Saturday 31 July 2021 02:10 PM IST : By ശ്യാമ

ആദ്യം പെരുമാറ്റത്തിലും മനോഭാവത്തിലും ചെറിയ കറക്‌ഷൻസ്; പിന്നെ മേക്കപ്പും ഡ്രസ്സിങ് സ്റ്റൈലും മാറ്റാം: മേക്കോവർ സ്വയം ചെയ്യാം, ടിപ്‌സുകൾ

we-makeover1

ദാ, കടുകുമണിയോളം പോന്ന ഒരു കുഞ്ഞിപൊട്ട് മാത്രമാ എന്റെ മേക്കപ്പ്. എപ്പോഴും ഇങ്ങനെ സിംപിളായി നടക്കാനാ എനിക്ക് ഇഷ്ടം.’ ഇങ്ങനെയൊക്കെ പറയുമ്പോഴും പ്രശസ്തരുടെ മേക്കോവർ ചിത്രങ്ങളിലേക്ക് വിടർന്ന കണ്ണുകളോടെ നോക്കിയിരിക്കാറില്ലേ? ഒരു ഫങ്ഷന് പോകാൻ ഒരുങ്ങിയിറങ്ങിയാൽ ‘യ്യോ... പഴയതിലും എന്തു സുന്ദരിയാ...’ എന്ന കമന്റ്സ് കേൾക്കാൻ തന്നെയല്ലേ ഇഷ്ടം? കുഞ്ഞു മേക്കോവർ മോഹം മനസ്സിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ടെങ്കിൽ പിന്നെ, എന്തിനു മടിക്കണം. ഇപ്പോൾ തന്നെ തുടങ്ങാം.

ഇനിയിപ്പോൾ മേക്കോവർ ചെയ്യണമെന്ന് ആഗ്രഹമില്ലാത്തവരാണെങ്കിൽ അറിയൂ... മേക്കോവർ എന്നാൽ ഒരു പുതുക്കിപ്പണിയലാണ്. ചിലപ്പോഴൊക്കെ അതൊരു ചികിത്സയും കൂടിയാണ്. മടുപ്പിക്കുന്ന വിരസതയിൽ നിന്ന്, അപ്രതീക്ഷിതമായി ഉണ്ടായ തിരിച്ചടികളിൽ നിന്ന് ഒക്കെ കരകയറാനുള്ള സിംപിൾ ടെക്നിക്. മേക്കോവർ തുടങ്ങും മുൻപ് ഒരു കാര്യം ഒാർക്കാം. മാറ്റം വരുത്തേണ്ടതിൽ  ഒന്നാം സ്ഥാനം ജീവിതശൈലിക്കും പെരുമാറ്റ രീതിക്കുമാണ്. രണ്ടാമതു മാത്രമാണ് മേക്കപ്പും ഡ്രസ്സിങ് സ്റ്റൈലും.

Wow! What a wonderful personality

പെരുമാറ്റമൊക്കെ മാറ്റാൻ പറ്റുമോ എന്നു സംശയിക്കുന്നതിൽ കാര്യമില്ല. മാറണം എന്ന തീരുമാനം എത്ര ശക്തമാണോ അതു പോലെയായിരിക്കും ഫലവും. നമ്മുടെ പെരുമാറ്റത്തിലും മനോഭാവത്തിലുമുള്ള ചെറിയ കറക്‌ഷൻസ് തുടങ്ങുമ്പോൾ ഒാർക്കണം, മേക്കോവറിന്റെ ഒന്നാം പടിയിലേക്ക് കാലെടുത്തു വച്ചുകഴിഞ്ഞെന്ന്.

നാളെ രാവിലെ മുതൽ പുതിയ ഒരാൾ

∙ തലേദിവസം ഉറങ്ങാൻ കിടക്കുന്നതിന് ഒരു മണിക്കൂർ മുൻപു തന്നെ ഫോൺ ഇത്തിരി അകലേക്ക് മാറ്റി വച്ചോളൂ. ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം, ടിക് ടോക്... ഉറക്കം വലിഞ്ഞും നീണ്ടും പോകാൻ കാരണമാകുന്നതിനെല്ലാം ഇനി മുതൽ അകലെയാണ് സ്ഥാനം. രാവും പകലും  അറിയാത്ത പോലെ ഫോണിനു മുന്നിൽ അന്ധരായി ഇരിക്കുന്നവർക്ക് ഉറക്കം വെറും മൂന്നു നാലു മണിക്കൂറായി ചുരുങ്ങും. ഉറങ്ങി മതിയാകാത്ത കണ്ണും തലച്ചോറുമായിട്ടാണ് പിറ്റേന്ന് ഉ റക്കമുണരുന്നത്.

∙കാലത്തെഴുന്നേറ്റാലുടൻ ഫോൺ നോക്കുന്ന ശീലം ഉപേക്ഷിക്കാം.

പറയാനെളുപ്പമാ, ചെയ്യാനിത്തിരി പാടാണെന്നല്ലേ ഓർത്തത്... വഴിയുണ്ട്. ഫോണിൽ നോക്കില്ല എന്ന് വലിയ അക്ഷരത്തിൽ കൈപ്പത്തിക്കുള്ളിൽ എഴുതിയിട്ട് കിടക്കാം. ഫോൺ നോക്കാതിരിക്കാൻ ഒട്ടും പറ്റാത്തവർ ഒഫീഷ്യൽ മെയിലുകളും മറ്റും മാത്രം നോക്കുക. എങ്കിലും ഉറക്കമുണർന്ന് കുറഞ്ഞത് അര മണിക്കൂർ കഴിഞ്ഞേ ഫോൺ നോക്കൂ എന്നങ്ങ് ഉറപ്പിക്കുക.

∙ രാവിലെ വെറും വയറ്റിൽ ഒരു ലീറ്റർ വെള്ളം കുടിക്കുക. ശ രീരത്തോട് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമാണിത്. എത്ര തിരക്കുള്ളവരും ഏറ്റവും കുറഞ്ഞത് 10 മിനിറ്റ് നേരമെങ്കിലും യോഗയോ വ്യായാമമോ ചെയ്യാം. മെഡിറ്റേഷൻ ചെയ്താൽ നന്ന്. എന്നും ഒന്നു തന്നെ ചെയ്യാതെ മാറി മാറി ചെയ്യാം, വിരസത ഒഴിവാകും. നടക്കാനും ഓടാനും സൗകര്യമുള്ളവർ അ തു ചെയ്യുക.

∙ നേരത്തെ കിടന്ന് നേരത്തെ എണീക്കുന്നതാണ് എപ്പോഴും നല്ലത്. സാധാരണ കിടക്കുന്നതിലും അര മണിക്കൂർ മുൻപേ കിടന്ന് അരമണിക്കൂർ മുൻപേ എണീക്കാൻ നോക്കുക. നേരത്തെ എണീറ്റാൽ ‘സമയമില്ലെന്നു’ പറഞ്ഞ് മാറ്റി വച്ചിരിക്കുന്ന മനസ്സിനു ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ സമയം കിട്ടും. പത്തു മിനിറ്റുനേരം മോട്ടിവേഷനൽ പുസ്തകങ്ങളോ മതഗ്രന്ഥങ്ങളോ വായിക്കാം.

ജോലിയിൽ ഇത്ര ‘പ്രശ്നഭരിത’യാകണോ?

സമയബന്ധിതമായി കാര്യങ്ങൾ തീർക്കുക തുടങ്ങി പല കാര്യങ്ങളും മികച്ച രീതിയിൽ ചെയ്യണം എന്നൊക്കെ ഇടയ്ക്ക് തീരുമാനിക്കാറില്ലേ? എന്നാൽ പലപ്പോഴും എങ്ങനെ ചെയ്യണം എന്നറിയാത്തതു കൊണ്ട് ‘ഓ, ഇങ്ങനെ തന്നെയങ്ങ് പോട്ടേ’ എന്നു വിചാരിക്കും. ഇത്തവണ പക്ഷേ, ആ ഉഴപ്പിൽ നിന്ന് മോചനം നോടാം.

∙ പുതിയ ആശയങ്ങൾ അവതരിപ്പിക്കും മുൻപ് അതേക്കുറിച്ച് നന്നായി പഠിക്കുക. ആളുകൾ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ മനസ്സിൽ കണ്ട് അതിനുള്ള ഉത്തരങ്ങൾ മുൻകൂട്ടി കണ്ടെത്തി വയ്ക്കുക. ഇനി നമ്മൾ ഉദ്ദേശിച്ച കാര്യങ്ങൾ നടപ്പിലായില്ലെന്നു വയ്ക്കുക. അതിനായി ബഹളമുണ്ടാക്കുന്നത് ഏ റ്റവും എളുപ്പവും അതേ സമയം നമ്മുടെ വ്യക്തിത്വത്തിന് സാരമായ അപകടം ഉണ്ടാക്കുന്ന കാര്യവുമാണ്. സംഭവിച്ചത് ഒരു വ്യക്തിഗത നഷ്ടമായി കാണാതെ എന്തുകൊണ്ട് ആ ഐഡിയ നടപ്പിലായില്ലെന്ന് പഠിച്ച ശേഷം അതിലും മികച്ചത് കൊണ്ടുവരാൻ ശ്രമിക്കുന്നതല്ലേ നല്ലത്?

∙ ജോലിസ്ഥലത്തെ വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങൾ ജോലിയിൽ പ്രതിഫലിക്കാതിരിക്കാൻ നോക്കാം. നമ്മളോട് അഭിപ്രായവ്യത്യാസങ്ങളുണ്ടായിട്ടും എത്രയാളുകൾ നന്നായി പെരുമാറിയ സന്ദർഭങ്ങള‍്‍ ഉണ്ടായിട്ടുണ്ട്... മോശമായി പെരുമാറിയവരേക്കൾ മതിപ്പ് അവരോടായിരുന്നില്ലേ?

we-makeover5

∙ അഭിപ്രായവ്യത്യാസമുള്ള സഹപ്രവർത്തകരോട് അത് മറന്ന് സൗഹൃദത്തിലാകണം എന്ന ആഗ്രഹമുണ്ടെങ്കിലും ഈ ഗോ കാരണം മിണ്ടാതിരിക്കും‌. ആദ്യം അയാൾ വന്നു സംസാരിക്കട്ടേ എന്നു ചിന്തിക്കുന്നതിനു പകരം കൂട്ടത്തിൽ ഏറ്റവും വിവേകമുള്ള ആൾ ആദ്യം മിണ്ടും എന്നു കരുതുക... മറ്റേയാ ൾ മിണ്ടിയില്ലെങ്കിൽ പോലും ഒരു നല്ല കാര്യത്തിനു മുൻകയ്യെടുത്തു എന്ന സംതൃപ്തിയുണ്ടാകും.

കുടുംബബന്ധങ്ങൾക്ക് നോ കോംപ്രമൈസ്

∙ ജോലിയുടെ കാര്യത്തിൽ കാണിക്കുന്ന ചിട്ട കുടുംബകാ    ര്യത്തിലും കൊണ്ടുവരിക. ഉച്ചയ്ക്ക് രണ്ടു മിനിറ്റെങ്കിലും പങ്കാളിയെ വിളിക്കാം. മറന്നു പോകുന്നവർ അലാം വച്ച് ഓർക്കുന്നതിൽ തെറ്റില്ല. ഔട്ടിങ്, സന്തോഷം, സംസാരം, ഒരുമിച്ചുള്ള ഭക്ഷണം ഇതൊക്കെ ഞായറാഴ്ചകളിലേക്കു തള്ളി നീക്കാതെ സമയം കിട്ടുമ്പോഴൊക്കെ ചെയ്യുക.  

∙ പറഞ്ഞ വാക്കു പാലിക്കാതെ നീട്ടിക്കൊണ്ടു പോയിട്ട് പങ്കാളിക്കോ കുട്ടികൾക്കോ പുതിയ ഉടുപ്പ് വാങ്ങി പ്രശ്നം തീർക്കാൻ നോക്കുന്നവരോട് ഒന്നേ പറയാനുള്ളൂ ‘ഉടുപ്പിന്റെ കാശും പോകും, പ്രശ്നം അങ്ങനെ തന്നെ കിടക്കുകയും ചെയ്യും.’ ക്ഷമ പറയേണ്ടിടത്ത് ക്ഷമ പറയുക തന്നെ വേണം. അത് ഒരിക്കലും കുറവല്ല എന്നറിയുക.  

∙ ദിവസവും ചെയ്യേണ്ട നന്മയാണ്   ഫാമിലി ടൈം. ജോലി സമയവും അതിന്റെ സ്വഭാവവും നോക്കി വീട്ടിൽ ചെലവിടാനുള്ള സമയം അതിൽ നിന്നു മാറ്റി വയ്ക്കുക. ‘ഫാമിലി ടൈമിൽ’ മറ്റൊന്നും ചെയ്യില്ലെന്നും തീരുമാനിക്കാം.

∙ മാതാപിതാക്കളിൽ നിന്നു ദൂരെ താമസിക്കുന്നവർ അവരെ കൃത്യമായി വിളിച്ച് വിവരങ്ങൾ ചോദിക്കുക. ടെക്നോളജിയിലെ പുതിയ മാറ്റങ്ങൾ അവരെയും പഠിപ്പിച്ചു കൊടുത്ത് വിഡിയോ കോളിങ് ചെയ്യാം. സാമീപ്യം വേണ്ടപ്പോൾ അടുത്ത് ചെല്ലാൻ കഴിവതും ശ്രമിക്കുക.

ടോക്സിക് ആപ്ലിക്കേഷനുകളും ആൾക്കാരും വേണ്ട

∙ ഒരു മാസത്തോളം ഉപയോഗിക്കാത്ത ആപ്ലിക്കേഷനുകളെ നിഷ്കരുണം അൺഇൻസ്റ്റാൾ ചെയ്യുക. ദിവസത്തി ൽ അഞ്ചു മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കുന്ന ആപ്പ് ഒ രാഴ്ച അൺഇൻസ്റ്റോൾ ചെയ്തു നോക്കുക. എത്ര സ മയം ലാഭിക്കാമെന്ന് സ്വയം മനസ്സിലാക്കാം. കണ്ണിൽ കാ  ണുന്നതൊക്കെ ഇൻസ്റ്റാൾ ചെയ്യാതെ ഓരോ ആപ്പിനും ഒരാഴ്ച ട്രയൽ പിരിയഡ് നിശ്ചയിക്കാം. ഇതിനുള്ളിൽ ഉ പയോഗമില്ലെങ്കിൽ കളയാം.  

∙ ഒന്നും മിണ്ടാത്ത ഗ്രൂപ്പുകൾ, നെഗറ്റീവ്  മാത്രം പറയുന്ന ഗ്രൂപ്പുകൾ... ഇവയിലൊക്കെ നിന്ന് ക്വിറ്റ് ചെയ്യാൻ ഒരു മടിയും വിചാരിക്കേണ്ട. ഒപ്പം നിന്ന് കാലു വാരുന്നവർ, നി  ങ്ങളുടെ അസാന്നിധ്യത്തിൽ കുറ്റം പറഞ്ഞ് പരത്തുന്നവർ, എല്ലാ നല്ല കാര്യങ്ങൾക്കും ഉടക്കു പറയുന്നവർ  ഇവരിൽ നിന്നൊക്കെ അകലം പാലിക്കുക. നമ്മൾ പോലുമറിയാതെ വിഷം നമുക്കുള്ളിൽ കലരും. ജാഗ്രതൈ.

∙ ഇനി നമ്മൾ തന്നെയാണോ ഈ ടോക്സിക് പേഴ്സൺ എന്നറിയാനും വഴിയുണ്ട്. ആര് നല്ലത് ചെയ്യുന്നതു കണ്ടാലും അസൂയ തോന്നാറുണ്ടോ? എന്നെക്കാൾ ഉയരുന്നവരെ എങ്ങനെയും നശിപ്പിക്കണം എന്നു ചിന്തിക്കാറുണ്ടോ? നല്ല കാര്യങ്ങൾ പറയുന്നിടത്തും ഒരു കുറ്റമെങ്കിലും കണ്ടുപിടിക്കുന്ന സ്വഭാവമുണ്ടോ? ഇതൊക്കെ സ്വയം ചോദിച്ച് സത്യസന്ധമായ ഉത്തരം പറയുക. ടോക്സിക് പേഴ്സൺ ആണെന്നു തോന്നിയാൽ സ്വയം മാറാൻ ശ്രമിക്കുക. പറ്റുന്നില്ലെങ്കിൽ ഒരു കൗൺസലറുടെ സഹായം തേടാം.

we-makeover4

Wow! What a sense of style

ട്രെൻഡ് ആണ് എന്നതുകൊണ്ടു മാത്രം എല്ലാ വസ്ത്രങ്ങളും എല്ലാവർക്കും ഇണങ്ങണമെന്നില്ല. ശരീരപ്രകൃതിക്ക് യോജിക്കുമോ എന്ന് അണിഞ്ഞു നോക്കി ഉറപ്പാക്കിയ ശേഷം മാത്രം ആ വസ്ത്രം സ്വന്തമാക്കുക. ഇന്ത്യൻ വെയർ, വെസ്റ്റേൺ വെയർ ഇവയിൽ രണ്ടും ഉൾപ്പെടുന്ന വസ്ത്രങ്ങൾ വാഡ്രോബിൽ ഉണ്ടായിരിക്കാൻ ശ്രദ്ധിച്ചാൽ മതി. അവസരത്തിനൊത്ത് ഒരുങ്ങാം.

ഇന്ത്യൻ വെയർ: ഇന്ത്യൻവെയറിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ് വെള്ള കുർത്തയും കറുപ്പ് കുർത്തയും. ഏതവസരത്തിലും സംശയം കൂടാതെ ക്ലാസിയായി ഇടാവുന്നതാണിത്. പലാസോ, കോട്ടൻ അല്ലെങ്കിൽ സിൽക്ക് ദുപ്പട്ട എന്നിവ വാഡ്രോബിൽ മസ്റ്റാണ്. ഷർട്ട്, ജീൻസ് ടോപ്സ് ഇവയ്ക്കൊപ്പം സാരി ഉടുത്ത് സ്റ്റൈൽ ചെയ്യുന്നത് വേറിട്ട ലുക്ക് തരും. സാരിക്കൊപ്പം ജാക്കറ്റ്, വെയ്സ്റ്റ് ബെൽറ്റ് എന്നി വയും ട്രെൻഡാണ്.

വെസ്റ്റേൺ വെയർ: നല്ല ഫിറ്റിങ്ങുള്ള ജീൻസാണ് വെസ്റ്റേണ്‍ ഗണത്തിൽ ആദ്യം വേണ്ടത്. എന്തിന്റെ കൂടെ വേണമെങ്കിലും പെയർ ചെയ്യാം. ജോലിക്കാർക്ക് ഫോർമൽ പാന്റ്സും അസറ്റാണ്. ഒഫിഷ്യൽ മീറ്റിങ്ങുകൾക്കും മറ്റും ഇതു ത രുന്ന ലുക്ക് സൂപ്പറായിരിക്കും. വെള്ള, കറുപ്പ് എന്നീ ഷർട്ടുകൾ ഉള്ളതും നല്ലതാണ്. സ്കാർഫ് അല്ലെങ്കിൽ സ്റ്റോൾ കൂ ടിയായാൽ കംപ്ലീറ്റ് ലുക്ക് കിട്ടും. ഇടുന്ന ഉടുപ്പിന്റെ ഫിറ്റിങ്ങിലുള്ള ചെറിയ അപാകതകളൊക്കെ സ്റ്റോൾ കൊണ്ട് എളുപ്പത്തിൽ മറയ്ക്കാം.

∙ ഇന്ത്യൻ വെയറിനൊപ്പമായാലും വെസ്റ്റേൺ വെയറിനൊ   പ്പമായാലും വെള്ള കാൻവാസ് ഷൂസ്, വെയ്സ്റ്റ് ബെൽറ്റ് എന്നിവയാണ് പുതിയ ട്രെൻഡ്. 2019ന്റെ നിറമായി തിരഞ്ഞെടുത്തിരിക്കുന്നത് കോറൽ ഓറഞ്ചാണ്. ഡിസൈനർ, ഡെയ്‌ലിവെയറുകളിൽ ഇനി കൂടുതലായി ഈ നിറം കാണാൻ കഴിയും. ടൂണിക്കുകൾ, ലോങ് ഷർട്ട് ഡ്രസ്സ് ഇതൊക്കെ ട്രെൻഡ് മാത്രമല്ല, ഏതു പ്രായക്കാർക്കും യോജിക്കും.

∙ തൊഴിലിന്റെ സ്വഭാവമനുസരിച്ച് ഒരു പരിധി വരെ സ്മാർട്ടായ വസ്ത്രധാരണം കരിയറിനെ സ്വാധീനിക്കുമെന്ന് അറി യുമോ? സാരിയാണ് പവർ ഡ്രസ്സിങ്ങിലെ പ്രധാന താരം. എങ്കിലും ത്രീ പീസ് (പാന്റ്, ഷർട്ട്, സ്റ്റോൾ കോംബിനേഷൻ അല്ലെങ്കിൽ കോട്ട്, കുർത്ത, പാന്റ്സ്, ദുപ്പട്ട കോബിനേഷൻ പോലെ) അണിയുന്നതും നല്ല ചോയ്സ് തന്നെ. കാല്‍ വിരലുകൾ മറയ്ക്കുന്ന ക്ലോസ്ഡ് അല്ലെങ്കിൽ ഹാഫ് ക്ലോസ്ഡ് ഷൂസ് ആണ് നല്ലത്. തീരെ നീളം കുറഞ്ഞ മുടിയുള്ളവരൊഴികെ മുടി കെട്ടി വയ്ക്കുന്നതു തന്നെയാണ് നല്ലത്. നെയിൽ പോളിഷും ഇളം നിറത്തിൽ മാറ്റ് ഫിനിഷിൽ ആയാൽ നന്ന്.

ഏതാണ് ഇണങ്ങും നിറം?

ചർമത്തിന്റെ അണ്ടർടോൺ ഏതാണെന്നറിഞ്ഞ് അതിനനുയോജ്യമായ നിറങ്ങൾ തിരഞ്ഞെടുക്കാം. ഒരു വെള്ള പേപ്പർ മുഖത്തിനരുകിൽ, ചെവിക്കു താഴേയായി, കഴുത്തിനോടു ചേർത്ത് പിടിക്കുക. പേപ്പറില്‍ ചെറുതായി പ്രതിഫലിക്കുന്ന നിറം ഏതാണെന്നു നോക്കുക. ഇതാണ് അണ്ടർടോൺ. മഞ്ഞ, ബ്രൗൺ, പച്ച എന്നീ നിറങ്ങളായി തോന്നിയാൽ നിങ്ങളുടേത് വാം ടോൺ ആണ്. ഇനി പിങ്ക്, റോസ്, നീല എന്നീ നിറങ്ങളായിട്ടാണ് തോന്നുന്നതെങ്കിൽ കൂൾ ടോൺ ആണെന്നുറപ്പിക്കാം. ഇതു പോലെ കൈത്തണ്ടയിൽ തെളിഞ്ഞു കാണുന്ന ഞരമ്പിന് പച്ച നിറമാണെങ്കിൽ വാം എന്നും നീലയാണെങ്കി ൽ കൂൾ എന്നും പറയാറുണ്ട്.

∙വാം ടോണിന് ഏറ്റവും ഇണങ്ങുന്ന നിറങ്ങൾ തേൻ നിറം, ഒലിവ് ഗ്രീൻ, കോറൽ ഓറഞ്ച്, ക്രീം, ഗോൾഡ്, മഞ്ഞ എന്നിവയാണ്. കുറച്ചു കൂടെ ന്യൂട്രൽ എഫക്റ്റിനായി കോഫി നിറം, മഷ്റൂം നിറം എന്നിവ തിരഞ്ഞെടക്കാം. ഐസി ബ്ലൂ, സഫയർ, ആമെത്തിസ്റ്റ് എന്നീ നിറങ്ങൾ തിരഞ്ഞെടുക്കുന്നത് സൂ    ക്ഷിച്ചു വേണം. അതു നിങ്ങളുടെ ചർമത്തിന് ഗ്രേ ടോൺ കൊടുക്കും.

∙ കൂൾ ടോൺ ഉള്ളവർക്ക് നീല, ലാവണ്ടർ, റോസ് എന്നീ നിറങ്ങൾ ചേരും. ന്യൂട്രൽ ലുക് കിട്ടാൻ തൂവെള്ള, ഗ്രേ,നേവി ബ്ലൂ എന്നിവ നല്ലതാണ്. ഓറഞ്ച്, ടുമാറ്റോ റെഡ്, സ്ട്രോങ് യെല്ലോ എന്നീ നിറങ്ങൾ ചർമത്തിന്റെ ടോണിന് നേർ വിപരീതമായി നിൽക്കും. തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക.

we-make-over2

ആകൃതി അനുസരിച്ച് വസ്ത്രം

പലർക്കും പലതരം ശരീരപ്രകൃതിയാണ്. ഇൻവർട്ടഡ് ട്രയാങ്കിൾ, പിയർ ഷെയ്പ്പ്, ബനാനാ ടൈപ്പ്, അവർഗ്ലാസ് ടൈപ്പ് അങ്ങനെ... എന്തു തന്നെയായാലും വസ്ത്രങ്ങൾ കൊണ്ട് ചില മാജിക് കാണിക്കാനാകും. നമ്മുടെ കുറവുകൾ നികത്തുന്ന  വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം.  

∙ വീതിയുള്ള തോളുള്ള, ഇൻവെർട്ടഡ് ട്രയാങ്കിൾ പ്രകൃതക്കാർ മുകളിൽ ഇറുക്കമുള്ളതും താഴേക്ക് ലൂസ് ആയതുമായ വസ്ത്രങ്ങൾ അണിയുക. ഇത്തരക്കാർക്ക് ടൈറ്റ് ഫിറ്റിങ് ജീൻസ്, സ്കർട്ട്, ലെഗിൻസ്, ചുഡി പാന്റ് എന്നിവ അ ത്ര ഇണങ്ങിയെന്നു വരില്ല. പലാസ്സോ, പാരലൽ പാന്റ്സ്, ലൂസ്/ഫ്ലോയി/ഫ്ലെയേർഡ് സ്കർട്ട് ഒക്കെ ഇണങ്ങും. കുർത്തയാണെങ്കിൽ അനാർക്കലി, അങ്ക്രക്ക ഒക്കെ തിരഞ്ഞെടുക്കാം.

∙ വണ്ണമുണ്ടെങ്കിൽ ഒതുക്കം തോന്നാൻ വെയ്സ്റ്റ് ബെൽറ്റ് നല്ലതാണ്. ഷ്രഗ് ശരീരത്തിന്റെ വീതി മറയ്ക്കും. സ്റ്റോൾ കഴുത്ത് മറയുന്ന തരത്തിൽ ചുറ്റിവയ്ക്കാതെ അൽപം ഇറക്കി ഇടാം. വണ്ണമുള്ളവർ അവരുടെ ശരീരത്തിൽ മെലിഞ്ഞ ശരീര ഭാഗങ്ങൾക്ക് പ്രാധാന്യം കൊടുക്കുക. ഉദാ: മെലിഞ്ഞ കാലുള്ളവർ മുട്ട് വരെയുള്ള വസ്ത്രങ്ങൾ ത്രീ– ഫോർത്ത് എന്നിവ ഇട്ടാൽ വണ്ണം കുറഞ്ഞതായി തോന്നും.

∙ മെലിഞ്ഞവർ വലിയ പ്രിന്റുള്ള വസ്ത്രങ്ങള‍്‍ എടുക്കുക. അരഭാഗത്ത് ഞൊറികളുള്ള വസ്ത്രങ്ങൾ ഇവർക്കിണങ്ങും.  ഒറ്റ ലെയർ ധരിക്കാതെ പല ലെയറുകളുള്ളവ ഇടാം.

Wow! What a beautiful skin...

ചർമം മനോഹരമാക്കുന്നതിന്റെ ആദ്യപടി ചർമപ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ്. മുഖത്തെ കറുത്ത പാടുകൾ, ഓപ്പൺ പോർസ്, കണ്ണിനടിയിലെ കറുപ്പ്, മുഖക്കുരു... ഇത്തരം പ്രശ്നക്കാരെ അകറ്റിയാൽ തന്നെ മുഖത്തിന് പുത്തനുണർവു കിട്ടും.

∙ വീതിയുള്ള പുരികമാണ് ഇപ്പോഴത്തെ താരം. നേർത്ത വില്ലു പോൽ വളച്ച പുരികക്കൊടികളോടു ബൈ പറയാം.

∙ ചുണ്ടിനു നടുക്കു മാത്രം ലിപ്സ്റ്റിക് ഇട്ട് വശങ്ങളിലേക്ക് പടർത്തുന്നത് നാച്ചുറൽ ലുക്ക് നൽകും. ഒട്ടും വലുപ്പമില്ലാത്ത ചുണ്ടുള്ളവർ ലിപ്സ്റ്റിക്കിന്റെ അതേ നിറത്തിലുള്ള ലിപ് ലൈനർ കൂടി ഇടുന്നത് നല്ലതാണ്. വലിയ ചുണ്ടുകളുള്ളവർക്ക് ലൈനർ വേണ്ട.

∙ മെറ്റാലിക് ഐ ഷാഡോ, നിയോൺ കളർ ഐഷാഡോ അല്ലെങ്കിൽ ഐ ലൈനർ എന്നിവ നേർത്തതായി എഴുതി മിനിമൽ ലുക്ക് തീർക്കുന്നതും പുതുപുത്തനാണ്. ഷീർ ഫൗണ്ടേഷൻ ഇട്ട് ചർമം സൂപ്പർ ഗ്ലോയി ആക്കുക.

കുറവുകൾ അറിഞ്ഞ് തുടക്കം

we-makeover3

∙ തലമുടി കുവാണെങ്കിൽ ഹെയർ എക്സ്ടെൻഷൻ വാങ്ങാം. ആവശ്യത്തിനനുസരിച്ച് ഇവ വെട്ടി ആകൃതിയാക്കി  മുടിയിൽ വയ്ക്കാം.

∙ എക്സ്റ്റെൻഷൻസ് വയ്ക്കാൻ ഇഷ്ടമില്ലെങ്കിൽ പുതിയ ഹെയർ കട്ട് പരീക്ഷിക്കാം. പെട്ടെന്നു മാറ്റം തോന്നിക്കാനുള്ള ഏറ്റവും നല്ല വഴി എന്താണെന്നോ, ഹെയർകട്ട്. മുഖത്തിന്റെ ആകൃതിക്കു ചേരുന്ന തരത്തിൽ മുടി വെട്ടാൻ ഓർക്കണം. മുടിയുടെ നീളം കുറയ്ക്കാൻ താൽപര്യമില്ലെങ്കിൽ മുൻവശത്ത് മാത്രം പല തരം ഫ്രിഞ്ചസ് വെട്ടിയിടാം.

∙ തീരെ ചെറിയ കണ്ണുള്ളവർ ഐലാഷ് കേളർ കൊണ്ട് ക ൺപീലികൾ കേൾ ചെയ്തശേഷം മസ്കാരയിട്ടാൽ കണ്ണുക ൾക്കു വലുപ്പം തോന്നും. കേളർ ഇല്ലെങ്കിൽ അദ്യം ഒരു കോട്ട് മസ്കാരയിട്ട് അതുണങ്ങുമ്പോൾ വീണ്ടും ഇടാം. ചെറിയ ക ണ്ണുള്ളവർക്ക് ക്യാറ്റ് ഐ പോലുള്ള വാലിട്ടെഴുത്തുകൾ പരീക്ഷിക്കാം.   

∙ മേൽച്ചുണ്ടിലും കീഴ്ച്ചുണ്ടിലും രണ്ടു നിറങ്ങളണിയാം. ചുണ്ടുകളുടെ വലുപ്പവ്യത്യാസം മറയ്ക്കാനുള്ള ടെക്നിക് കൂ      ടിയാണ് ഈ ലിപ് മേക്കപ് രീതി. വലുപ്പം കുറവുള്ള ചുണ്ടിൽ നല‍്‍കുന്ന നിറത്തിന്റെ അടുത്ത ഷേ‌‍‍‍ഡ് വലുപ്പം കൂടുതലുള്ള ചുണ്ടിൽ നൽകിയാൽ മേല‍്‍ച്ചുണ്ടിനും കീഴ്‍ച്ചുണ്ടിനും ഒരേ വലുപ്പം തോന്നിക്കും.

തെറ്റുകൾ ആവർത്തിക്കേണ്ട

∙ ഡസ്കി സ്കിൻ ടോൺ അങ്ങനെ തന്നെ നിലനിർത്തുന്നതാണ് ഇക്കാലത്തിന്റെ മേക്കപ്.  ട്രയൽ നോക്കിയോ ഒരു മേ ക്കപ് ആർട്ടിസ്റ്റിന്റെ സഹായത്തോടു കൂടിയോ നിങ്ങള‍്‍ക്ക് ഇണങ്ങുന്ന നിറങ്ങളും ഷേഡുകളും മനസ്സിലാക്കുക. അവ ഉപയോഗിക്കേണ്ട വിധവും വിദഗ്ധരോടു ചോദിച്ചു മനസ്സിലാക്കുക.

∙ ചർമത്തിന്റെ സ്വഭാവം അറിഞ്ഞുവേണം മേക്കപ് പ്രൊഡക്റ്റ്സ് വാങ്ങാൻ. ഏറെ നേരം മേക്കപ് നിലനിർത്താനും മു  ഖം സുന്ദരമായിരിക്കാനും മാത്രമല്ല, ചർമപ്രശ്നങ്ങൾ വരാതിരിക്കാനും ഇതുതന്നെ വഴി.

Makeover Tips

1. പ്രാതലിന് എരിവും മസാലയും ധാരാളം ചേർത്ത ഭക്ഷണവും, ജങ്ക് ഫുഡും ഒഴിവാക്കുക. നല്ല ഭക്ഷണം കഴിച്ചു ദിവസം തുടങ്ങിയാൽ തന്നെ ഉൻമേഷം വരും. പ്രാതൽ കഴിക്കാതെ ഒഴിവാക്കരുത്.

2. ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് എഴുതാം. ചെയ്ത കാര്യങ്ങൾക്ക് ടിക്ക് ഇടാം. ചെയ്യാനുള്ളതിന് നേരെ അതു ചെയ്തു തീർക്കാൻ എത്ര സമയമെടുക്കുമെന്ന് എഴുതി വയ്ക്കാം.

3. ജാക്കറ്റ്, ഷ്രഗ്, സ്റ്റോൾ ഇവ ഏതുടുപ്പിന്റെ കൂടെയിട്ടാലും വ്യത്യസ്ത ലുക്ക് കിട്ടും. സാരിക്കൊപ്പം പോലും ഇടാവുന്ന ലോഫേഴ്സ് ആണ് ചെരുപ്പുകളിൽ താരം.

4.  മിക്കവർക്കും ഇണങ്ങുന്ന നിറങ്ങളാണ് ബ്ലഷ് പിങ്ക്, പർപ്പിൾ, ടീൽ എന്നിവ. മഞ്ഞയും പിങ്കും കലർന്നു വരുന്ന കോമ്പിനേഷൻ സ്കിൻ ഉള്ളവർക്ക് ഒട്ടുമിക്ക നിറങ്ങളും ചേരും.

5. പുതിയൊരു പ്രൊഡക്റ്റ് ഉപയോഗിച്ചു തുടങ്ങുമ്പോൾ ചൊറിച്ചിലോ, നിറം മാറ്റമോ തിണർപ്പോ കണ്ടാൽ ഉപേക്ഷിക്കാം. അല്ലെങ്കിൽ അലർജിക്ക് കാരണമാകാം.

സ്പെഷൽ വിഭാഗം ഫീച്ചറുകൾ തയ്യാറാക്കിയത്: ശ്യാമ, ഫോട്ടോ: ശ്യാം ബാബു, വിവരങ്ങൾക്കു കടപ്പാട്: വിപിൻ വി. റോൾഡന്റ്, ചീഫ് കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്, റോൾഡന്റ് റെജുവിനേഷൻ ബിഹേവിയർ സ്റ്റുഡിയോ, കൊച്ചി. സൂസൻ അന്ന മാത്യൂ, അസിസ്റ്റന്റ് പ്രഫസർ ഫാഷൻ ഡിസൈനിങ്, സെന്റ്. തെരേസാസ് കോളജ്, എറണാകുളം. ജീന മേരി, മേക്കപ് ആർട്ടിസ്റ്റ്, ജീന സ്റ്റുഡിയോ, കൊച്ചി