ഓൺലൈൻ ഷോപ്പിങ്ങിൽ പണം ലാഭിക്കാൻ സഹായിക്കുന്ന ചില സീക്രട്സ് ഉണ്ട്.
∙ ഒരേ ബ്രാൻഡിലുള്ള വസ്ത്രത്തിനു പല ഷോപ്പിങ് സൈറ്റുകളിൽ വില വ്യത്യസ്തമായിരിക്കാം. അതുകൊണ്ട് പല സൈറ്റുകളിൽ ഒരേ വസ്ത്രത്തിന്റെ വില നോക്കിയ ശേഷം കുറവുള്ളതു മാത്രം വാങ്ങുക.
∙ സീസൺ സെയിൽസ് നോക്കി വിലക്കുറവിൽ വസ്ത്രം വാങ്ങുന്നതു ബജറ്റ് ഫ്രണ്ട്‌ലി ഐഡിയയാണ്. ഓർക്കേണ്ട കാര്യം ഓഫറുകളും സീസൺ സെയിൽസും ഇടയ്ക്കിടെ വരാം. നവംബർ മാസത്തിൽ തന്നെ ദീപാവലി സെയിലും ബ്ലാക് ഫ്രൈഡേ സെയിലും വന്നു. ഡിസംബറിൽ ക്രിസ്മസ് സെയിൽ വരും. അതുകൊണ്ട് സെയിൽ ഉള്ളപ്പോഴെല്ലാം പർച്ചേസ് വേണ്ട.
∙ ടോപ് ബ്രാൻഡ് വസ്ത്രങ്ങൾ വാങ്ങുമ്പോൾ ഏറെനാൾ ട്രെൻഡിൽ നിലനിൽക്കുന്നവ വാങ്ങണം. അയഞ്ഞ ഷാബി ഷർട്ടുകൾക്കു പകരം ലൂസ് ഫിറ്റഡ് ക്ലാസിക് ഷർട്ടുകൾ തിരഞ്ഞെടുക്കാം. ലിനൻ വൈറ്റ് ഷർട്ട്, സ്ട്രൈപ്ഡ് ഷർട്ട്, സാറ്റിന്‍ ഷർട്ട് എന്നിവ എല്ലാവർക്കും ഇണങ്ങും. സ്ട്രെച്ചബിൾ ജെഗ്ഗിങ്സിനു പകരം ഹൈ വെയ്സ്റ്റഡ് സ്ട്രെയ്റ്റ് പാന്റ്സ് വാങ്ങാം. ഹൊറിസോണ്ടൽ പ്രിന്റ്സ് വാങ്ങുമ്പോൾ ബോൾഡ് സ്ട്രൈപ്സ് എടുക്കാം .
∙ ഓഫറുകളിൽ പലപ്പോഴും ട്രെൻഡ് ഔട്ട് ആയവയോ ഉടനെ ഔട്ട് ആകുന്നവയോ വരും. അതുകൊണ്ടു ശ്രദ്ധയോടെ വേണം ഷോപ്പിങ്. ഒഴിവുസമയങ്ങളിൽ ഷോപ്പിങ് സൈറ്റിൽ പരതി ഇഷ്ടമുള്ളവ വിഷ് ലിസ്റ്റ് ചെയ്ത് ഇടാം. വില കുറയുന്ന സമയം നോക്കി വാങ്ങാം.
∙ പേയ്മെന്റ് ചെയ്യും മുൻപ് കയ്യിലുള്ള ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, യുപിഐ ആപ്പ് എന്നിവയിൽ ഏതിനെങ്കിലും ക്യാഷ് ബാക് ഓഫറോ ഡിസ്കൗണ്ടോ ഷോപ്പിങ് സൈറ്റ് നൽകുന്നുണ്ടോ എന്നു പരിശോധിക്കുക. കിട്ടുന്ന ചെറിയ ലാഭം പോലും പാഴാക്കരുത്.
∙ കൂപ്പണുകൾ ഉപയോഗിച്ചാൽ ഷോപ്പിങ്ങിൽ ലാഭം നേടാനാകും. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് പരിചയപ്പെടുത്തുന്ന പ്രൊഡക്ടുകൾക്ക് അവരുടെ പേജിൽ ഡിസ്കൗണ്ട് കൂപ്പൺ ഉണ്ടാകാം. ഡിസ്ക്രിപ്ഷൻ ശ്രദ്ധിക്കുക. ഒരു സൈറ്റിൽ നിന്ന് ആദ്യമായി പർച്ചേസ് ചെയ്യുമ്പോഴും ഇമെയിൽ സബ്സ്ക്രിപ്ഷൻ എടുക്കുമ്പോഴും ഡിസ്കൗണ്ട് കൂപ്പൺ ലഭിക്കാം. യുപിഐ ആപ്പുകൾ വഴി പേയ്മെന്റ് ചെയ്യുമ്പോൾ കിട്ടുന്ന കൂപ്പണുകൾ ഉപയോഗിക്കാനും ഓർക്കുക.