ് വന്നു പോകുന്ന ഫാഷൻ വെയർ ആണ് ചെരിപ്പുകൾ. ഏതു അവസരത്തിനായി ചെരിപ്പ് വാങ്ങുമ്പോഴും സോൾ, സ്ട്രാപ്, ഷേപ്, ഹീൽസ് എല്ലാം ശ്രദ്ധയോടെ നോക്കി വാങ്ങണം. കംഫർട്ട് എന്ന വാക്കില്ലാതെ ചെരിപ്പുകളെ കൂടെകൂട്ടല്ലേ... ചെരിപ്പുകൾ തിരഞ്ഞെടുക്കുമ്പോഴും അണിയുമ്പോഴും ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ.
ഷൂസ് തിരഞ്ഞെടുക്കുമ്പോൾ
ഷൂസ് എപ്പോഴും ഹാഫ് സൈസ് വലുതായി നിൽക്കുന്നവ വാങ്ങുന്നതാണ് നല്ലത്. ഇട്ടുകഴിയുമ്പോൾ വിരലുകൾക്കു മുന്നിൽ അൽപം ഇടം ഉണ്ടാകണം. സോക്സ് കൂടെ അണിയുമ്പോൾ ശരിയായ ഫിറ്റിങ് ഉറപ്പാക്കുന്നതിന് ഇതാവശ്യമാണ്. ഷൂസിന്റെ സോളിനുള്ളിൽ കാൽപാദം കൃത്യമായി പാകമാകണം. ചെറിയ സൈസിലുള്ള ഷൂസ് വിരലുകൾക്ക് വേദനയും വലിയ സൈസിലുള്ള ഷൂസ് അയവ് മൂലം നടക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടാക്കും. ഷൂസ് വാങ്ങാൻ പോകുമ്പോൾ സോക്സ് ധരിച്ച ശേഷം ഷൂസ് ഇട്ട് നോക്കി വാങ്ങുന്നതാകും നല്ലത്.
സോക്സ് ഇടാൻ മറക്കല്ലേ
ഏതു തരം ഷൂസ് ആയാലും സോക്സ് കൂടി ധരിക്കുന്നതാണ് നല്ലത്. കാലുകളുടെ വിരലുകൾ മാത്രം മറയ്ക്കുന്ന മ്യൂട്ട് സോക്സ്, പാദങ്ങൾ മറയ്ക്കുന്ന ഇൻവിസിബിൾ, കണങ്കാലിന്റെ താഴെ വരെ നിൽക്കുന്ന ലൈനർ അഥവാ എക്സ്ട്രാ ലോ കട്ട്, അൽപം കൂടി ഉയർന്ന പെഡ് അഥവാ ലോ കട്ട്, കണങ്കാലിനു മേലെ ഉയരുന്ന ആങ്കിൾ കട്ട്, അൽപം കൂടി ഉയരമുള്ള മിഡ് കാഫ്, കാൽ വണ്ണ മറയ്ക്കുന്ന ഓവർ ദ് കാഫ്, മുട്ടോളം ഉയരുന്ന നീ ഹൈ, മുട്ടുകളുടെ മേലേക്ക് ഉയരുന്ന ഓവർ ദ് നീ എന്നീ വലുപ്പങ്ങളിൽ സോക്സ് ലഭിക്കും.
എളുപ്പം ധരിക്കാവുന്ന മൃദുത്വമാർന്ന കാഷ്വൽ ഷൂ ആണ് സ്നീക്കേഴ്സ്. സ്നീക്കേഴ്സ് ധരിക്കുമ്പോൾ പുറത്തു കാണാത്ത വിധത്തിലുള്ള ലൈനറോ ആങ്കിൾ ലെങ്ത് സോക്സോ ധരിക്കാം. ഹാ ഫ് ഷൂ ആണ് ധരിക്കുന്നതെങ്കിൽ വിരലുകളെ സംരക്ഷിക്കുന്ന മ്യൂട്ട് അഥവാ ടോ സോക്സ് മതിയാകും.
അടുക്കി വയ്ക്കാം എളുപ്പത്തിൽ
∙ ചെരിപ്പുകൾ വയ്ക്കാനായി ഷൂ റാക്ക് സെറ്റ് ചെയ്യണം. അവ ദ്വാരമില്ലാത്ത പ്രതലത്തോടു കൂടിയതാണ് നല്ലത്. ഒരു ചെരുപ്പിനടിയിൽ നിന്നുള്ള അഴുക്കും പൊടിയും താഴെയിരിക്കുന്ന ചെരിപ്പിലേക്ക് വീഴാതിരിക്കാൻ ഇത് സഹായിക്കും.
∙ ഷൂറാക്കിന്റെ വശങ്ങളിൽ വായുസഞ്ചാരം ലഭിക്കുന്നതിനായി ദ്വാരമുണ്ടാകണം.
∙ ഷൂസ് ധരിക്കുമ്പോൾ ദുര്‍ഗന്ധം വരാതിരിക്കാൻ സ്പ്രേ ഉപയോഗിച്ചു ശീലിക്കുക. ഷൂറാക്കിനുള്ളിൽ ദുർഗന്ധം കുറയ്ക്കാനുള്ള ഫ്രഷ്നർ വയ്ക്കുക.
∙ എപ്പോഴും ഉപയോഗിക്കേണ്ട ഫ്ലാറ്റ് ചെരിപ്പുകൾ അടിയിലും ഹീൽസ് മുകളിലും എന്ന വിധത്തിൽ ക്രമീകരിക്കാം.
∙ കഴുകേണ്ട ചെരിപ്പുകൾ തൽക്കാലം ഇട്ടു വയ്ക്കാൻ ഷൂ ബിൻ ഉപയോഗിക്കാം.
വിവരങ്ങൾക്ക് കടപ്പാട്: കവിത, സ്റ്റൈലിസ്റ്റ്, ലേബൽ ദേശി റൊമാൻസ്, ഹാൻഡ് മെയ്ഡ് ഫൂട്ട്‌വെയർ