ADVERTISEMENT

 പണ്ടു വീട്ടിലെ മൂത്തയാൾ ഉപയോഗിച്ച ഉടുപ്പ് ഇളയ ആൾക്കു കിട്ടുന്നത് മിഡിൽ ക്ലാസ് പതിവു തന്നെയായിരുന്നു. അനിവാര്യതയോ, 'അഡ്ജസ്റ്റ്മെന്റോ' ആയിരുന്ന അലിഖിത ചിട്ടവട്ടം. പുതിയതു വാങ്ങാൻ കാശില്ലാത്തവരുടെ അല്ലെങ്കിൽ ചെലവാക്കാൻ മനസ്സില്ലാത്തവരുടെ പോംവഴി എന്നായിരുന്നു ‘സെക്കൻഡ് ഹാൻഡ്’ വസ്ത്രങ്ങളെ സമൂഹം കണ്ടിരുന്നത്.

കാലം മാറി. ഇന്നു പഴയ വസ്ത്രങ്ങൾ പണം ലാഭിക്കാൻ മാത്രമല്ല, മറിച്ച് അതൊരു ‘സ്റ്റൈൽ  സ്റ്റേറ്റ്മെന്റ്’ ആയി. ഫാഷൻ ലോകം അതിനു പ്രീ–ലവ്ഡ് (Pre-Loved) എന്ന ഓമനപ്പേരു നൽകി. മറ്റൊരാളുടെ സ്നേഹം കവർന്ന വസ്ത്രങ്ങൾ അഭിമാനത്തോടെ തന്നെ അണിയുകയാണ് ഫാഷൻ ഫോർവേഡായവർ.

ADVERTISEMENT

മറ്റൊരാൾ സ്നേഹിച്ച, ഉപയോഗിച്ച വസ്ത്രങ്ങൾ വീണ്ടും സ്നേഹത്തോടെ സ്വീകരിക്കുന്ന ത്രിഫ്റ്റിങ് തരംഗം കേരളത്തിലും അലയടിക്കുകയാണ്.

dr-vasuki

ട്രെൻഡ് സെറ്റർ

ADVERTISEMENT

വിലകൂടിയ ആഭരണങ്ങളും വസ്ത്രങ്ങളും അണിയുന്ന ഉന്നത ഉദ്യോഗസ്ഥരെയാണ് നമ്മൾ കണ്ടു ശീലിച്ചിട്ടുള്ളത്. അവിടെയാണ് ഡോ. കെ വാസുകി ഐഎഎസ് വ്യത്യസ്തയാകുന്നത്.  വളരെ കുറഞ്ഞ വിലയിൽ വാങ്ങിയ മനോഹരമായൊരു പഴയ സാരി എട്ടു വർഷമായി അവർ ഉപയോഗിക്കുന്നു. 25 വർഷത്തിലേറെ പഴക്കമുള്ള വേറെ സാരിയും വാസുകിക്കുണ്ട്.

‘‘ഫാഷൻ എന്നാൽ പുതിയത് വാങ്ങിക്കൂട്ടൽ മാത്രമല്ല, ഉള്ളതു ഭംഗിയായി ഉപയോഗിക്കൽ കൂടിയാണെന്ന്’’ ഡോ. വാസുകി ഓർമിപ്പിക്കുന്നു. പരിസ്ഥിതിയോട് നമുക്ക് ചെയ്യാൻ കഴിയുന്ന കരുതൽ കൂടിയാണിത്.

ADVERTISEMENT

ഒരു ഐഎഎസ് ഉദ്യോഗസ്ഥ തന്നെ ‘ഇഷ്ടത്തോടെയും അഭിമാനത്തോടെയും ഇതൊരു പഴയ സാരിയാണെന്നു’ എന്നു പറയുമ്പോൾ, പഴയ വസ്ത്രങ്ങളോടുള്ള മലയാളിയുടെ മനോഭാവം കൂടിയാണ് അവിടെ മാറുന്നത്.

വീട്ടിലെ റീ യൂസ് റൂൾ

‘‘ഒരു സാധാരണ മിഡിൽ ക്ലാസ് കുടുംബത്തിലാണ് ഞാൻ വളർന്നത്. പോരാത്തതിന് ഇളയ കുട്ടിയും. സേവിങ് ചിന്താഗതിയുള്ള സാധാരണ ഏതൊരു കുടുംബത്തിലേയും പോലെ ചേച്ചിയുടെ ഉടുപ്പുകളാണു ഞാൻ സ്ഥിരമായി ഇട്ടിരുന്നത്. ഞങ്ങൾ തമ്മിൽ എട്ടു വയസ്സിന്റെ വ്യത്യാസം. അവളുടെ പാകമല്ലാതാകുന്ന ഉടുപ്പുകളെല്ലാം എനിക്കു വേണ്ടി ഭദ്രമായി അലമാരയിൽ കയറി കാത്തിരിക്കും. പ്രത്യേകിച്ചു പട്ടു പാവാടകൾ.
സ്കൂളില്‍ നിന്നു കോളജിലേക്കു പ്രൊമോഷൻ കിട്ടിയ സമയത്താണു യൂണിഫോമല്ലാതെ കയ്യിൽ അധികം ഉടുപ്പുകളുടെ കളക്‌ഷനൊന്നുമില്ലെന്ന് ചിന്തിക്കുന്നത്. അ പ്പോഴും ചേച്ചിയുടെ സൽവാറുകളാണു രക്ഷയ്ക്കെത്തിയത്. ആദ്യവർഷം അങ്ങനെ പോയി.
രണ്ടാം വർഷമാണ് മെറ്റീരിയൽ എനിക്കു വേണ്ടി വാങ്ങുന്നതും തയ്പ്പിക്കുന്നതും. ഇഷ്ടമുള്ളതെല്ലാം വാങ്ങിക്കൂട്ടുന്ന മനോഭാവം എനിക്കുമില്ല. പണമായാലും മറ്റു റിസോഴ്സുകളായാലും പരമാവധി സൂക്ഷിച്ചുപയോഗിക്കുന്നതിനോടാണു താൽപര്യം.

കോളജിനു ശേഷം ഐഎഎസ് ഓഫിസറായതോടെ ഓഫീസർ സ്റ്റൈൽ ഡ്രെസ്സിങ്ങൊക്കെ  വേണമല്ലോ.
അമ്മയുടെ സാരികളായിരുന്നു തുടക്കത്തിലൊക്കെ അലമാരയില്‍ ‍കൂടുതലും. വീട്ടിൽ തന്നെ ഇത്രയധികം റീ – യൂസ് കൾച്ചർ ഉണ്ടായിരുന്നതു വലിയ നേട്ടമായിരുന്നുവെന്നു പിന്നീടു ബോധ്യപ്പെട്ടു.

പരമാവധി ഉപയോഗിച്ചാൽ മാലിന്യവും കുറയ്ക്കാം

കൺസ്യൂമറിസം കൂടുന്നതു കൊണ്ട് എത്രത്തോളം കാർബൺ ഫൂട്ട്പ്രിന്റ് പരിസ്ഥിതിയിൽ കൂടുമെന്നും മലിനീകരണം കൂടുമെന്നുമൊക്കെ മനസിലാക്കിയതോടെ വസ്ത്രങ്ങളുടെ പുനരുപയോഗം പറ്റുന്നത്ര മറ്റുള്ളവരിലേക്കും എത്തിക്കാനുള്ള ശ്രമത്തിലാണ്.
2014–17 വർഷങ്ങളിൽ ശുചിത്വ മിഷനിലുണ്ടായിരുന്ന സമയത്തു തന്നെ സ്വാപ് ഷോപ്പുകൾ തുടങ്ങിയിരുന്നു. ക ണ്ണൂരിൽ വലിയ ഹിറ്റായിരുന്നു അത്. ഈയൊരു ഐഡിയ ചർച്ച ചെയ്യുന്ന സമയത്തു കേരളത്തിൽ ഇത് പ്രായോഗികമാകുമോയെന്ന് പലരും ആശങ്ക പറഞ്ഞു. മറ്റൊരാൾ ഉപയോഗിച്ച വസ്ത്രങ്ങൾ വാങ്ങാൻ ആളുകൾക്ക് മടിയുണ്ടെന്നതു തന്നെ കാരണം. അന്നവിടെയുണ്ടായിരുന്ന റൂറൽ ഡെവലപ്മെന്റ് ഓഫിസർ നല്ല ഗ്രാന്റ് ആയി അതു പ്രാവർത്തികമാക്കി. വലിയ വിജയമായി ആ തുടക്കം. മറ്റു ജില്ലകളിലും സ്വാപ് ഷോപ്പുകൾ കൊണ്ടു വന്നിരുന്നു.  
ഫാഷനായാലും മറ്റേതു രംഗമായാലും ഉത്തരവാദിത്തത്തോടെ ഉപയോഗം എന്ന വാല്യൂ പഠിപ്പിക്കാൻ ഏറ്റവും യോജിച്ചത് കുട്ടികളാണല്ലോ. വിദ്യാഭ്യാസ വകുപ്പിൽ വന്ന ശേഷം അതിനുള്ള എല്ലാ അവസരങ്ങളും ഉപയോഗിക്കുന്നുണ്ട്.

200 രൂപയ്ക്ക് ഗുണനിലവാരം കുറഞ്ഞ വസ്ത്രം വാങ്ങി കുറച്ചു കാലം ഉപയോഗിച്ചു കളയുന്നതിനേക്കാൾ നല്ലതല്ലേ അതിനേക്കാൾ കുറഞ്ഞ വിലയിൽ ലഭിക്കുന്ന നല്ല നിലവാരമുള്ള പഴയ വസ്ത്രം തിരഞ്ഞെടുക്കുന്നത്. വേസ്റ്റിന്റെ അളവും കുറയും നമുക്കു കൂടുതൽ ഉപയോഗവും പൈസ ലാഭവും കിട്ടും.  

സ്വാപ് ഷോപ്പുകൾക്കു പിന്നിലെ കഥ

വടകരയിൽ അടുത്ത ദിവസങ്ങളിൽ സ്വാപ് ഷോപ് ന ടത്തിയിരുന്നു. അവിടെ വച്ച് പാലക്കാട് വർഷങ്ങളായി സ്വാപ് കാംപ് നടത്തുന്നൊരാളെ പരിചയപ്പെട്ടു. അയാൾക്കൊരു കഥ പറയാനുണ്ടായിരുന്നു. മുൻപൊരിക്കൽ സ്കൂളിലൊരു കുട്ടി ഓണത്തിന് യൂണിഫോമിട്ടു വന്നു. ആഘോഷങ്ങൾക്കിടയിൽ പട്ടുപാവാടകളുടെയും ആഭരണങ്ങളുടെയും തിളക്കത്തിൽ നിന്നെല്ലാമൊഴിഞ്ഞു നിന്നു ആ കുട്ടി. കാര്യം തിരക്കിയപ്പോഴാണ് അറിഞ്ഞത് അവൾക്ക് നല്ല വസ്ത്രങ്ങൾ വേറെ ഉണ്ടായിരുന്നില്ല. ഇന്നും കേരളത്തിൽ അങ്ങനെയുള്ള കുട്ടികളുണ്ട്. എനിക്കുറപ്പുള്ള കാര്യമാണത്. അവർക്കെല്ലാം ഇങ്ങനെ കൈമാറ്റം ചെയ്തെത്തുന്ന വസ്ത്രങ്ങൾ ഉപകരിക്കും. എല്ലാ സ്കൂളുകളിലും ഇതൊരു ഉദ്യമമായി ഏറ്റെടുത്തു ചെയ്യണമെന്നും ആഗ്രഹമുണ്ട്.

യുഎസിലൊക്കെയുള്ള ഗരാഷ് സെയ്ൽ മാതൃകയും ഇതു തന്നെയാണ്. യുകെയിലും പ്രീ–ലവ്ഡ് ഉൽപന്നങ്ങൾ വിൽക്കുന്ന ചാരിറ്റി ഷോപ്പുകൾ ധാരാളമുണ്ട്. വസ്ത്രങ്ങൾ ഉപേക്ഷിക്കാനുള്ളവർ ഈ ഷോപ്പുകളിലെത്തിക്കും. ആവശ്യക്കാർ ചെറിയ വിലയ്ക്ക് ഇതു വാങ്ങും. യുകെയിൽ പോയ സമയത്തു വിന്റർ വസ്ത്രങ്ങൾ ഞാൻ വാങ്ങിയത് ഇത്തരം ത്രിഫ്റ്റ് ഷോപ്പുകളിൽ നിന്നാണ്. നാലു സ്വെറ്റർ പത്തു പൗണ്ടിന് അതായത് ഏകദേശം 1000 രൂപയ്ക്കു വാങ്ങാനായി.’’

Dr. K Vasuki IAS: Championing Reuse and Responsible Fashion:

Pre-loved fashion is revolutionizing how people approach clothing, shifting from a necessity for the less privileged to a stylish statement. This trend, embraced by fashion-forward individuals and exemplified by IAS officer Dr. K Vasuki, emphasizes sustainability and responsible consumption. Kerala is witnessing a growing 'thrifting' wave, where pre-owned garments are cherished and reused, promoting eco-friendly practices and reducing waste.

ADVERTISEMENT