Saturday 22 August 2020 04:02 PM IST

വിവാഹ വസ്ത്രത്തിന് വിലയിടല്ലേ... പൈസച്ചെലവില്ലെങ്കിലും ഈ വസ്ത്രങ്ങൾക്ക് പൊന്നിന്റെ വിലയാണ്

Delna Sathyaretna

Sub Editor

dress996532

ലക്ഷങ്ങൾ മുടക്കി ആഡംബര വിവാഹ വസ്ത്രങ്ങൾ വാങ്ങി അണിയുന്നവരും, വിവാഹത്തിന് പുതുവസ്ത്രമില്ലാതെ വിഷമിക്കുന്നവരും ഒരുപോലെയുള്ള നാടാണ് നമ്മുടേത്. ഒരിക്കൽ മാത്രം ഉപയോഗം കിട്ടുന്ന വളർച്ചയില്ലാത്ത നിക്ഷേപമാണ് ഈ തുക പലർക്കും. കാലം മാറിയതോടെ കഥയിലും ചില ട്വിസ്റ്റുകൾ വരികയാണ്. പെട്ടിയിൽ പൂട്ടി വച്ചിരുന്ന പുതുമ മാറാത്ത പാർട്ടി വെയറുകൾ മറ്റുള്ളവർക്ക് കൈമാറുന്നവർ നിരവധിയാണിപ്പോൾ. അങ്ങനെ വില കൂടിയ വസ്ത്രങ്ങൾ ദാനം ചെയ്യുന്നവരിൽ നിന്ന് സ്വീകരിച്ച് പുതിയ ഡിസൈനിലും അളവിലുമാക്കി, അർഹരായവർക്ക് എത്തിച്ചു കൊടുക്കുന്ന ഒരു ഇടനിലക്കാരിയുണ്ട്, കണ്ണൂരുകാരി സബിത. 

'അഖോറ'യെന്ന ഇരുപത്തിരണ്ടു വനിതാ സംരംഭകരുടെ കൂട്ടായ്മയിൽ നിന്നാണ് കഥയുടെ തുടക്കം. തങ്ങളുടെ വീടുകളിൽ പലതരം ബിസിനസുകൾ ചെയ്യുന്നവരാണ് ഇവർ എല്ലാവരും. ഒരുമിച്ച് എക്സിബിഷനുകളും മറ്റും സംഘടിപ്പിക്കാനാണ് വാട്സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കിയത്. ആഖോറയെന്ന് ഗ്രൂപ്പിന് പേരുമിട്ടു. ബിസിനസും കൂട്ടായ്മയും വിജയമായതോടെ മാസത്തിൽ ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹവസ്ത്രങ്ങൾ വാങ്ങുന്നതിനായി ഇവർ മാറ്റിവച്ചു. ഓരോ പെൺകുട്ടിക്കും വസ്ത്രം ദാനം ചെയ്യുമ്പോൾ അവരുടെ കണ്ണുകളിൽ സന്തോഷവും സങ്കടവും ഒരുപോലെ കാണാം. വസ്ത്രം കിട്ടിയതിന്റെ സന്തോഷവും, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ ആകാത്തതിന്റെ സങ്കടവും. ഇഷ്ടമല്ലെങ്കിലും വേറെ വഴിയില്ലാത്തതിന്റെ നിസഹായത.. വീട്ടിൽ ബുട്ടിക് നടത്തിയിരുന്ന സബിത, സാമ്പത്തികമായി പിന്നാക്കമുള്ള പെൺകുട്ടികളുടെ വിവാഹവസ്ത്ര സ്വപ്നങ്ങൾ അടുത്തറിയുന്നത് അങ്ങനെയാണ്. 

"അവരുടെ സങ്കടം താങ്ങാനായില്ല. അങ്ങനെയാണ് സൗജന്യമായി വിവാഹ വസ്ത്രങ്ങൾ നൽകുന്ന ബുട്ടീക് തുടങ്ങാൻ ആലോചിക്കുന്നത്. പക്ഷെ.. അതിനായി പുതുമ നഷ്ടപ്പെടാത്ത, ഉപയോഗിച്ച പാർട്ടിവെയർ വസ്ത്രങ്ങൾ കിട്ടണം. ഇതേക്കുറിച്ച് അറിയുന്തോറും വസ്ത്രങ്ങൾ സമ്മാനിക്കാൻ കൂടുതൽ ആളുകൾ മുന്നോട്ടു വരുന്നുണ്ട്. ലക്ഷങ്ങൾ വിലമതിക്കുന്ന സബ്യാസാച്ചി ഡിസൈനർ ലേബൽ വസ്ത്രം വരെ കിട്ടി. ഓരോ പെൺകുട്ടിക്കും വിവാഹത്തിനായി മൂന്നു വസ്ത്രങ്ങളാണ് ഞങ്ങൾ തയ്യാറാക്കി നൽകുന്നത്. തലേ ദിവസത്തെ പാർട്ടിക്കും, വിവാഹ ചടങ്ങിനും, വിവാഹ ശേഷമുള്ള സൽക്കാരത്തിനും വേണ്ടിയാണിത്. "- സബിത പറയുന്നു. 

പരിചയക്കാരിലൂടെയോ, ഉത്തരവാദപ്പെട്ടവരിൽ നിന്നോ.. അർഹത ഉറപ്പാക്കിയാൽ മാത്രമേ വസ്ത്രങ്ങൾ സൗജന്യമായി കൊടുക്കൂ. വസ്ത്രങ്ങൾ സമ്മാനമായി സ്വീകരിക്കുന്നവരുടെ പേര് വിവരങ്ങൾ പുറത്തുവിടുകയോ.. അവർക്ക് സാധാരണ ബുട്ടിക്ക് ഷോപ്പിങ് അനുഭവം തടസപ്പെടാനോ പാടില്ലെന്നും സബിതയ്ക്ക് നിർബന്ധമാണ്. തന്റെ വീട്ടിൽ മുൻപ് തന്നെ ബുട്ടിക്ക് ഉള്ളതുകൊണ്ട്.. സൗജന്യം കൈപ്പറ്റാൻ വരുന്ന തോന്നലൊന്നും ഉണ്ടാകാതിരിക്കാനും സബിത ശ്രദ്ധിക്കുന്നു. പാവം മനസുകളെ സബിത തൊടാനാഗ്രഹിക്കുന്നത് സ്നേഹം കൊണ്ടാണ്. ദയാവായ്പുകൾ കൊണ്ടല്ല.

Tags:
  • Fashion