ADVERTISEMENT

ഇത്തവണത്തെ വനിത ഫിലിം അവാർഡിൽ ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കിയത് നടൻ പൃഥ്വിരാജാണ്. പൃഥ്വിയും ഭാര്യ സുപ്രിയയും ഒരുമിച്ചാണ് പുരസ്‌കാര വേദിയിൽ എത്തിയത്. ഇരുവരും ഒരുമിച്ചുള്ള മനോഹര ചിത്രങ്ങളും സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ചിത്രങ്ങളെക്കാൾ അതിന് നൽകിയ അടിക്കുറിപ്പാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടിയത്. ‘സ്റ്റൈലിങ്  ഞാൻ, ആഭരണങ്ങളും എന്റെ, കൂടെയുള്ള ചുള്ളൻ എന്റെ മാത്രം താടിക്കാരൻ’- എന്നാണ് സുപ്രിയ ചിത്രങ്ങൾക്ക് നൽകിയ അടിക്കുറിപ്പ്.

മോഹൻലാൽ മുഖ്യവേഷത്തിലെത്തിയ ചിത്രമായ ലൂസിഫർ പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭമായിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ ‘ലൂസിഫർ’ 200 കോടി കളക്ഷൻ എന്ന റെക്കോർഡ് വിജയത്തിലേക്ക് എത്തിയിരുന്നു. നടൻ, നടി, സംവിധായകൻ, ജനപ്രിയ ചിത്രം എന്നിങ്ങനെ നാല് പുരസ്കാരങ്ങളാണ് ലൂസിഫർ വാരിക്കൂട്ടിയത്. മലയാള സിനിമ ഒരുപാട് മാറിയ കാലഘട്ടത്തിലാണ് ലൂസിഫറുമായി താനെത്തിയതെന്നും അത് ജനങ്ങൾ സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം വാങ്ങിയ ശേഷം പൃഥ്വി പറഞ്ഞു.

ADVERTISEMENT

‘‘മുരളി ഇങ്ങനെയൊരു ആശയം പറഞ്ഞപ്പോൾ, നിർമാതാവായ ആന്റണി പെരുമ്പാവൂരിനോടാണ് ഇതിന്റെ വലുപ്പം പറയുന്നത്. എന്നാൽ ആ സമയത്ത് മലയാള സിനിമയുടെ അന്തരീക്ഷം മാറിയിരുന്നു. ദിലീഷും ശ്യാമും മധുവും ലിജോയും പോലുളള പ്രഗത്ഭരായ ഫിലിം മേക്കേർസ് വന്ന്, റിയലിസം അടിസ്ഥാനമാക്കുന്ന സിനിമകളാണ് ഇവിടെ മലയാള പ്രേക്ഷകർക്ക് ഇഷ്ടം എന്ന അന്തരീക്ഷം ഇവിടെ നിലനിന്നിരുന്നു. അങ്ങനെയുള്ള സാഹചര്യത്തിലാണ് മെയിൻസ്ട്രീം മാസ് സിനിമയുമായി ഞാന്‍ വരുന്നത്. 

എന്റെ കൈയ്യിലും വേറൊന്നുമില്ലായിരുന്നു. അങ്ങനെയുള്ള എന്നെ വിശ്വസിച്ച് ഇത്രയും വലിയ സിനിമയെടുക്കാൻ കൂടെ നിന്ന നിര്‍മാതാവിന് അവകാശപ്പെട്ടതാണ് ഈ സിനിമ. ലൂസിഫറിന്റെ ഷൂട്ട് തുടങ്ങി റിലീസ് വരെ ഞാൻ ആവശ്യപ്പെട്ട ഒരു സാധനം പോലും കിട്ടാതിരുന്നിട്ടില്ല. അതൊരു ഫിലിം മേക്കറിനു കിട്ടുന്ന വലിയ ഭാഗ്യമാണ്. ജനപ്രിയ സിനിമയ്ക്കുള്ള ഈ അവാർഡ് നിർമാതാവിന് അവകാശപ്പെട്ടതാണ്. ഞാൻ ഇത്രയും പൊക്കിപ്പറയാൻ കാര്യം, ഇതിലും കൂടുതൽ പൈസ വേണ്ടിവരും എമ്പുരാൻ ചെയ്യാൻ.’’–പൃഥ്വി പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT