Thursday 15 February 2024 03:11 PM IST : By സ്വന്തം ലേഖകൻ

‘രാമച്ചം പൊടിച്ച് റോസ് വാട്ടർ ചേർത്തു ദേഹത്തു പുരട്ടാം, ഒപ്പം ഓറഞ്ചു തൊലിയില്‍ നിന്ന് ബ്യൂട്ടി പായ്ക്കും’: ചൂടിനെ തോൽപ്പിക്കും ബ്യൂട്ടി ടിപ്സ്

lavender4566

വേനൽചൂടും വിയർപ്പും തെല്ലും അലട്ടാതിരിക്കാൻ ആഹാരത്തിലും കുളിക്കുന്ന വെള്ളത്തിലും വസ്ത്രത്തിലും വരെ ശ്രദ്ധ വേണം...

വേനൽക്കാലം...

ചൂടും പൊടിയും വിയർപ്പും കാരണം ശരീരമാകെ അസ്വസ്ഥമാകും. വാടിയ ചർമത്തിനു സംരക്ഷണം നൽകി ആത്മവിശ്വാസത്തോടെ വീടിന്റെ പടിവാതിൽ കടന്ന് അഞ്ചു മിനിറ്റ് കഴിയും മുൻപേ ശരീരം വിയർത്തു തുടങ്ങും. അധികം വൈകാതെ വിയർപ്പുഗന്ധം മൂക്കിൽ തട്ടും. അതോടെ, ആ ദിവസം തന്നെ മങ്ങും. അറിയാം വേനലിൽ വിയർപ്പുനാറ്റത്തെ മാറ്റിനിർത്താനും സുഗന്ധം പരത്താനുമുള്ള വഴികൾ.  

അമിത വിയർപ്പുണ്ടോ ?

വിയർപ്പിനു പ്രത്യേകിച്ചു ഗന്ധമൊന്നുമില്ല. ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന അണുക്കൾ വിയർപ്പുമായി ചേരുകയും അണുക്കൾ പെരുകുകയും ചെയ്യുന്നതാണു വിയർപ്പുനാറ്റത്തിലേക്കു നയിക്കുന്നത്.

∙ ചർമത്തിൽ കടന്നുകൂടിയ അണുക്കളെ നശിപ്പിക്കാൻ ആരിവേപ്പില അരച്ചിടാം. ആഴ്ചയിൽ രണ്ടു ദിവസം രാ വിലെ ഒരു പിടി ആരിവേപ്പില അരച്ച് അമിതമായി വിയ ർക്കുന്ന ശരീരഭാഗങ്ങളിൽ പുരട്ടാം. 15 മിനിറ്റിനുശേഷം കഴുകാം.

∙ കക്ഷത്തിലെ അനാവശ്യരോമം നീക്കി വൃത്തിയാക്കി വയ്ക്കുന്നത് വിയർപ്പിനെ തുരത്താൻ സഹായിക്കും. ഉരുളക്കിഴങ്ങു കഷണം കൊണ്ട് കക്ഷത്തിൽ ഉരസുന്നതും വിയർപ്പുനാറ്റം അകറ്റിനിർത്തും.

∙ വിയർപ്പിനെ തോൽപിക്കാൻ ദിവസവും രണ്ടു നേരമെ ങ്കിലും തണുത്ത വെള്ളത്തിൽ കുളിക്കാം. ചൂടുകുരു അകറ്റാനും ഇതു തന്നെ വഴി.

∙ കൈത്തറി വസ്ത്രമാണു വേനലിന് ഏറ്റവും യോജിച്ചത്. നേർത്ത തുണി, ഇളം നിറം, ചൂടും വിയർപ്പും ആഗിരണം ചെയ്യും. വായുസഞ്ചാരം വേണ്ടുവോളം ഇങ്ങനെ വേനൽക്കാലത്തിന് ഇണങ്ങുന്ന എല്ലാ ഗുണങ്ങളും ഇതിലുണ്ട്. കോട്ടൻ കൂടാതെ ലിനൻ തുണിത്തരങ്ങളും നല്ലതാണ്.

അടിവസ്ത്രങ്ങളിലും ശ്രദ്ധ വേണം. 100% കോട്ടൻ ആ യ, അയഞ്ഞ വസ്ത്രം തിരഞ്ഞെടുക്കുക. ഈർപ്പമുള്ള അടിവസ്ത്രങ്ങൾ ഉപയോഗിക്കരുത്. ഒരേ സോക്സ് ഒ ന്നിലധികം ദിവസം അണിയരുത്. കാലുകളിൽ വിയർപ്പ് തങ്ങി നിന്നു പൂപ്പൽ ബാധയുണ്ടാകും. അയഞ്ഞ കോട്ടൻ വസ്ത്രങ്ങൾ അണിയാനും ഇടയ്ക്കിടെ കാറ്റു കൊള്ളാനും ഓർക്കുക.

∙ വിയർപ്പു ശല്യമാകാതിരിക്കാൻ ഭക്ഷണത്തിലും ശ്രദ്ധ വേണം. എരിവും കൊഴുപ്പും അമിതമായുള്ള ആഹാരം പരമാവധി കുറയ്ക്കുക. ഉള്ളി, വെളുത്തുള്ളി, സവാള, നോൺ വെജിറ്റേറിയൻ ആഹാരം എന്നിവയും നിയന്ത്രിക്കണം. ഇവ അമിതമായി കഴിക്കുന്നവർക്കു വിയർപ്പു കൂടുതലായിരിക്കുമെന്നു മാത്രമല്ല വിയർപ്പുനാറ്റവും അധികമാകാം. അതുകൊണ്ട് പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിച്ചോളൂ.

∙ ധാരാളം വെള്ളം കുടിക്കണം. ശരീരത്തിലെ വിഷാംശം ശരിയായി പുറന്തള്ളിയാൽ ചർമം ആരോഗ്യമുള്ളതാകും.

∙ അമിതമായി വിയർക്കുന്നവർ അണ്ടർ ആം സ്വറ്റ് പാഡ് ഉപയോഗിക്കുന്നതു നല്ലതാണ്. വസ്ത്രത്തിലേക്കു വിയർപ്പു പറ്റില്ല. വിയർപ്പുനാറ്റവും അധികം ബുദ്ധിമുട്ടിക്കില്ല.

തേച്ചുകുളിക്കാൻ

∙ അഞ്ചു വലിയ സ്പൂൺ കടലമാവ്, നാലു വലിയ സ്പൂൺ ഓറഞ്ചുതൊലി ഉണക്കിപൊടിച്ചത്, മൂന്നു വ ലിയ സ്പൂൺ ചന്ദനം പൊടിച്ചത്, രണ്ടു വലിയ സ്പൂൺ ആരിവേപ്പില ഉണക്കിപ്പൊടിച്ചത്, ഒരു വലിയ സ്പൂൺ മഞ്ഞൾപ്പൊടി, എന്നിവ യോജിപ്പിച്ചു വയ്ക്കാം. ഇതിൽ നിന്ന് ആവശ്യമായ അളവിലെടുത്തു തൈരിൽ കുഴച്ചു ദേഹത്തു പുരട്ടി കുളിക്കാം. വിയർപ്പുശല്യം കുറയും, സുഗ ന്ധം ലഭിക്കും.

∙ ഒരു കപ്പ് വീതം ചെറുപയർ, മസൂർ പരിപ്പ് എന്നിവ വെവ്വേറെ കഴുകിയുണക്കി പൊടിച്ചത്, അരക്കപ്പ് വീതം ഓറഞ്ചുതൊലി പൊടിച്ചത്, ആരിവേപ്പില ഉണക്കി പൊടിച്ചത്, ചെത്തിപ്പൂവ് ഉണക്കിപൊടിച്ചത് എന്നിവ യോജിപ്പിച്ച് വയ്ക്കാം. സോപ്പിനു പകരം ഇതുപയോഗിക്കാം.

∙ ആഴ്ചയിലൊരിക്കൽ രാമച്ചം പൊടിച്ച് റോസ് വാട്ടർ ചേർത്തു ദേഹത്തു പുരട്ടി 10 മിനിറ്റിനുശേഷം കുളിക്കാം.

2110358075

തുണി കഴുകുമ്പോൾ ശ്രദ്ധിക്കാം

∙ തുണി കഴുകുമ്പോൾ അകംപുറം  തിരിച്ചിടുക. വിയർപ്പും മറ്റും പോകാനും വസ്ത്രങ്ങളുടെ പുതുമ നിലനിർത്താനും ഇതു നല്ല വഴിയാണ്.

∙ അമിതമായി വിയർപ്പു പിടിക്കുന്ന ജിം ക്ലോത്‌സും മറ്റും 10 ലീറ്റർ വെള്ളത്തിൽ ഒന്നു – രണ്ട് കപ്പ് വിനാഗിരി കലക്കിയതിൽ  അഞ്ചു മിനിറ്റ് മുക്കി വയ്ക്കാം.

∙ വാഷിങ് മെഷീനിൽ ബെഡ് ഷീറ്റും പില്ലോ കവറും കഴുകിയ ശേഷം ഉണക്കാനായി ഡ്രയറിലിടുമ്പോൾ അൽപം റോസ് വാട്ടർ ലയിപ്പിച്ചതു ചേർക്കാം.

അലമാരയിൽ സുഗന്ധത്തിനായി

അലമാരയ്ക്കുള്ളിലും ഷൂ റാക്കിലും സുഗന്ധം ലഭിക്കാനായി സെന്റഡ് സാഷേ വയ്ക്കാം. റോസ്മേരി, ബേസിൽ എന്നിങ്ങനെ ഹെർബ്സ്, റോസ്, ലാവണ്ടർ എന്നിങ്ങനെ സുഗന്ധമുള്ള  ഏതെങ്കിലും ‍‍ഡ്രൈ ഫ്ലവേഴ്സ്, കറുവാപ്പട്ട കഷണം എന്നിവ ചതുരാകൃതിയിലുള്ള ഓർഗൻസ തുണിയിൽ വയ്ക്കാം. വശങ്ങൾ കൂട്ടിപ്പിടിച്ച് ചരടുകൊണ്ടു കെട്ടിയാൽ സാഷെ റെഡി. സുഗന്ധം കൂടുതൽ വേണമെങ്കിൽ നാലു തുള്ളി എസൻഷൽ ഓയിൽ കൂടി ഒഴിച്ചോളൂ.

∙ എളുപ്പത്തിൽ സെന്റഡ് സാഷേ ഉണ്ടാക്കാം. ഇഷ്ട ഗന്ധത്തിലുള്ള  സോപ്പ് ഗ്രേറ്റ് ചെയ്തു ഓർഗൻസ തുണിയിൽ കിഴി പോലെ കെട്ടി അലമാരയിൽ വയ്ക്കാം.

∙ ഒരു ഓറഞ്ചിന്റെയും നാരങ്ങയുടെയും തൊലി പൊളിച്ചു വെയിലത്തു വച്ചുണക്കിയെടുക്കുക. ഇതു തുണിയിൽ കെട്ടി അലമാരയിൽ വയ്ക്കാം.

∙ വാഡ്രോബിൽ സുഗന്ധത്തിനായി വയ്ക്കുന്ന വാക്സ് ടാബ്‌ലെറ്റ് വിപണിയിൽ ലഭ്യമാണ്. ഇതു വീട്ടിൽ ഉണ്ടാക്കുകയും ചെയ്യാം. 100 ഗ്രാം ബീ വാക്സ് ഉരുക്കുക. ഇതു ദീർഘചതുരാകൃതിയിലുള്ള ചെറിയ മോൾഡുകളിലേക്ക് ഒഴിച്ച് രണ്ടോ മൂന്നോ തുള്ളി എസൻഷൽ ഒായിൽ ചേർക്കുക.  ഉണങ്ങിയ പൂക്കളുടെ ഇതളുകൾ കൂടിയിട്ട് സെറ്റ് ചെയ്തെടുക്കുക. ഈ ടാബ്‌ലെറ്റ് ഒരു ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് അലമാരയ്ക്കുള്ളിൽ വയ്ക്കാം.

സുഗന്ധത്തിനായി

∙ കുളി കഴിഞ്ഞയുടൻ സുഗന്ധമുള്ള ബോഡി ലോഷൻ പുരട്ടാം. അതിനുശേഷം പെർഫ്യൂമും ഉപയോഗിക്കാം. ഏറെ നേരം സുഗന്ധം നിലനിൽക്കുന്ന പെർഫ്യൂം തിരഞ്ഞെടുക്കാനും ഓർക്കണം.

∙ വിയർപ്പുനാറ്റം ഉണ്ടാകുന്നതു തടയുന്ന ഡിയോഡറന്റ് സ്പ്രേ, റോൾ ഓൺ, ജെൽ എന്നിങ്ങനെ പല തരത്തിലുണ്ട്. ഇവ കക്ഷത്തിൽ പുരട്ടി വിയർപ്പു തടയാം. ഫ്രഷ് ഫീ ൽ കൊതിക്കുന്നവർക്ക് ഇടയ്ക്കിടെ ഉപയോഗിക്കാനായി ബോഡി മിസ്റ്റ് തിരഞ്ഞെടുക്കാം.

∙ വിയർപ്പു ഗ്രന്ഥികളെ താൽകാലികമായി അടച്ച്, വിയർപ്പു തടയുന്നതാണ് ആന്റി പെർസിപിരന്റ്. അത്യാവശ്യമെങ്കിൽ വിദഗ്ധ നിർദേശത്തോടെ ഉപയോഗിക്കാം.

∙ എസൻഷൽ ഓയിൽ കാരിയർ ഓയിലുമായി (ബദാം എണ്ണ, വെളിച്ചെണ്ണ തുടങ്ങിയവ) ചേർത്തു ശരീരത്തിൽ പുരട്ടാം. മൂന്നു തുള്ളി എസൻഷൽ ഓയിലിന് ഒരു വലിയ സ്പൂൺ കാരിയർ ഓയിൽ എന്ന അനുപാതത്തിൽ ചേർത്തതിൽ നിന്ന് അൽപമെടുത്തു പുരട്ടാം.

വിവരങ്ങൾക്ക് കടപ്പാട് : ഡോളി പൗലോസ്, നിംഫെറ്റ് മേക്കോവർ സലൂൺ, കൊച്ചി